മതനവീകരണ നിലപാടുകളും വീണ്ടെടുക്കപ്പെടേണ്ട നവോത്ഥാന പാരമ്പര്യങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളീയ ആധുനികതയുടെ ചരിത്രയിടങ്ങളിൽ മുഖ്യധാരാ വ്യക്തിത്വങ്ങളെ മാത്രം കേന്ദ്രീകരിച്ച് പഠനങ്ങളും വിശകലനങ്ങളും നടക്കുമ്പോൾ അവരോടൊപ്പം നിൽക്കുകയോ നവോത്ഥാന യത്നങ്ങളിൽ ഓരം ചേർന്ന് പ്രവർത്തിക്കുകയോ ചെയ്ത പലരെയും ബോധപൂർവ്വമോ അല്ലാതെയോ നാം വിസ്മരിച്ച് പോകാറുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ ആരംഭിച്ച മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഈ തമസ്കരണങ്ങൾ സംഭവിച്ചിട്ടുണ്ട്. വക്കം പി മുഹമ്മദ്‌ മൈതീന്‍ അത്തരത്തിൽ കേരളീയ സമൂഹം ശ്രദ്ധിക്കാതെ പോയ ഒരു വ്യക്തിത്വമാണ്. പണ്ഡിതനായ മുഹമ്മദ്‌ മൈതീന്‍ (1898-1967) വക്കം മൗലവിയുടെ ശിഷ്യത്വം സ്വീകരിച്ച അദ്ദേഹത്തിന്‍റെ ഭാഗിനേയനാണ്. സീതിസാഹിബിന്‍റെ ആത്മമിത്രം. തിരുവിതാംകൂര്‍ പ്രജാസഭയില്‍ തുടങ്ങി തിരുക്കൊച്ചി ഹൈക്കോടതിയിലെ ആദ്യത്തെ മുസ്ലിം ന്യായാധിപനായി ഉയര്‍ന്ന ജസ്റ്റിസ് പി ഹബീബ് മുഹമ്മദിന്‍റെ ഇളയ സഹോദരന്‍. കലാലയ വിദ്യാഭ്യാസത്തിന്‍റെ തുടക്കത്തില്‍ തന്നെ അസുഖം ബാധിച്ച് പഠനം ഉപേഷിക്കേണ്ടിവന്നു. ക്രമേണ കാഴ്ച്ച നഷ്ടപ്പെട്ടിട്ടും ഇംഗ്ലിഷ്, അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളില്‍ പ്രത്യേക നൈപുണ്യം സ്വായത്തമാക്കി, അതിശയിപ്പിക്കുന്ന കഴിവ് സാഹിത്യരംഗത്ത് പ്രകടിപ്പിച്ച അപൂര്‍വ വ്യക്തിത്വം. മത വിഷയത്തില്‍ അഗാധമായ പാണ്ഡിത്യം പ്രകടിപ്പിച്ച ഭാഷാപണ്ഡിതനും ഗ്രന്ഥകർത്താവുമായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ വക്കം മൈതീന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.

