നടിക‍ർ രാഷ്ട്രീയത്തിന്റെ വിജയ് തുട‍ർച്ച

തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രം ആവർത്തിച്ച് കൊണ്ട് ഇളയദളപതി വിജയ് പുതിയ അധ്യായം തുറന്ന വാർത്ത രാഷ്ട്രീയ ഇടങ്ങളിൽ വലിയ ചർച്ചാ വിഷയമായിരുന്നു. എം.ജി.ആർ (എം.ജി രാമചന്ദ്രൻ), ജയലളിത, വിജയ്കാന്ത്, കമൽ ഹാസൻ തുടങ്ങി ഒട്ടനവധി താരങ്ങളുടെ പാത പിൻപറ്റി രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുകയാണ് വിജയ്. അവരിൽ പലർക്കും പല തരത്തിലായിരുന്നു രാഷ്ട്രീയ അനുഭവം. സിനിമയിൽ എന്നതുപോലെ രാഷ്ട്രീയത്തിലും വമ്പൻ പ്രകടനം നടത്തി പേരെടുത്ത എം.ജി.ആറിനെപ്പോലുള്ളവരുടെ അനുഭവപാഠം നമ്മുടെ മുന്നിലുണ്ട്. എന്നാൽ സിനിമയിൽ ഇതിഹാസമായിരുന്നിട്ടും രാഷ്ട്രീയത്തിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ കമൽ ഹാസനെ പോലുള്ളവരുടെ സമീപകാല അനുഭവവും നമുക്ക് മുന്നിലുണ്ട്. ഈ യാഥാർത്ഥ്യങ്ങൾക്ക് നടുവിലാണ് ഇളയദളപതി പുതിയ പരീക്ഷണത്തിന് മുന്നിട്ടിരിക്കുന്നത്.

ജയലളിതയും എം.ജി.ആറും

2010ന് ശേഷമുള്ള വിജയിയുടെ പല സിനിമകൾക്കും തക്കതായ രാഷ്ട്രീയം നമുക്ക് കാണാനാവും. പല സന്ദർഭങ്ങളിലായി രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സൂചനകൾ നൽകിയ വിജയ് അന്ന് പക്ഷേ, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിഷേധാത്മകമായാണ് പ്രതികരിച്ചിരുന്നത്. എന്നാൽ കാലം മുന്നോട്ട് പോയി. രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ താൻ സിനിമ നിർത്തും എന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി ആദ്യവാരം തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലക്കിക്കൊണ്ട് വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചു, തമിഴക വെട്രി കഴകം. തുടർന്ന് താൻ അഭിനയം നിർത്തുന്നതായും ഏറ്റെടുത്ത പ്രൊജക്റ്റുകൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തമിഴക വെട്രി കഴകം പ്രവർത്തകർ. കടപ്പാട് :ndtv.com.

2024 പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി പ്രഖ്യാപിച്ചത് എങ്കിലും തങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, ഒരു പാർട്ടിയെയും പിന്തുണക്കുന്നുമില്ല. അതുപോലെതന്നെ, 2026 ലെ തമിഴ്‌നാട് നിയമസഭയിൽ മത്സരിക്കുമെന്നും ആ പ്രഖ്യാപനത്തിൽ പറയുകയുണ്ടായി. ഇവിടെയാണ് വിജയുടെ ഒരു നയതന്ത്രം ശ്രദ്ധേയമാവുന്നത്. 2023ൽ ചെന്നൈക്കടുത്ത് നീലംഗരയിൽ വച്ച് ഒരു പരിപാടിക്കിടെ സ്‌കൂൾ വിദ്യാർത്ഥികളോട് വിജയ് അഭ്യർത്ഥിച്ചത് ഇങ്ങനെയായിരുന്നു,

‘നിങ്ങൾ വീട്ടിൽ പോയി രക്ഷകർത്താക്കളോട് പറയണം, അടുത്ത തെരഞ്ഞെടുപ്പിൽ കൈക്കൂലി വാങ്ങി വോട്ട് ചെയ്യരുതെന്ന്. നിങ്ങൾ അതിൽ വിജയിച്ചാൽ നമുക്ക് വലിയൊരു മാറ്റമുണ്ടാക്കാൻ സാധിക്കും.’

