​ഗുരുതരമാണ് വേമ്പനാടിന്റെ സ്ഥിതി

വേമ്പനാട് കായലിന്റെ നിലവിലെ അവസ്ഥയെപ്പറ്റി പഠിച്ച കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പഠനം ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകളാണ് പുറത്തുകൊണ്ടുവന്നത്. വേമ്പനാട് കായൽ ആവാസവ്യവസ്ഥയുടെ ജലസംഭരണശേഷി 85 ശതമാനം കുറഞ്ഞു, അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഈകോളി ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയമായതിലും 3950 മടങ്ങിലേറെ, ജീവജാലങ്ങളിലടക്കം മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം, വ്യാപകമായ മാരക രാസവസ്തുക്കളുടെ സാന്നിധ്യം… വേമ്പനാട് കായലിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ത്? മിന്നൽ പ്രളയങ്ങൾക്കും ഒഴിയാത്ത വെള്ളക്കെട്ടിനും തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നീ നിർമ്മിതികളുടെ അപര്യാപ്തതകൾ കാരണമാകുന്നതെങ്ങനെ? എന്തൊക്കെയാണ് പരിഹാരമാർഗങ്ങൾ? കുഫോസ് പഠനത്തിന് നേതൃത്വം നൽകിയ കുഫോസ് സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്‌മന്റ് ആന്റ് കൺസർവേഷൻ അധ്യക്ഷനുമായ ഡോ. വി.എൻ സഞ്ജീവൻ കേരളിയത്തോട് സംസാരിക്കുന്നു.

റാംസർ സൈറ്റ് ആയ വേമ്പനാട് തണ്ണീർത്തട ആവാസവ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണല്ലോ. മാറിയ കാലാവസ്ഥയും, മഴയും, പ്രളയവുമെല്ലാം ഈ ആവാസവ്യവസ്ഥയെയും അതിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരെയും വ്യാപകമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് നിങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നല്ലോ. എന്തൊക്കെ കാരണങ്ങളാണ് ഇത്തരമൊരു പഠനം നടത്തുന്നതിലേക്ക് നിങ്ങളെ നയിച്ചത്?

ഞങ്ങൾ ഈ പ്രോജക്റ്റ് എടുക്കാനുള്ള കാരണം കേരളത്തിന്റെ കാലവർഷത്തിൽ വന്ന വ്യതിയാനമാണ്. കഴിഞ്ഞ ആറ് വർഷമായി മഴയുടെ അളവിലും, തീവ്രതയിലും വളരെയധികം വ്യതിയാനം കാണുന്നുണ്ട്. നമുക്ക് സാധാരണയായി 3000 മില്ലി മീറ്റർ മഴയാണ് തെക്കു-പടിഞ്ഞാറൻ മൺസൂണിൽ കിട്ടേണ്ടത്. അത് ഇപ്പോഴും കിട്ടുന്നുണ്ട്. മുൻപ് ജൂൺ-ജൂലൈ മാസങ്ങളിൽ തുടർച്ചയായി ഒരുപോലെ മഴ ലഭിച്ചിരുന്നു. അതുപോലെ ആഗസ്റ്റിലും കുറച്ച് മഴ ലഭിച്ചു. എന്നാൽ ഇപ്പോൾ ഈ രീതിക്ക് വ്യതിയാനം വന്നിരിക്കുന്നു. കുറച്ചു ദിവസം കനത്ത മഴ പെയ്യും, പിന്നീട് മഴ ഇല്ലാതിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ആഗസ്റ്റ് മാസത്തിൽ മഴയുടെ തീവ്രത കൂടിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ പഠനം നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, സാധാരണ കാലാവസ്ഥയിൽ വേമ്പനാട് കായലിന് മഴവെള്ളം പുറന്തള്ളാനുള്ള ശേഷിയുണ്ട്. പക്ഷെ മഴ അല്പം കൂടിയാൽ മിന്നൽ പ്രളയവും, വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുണ്ട്. 2018 ലും 2019 ലും ഇത് നമ്മൾ അനുഭവിച്ചതാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത് ഇത്തരം പ്രതിഭാസങ്ങളുടെ തീവ്രത കൂടാനാണ് ഭാവിയിൽ സാധ്യത എന്നാണ്. ഈ പശ്ചാത്തലത്തിൽ 2017 – ൽ ഞങ്ങൾ ഒരു പഠനം തുടങ്ങിയിരുന്നു. പിന്നീട് ജെ മെഴ്‌സിക്കുട്ടിയമ്മ മന്ത്രി ആയിരിക്കുന്ന സമയത്ത് വേമ്പനാട് കായലിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മിറ്റി ഉണ്ടാക്കി. ഈ കമ്മിറ്റിയുടെ കൺവീനർ ഞാനായിരുന്നു. ഈ കമ്മിറ്റിയും സമാന്തരമായി പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിൽ നിന്നും 10 പ്രൊഫസർമാരും, സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്‌മന്റ് ആൻഡ് കോൺവെർസേഷനിലെ 14 പ്രൊജക്റ്റ് സ്റ്റാഫുമാണ് പഠനത്തിൽ ഉണ്ടായിരുന്നത്. 2017 മുതൽ 2022 വരെയാണ് പഠനകാലം.

വേമ്പനാട് കായൽ. കടപ്പാട്:outlook

വളരെ അധികം പുഴകളും, തണ്ണീർത്തടങ്ങളും, പാടശേഖരങ്ങളും, മനുഷ്യനിർമ്മിതികളും ചേരുന്ന സങ്കീർണമായ ശൃംഖലയണല്ലോ വേമ്പനാട് തണ്ണീർത്തട ആവാസവ്യവസ്ഥ. ഇതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ വിശദമാക്കാമോ?