വക്കം പി മുഹമ്മദ്‌ മൈതീന്‍

കടലില്‍ കെട്ടിത്താഴ്ത്തി എന്ന് പറയപ്പെടുന്ന 1883ലെ മായന്‍ കുട്ടി ഇളയയുടെ അറബി മലയാള ഖുര്‍ആന്‍ പരിഭാഷയ്ക്ക് ശേഷം ആദ്യമായി 1935ല്‍ ഈ പണ്ഡിതനായിരുന്നു വിശുദ്ധ ഖുര്‍ആന്‍റെ മുപ്പതാം ഭാഗം പ്രസിദ്ധീകരിച്ചത്. ഇരുപത്തിയേഴ്, ഇരുപത്തെട്ട്, ഇരുപത്തൊമ്പത് ഭാഗങ്ങളും സൂറത്തുന്നൂറും, യാസീനും അദ്ദേഹത്തിന്‍റെ ഹദ്യുല്‍ ഇസ്ലാം ബുക്ക്സ്റ്റാള്‍ (കണിയാപുരം) നിന്നും 1948 ലും1950 ലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.എന്‍ അഹമ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ ആദ്യഭാഗമായ ഏഴര ജുസ്ഹ് മജീദ്‌ മരക്കാര്‍ പുറത്തിറക്കിയ ശേഷം പിന്നീട് അത് തുടരാത്തത് കാരണം അതിന്‍റെ രണ്ടാം ഭാഗത്തിന്‍റെ വിവര്‍ത്തനവും വ്യാഖ്യാനവും നല്‍കി പ്രസിദ്ധീകരിച്ചു. സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പരിഭാഷ അദ്ദേഹം 1954 ല്‍ പൂര്‍ത്തിയാക്കിയെങ്കിലും അത് പുറത്തുകൊണ്ടുവരുന്നത് 2009 ല്‍ കേരള സര്‍വകലാശാല പ്രകാശന വിഭാഗമായിരുന്നു. ‘ഇസ്ലാംമത തത്വപ്രദീപം’ എന്ന ആദ്യ ഹദീസ് സമാഹാരം 1939 ലാണ് പുറത്തിറക്കിയത്. അറബി വ്യാകരണ പാഠങ്ങള്‍ ആദ്യ ഭാഗം 1954 ലും മുഴുവന്‍ ഭാഗങ്ങള്‍ 2016ല്‍ കേരള സര്‍വകലാശാല പ്രകാശന വിഭാഗവും പുറത്തിറക്കി. മറ്റ് പ്രധാന വിവര്‍ത്തന പ്രസിദ്ധീകരണങ്ങള്‍: മുസ്ലിംകള്‍ എന്തുകൊണ്ട് പിന്നോക്കത്തിലായി (1946), ഒരു താരതമ്യവിവേചനം (അഥവാ ഇസ്ലാം മതത്തിലെ ഖഡ്ഗപ്രയോഗം) 1928, ഹൃദയത്തിലെ അത്ഭുതങ്ങൾ 2014ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുനപ്രസിദ്ധീകരിച്ചു. അറേബ്യയിലെജ്യോതിര്‍ദീപം അഥവാ മുഹമ്മദ്‌നബി (1946), മൗലികമായ മൂന്നുകാര്യങ്ങൾ (1948), മുസ്‌ലിങ്ങളുടെ അധഃപതനവും മറ്റുള്ളവരുടെ ഉയിർപ്പും (1935) കൂടാതെ നിരവധി ലേഖനങ്ങളും വിവര്‍ത്തനങ്ങളും യുവകേസരി, അന്‍സാരി, അര്‍മുര്ശിദ്, അല്‍ ഫാറൂഖ്, ചന്ദ്രിക ആഴ്ചപതിപ്പ് എന്നിവയില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. ഏറ്റവുമൊടുവിൽ അബ്ദുറഹുമാൻ മങ്ങാട് എന്ന ചരിത്രാന്വേഷകന്‍ സമാഹരിച്ച് ഗ്രേസ് ബുക്ക്സ് പ്രസിദ്ധീകരിച്ച വക്കം പി മുഹമ്മദ്‌ മൈതീന്‍റെ പഠനാര്‍ഹമായ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ എന്ന പുസ്തകം തിരുവനന്തപുരം നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിപ്പിച്ചു. ഈ ഗ്രന്ഥം സമാഹരിച്ച അബ്ദുൽ റഹിമാൻ മങ്ങാട്ട് കോഴിക്കോട് സർവകലാശാലയിൽ സി.എച്ച് ചെയറിൽ ഗവേഷകനായി പ്രവർത്തിക്കുകയാണ്.

തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ കവർ

ഇസ്ലാമിനെ കുറിച്ച് വളരെയധികം തെറ്റിധാരണ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നാം പ്രതീക്ഷിക്കാത്ത പല മേഖലകളില്‍ നിന്നും ഇന്ന് ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹം. അതിന് 216 പേജുകളില്‍ ഉള്‍ക്കൊള്ളുന്ന ‘തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ നൽകുന്ന അറിവുകള്‍ ഒരു സാധാരണക്കാരന്‌ ധാരാളം മതിയാകും. ലോകത്ത് മുസ്ലിം സമൂഹം എക്കാലത്തും നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണക്കാര്‍ അവര്‍ തന്നെയാണെന്ന ഒരു കുറ്റബോധത്തിലേക്ക് കൊണ്ടെത്തിക്കാനും ഈ അറിവുകള്‍ കാരണമാകും. തിരഞ്ഞെടുത്ത പ്രബന്ധങ്ങളില്‍ ആദ്യത്തേത് മഹത്തരമായ മൂന്ന് പരിഭാഷകളാണ്‌. സയ്യിദ് സുലൈമാന്‍ നദുവിയുടെ, പ്രവാചകന്‍റെ ജീവിതം വസ്തുനിഷ്ടമായി വിശകലനം ചെയ്തു മദ്രാസില്‍ നടത്തിയ എട്ട് പ്രഭാഷണങ്ങളില്‍ നിന്നും വളരെ പ്രധാനപ്പെട്ടത് മുഹമ്മദ്‌ മൈതീന്‍ സാഹിബ്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതില്‍ ഹദീസിന്‍റെ പ്രാമാണ്യത്തെ സ്ഥാപിക്കുവാനായി അദ്ദേഹം തുടര്‍ന്ന് എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ആദ്യത്തെ 88 പേജുവരെ ചേര്‍ത്തിരിക്കുന്നത്. ആ മനോഹരമായ പരിഭാഷയില്‍ ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം, ചരിത്ര പശ്ചാത്തലം, ഖുര്‍ആനും സുന്നത്തും തമ്മിലുള്ള ബന്ധം, മുസ്ലിങ്ങളെ എകോപിക്കുന്നതില്‍ സുന്നത്തിനുള്ള പങ്ക്, പ്രവാചകന്‍റെ ജീവിതത്തിനുള്ള ചരിത്രപരമായ ബന്ധം, അത് ലോകത്തിന് ശാശ്വതമായ മാതൃകയായി മാറാന്‍ കാരണം എന്നതൊക്കെ ലളിതമായി വിവരിക്കുന്നു. അടുത്ത ഭാഗത്ത് ശൈഖ് മുഹമ്മദ്‌ അബ്ദുവിന്‍റെ ‘രിസാലതുത്തൌഹീദ്’ല്‍ നിന്നുള്ള ലേഖനങ്ങളുടെ അതേ ശൈലിയിലുള്ള മൊഴിമാറ്റമാണ്. എങ്ങയെയാണ് ജന്തുക്കള്‍ക്ക് ഇല്ലാത്ത മൂന്നD ശക്തികളായ സ്മരണശക്തി, ഭാവനാശക്തി, ചിന്താ ശക്തി എന്നിവ ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍റെ ബുദ്ധിയില്‍ നന്മയും തിന്മയും തിരിച്ചറിയുന്നതും സ്വാധീനിക്കുന്നതും, ജ്ഞാനം അഥവാ വഹിയ് ഉണ്ടാകുന്നതിന്‍റെ സാധ്യതയും അതിന്‍റെ ആവശ്യകതയുമൊക്കെ ശുദ്ധ മലയാളത്തില്‍ നമുക്ക് വിവരിച്ചുതരുന്നു. അടുത്ത ഭാഗം, സയ്യിദ് റശീദ് റിള യുടെ ‘വഹ്യുല്‍ മുഹമ്മദി’ ല്‍ നിന്നുള്ള ഒരു ചെറിയ ഭാഗത്തെ പരിഭാഷപ്പെടുത്തിയതാണ്. മുന്‍ വേദഗ്രന്ഥങ്ങളില്‍ ഇല്ലാത്ത ‘ബുദ്ധി’, ‘ചിന്ത’ എന്നീ പദങ്ങള്‍ ഏകദേശം 25 സ്ഥലങ്ങളില്‍ ഖുറാനില്‍ പ്രതിപാദിക്കുന്നതും മനുഷ്യപുരോഗതിയുടെ ഭാഗമായി വെറും വ്യാപാരികളായി കഴിഞ്ഞിരുന്ന ഒരു ജനതയെ ലോകത്തിന് മാതൃകയാക്കിയ അത്ഭുതപ്പെടുത്തുന്ന ഖുര്‍ആനിക വിപ്ലവത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ ലളിതമായി നമ്മുടെ മനസ്സിലേക്ക് എത്തിച്ചുതരുന്നു.