വിജയിയെ സ്‌നേഹിക്കുന്ന ആ നിഷ്‌കളങ്ക ബാല്യങ്ങൾ അത് ഓർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഏതാണ്ട് 2026 ആകുമ്പോഴേക്കും സമ്മതിദാനവകാശം ലഭിക്കുന്ന വിദ്യാർത്ഥികളോട് വിജയ് പറഞ്ഞ വാക്കുകൾക്ക് പിന്നിൽ ഇങ്ങനെയൊരു ദീർഘവീക്ഷണം ഉണ്ടായിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.

കൈക്കൂലി, അഴിമതി, സുതാര്യമായ ഭരണം, വർഗ്ഗീയത തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളാണ് എല്ലായ്‌പ്പോഴും വിജയ് ചൂണ്ടിക്കാണിക്കാറുള്ളത്. പലപ്പോഴായി അതിനെതിരേ ശക്തമായി അദ്ദേഹം പ്രതികരിച്ച് കാണാറുണ്ട്. സിനിമകളിൽ എല്ലായ്‌പ്പോഴും സാധാരണക്കാരുടെ രക്ഷകന്റെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെടാറ്. കോർപ്പറേറ്റുകൾക്കും കുത്തക മുതലാളിമാർക്കും ജാതീയതയ്ക്കും തെറ്റുകുറ്റങ്ങൾക്കും എതിരെ ശബ്ദിക്കുന്ന ഒരു നായകനായാണ് വിജയ് പൊതുവേ സിനിമകളിൽ കാണപ്പെടുക. അതിന്റെ അനുരണനഫലം സാധാരണക്കാരിൽ ഉണ്ടാക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്. കാരണം, അദ്ദേഹം രാഷ്ട്രീയത്തെ വളരെ ഗൗരവമായിട്ടാണ് ഇപ്പോൾ കാണുന്നത്.

വിജയ്

രജനികാന്തും കമൽ ഹാസനും രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത എല്ലാവരും ശ്രദ്ധയോടെ നോക്കിക്കണ്ടു. ഇരുവരും പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്നത് ഒരുമിച്ചുയർന്ന വാർത്തയായിരുന്നു. പക്ഷേ, രജനീകാന്ത് പിന്മാറുകയും സംഘപരിവാർ അനുകൂല നയം സ്വീകരിച്ച് ബി.ജെ.പിയോട് ചേർന്ന് നിൽക്കുകയും ചെയ്തു. കമൽ ഹാസൻ വലിയ പ്രതീക്ഷയോടെ പാർട്ടി സ്ഥാപിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. ഈയൊരു പശ്ചാത്തലത്തിൽ വിജയ് ഒരുപക്ഷേ പാർട്ടി രൂപീകരിക്കാൻ ഇടയില്ല എന്നാണ് പലരും കരുതിയത്.

രജനീകാന്ത്

കാലിക പ്രസക്തമായതും മാനവിക രാഷ്ട്രീയം വിളിച്ച് പറയുന്നതുമായ ധാരാളം സിനിമകൾ കമൽ ഹാസൻ ചെയ്തുവെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയി. 2018ലാണ് കമൽ ഹാസൻ മക്കൾ നീതി മയ്യം എന്ന പാർട്ടി സ്ഥാപിച്ചത്. രാഷ്ട്രീയ മാറ്റമുണ്ടാക്കുക, ഭരണകാര്യങ്ങളെ അഭിസംബോധന ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ വച്ചാണ് പാർട്ടി സ്ഥാപിച്ചതെങ്കിലും തെരഞ്ഞെടുപ്പിൽ കാര്യമായി നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 2021 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്ന് കമൽ ഹാസൻ മത്സരിച്ചുവെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി വനതി ശ്രീനിവാസനോട് പരാജയപ്പെടുകയായിരുന്നു.

കമൽ ഹാസൻ

2005ലാണ് സിനിമാ താരം ക്യാപ്റ്റൻ വിജയ്കാന്ത് ഡി.എം.ഡി.കെ (ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം) സ്ഥാപിച്ചത്. ദ്രാവിഡ രാഷ്ട്രീയമാണ് പാർട്ടി മുന്നോട്ടുവച്ചത്. 2006, 2011 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ 234ൽ 29 സീറ്റ് വിജയിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടിയായി കാലം കഴിച്ച ചരിത്രം ഡി.എം.ഡി.കെയ്ക്കുണ്ട്. 2023 ഡിസംബർ 28ന് വിജയ്കാന്ത് മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രേമലത വിജയകാന്താണ് ഇന്നിപ്പോൾ ആ പാർട്ടിയെ നയിക്കുന്നത്.