വേമ്പനാട് കായൽ ആവാസവ്യവസ്ഥ എന്ന് പറയുന്നത് നിരവധി തണ്ണീർത്തടങ്ങളും, കോൾ നിലങ്ങളും, നദികളും, പാടങ്ങളും, അഴിമുഖങ്ങളും എല്ലാം ചേർന്നതാണ്. ഇതിനെ നമുക്ക് തെക്കൻ വേമ്പനാട് കായൽ, മധ്യ വേമ്പനാട് കായൽ, വടക്കൻ വേമ്പനാട് കായൽ എന്നിങ്ങനെ തിരിക്കാം. ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള പ്രദേശങ്ങളെ തെക്കൻ വേമ്പനാട് കായൽ എന്നും, തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള പ്രദേശത്തെ മധ്യ വേമ്പനാട് കായൽ എന്നും പറയാം. വടക്കൻ വേമ്പനാട് കായൽ, അല്ലെങ്കിൽ കോൾ നിലങ്ങൾ കൊച്ചി മുതൽ മുനമ്പം വരെയുമാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് വേമ്പനാട് തണ്ണീർത്തടത്തിന്റെ ഒരു ഭാഗം. രണ്ടാമത്തെ ഭാഗം തെക്കും, മധ്യത്തിലുമായി വരുന്ന അഞ്ചു നദികളാണ്. അച്ചൻകോവിൽ, പമ്പ, മണിമല, മീനിച്ചിൽ, മുവാറ്റുപുഴയാർ, പിന്നെ അതിന്റെ കൈവരികളുണ്ട്. ഇവയെല്ലാം ചേർന്ന് ഒരു ശൃംഖലയായി കിടക്കുകയാണ്. ഈ നദികളുടെയും തടാകത്തിന്റെയും ചുറ്റും കിടക്കുന്ന തണ്ണീർത്തടങ്ങളാണ് മൂന്നാമത്തെ ഭാഗം. കുട്ടനാട് പാടശേഖരം മൊത്തം തണ്ണീർത്തടങ്ങളാണ്. അത് ഏകദേശം 50,000 ഹെക്ടർ ആണ്. അവസാനത്തെ ഭാഗം എന്ന് പറയുന്നത് വേമ്പനാട് തടാകം കടലിലേക്ക് പോകുന്ന ഔട്ട്ലെറ്റുകളായ അഴിമുഖങ്ങളാണ്. ഈ ഔട്ട്ലെറ്റുകളിൽ പ്രധാനപ്പെട്ടത് കൊച്ചിൻ ബാർമൗത്തും തോട്ടപ്പിള്ളി സ്പിൽവേയുമാണ്. മുനമ്പം ഉണ്ടെങ്കിലും നിലവിലെ പഠനത്തിൽ ആ ഭാഗം ഉൾക്കൊള്ളുന്നില്ല എന്നതിനാൽ അത് പറയുന്നില്ല. ഇവ കൂടാതെ രണ്ടു മീഡിയം ടൈപ്പ് അഴിമുഖങ്ങളുമുണ്ട്. ഒന്ന് കായംകുളം ലേക്കും, മറ്റൊന്ന് അന്ധകാരനാഴിയും. ഇങ്ങനെ അഞ്ചു ഘടകങ്ങൾ ചേർന്നതാണ് വേമ്പനാട് തണ്ണീർത്തട ആവാസവ്യവസ്ഥ.

വേമ്പനാട് കായലിന്റെ ജലസംഭരണശേഷി വളരെയധികം കുറഞ്ഞതായി പഠനം പറയുന്നുണ്ടല്ലോ? എന്താണ് നിങ്ങൾ കണ്ടെത്തിയ കാരണങ്ങൾ?

ഞങ്ങളുടെ പഠനത്തിൽ നിന്നും പ്രധാനമായും മനസിലായ കാര്യങ്ങൾ പറയാം. വേമ്പനാട് കായലിന്റെ ജലസംഭരണശേഷി 85 ശതമാനമാണ് ഞങ്ങളുടെ കണക്കനുസരിച്ച് കുറഞ്ഞിരിക്കുന്നത്. അതിനാൽ മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുകയും, പല സ്ഥലങ്ങളും മുങ്ങിപ്പോവുകയും ചെയ്യും. ചെറിയ മഴ വന്നാൽ മിന്നൽ പ്രളയം ഉണ്ടാകുന്നു. ഇത് പരിഹരിക്കണമെങ്കിൽ ജലസംഭരണശേഷി കൂട്ടണം. 1900 ൽ കായലിന്റെ വിസ്തൃതി 365 സ്‌ക്വയർ കിലോമീറ്ററാണ്. ഞങ്ങളുടെ പഠനം അനുസരിച്ച് ഈ വിസ്തൃതി 206 .3 സ്‌ക്വയർ കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു. 1930 ൽ തെക്കൻ വേമ്പനാട്ട് കായലിന്റെ ആഴം ശരാശരി എട്ട് മീറ്റർ ആയിരുന്നു. മധ്യ വേമ്പനാട്ട് കായലിന്റെ ശരാശരി ആഴം 8.5 മീറ്റർ. ഞങ്ങൾ ഇത് വിശദമായി പഠിച്ചു. 300X300 സ്‌ക്വയർ മീറ്റർ റസല്യൂഷനിലാണ് ഞങ്ങൾ പഠിച്ചത്. 69 സ്റ്റേഷൻ തെക്കും 69 സ്റ്റേഷൻ വടക്കും. ഈ പഠനത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് തെക്കൻ വേമ്പനാട് കായലിന് ഇപ്പോൾ 1.82 മീറ്റർ ആഴമേയുള്ളൂ എന്നാണ്. മുൻപ് 8.5 മീറ്റർ ആഴമുണ്ടായിരുന്ന മധ്യ വേമ്പനാട്ട് കായലിന് ഇപ്പോൾ 2.8 മീറ്റർ മാത്രമേ ആഴമുള്ളൂ. ഇപ്പോഴത്തെ സംഭരണശേഷി 384 മില്യൺ ക്യൂബിക് മീറ്ററാണ്. 1900ൽ ജലസംഭരണശേഷി 2617.5 മില്യൺ ക്യൂബിക് മീറ്റർ ആയിരുന്നു. അതായത് ജലസംഭരണശേഷി 85 ശതമാനം കുറഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ നില തുടർന്നാൽ കായലിന്റെ സിംഹഭാഗവും കുറച്ച് വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ഇത് മിന്നൽ പ്രളയത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചിലയിടങ്ങളെല്ലാം സ്ഥിരമായി വെള്ളത്തിനടിയിലാകുന്നതിന് കാരണമാകുകയും ചെയുന്നു.