വക്കം മൗലവി

ഇനി മറ്റൊന്ന്, ഒരു ഗവേഷകാത്മക പഠനത്തിന് വളരെ സഹായകമായിട്ടുള്ള ‘ഇസ്ലാമിന്‍റെ സാമൂഹിക ശാസ്ത്രവും ആധുനിക ലോകവും’ എന്ന ഹസ്സന്‍ സമാന്‍റെ ഇംഗ്ലീഷ് പ്രബന്ധത്തിന്‍റെ പരിഭാഷയാണ്. ഇസ്ലാമിക ചരിത്രത്തെ കുറിച്ചും ഇന്നത്തെ ആധുനിക ലോകത്തെ പല പ്രശ്നങ്ങളിലും ഇസ്ലാമിനെതിരെ അവജ്ഞ ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഉത്തരവാദികളായ മുസ്ലിങ്ങളുടെ സ്ഥിതിഗതികളും നടപടികളും അക്കാലത്തുതന്നെ മര്‍ഡ്യൂക് പിക്താളിനെ പോലുള്ളവര്‍ പരാമര്‍ശിച്ചിട്ടുള്ളതിലേക്ക് എഴുത്തുകാരന്‍ വിരല്‍ ചൂണ്ടുന്നത് ഇന്നും പ്രസക്തമാണ്‌.വായനയിൽ വൈകാരികമായി നമ്മെ ഏറെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില ഭാഗങ്ങൾ ഉണ്ട്. ലേഖനത്തിൽ പരാമർശിക്കുന്ന ‘സദ്‌വൃത്തി’ (തഖ്‌വ) എന്നത് മൂന്നു ദൈവീക വചനങ്ങളിലൂടെ ആവിഷ്‌കൃതമാകുന്നു. തുടര്‍ന്ന് സദ്‌വൃത്തിയും ദൈവ വിശ്വാസവും എങ്ങനെ ഒന്നിച്ച് പോകണമെന്നതിനെ ഓര്‍മപ്പെടുത്തുന്നു. ദൈവത്തേയും അവന്‍റെ സര്‍വാധിപത്യത്തെയും കുറിച്ചുള്ള വിശ്വാസം ദൃഢവും അചഞ്ചലവും ആയിരിക്കുന്ന, സദ്‌വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവന്‍റെ ചിത്രം ഇങ്ങനെ വിവരിക്കുന്നു.

“അവന്‍ എല്ലാ വേദങ്ങളെയും ദൈവദൂദന്‍ന്മാരെയും ആദരിക്കുന്നു. അവന്‍ തനിക്ക് ലഭിച്ചിട്ടുള്ള സ്വത്തുകൊണ്ട് ഭൗതികമായ ലാഭത്തെയും മേന്മയേയും ഉദ്ദേശിച്ചല്ല, ദൈവസ്നേഹത്തെ മുന്‍നിര്‍ത്തി പാവങ്ങളെയും, തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊള്ളുന്നതിന് മാര്‍ഗം കാണാതെ കുഴങ്ങുന്നവരെയും സഹായിക്കുന്നു. അവര്‍ ധനം സംഭരിച്ച് കൂട്ടുന്നതിന് നോക്കാതെ പൂര്‍വാര്‍ജ്ജിത ധനം കൊണ്ട് സുഖലേശ ജീവിതം നയിക്കുന്നതിന് നോക്കാതെ ന്യായവും ധര്‍മവുമായ മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നു. അവന്‍ തന്‍റെ സ്വാതന്ത്ര്യത്തേയും തന്‍റെ അഭിമാനത്തെയും സംരക്ഷിച്ചുകൊള്ളുന്നതിന് അവശന്മാര്‍ക്കും അടിമകള്‍ക്കും സഹായം നല്‍കുകയും ചെയ്യുന്നു. ധര്‍മ ബുദ്ധിയും ഔദാര്യവും ഒരുവന്‍ ശീലിക്കുന്നു. വാക്കിലും പ്രവൃത്തിയിലും സത്യം പാലിക്കുന്നു. കഷ്ടപ്പാടിലും സങ്കടാവസ്ഥയിലും ഭയവും ഭീതിയും വന്നുപിടിപെടുന്ന അവസരങ്ങളിലും പതറാതെ സമചിത്തത പാലിക്കുകയും ദൈവോന്മുഖനായി പ്രാര്‍ഥിക്കുകയും തനിക്ക് കരണീയമായിട്ടുള്ള കാര്യങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുന്നു.” ഇത് വായിക്കുന്ന ഏതു വിശ്വാസിയുടെ മനസ്സാണ് വിങ്ങാത്തത്?