ക്യാപ്റ്റൻ വിജയ്കാന്ത്

മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തമായി വിജയ് തന്റെ പാർട്ടി രൂപീകരണം ഗൗരവമായി എടുത്തു എന്നാണ് മനസ്സിലാവുന്നത്. രക്ഷക പരിവേഷമുള്ള വിജയിയോട് ആരാധകർ പലപ്പോഴും രാഷ്ട്രീയ പ്രവേശത്തിന് വേണ്ടി താൽപ്പര്യപ്പെടുക പോലുമുണ്ടായി. തമിഴ്‌നാട്ടിൽ വലിയ ആരാധക അടിത്തറയുള്ള വിജയി തന്റെ പാർട്ടി രൂപീകരണത്തിന്റെ ഭാഗമായി ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. വിജയിയുടെ ഫാൻസ് അസോസിയേഷൻ വലിയ തോതിൽ ഘടനാപരമായി ശക്തമാണ്. ആ സംവിധാനമെല്ലാം പാർട്ടി മെഷിനറിയായി പരിവർത്തിപ്പിക്കാനാണ് തീരുമാനം. അങ്ങനെവരുമ്പോൾ വിജയിയുടെ പാർട്ടി തമിഴ്‌നാട്ടിൽ അങ്ങോളം ഇങ്ങോളം വേരോട്ടമുള്ള പാർട്ടിയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. കൂടാതെ രക്ഷക താരപരിവേഷം കൊണ്ടും തമിഴ്‌നാടിന് ചേർന്ന നിലപാടുകൾ എപ്പോഴും ഉയർത്തിപ്പിടിച്ച് ഉണ്ടാക്കിയ ഇമേജുകൾ കൊണ്ടും വിജയിക്ക് അനുകൂലമായി വോട്ട് ഒഴുകാനും വലിയ സാധ്യതയുണ്ട്.

2013 മുതലുള്ള വിജയിയുടെ സിനിമകളിലെല്ലാം വ്യക്തമായ രാഷ്ട്രീയങ്ങൾ കാണാൻ സാധിക്കും. തലൈവ (2013)യിൽ സാമുദായിക സംഘർഷങ്ങളായിരുന്നു വിഷയം. കത്തി (2014)യിൽ കർഷകരുടെ പ്രശ്‌നങ്ങളും അവരുടെ പോരാട്ടവുമായിരുന്നു. മെർസലി (2017)ൽ കോർപ്പറേറ്റ് ചൂഷണങ്ങളും മറ്റുമായിരുന്നു വിഷയം. സർക്കാറി (2018)ൽ തിരഞ്ഞെടുപ്പും അതിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തിരിമറിയുമൊക്കെയായിരുന്നു വിഷയം. സർക്കാറിൽ പറയുന്ന വൈകാരികമായ ഒരു ഡയലോഗ് ഇങ്ങനെയാണ്,

‘അധികാരത്തിൽ വരുന്നവർക്ക് അഞ്ച് വർഷം അധികാരമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ഒരേയൊരു ദിവസം മാത്രമാണ് അധികാരമുള്ളത്…’

തലൈവ, കത്തി, മെർസൽ, സർക്കാർ.

പ്രസ്തുത സിനിമകളിലെല്ലാം വിജയിയോടൊപ്പം ആയിരങ്ങൾ അണിചേർന്നിട്ടുള്ളതും ശ്രദ്ധേയമാണ്. ജനകീയ നായകനായാണ് വിജയ് ഇവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലാം വിജയിയുടെ രാഷ്ട്രീയ മൂലധനമാണെന്നാണ് സൂചിപ്പിക്കുന്നത്.