2018ലെ പ്രളയത്തിൽ കുട്ടനാട്

ഈ മിന്നൽ പ്രളയങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ നിർദേശങ്ങളാണ് പഠനം മുന്നോട്ടുവക്കുന്നത്? കായലിലെ ഇപ്പോഴത്തെ മനുഷ്യനിർമ്മിതികളായ തോട്ടപ്പിള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും പ്രവർത്തനങ്ങളിൽ കാലോചിതമായി എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകണം?

തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പിള്ളി സ്പിൽവേയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ കായലിന്റെ ജലസംഭരണശേഷി കൂട്ടാൻ സാധിക്കും. ഇതിലൂടെ പ്രളയങ്ങൾ ഒഴിവാക്കാനും സാധിക്കും. തണ്ണീർമുക്കം ബണ്ട് എന്ന നിർമ്മിതി പ്രധാനമായും രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് നിർമ്മിച്ചിട്ടുള്ളത്. കൃഷി സമയത്ത് ഉപ്പുവെള്ളം പാടശേഖരത്തിലേക്ക് പോകാതെ തടയുക, അതുപോലെ തെക്കൻ വേമ്പനാട്ട് കായലിനെ ഒരു ശുദ്ധജല സംഭരണിയായി സൂക്ഷിക്കുക‌. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരു വിഷമയമായ സംഭരണിയാണ്‌. അത് കുടിവെള്ളത്തിനോ, മറ്റു ആവശ്യങ്ങൾക്കോ ഉപയോഗിക്കുക സാധ്യമല്ല. അതിനാൽ ഒന്നാമത്തെ ലക്ഷ്യം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഈ നിർമ്മിതിയുടെ ‌പാരിസ്ഥിതികമായ ആഘാതങ്ങൾ വളരെ കൂടുതലുമാണ്. തണ്ണീർമുക്കം ബണ്ടിന്റെ റെഗുലേറ്റർ സ്ഥാപിച്ചിരിക്കുന്നത് ഒരു കോൺക്രീറ്റ് കട്ടിളയിലാണ് (sill). കടൽ നിരപ്പിന്റെ (mean sea level) 4 .2 മീറ്റർ താഴെയാണ് ഇതിന്റെ കട്ടിള (sill) നിലനിൽക്കുന്നത്. പക്ഷെ എക്കൽ നിലനിൽക്കുന്നത് അതിനും മുകളിലാണ്. ഈ 4.2 ലെവലിലേക്ക് തെക്കൻ വേമ്പനാട് കായലിനെ കൊണ്ടുവന്നാൽ 817.3 മില്യൺ ക്യൂബിക് മീറ്റർ ജലം സംഭരിക്കാൻ കഴിയും. ഗ്രാബ്, ഡ്രഡ്ജർ ഇവയെല്ലാം ഉപയോഗിച്ച് ഇത് മാറ്റാൻ സാധിക്കും. ഇങ്ങനെ മാറ്റിയാൽ 399 മില്യൺ ക്യൂബിക് മീറ്റർ ചളിയാണ് സംസ്ക്കരിക്കേണ്ടിവരുക. ഈ ചളി ആലപ്പുഴക്ക് അടുത്തുള്ള ആർ-ബ്ലോക്ക്, കെ-ബ്ലോക്ക് എന്നിവിടങ്ങളിൽ നിക്ഷേപിക്കാം എന്നതാണ് സാധ്യത. അവിടെ നിലവിൽ കൃഷിയും മനുഷ്യവാസവും ഇല്ല. ഒരു ബ്ലോക്ക് മുഴുവനായി നികത്തി അവിടെ ടൂറിസം വില്ലജ് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ നിർദേശം. ഈ ചളിവാരിക്കളഞ്ഞാൽ എന്താണ് ഗുണം? 817 മില്യൺ ക്യൂബിക് മീറ്റർ വെള്ളം പിടിച്ചു നിർത്താൻ കഴിയും. അതായത് ഇപ്പോഴത്തേക്കാളും 432 മില്യൺ ക്യൂബിക് മീറ്റർ വെള്ളം കൂടുതൽ സംഭരിക്കാൻ കഴിയും. ഈ ഒറ്റ കാര്യം ചെയ്താൽ തന്നെ മിന്നൽ പ്രളയവും, സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയും മാറ്റാൻ കഴിയും.