അവസാന ഭാഗത്ത് നമ്മെ ആകര്‍ഷിക്കുന്നത് മുഹമ്മദ്‌ മൈതീന്‍റെ ഉള്‍പ്പടെയുള്ള സ്വന്തം ലേഖനങ്ങളാണ്. എന്നും ക്ഷമയും സഹനശക്തിയും സമാധാനവും കാംക്ഷിക്കാന്‍ നാം നിത്യ ജീവിതത്തില്‍ എടുക്കേണ്ട നിലപാടുകളെ ഓര്‍മ്മിപ്പിക്കുന്ന ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ ഹുദൈബിയാ സന്ധിയുടെ ഹൃദ്യമായ അവതരണം.

തുടര്‍ന്ന് ഗവേഷണ കൗതുകത്തോടെ വായിക്കാനും മനസ്സിലാക്കാനും ഉതകുന്ന, മുതലാളിത്ത വ്യവസ്ഥിതി, കമ്യൂണിസ്റ്റ് സാമ്പത്തിക പദ്ധതി, സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതി എന്നിവയുടെ ഗുണങ്ങളും ദോഷങ്ങളും ഇസ്ലാമിന്‍റെ സാമ്പത്തിക വ്യവസ്ഥിതിയോടൊപ്പം നന്നായി വിശകലനം ചെയ്തുള്ള ഒരു നല്ല പഠനം. അതില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന വസ്തുതകളുടെ ചുരുക്കം ഇതാണ്:

1. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി ഒരു പ്രത്യേക തരത്തിലുള്ള വൈയക്തികമായ (വ്യക്തിപരമായ) മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയാണ്. പരലോകത്തെ കാംക്ഷിക്കുന്ന, വ്യക്തി സംസ്കരണത്തിന്റെ ഭാഗമായി, ദൈവനിയോഗം അനുസരിച്ച് സമ്പത്ത് കയ്യിൽ വയ്ക്കുന്നവൻ മാത്രം.

2. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിക്ക് മറ്റു സാമ്പത്തിക വ്യവസ്ഥിതികളുടെ കൂട്ടത്തില്‍ സ്ഥാനം നൽകപ്പെടുന്നില്ല. അതിനു അതിന്‍റെതായ പ്രത്യേക സ്വഭാവവും തത്വങ്ങളും ഉണ്ട്. ഒരു വശത്ത് ലൗകികമായ അഭിവൃത്തിയും പുരോഗതിയും മറുവശത്ത് മൂലധനം കൊണ്ടുള്ള വമ്പിച്ച അധികാരശക്തി പ്രയോഗിക്കുന്ന സമ്പന്നന്മാര്‍ അടങ്ങിയ ഒരു ന്യൂനപക്ഷത്തിന്‍റെ ആവിര്‍ഭാവത്തെ തടയേണ്ട ആവശ്യവും അതില്‍ അടങ്ങിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ പരസ്പരം ഇടയുന്നതായിട്ടു കാണപ്പെടുന്ന രണ്ടു അഭിപ്രയ ഗതികളെ തമ്മില്‍ പൊരുത്തപ്പെടുത്തുന്ന ഒരു അനുരഞ്ജന മാര്‍ഗം തുറന്നിട്ടുള്ളതാണ് ഇസ്ലാമിക വ്യവസ്ഥിതിക്ക് ആധാരം.

3. മുതലാളിത്ത വ്യവസ്തിയിലെയും സോഷ്യലിസ്റ്റ്‌ സാമ്പത്തിക വ്യവസ്ഥിതിയിലെയും നല്ല വശങ്ങളെ ഉള്‍പെടുത്തുകയും ചീത്ത വശങ്ങളെ നിരാകരിക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിക വ്യവസ്ഥിതി. എന്നാല്‍ വെറും സങ്കല്‍പ്പത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതും മനുഷ്യ പ്രകൃതത്തിനും സ്വഭാവ ഗുണങ്ങള്‍ക്കും സ്ഥാനം നല്‍കാത്തതുമായതിനാല്‍ പ്രയോഗക്ഷമം അല്ലാത്ത കമ്യൂണിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതിയോട് അതിനു വിപരീത ഭാവമാണ് ഉള്ളത്.

4. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി മനുഷ്യ സ്വഭാവത്തെയും അതിന്‍റെ പ്രാപ്തി കുറവുകളെയും കണക്കില്‍ എടുക്കുന്നതുകൊണ്ട് അതിനെ നിയന്ത്രിച്ച് കൊള്ളുന്നതിന് തക്ക ഏര്‍പ്പാടുകള്‍ അതില്‍ ഉണ്ട്. അതുമൂലം അത് പ്രയോഗ ക്ഷമവും വസ്തുനിഷ്ടവുമാണ്.

5. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി പ്രയോഗാത്മകമായ നിലയില്‍ പ്രകൃതി നിയമങ്ങള്‍ക്കും സാമൂഹികനീതിക്കും യോജിച്ചവണ്ണം ക്രമേണ രൂപം പ്രാപിച്ചിട്ടുള്ള ഒന്നാണ്. അത് മനുഷ്യന്‍റെ സഹജ ബോധത്തോടും ആത്മീയ പ്രവണതകളോടും അനുരഞ്ജനം ഉള്ളതായിരിക്കമെന്ന സുസ്ഥവും സുദൃഡവുമായ തത്വത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. അതില്‍ സ്വകാര്യ ഉടമ സമ്പ്രദായം രണ്ട് നിബന്ധനകള്‍ക്ക് വിധേയമായി നിലനിര്‍ത്തിയിരിക്കുന്നതില്‍ നിന്നും ഈ സംഗതി സ്പഷ്ടമാണ്. അതാണ് കര്‍മശാസനവും പൊതു താല്പ്പര്യവും. മാനുഷികമായ സ്വഭാവ ഗുണങ്ങളും വാസനകളും സാധാരണ മനുഷ്യനില്‍ ചെലുത്തുന്ന ശക്തി വിശേഷത്തെയും അധികാരങ്ങളെയും ഇസ്ലാമിക വ്യവസ്ഥിതി അറിഞ്ഞ് അംഗീകരിക്കുന്നതായി പറയുമ്പോള്‍ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ അത് ഈ ശക്തിയോടും അധികാരങ്ങളോടും ഇടയുകയും അതിന്‍റെ ഗതിയില്‍ അപകടം പിണയുകയും പിന്നീട് സോഷ്യലിസത്തെ, ആശ്രയിക്കേണ്ടി വരുകയും ചെയ്തത് വിവരിക്കുന്നു. ഇസ്ലാമിക നിയമങ്ങളിലെ രക്ഷാവ്യവസ്ഥകളില്‍ ദയാക്രമത്തെ എടുത്തുപറയുന്നു. മരിച്ചയാളുടെ സ്വത്ത് കൂടുതല്‍ എണ്ണം ആളുകളുടെ കയ്യില്‍ ചെന്ന് ചേരണമെന്നാണ് അതുകൊണ്ട് ഉദേശിക്കപ്പെടുന്നത്. ഇത് മറ്റു ഒരു നിയമത്തിലും കാണുന്നില്ലെന്നും സമര്‍ഥിക്കുന്നു.