സിനിമയും രാഷ്ട്രീയവും തമിഴ്‌നാട്ടിൽ

തമിഴ്‌നാട്ടിൽ പൊതുവേ സിനിമയും രാഷ്ട്രീയവും പരസ്പരം കൂടിച്ചേർന്ന വ്യവഹാരമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിനിമയെ വലിയ സാധ്യതയായി കൊണ്ടാടിയത് ഒരുപക്ഷേ തമിഴ്‌നാടായിരിക്കും. രാഷ്ട്രീയ അജണ്ട വച്ച് പുറത്തിറങ്ങിയ ധാരാളം സിനിമകൾ തമിഴ്‌നാട്ടിൽ ഇറങ്ങുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

എസ് ശങ്കർ സംവിധാനം ചെയ്ത മുതൽവൻ സൃഷ്ടിച്ച അനുരണനം ജനങ്ങളെ കാര്യമായി സ്വാധീനിച്ചു. സാധാരണക്കാരനായ നായകൻ മുഖ്യമന്ത്രിയായി ഉയർത്തപ്പെടുന്നതും ഭരണത്തിൽ ഉണ്ടാക്കുന്ന പുരോഗമനപരമായ മാറ്റങ്ങളെല്ലാം ജനങ്ങളിൽ രാഷ്ട്രീയ അവബോധമുണ്ടാക്കി. ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പാർട്ടി എന്ന നിലക്ക് ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) തങ്ങളുടെ രാഷ്ട്രീയ വളർച്ചയ്ക്കും പ്രചരണത്തിനും വേണ്ടി സിനിമ എന്ന പ്രൊപ്പഗണ്ടാ സാധ്യത വലിയ തോതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിനിമയിലൂടെ തങ്ങളുടെ രാഷ്ട്രീയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മുതൽവൻ പോസ്റ്റർ

പാർട്ടി നേരിട്ട് സിനിമ ഇറക്കുന്നതിൽ ഉപരി പാർട്ടിയുടെ പ്രത്യയശാസ്ത്രം ഉൾക്കൊണ്ട സിനിമാ അണിയറക്കാരെ വച്ചാണ് അത്തരത്തിൽ നേട്ടങ്ങളുണ്ടാക്കിയത്. 1973ൽ പി. നീലകണ്ഠൻ സംവിധാനം ചെയ്‌തൊരുക്കിയ ‘പെരിയാർ’ എന്ന സിനിമ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവായ പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറെക്കുറിച്ചുള്ള സിനിമയാണ്. സാമൂഹിക അസമത്വത്തിന്റെ നിർമൂലനം, യുക്തിചിന്ത പരിപോഷിപ്പിക്കൽ, പിന്നോക്കക്കാരുടെ അവകാശങ്ങളെക്കുറിച്ച് പറയൽ തുടങ്ങി പലവിധ സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങൾ ആ സിനിമയിലൂടെ ജനങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്.

പെരിയാർ

എം.ജി രാമചന്ദ്രൻ അഥവാ എം.ജി.ആർ ആദ്യ ഘട്ടത്തിൽ ഡി.എം.കെയുടെ നേതാവായിരുന്നു. എം.ജി.ആർ അഭിനയിച്ച സിനിമകളിൽ ദ്രാവിഡ രാഷ്ട്രീയം രൂഢമൂലമായിരുന്നു. രാഷ്ട്രീയ പരിസരത്ത് ഉപയോഗിക്കുന്ന ഡി.എം.കെ മുദ്രാവാക്യങ്ങൾ സിനിമയിലൂടെ, പ്രത്യേകിച്ച് എം.ജി.ആറിന്റെ സിനിമാ സംഭാഷണങ്ങളിലൂടെ പറയുമ്പോൾ അവയ്ക്ക് കിട്ടിയ സ്വീകാര്യത വിപുലമായിരുന്നു. ബിആർ പന്തുലു സംവിധാനം ചെയ്യുകയും എംജിആർ അഭിനയിക്കുകയും ചെയ്ത ആയിരത്തിൽ ഒരുവൻ (1965) എന്ന സിനിമ സാമൂഹിക നീതി, അരികുവത്കൃതരുടെ ശാക്തീകരണം, അടിച്ചമർത്തലിന് എതിരേയുള്ള പ്രതിരോധം തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം പറയുന്നുണ്ട്.