എന്നാൽ അതിശക്തമായ മഴ പെയുകയാണെങ്കിൽ ഈ പരിഹാരം കൊണ്ട് മതിയാകില്ല. അതിനുള്ള മാർഗം തോട്ടപ്പിള്ളി സ്പിൽവേയുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ്. അച്ചൻ കോവിലാർ, മണിമലയാർ, പമ്പ തുടങ്ങിയ നദികളുടെ വെള്ളം കടലിലേക്ക് തള്ളുന്നത് തോട്ടപ്പിള്ളി സ്പിൽവേ ആണ്. ഈ നിർമ്മിതിയുടെ രൂപകൽപന പ്രകാരം 1915 ക്യൂബിക് മീറ്റർ വെള്ളം ഒരു സെക്കന്റിൽ പുറത്തുവിടുന്ന തരത്തിലാണ്. എന്നാൽ ഇപ്പോൾ തോട്ടപ്പള്ളി സ്പിൽവേയിലൂടെ 630 ക്യൂബിക് മീറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തുവിടുന്നത്, അതായത് ഉദ്ദേശ ലക്ഷ്യത്തിന്റെ മൂന്നിലൊന്നു വെള്ളം മാത്രം.തോട്ടപ്പിള്ളി സ്പിൽവേയുടെ പുറംതള്ളൽ ശേഷി കുറയാനുള്ള പ്രധാന കാരണം തോട്ടപ്പിള്ളി സ്പിൽവേ നിൽക്കുന്നത് ഉയരത്തിലാണ് എന്നതാണ്. തോട്ടപ്പിള്ളി സ്പിൽവേയുടെ ജലകവാടം (sill) കടൽ നിരപ്പിൽ (MSL) നിന്ന് 2.03 മീറ്റർ താഴെ എന്നതിന് പകരം നാലു മീറ്ററിലേക്കു മാറ്റി സ്ഥാപിക്കണം. എന്നാൽ സർക്കാർ സ്പിൽവേയുടെ ആഴം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ടു പ്രയോജനമില്ല. കട്ടിള താഴ്ത്തുകയാണ്‌ വേണ്ടത്. എന്നാലെ വെള്ളം പുറന്തള്ളാൻ സാധിക്കുകയുള്ളൂ. തോട്ടപ്പിള്ളി സ്പിൽവേ ഒരു പഴക്കമുള്ള നിർമ്മിതിയായതിനാൽ കട്ടിള താഴ്ത്തൽ സാധ്യമാണോ എന്നുറപ്പില്ല. അതിന് പകരമായി ഞങ്ങൾ നിർദേശിക്കുന്നത് സ്പിൽവേയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ട് മാറി ഒരു ലീഡിങ് ചാനൽ ഉണ്ട്. ലീഡിങ് ചാനലിന് 70 മീറ്റർ വീതിയുണ്ട്. അതിന് കുറുകെ ഇപ്പോൾ ഒരു പാലം പണിയുന്നുണ്ട്. ആ പാലത്തിലേക്ക് റെഗുലേറ്റർ മാറ്റണം. ഒഴുക്ക് ശക്തമായാൽ മണ്ണടിയുകയില്ല. മഴയില്ലാത്ത സമയങ്ങളിൽ തോട്ടപ്പിള്ളി സ്പിൽവേയുടെ അഴിമുഖത്ത് മണ്ണടിയും. എല്ലാ വർഷവും അവിടെ അടിയുന്ന മണ്ണ് അടി‍ഞ്ഞുകൂടി കിടക്കുകയാണ്. ഇത് തടയണം. ഇപ്പോൾ എല്ലാ വർഷവും ആ മണ്ണ് കോരിക്കളയുകയാണ്. തോട്ടപ്പിള്ളി സ്പിൽവേയുടെ ബാർ മൗത്ത് (സ്പിൽവേയിൽ നിന്നും കടലിലേക്ക് വെള്ളം ഒഴുകുന്ന ചാൽ) 132 മീറ്റർ ആണിപ്പോൾ. സ്പിൽവേ 365 മീറ്ററും. 365 മീറ്ററിൽ കിടക്കുന്ന വെള്ളവും 132 മീറ്ററുള്ള ബാർ മൗത്തിൽക്കൂടി പോകണം. ആ ബാർ മൗത്ത് വലുതാക്കി 365 മീറ്റർ തന്നെ ആക്കണം എന്നതാണ് ഞങ്ങളുടെ നിർദേശം. ഇത് സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണെങ്കിൽ, 1215 ക്യൂബിക് മീറ്റർ ജലം ഒരു സെക്കൻഡിൽ പുറംതള്ളാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ 2018 ലേതുപോലെയുള്ള പ്രളയം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

തണ്ണീർമുക്കം ബണ്ട്

തണ്ണീർമുക്കം ബണ്ട് നിർമ്മിച്ച കാലത്തുള്ള ആവശ്യങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ടോ? മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ബണ്ടിന്റെ പ്രവർത്തനരീതി ഇനി മാറ്റാൻ കഴിയുമോ? അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉപകാരമുണ്ടോ?

തണ്ണീർമുക്കം ബണ്ട് പണിയുന്ന സമയത്ത് ഇവിടെ ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. അതിനാലാണ് ഒരു വർഷം രണ്ടു കൃഷി ചെയ്യാൻ സാധ്യമാകുന്ന രീതിയിൽ തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചതും ക്രമീകരിച്ചതും. അന്ന് മുപ്പത്തഞ്ച് മുതൽ നാൽപത് ശതമാനം പ്രദേശങ്ങളിലൊക്കെ ഇരട്ടകൃഷി നടത്തിയിരുന്നു. ഇപ്പോൾ രണ്ടുപ്രാവശ്യം കൃഷി ചെയ്യുന്ന സ്ഥലങ്ങൾ 16 ശതമാനം മാത്രമേ ഉള്ളൂ. രണ്ട് പ്രാവശ്യം കൃഷി ചെയ്താലും വളരെ നാമമാത്രമായ ലാഭമേ ലഭിക്കുന്നൊള്ളൂ. മുമ്പ് രണ്ടു കൃഷി ചെയ്യുന്നതിന് വേണ്ടി ഡിസംബർ ആകുന്ന സമയത്ത് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടയ്ക്കും. ഡിസംബർ ആകുമ്പോഴേക്കും കടലിലെ വെള്ളം കയറുന്ന സമയമാണ്. പിന്നീട് മെയ് അവസാനമോ ജൂൺ ആദ്യമോ മാത്രമേ ഷട്ടർ തുറക്കുകയൊള്ളു. ഈ സാഹചര്യത്തിൽ കായലിന്റെ മധ്യഭാഗം ഒരു ഉപ്പുവെള്ള സംഭരണിയായി മാറി. തെക്കുഭാഗം ഒരു ശുദ്ധ ജലസംഭരണിയായി മാറുകയും ചെയ്തു. രണ്ടുഭാഗവും ഒഴുക്കില്ലാതെ ആവുകയും വിഭജിക്കപ്പെടുകയും ചെയ്തു. ഇതിന് വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ട്. തെക്കുഭാഗത്തുള്ള കൈവരികളിൽ എല്ലാം ഒഴുക്ക് തീരെ ഇല്ലാതായതിനാൽ പോള വളരെയധികം വളരാൻ തുടങ്ങി. ഒഴുക്ക് ഉണ്ടെങ്കിൽ മാത്രമേ പോളകളെ തള്ളിക്കളയാൻ സാധിക്കുകയുള്ളൂ. പോള വളരുന്നത് വീണ്ടും ജലോപരിതലത്തിലെ ഒഴുക്ക് കുറയ്ക്കുന്നു. കാലവർഷം കഴിഞ്ഞാൽ ഉടൻ ഈ പോളകൾ ചീയാൻ തുടങ്ങും. ഇത് കായലിലേക്ക് പോവുകയും യൂട്രോഫിക്കേഷന് കാരണമാവുകയും ചെയ്യും.