വക്കം പി മുഹമ്മദ്‌ മൈതീന്‍ രചിച്ച പുസ്തകങ്ങൾ

അടുത്തത് വസിയത്ത് സംബന്ധിച്ച നിയമത്തെയാണ്‌ പരാമര്‍ശിക്കുന്നത്. ‘ഒരവകാശിയിലേക്ക് സ്വത്ത് അധികമായി എത്തുന്നത് സംബന്ധിച്ച് വസിയത്ത് പാടില്ല. സ്വത്തിന്‍റെ മൂന്നില്‍ ഒന്നില്‍ കവിയുന്ന അംശം സംബന്ധിച്ചു വസിയത്തും പാടില്ല’ എന്നീ സംഗതികളെ എടുത്തുപറയുന്നു. എന്നാൽ സക്കാത്ത് സംബന്ധിച്ച നിയമത്തില്‍ പെടുന്ന ദരിദ്രര്‍, ദുര്‍ബലര്‍, അടിമകള്‍, കിടപ്പാടമില്ലാത്തവര്‍, പട്ടിണിപ്പാവങ്ങള്‍, ഋണ ഭാരം കൊണ്ട് കുഴങ്ങുന്നവര്‍, എന്നിങ്ങനെയുള്ളവർ അതിനു അര്‍ഹരായിരിക്കുന്ന 8 തരം ആളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന കാര്യം വിവരിക്കുന്നുണ്ട്. ഇസ്ലാം വിജ്ഞാനത്തിന് മാര്‍ഗ തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നതിനെ ഉയര്‍ത്തിക്കാട്ടുന്നു. വേണമെന്ന് വെക്കുമ്പോള്‍ പിടികൂടാനും മാപ്പുകൊടുക്കാനും യഥേഷ്ടം തയ്യാറാകുന്ന ഒരു മതകാര്യ വ്യവസ്ഥിതിയെ ഇസ്ലാം നിഷേധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പ്രോട്ടസ്റ്റന്റ്കാരുമായിട്ടോ ഓര്‍ത്തൊഡോക്സ്കാരുമായിട്ടോ കത്തോലിക്കര്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ വിരോധിച്ചുകൊണ്ട് പോപ്പ് 1949 ഏപ്രില്‍ 2 ന് ഒരു വിധി പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടുന്നുമുണ്ട്. മതത്തിന്‍റെ പേരില്‍ നടത്തപ്പെട്ടിരുന്ന ഇന്‍ക്വിസിഷന്‍ ശാലകളിലെ കൊലകളും മര്‍ദ്ദനങ്ങളും പീഡനങ്ങളും വലിയ വിജ്ഞാനികളെ തീയില്‍ ഇട്ട് ദഹിപ്പിച്ചതും ഒക്കെ ചരിത്രത്തില്‍ കാണാമെങ്കിലും ആ ദുഷ്കീര്‍ത്തി ഇസ്ലാമിനുണ്ടായിട്ടില്ലെന്നത് എടുത്ത് പറയുന്നുണ്ട്.

ഇസ്ലാമില്‍ രാഷ്ട്രീയ കാര്യങ്ങള്‍ മത വളപ്പിന്‍റെ ഉള്ളില്‍ ആണെന്ന് പറയുന്ന ആരോപണത്തിനുള്ള മറുപടിയും നല്‍കുന്നുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ രണ്ട് രംഗങ്ങളിലും രാഷ്ട്രീയത്തെ ദുര്‍വിനിയോഗം ചെയ്യാതെ അതിനെ സുരക്ഷിതമാക്കുന്ന ഒരു ധാര്‍മിക നിയമത്തിന് അതും വിധേയമായിരിക്കണമെന്നതാണ് നിഷ്കര്‍ഷത. ഒരു രാജ്യത്തിലെ സാമ്പത്തിക പദ്ധതി കെട്ടി ഉറപ്പിക്കപ്പെടുന്നതും സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നതും, അനീതിയെ തടയുകയും തൊഴിലാളിയോ മുതലാളിയോ ആരായാലും, ആര്‍ക്കും തുല്യമായ അവസരങ്ങളും പ്രതിഫലങ്ങളും ലഭിക്കത്തക്ക ഒരു അവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നത് ആ ധാര്‍മികമായ അടിത്തറയില്‍ നിന്നുമാകണമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.ഇത്തരം പഠനാര്‍ഹമായ വിഷയങ്ങളിലൂടെ അറിവുകള്‍ പകരുന്ന ഒരൊറ്റ പുസ്തകമെന്ന നിലയില്‍ ഇത് ഏതൊരു വ്യക്തിക്കും, പ്രത്യേകിച്ച് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. വക്കം മൗലവിയുടെ നൂറ്റമ്പതാം ജന്മവാർഷികം അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച ഈ പണ്ഡിതനെ അടുത്തറിയാനും ഈ പുസ്തകം വഴിയൊരുക്കുന്നു. തന്റെ അന്ധതയെ വൈഞ്ജാനിക വെളിച്ചത്താൽ പ്രശോഭിതമാക്കി അത് സമൂഹത്തിന് പകർന്നു നൽകാൻ ഇത്രയേറെ ശ്രമിച്ച മറ്റൊരു ബഹുഭാഷാ പണ്ഡിതനെ വക്കം മൗലവിക്ക് ശേഷം മുസ്ലിം കേരളം കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്.

കെ.എം അല്‍ത്താഫ്: പുസ്തക നിരൂപകൻ, എഴുത്തുകാരൻ, കേരള സർക്കാർ വാണിജ്യനികുതി വകുപ്പിലെ മുൻ ജോയിന്റ് കമ്മിഷണർ.

Also Read

7 minutes read December 26, 2023 9:59 am