ഞങ്ങളുടെ നിർദ്ദേശം ബണ്ട് അടയ്ക്കുന്ന കാലാവധി കുറയ്ക്കുക എന്നതാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് തുടങ്ങിയ മാസങ്ങളിൽ മാത്രം ഇത് അടയ്ക്കുക. ഇതിനനുസരിച്ച് കുട്ടനാട്ടിൽ പുതിയൊരു കൃഷി കലണ്ടർ ഉണ്ടാക്കണം. എല്ലാവരും മാർച്ച് മുപ്പത്തിയൊന്നിനകം വിളവെടുപ്പ് നടത്തണം. ഏപ്രിൽ ആദ്യം ബണ്ട് തുറക്കുകയും വേണം. വെള്ളം ഒഴുകിയാൽ തന്നെ കുറെയേറെ പരിഹാരമാകും.

കനത്ത മഴയുണ്ടാകുമ്പോൾ വെള്ളം സംഭരിക്കാൻ വേമ്പനാട് കായലിനെ അമിതമായി ആശ്രയിക്കുന്നതിന് പകരം കുട്ടനാട് കായൽ നിലങ്ങളെ (Kuttanad Polders) ജലസംഭരണത്തിന് ഉപയോഗിക്കുന്നതിലൂടെ പ്രളയ ഭീഷണി കുറയ്ക്കാനാകും എന്ന് റിപ്പോർട്ട് പറയുന്നുണ്ട്. ഇതെങ്ങനെയാണ് സാധ്യമാകുക? വിശദമാക്കാമോ?

പണ്ടുകാലത്ത് പാടശേഖരത്തിന്റെ വരമ്പുകൾ ചെളികൊണ്ടും കച്ചികൊണ്ടുമുള്ള താൽക്കാലിക വരമ്പുകളായിരുന്നു. നല്ല മഴ വരുമ്പോൾ ഈ താൽക്കാലിക ബണ്ടുകളെല്ലാം പൊട്ടിപ്പോവുകയും എക്കൽ നിറഞ്ഞ വെള്ളം പാടശേഖരങ്ങളിൽ എത്തുകയും ചെയ്യും. എക്കലിനകത്ത് ഒരുപാട് വളങ്ങളുണ്ട്. ഇത് പാടത്ത് അടിഞ്ഞു കൂടും. ഈ എക്കലുകൾ പാടശേഖരത്തിന്റെ വളക്കൂറ് നല്ലപോലെ കൂട്ടുന്നു. കൃഷി ചെയ്യുന്ന സമയത്ത് ഈ എക്കൽ എല്ലാം വാരി തെങ്ങിനും വാഴയ്ക്കും എല്ലാം വളമിടുമായിരുന്നു. ഇതിനെ ഞങ്ങൾ പറഞ്ഞിരുന്നത് കുട്ടനാട് പാടങ്ങളിലെ ഫിൽറ്ററിങ് എന്നായിരുന്നു. രണ്ടു കൃഷിയുടെ ആലോചന വന്നപ്പോൾ ബണ്ട് പൊട്ടാതിരിക്കുക എന്നത് പ്രധാനമായി. അതിനായി കോൺക്രീറ്റ് ബണ്ടുകളും, കരിങ്കൽ ബണ്ടുകളും നിർമ്മിച്ചു. ഒഴുകിവരുന്ന വെള്ളത്തിന്റെ 10 ശതമാനം മാത്രമേ പാടങ്ങളിലേക്ക് പോകുന്നുള്ളൂ. 90 ശതമാനം വെള്ളവും ഇപ്പോൾ വേമ്പനാട്ടു കായലിലേക്ക് ഒഴുകി പോവുകയാണ്. നമുക്ക് വേണ്ടത് പരമാവധി വെള്ളം പാടങ്ങളിലേക്ക് കയറ്റി അരിക്കൽ പ്രക്രിയ നടക്കുക എന്നതാണ്. വേലിയേറ്റ സമയത്ത് കടൽ ഉയർന്നു നിൽക്കുമ്പോൾ വെള്ളത്തിന് കടലിലേക്ക് പോകാൻ കഴിയില്ല. അപ്പോൾ ആ വെള്ളം പാടശേഖരങ്ങളിലേക്ക് പോകും. അത് അവിടെ ആറുമണിക്കൂർ കെട്ടിക്കിടക്കും. ഈ ആറു മണിക്കൂറിൽ പാടങ്ങളിൽ എക്കലെല്ലാം അടിയും. വേലിയിറക്ക സമയത്ത് ഇത് പാടങ്ങളിൽ നിന്ന് നദിയിലേക്കും, നദിയിൽ നിന്ന് കടലിലേക്കും ചെല്ലും. ഇതിനെ സ്പന്ദിക്കുന്ന മാതൃക എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ആ സ്പന്ദനവും നഷ്ടപ്പെട്ടു, അതുപോലെ അരിക്കാൻ ഉള്ള ശേഷിയും ഇല്ലാതായി. ഈ ബണ്ട് നിർമ്മാണം ഒരു പാരിസ്ഥിതിക ദുരന്തമായി മാറി. എന്നാൽ ഈ ബണ്ട് ഇടിച്ചു നിരത്തുക എന്നുള്ളത് സാധ്യമല്ല. നമുക്ക് സാധ്യമായത് ഈ ബണ്ടുകളുടെ ഉയരം ഒരു മീറ്ററിൽ നിലനിർത്തുക എന്നുള്ളതാണ്. ഇവിടെ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓരോ വർഷവും ബണ്ടിന്റെ ഉയരം കൂട്ടുകയാണ്. നദികളിലൂടെ വരുന്ന വെള്ളം പാടങ്ങളിലേക്ക് കവിഞ്ഞൊഴുകുന്നതിന് ബണ്ടിന്റെ ഉയരം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ബണ്ടിന്റെ പരമാവധി ഉയരം ഒരു മീറ്ററിൽ നിലനിർത്തണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം. ഉയരം കൂട്ടണമെന്ന് ആവശ്യപ്പെടുന്നവർ പാടത്തിന്റെ ബണ്ട് കയ്യേറി അവിടെ വീട് വച്ചവരാണ്. 2018ലെ പ്രളയത്തിൽ മാത്രമാണ് അഞ്ചോ, ആറോ ഇടങ്ങളിലാണ് ഈ ബണ്ടുകൾ പൊട്ടിയത്. ബണ്ടുകൾ പൊട്ടിയതിനുശേഷം ഉള്ള വിളവെടുപ്പ് വളരെ മികച്ചതായിരുന്നു. വളരെയധികം വളക്കൂറുള്ള എക്കൽ അടിഞ്ഞത് കാരണമാണിത്.

വേമ്പനാട് കായലിലെ മത്സ്യബന്ധനം

വേമ്പനാട് തണ്ണീർത്തട ആവാസവ്യവസ്ഥ ഏറെ മലിനീകരിക്കപ്പെട്ടിരിക്കുകയാണല്ലോ? എന്തൊക്കെയാണ് ഇതിനു പിന്നിലെ കാരണങ്ങൾ? ഈകോളി ബാക്ടീരിയയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണല്ലോ? ഇതിന് പരിഹാരമായി എന്താണ് ചെയ്യാൻ കഴിയുക?

മലിനീകരണം ഉണ്ടാകുന്നതിന് ഒരു കാരണം കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളും, രാസവളങ്ങളും ഒഴുകി വരുന്നതാണ്. മറ്റൊന്ന് വ്യവസായശാലകളിൽ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങളാണ്. അതുപോലെതന്നെ ഒരുപാട് വീടുകളിലെ കക്കൂസ് മാലിന്യങ്ങൾ വേമ്പനാട്ട് കായലിലേക്കാണ് തുറന്നുവിടുന്നത്. ഹൗസ് ബോട്ടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും വലിയ പ്രശ്നമാണ്. കൃഷിക്കാരോട് വളവും രാസ കീടനാശിനികളും ഉപയോഗിക്കരുത് എന്ന് പറയാൻ സാധിക്കില്ല. അതിനാൽ ഇതിനുള്ള ഒരു പരിഹാരം വെള്ളം തങ്ങിനിൽക്കാതെ അതിനെ ഒഴുക്കിവിടുക എന്നുള്ളതാണ്. കക്കൂസ് മാലിന്യം ഒരു ഗുരുതരമായ പ്രശ്നമാണ്. ഈകോളി ബാക്ടീരിയയുടെ സാന്നിധ്യവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു ലിറ്റർ വെള്ളത്തിൽ അഞ്ച് യൂണിറ്റ് വരെ ഈകോളി ബാക്റ്റീരിയ അനുവദനീയമാണ്. പക്ഷെ ഇവിടെ ഒരു ലിറ്റർ ജലത്തിൽ കാണുന്നത് 3000 മുതൽ 16,000 കോളനി ബാക്ടീരിയയാണ്. അത് വളരെ അപകടകരമായ ഒരു സാഹചര്യമാണ്. കക്കൂസ് മാലിന്യം നേരെ വേമ്പനാട് കായലിലേക്ക് ഒഴുക്കുന്നവരെ ഗ്രാമപഞ്ചായത്തുകൾ കണ്ടുപിടിക്കുകയും പിഴ അടപ്പിക്കുകയും ചെയ്യണം. എന്നാൽ ഈ മാലിന്യം എന്ത് ചെയ്യണം എന്നത് ഒരു ചോദ്യമാണ്. അതിനു വേണ്ടത് കക്കൂസ് മാലിന്യം ട്രീറ്റ് ചെയ്യുന്ന പ്ലാന്റുകളാണ്. ഇവിടെ പത്തുവർഷം മുൻപ് ഉണ്ടാക്കിയ രണ്ട് ട്രീറ്റ്മെൻറ് പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ രണ്ടു പ്ലാന്റുകൾ നവീകരിക്കുകയും പുതിയ പ്ലാന്റുകൾ തുറക്കുകയും വേണം. കക്കൂസ് മാലിന്യ സംസ്കരണത്തെ പറ്റി ഒരു അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വ്യവസായിക മാലിന്യം കായലിലേക്ക് തള്ളുന്നവർക്ക് ഉയർന്ന പിഴ ചുമത്തേണ്ടതും അത്യാവശ്യമാണ്.

ഈ ആവാസവ്യവസ്ഥയിൽ പ്ലാസ്റ്റിക്കിന്റെ അളവ് ക്രമാതീതമാണ് എന്ന് പഠനം കണ്ടെത്തിയിട്ടുണ്ടല്ലോ. പ്രത്യേകിച്ച് മൈക്രോ-പ്ലാസ്റ്റിക്കിന്റെ അംശവും ജീവജാലങ്ങളിലുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. എന്താണ് ഈ മൈക്രോ പ്ലാസ്റ്റിക്കിന്റെ ഉറവിടം?

പ്ലാസ്റ്റിക് മൂന്നു തരത്തിലുണ്ട്. മാക്രോ പ്ലാസ്റ്റിക് (200 mm മുകളിൽ), മീസോ പ്ലാസ്റ്റിക് (വെള്ളത്തിൽ ഒഴുകി നടക്കുന്ന 5 mm – 200 mm), മൂന്നാമത്തെ കാറ്റഗറി മൈക്രോ പ്ലാസ്റ്റിക് (5 mm ന് താഴെ). മൂന്നും അപകടമുണ്ടാക്കുന്നതാണ്. എക്കലിൻ്റെ മുകളിൽ നിന്നും ആദ്യത്തെ ഒരു മീറ്ററിൽ 3005 ടൺ പ്ലാസ്റ്റിക്കാണ് ലഭിച്ചത്. ലോകത്ത് മറ്റെവിടെയും ഇങ്ങനെ ഇല്ല. മിസോ പ്ലാസ്റ്റിക്കിന്റെ അളവും കൂടുതലാണ്. മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവും ലോകത്തെ മറ്റ് കായലുകളുമായി ഞങ്ങൾ താരതമ്യം ചെയ്തപ്പോൾ വളരെ കൂടുതലാണ്. തെക്കൻ വേമ്പനാട്ട് കായലിൽ നിന്ന് ലഭിക്കുന്ന കറുത്ത കക്കയിൽ ഒരു ഗ്രാമിൽ 0.15 മുതൽ 0.25 വരെ മൈക്രോ ഗ്രാം മൈക്രോപ്ലേറ്റിസിന്റെ അംശം കാണുന്നതായാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്. മധ്യ വേമ്പനാട്ട് കായലിൽ ഇത് 0.14 മുതൽ 0.9 വരെയാണ്. വേമ്പനാട്ട് കായലിൽ നിന്ന് ലഭിക്കുന്ന വരുത്തൻ കക്കകളിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കൂടുതലാണ്. കല്ലുമ്മക്കായയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശമുണ്ട്. മൈക്രോ പ്ലാസ്റ്റിക് രണ്ടു വിധത്തിലുള്ളതാണ്. ടൂത്ത്പേസ്റ്റിലും, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന ബീഡ്‌സ് ആണ് പ്രൈമറി മൈക്രോ പ്ലാസ്റ്റിക്. രണ്ടാമത്തെ മൈക്രോ പ്ലാസ്റ്റിക് മാക്രോ പ്ലാസ്റ്റിക് വിഘടിച്ച് ഉണ്ടാകുന്നതാണ്. ഇതുപോലെ പല ഘടകങ്ങളുള്ള മൈക്രോ പ്ലാസിറ്റക്കുണ്ട്. വേമ്പനാട് കായലിൽ കാണുന്ന മൈക്രോ പ്ലാസ്റ്റിക് ഫൈബർ രൂപത്തിലുള്ളതാണ്. ഇത് സിന്തറ്റിക് തുണി കഴുകുമ്പോൾ ഉണ്ടാകുന്നതാണ്, അല്ലെങ്കിൽ നൈലോൺ വലകൾ വിഘടിച്ച് ഉണ്ടാകുന്നതാണ്. മധ്യ വേമ്പനാട് കായലിലാണ് താരതമ്യേന കൂടുതൽ മൈക്രോ പ്ലാസ്റ്റിക് ഉള്ളത്. ഇതിന്റെ ഒരു പ്രധാന കാരണം തുണി കഴുകിയതിന്റെ അവശിഷ്ട ജലം നേരെ കായലിലോട്ട് തള്ളുന്നതാണ്. കൊച്ചി നഗരത്തിൽ നിന്നടക്കമുള്ള അലക്ക് അവശിഷ്ടങ്ങൾ നേരിട്ട് കായലിലേക്ക് തുറന്നുവിടുന്നുണ്ട്. ഇത് പിടിച്ചുനിർത്താൻ കഴിഞ്ഞാൽ ഒരു പരിധിവരെ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന നൈലോൺ വലകൾ കായലിൽ ഉപേക്ഷിക്കുന്നതും ഒരു കാരണമാണ്. പൊട്ടിയ വലകൾ കായലിൽ ഉപേക്ഷിക്കരുതെന്ന് മത്സ്യത്തൊഴിലാളികളെ ബോധവത്കരിക്കണം.

തോട്ടപ്പിള്ളി സ്പിൽവെയുടെ ആകാശദൃശ്യം

മത്സ്യ ജൈവവൈവിധ്യത്തിലുള്ള കുറവ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ടോ?

പ്രധാനമായും രണ്ട് തരത്തിലാണ് മത്സ്യത്തൊഴിലാളികൾ വേമ്പനാട്ടുകായലിനെ ആശ്രയിക്കുന്നത്. കറുത്ത കക്ക, മത്സ്യങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. മത്സ്യത്തിന്റെ അളവ് വളരെയധികം കുറഞ്ഞിട്ടുണ്ട്. ചെറുമീനുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. അത് വലയിൽ കിട്ടുന്ന വലുപ്പമുള്ളവയല്ല. പോള അധികമായി വളർന്നതിനാൽ വല ഇടാനും ഇപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പോള ചീയുന്ന സമയം ആകുമ്പോഴേക്കും ജെല്ലിഫിഷ് വരുന്നതും മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളിയാണ്. മുട്ടയിടുന്ന സ്ഥലങ്ങളും, വളരുന്ന സ്ഥലങ്ങളും തണ്ണീർമുക്കം ബണ്ട് വന്നതോടുകൂടി നശിച്ചിരിക്കുകയാണ്. മീനുകൾ പ്രധാനമായും മുട്ടയിടുന്നത് മൺസൂണിന് തൊട്ടുമുമ്പും, മൺസൂൺ കഴിഞ്ഞതിനു ശേഷവും ആണ്. മൺസൂണിന് തൊട്ടുമുമ്പുള്ളതാണ് പീക് സീസൺ. മൺസൂണിന് തൊട്ട് മുൻപ് ഇടുന്ന മുട്ടകളെല്ലാം തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ, മഴക്കാലത്ത് മധ്യ വേമ്പനാട്ട് കായലിലോട്ട് പോകുന്നു. അവിടെവെച്ച് മുട്ട വിരിയുകയും കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾ വളർന്ന് അവ സ്വന്തമായി നീന്തി കയറുന്ന ഒരു പ്രായം രണ്ടു മുതൽ മുന്ന് മാസമാണ്. ഡിസംബർ പകുതിയാകുമ്പോൾ വീണ്ടും ബണ്ടിന്റെ ഷട്ടർ അടക്കും. അങ്ങോട്ട് പോയാൽ മീനുകൾക്ക് പിന്നീട് ഇങ്ങോട്ട് തിരിച്ചുവരാൻ കഴിയുകയില്ല. ഒരുപാട് മീനുകൾക്ക് ലവണാംശമുള്ള ജലത്തിൽ ജീവിക്കുക സാധ്യമല്ല, ഇത്തരം മീനുകളെല്ലാം അവിടെ മരിക്കും. മലിനീകരണവും മത്സ്യസമ്പത്തിനേയും നന്നായി ബാധിക്കുന്നുണ്ട്.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കറുത്ത കക്കയുടെ വിഷയമാണ്. മുമ്പ് തെക്കുഭാഗങ്ങളിലായിരുന്നു കറുത്ത കക്ക കൂടുതൽ ഉണ്ടായിരുന്നത്. തണ്ണീർമുക്കം ബണ്ട് വന്നതോടുകൂടി തെക്കൻ ഭാഗങ്ങളിലെ കറുത്ത കക്കയുടെ അളവ് വളരെയധികം കുറഞ്ഞു. വടക്കുഭാഗത്ത് കക്കയുടെ അളവ് നന്നായി കൂടിയിട്ടുണ്ട്. വെള്ളത്തിലെ ലവണാംശം അഞ്ച് പി.പി.ടിക്ക് താഴെ പോയാലും എട്ട് പി.പി.ടിക്ക് മുകളിൽ പോയാലും കറുത്ത കക്ക മുട്ടയിടും. മൺസൂൺ തുടങ്ങുമ്പോൾ ലവണാംശം അഞ്ച് പി.പി.ടിക്ക് താഴെ പോകും. അതാണ് പീക് സ്പോണിങ് ടൈം. ഡിസംബർ ആകുമ്പോൾ ജലത്തിലെ ലവണാംശം എട്ട് പി.പി.ടിക്ക് മുകളിലാവും. ഇതാണ് മുട്ടയിടാൻ പ്രേരകമായ ഘടകം. എന്നാൽ കാലവർഷ സമയത്ത് ബണ്ട് തുറന്ന് വച്ചിരിക്കുന്നതിനാൽ മുട്ടകളും, കുഞ്ഞുങ്ങളും വടക്കോട്ട് തള്ളപ്പെടും. രണ്ടാമത്തെ മുട്ടയിടൽ സമയമായ ഡിസംബറിൽ ബണ്ട് അടക്കും. അപ്പോൾ ലവണാംശം ഇല്ലാത്തതിനാൽ മുട്ടയിടാനുള്ള പ്രേരണ ഉണ്ടാവുകയുമില്ല.
മത്സ്യങ്ങളുടെ അളവ് കുറയുന്നതിൽ മത്സ്യതൊഴിലാളികൾക്കും പങ്കുണ്ട്. മത്സ്യത്തൊഴിലാളികൾ വളരെ ചെറിയ വലുപ്പമുള്ള മത്സ്യങ്ങളെയും പിടിക്കുന്നുണ്ട്. വളരെ ചെറിയ കണ്ണികൾ ഉള്ള വലകൾ ഉപയോഗിച്ച് കിട്ടുന്ന എല്ലാ മീനിനെയും പിടിക്കുന്നത് തടയണം. ഒന്നോ രണ്ടോ വർഷം സർക്കാർ സബ്സിഡി കൊടുത്തിട്ടാണെങ്കിലും ഈ ചെറിയ മീൻപിടുത്തം അവസാനിപ്പിക്കുകയും അവയ്ക്ക് വളരാനുള്ള സമയം കൊടുക്കുകയും വേണം.

ഡോ. വി.എൻ സഞ്ജീവൻ

പഠനത്തിലെ പ്രധാന കണ്ടെത്തൽ ഡൈയൂറോൺ എന്ന വിഷ വസ്തുവിന്റെ കായലിലെ സാന്നിധ്യമാണല്ലോ. എന്തായിരിക്കാം ഡൈയൂറോണിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കാനുള്ള കാരണം? ഇതെങ്ങനെയാണ് ഈ ആവാസവ്യവസ്ഥയെ ബാധിക്കുക?

ഡൈയൂറോൺ തെക്കൻ വേമ്പനാട്ടുകായലിൽ വളരെ കുറവാണ്, എന്നാൽ വടക്കൻ വേമ്പനാടിൽ ക്രമാതീതമായി ഉണ്ട്. മൂവാറ്റുപുഴയാറിലും, മധ്യ വേമ്പനാട്ട് കായലിലും ഡൈയൂറോണിന്റെ അളവ് വളരെ കൂടുതലാണ്. യൂറിയയിൽ നിന്നും അതുപോലെ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന ലോണുകളിൽ നിന്നും ഡൈയൂറോൺ സാന്നിധ്യം വെള്ളത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മൂവാറ്റുപുഴയാറിലും വടക്കൻ വേമ്പനാട്ടിലും മാത്രം ക്രമാതീതമായ രീതിയിൽ ഡൈയൂറോൺ കണ്ടെത്തിയതിന് മറ്റൊരു ഉറവിടം ഉണ്ടാകേണ്ടതുണ്ട്. മുവാറ്റുപുഴയാറിന്റെ തീരത്തുള്ള പ്ലൈവുഡ് വ്യവസായങ്ങളാണ് ഉറവിടം എന്നാണ് എന്റെ നിഗമനം. ഡൈയൂറോണിന്റെ അളവ് ഫൈറ്റോപ്ലാൻക്റ്റേണുകളെ (phytoplankton ) നശിപ്പിക്കുന്നുണ്ട്. ഡൈയൂറോൺ ചെടികളിലെ പ്രകാശസംശ്ലേഷണ പ്രക്രിയയെ നശിപ്പിക്കുന്നു. ഇത് താളം തെറ്റിയാൽ കായലിലെ ഭക്ഷ്യശൃംഖല തന്നെ നശിക്കും. ഞങ്ങൾ നടത്തിയ പഠനത്തിൽ ഡൈയൂറോണിന്റെ സാന്നിധ്യം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം കറുത്ത കക്കയുടെ അളവ് വളരെ കുറവാണ്.

ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ വേമ്പനാട്ട് കായൽ തണ്ണീർത്തട ആവാസവ്യവസ്ഥ മുഴുവനായി ഇല്ലാതായേക്കാം എന്ന് പറയുന്നുണ്ടല്ലോ?

തെക്കൻ വേമ്പനാട്ട് കായലിൽ ഞങ്ങൾ നടത്തിയ പരിശോധനയിൽ മനസ്സിലാക്കാൻ കഴിഞ്ഞത് പല ഇടങ്ങളിലും 60 സെന്റീ മീറ്റർ ആഴമേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഏകദേശം മൂന്ന് മുതൽ നാല് സെന്റിമീറ്റർ എക്കൽ ഒരു വർഷം അടിയുന്നുണ്ട്. അങ്ങനെ വന്നാൽ ഇതിനിടയ്ക്ക് ചെറിയ ദ്വീപുപോലെയുള്ള പ്രദേശങ്ങൾ ഉണ്ടായിവരും. ഈ നില തുടർന്നാൽ കായലിന്റെ സിംഹഭാഗവും അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്. സർക്കാർ ഇപ്പോൾ ഇത് ഗൗരവമായി കാണുന്നുണ്ട്. മന്ത്രി സജി ചെറിയാനും ഇതിൽ പ്രത്യേക താല്പര്യം എടുക്കുന്നുണ്ട്. നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read