ആയിരത്തിൽ ഒരുവൻ

കെ ശങ്കർ സംവിധാനം ചെയ്ത അടിമപെണ്ണ് (1969) ൽ എം.ജി.ആറും ജയലളിതയും ഒരുമിച്ച് അഭിനയിച്ചു. സാമൂഹിക അസമത്വം, തൊഴിലാളികൾ നേരിടുന്ന ചൂഷണം, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങൾ അതിൽ പ്രതിപാദിക്കപ്പെട്ടു. അവയെല്ലാം ദ്രാവിഡരാഷ്ട്രീയത്തിന്റെ ആശയങ്ങളാണ്.

അടിമപെണ്ണ്

എം.ജി.ആർ അഭിനയിച്ച മന്ത്രി കുമാരി, എങ്ക വീട്ട് പിള്ളൈ തുടങ്ങിയ സിനിമകളെല്ലാം ആ നിലക്കുള്ളവയാണ്. അത്തരത്തിൽ സിനിമയിലൂടെ ദ്രാവിഡ രാഷ്ട്രീയത്തെ ജനകീയമാക്കുന്നതിൽ എം.ജി.ആർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഡി.എം.കെ യുടെ ജനകീയ അടിത്തറ വളർത്തിയതിൽ എംജിആർ വലിയ പങ്ക് വഹിച്ചുവെങ്കിലും കരുണാനിധിയുമായുണ്ടായ അസ്വാരസ്യം അദ്ദേഹത്തെ മറ്റൊരു ദ്രാവിഡ പാർട്ടി രൂപീകരണത്തിലേക്ക് നയിച്ചു. 1972ലാണ് എം.ജി.ആർ എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ചത്.

വിജയിയുടെ ശുഭാപ്തി വിശ്വാസം

ഇന്ത്യൻ രാഷ്ട്രീയത്തിൽ പലവിധ അനുഭവങ്ങളുണ്ടെങ്കിലും ധാരാളം പുതുമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിജയിയുടെ പാർട്ടി രൂപീകരണത്തെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികൾ ഉൾക്കിടിലത്തോടെയാണ് ആദ്യം നോക്കിക്കണ്ടത്. അതുകൊണ്ട് ആദ്യം പലരും മൗനം പൂകിയെങ്കിലും പിന്നീട് പോസീറ്റായി പ്രതികരിക്കുകയുണ്ടായി. വിജയ് ആയതിനാൽ ആർക്കും അങ്ങനെ തള്ളാനും കഴിയാത്ത അവസ്ഥയാണ്. ‘ജനങ്ങളെ സേവിക്കാൻ വിജയ് വരുന്നതിൽ അതിയായി സന്തോഷിക്കുന്നു’ എന്നാണ് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ പ്രതികരിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ ഡി.എം.കെ എല്ലാവരെക്കാളും അൽപ്പം കൂടി മുന്നിൽ നിൽക്കുകയാണ്. അടുത്ത തലമുറയെ വരെ ഒരുക്കിനിർത്തിക്കൊണ്ടായിരുന്നു ഡി.എം.കെയുടെ മുന്നേറ്റം. ഉദയനിധി സ്റ്റാലിനെ ആ നിലയ്ക്ക് ഭദ്രമായ ഒരിടത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഉദയനിധി സ്റ്റാലിനും എം.കെ സ്റ്റാലിനും. കടപ്പാട് : jagran.com.

വെള്ളിത്തരയിൽ ആപേക്ഷികമായി ഉദയനിധി പിറകിലും വിജയ് ബഹുദൂരം മുന്നിലും ആയിരുന്നുവെങ്കിൽ രാഷ്ട്രീയത്തിൽ ഉദയനിധി വമ്പിച്ച പാരമ്പര്യത്തോടെയും പ്രതാപത്തോടെയും മുന്നിലാണ് നിലനിൽക്കുന്നത്. അങ്ങനെയൊരു ഘട്ടത്തിൽ വിജയിയുടെ കരുനീക്കം എങ്ങനെയായിരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

പാർട്ടി രൂപീകരണവേളയിൽ വിജയ് പറഞ്ഞത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയെ പരിഗണിക്കുമ്പോൾ വളരെ പ്രസക്തമാണ്,

‘ഇന്നത്തെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കുമറിയാം. ഒരുഭാഗത്ത് ഭരണപരമായ അപചയങ്ങളും അഴിമതി രാഷ്ട്രീയത്തിന്റെ സംസ്‌കാരവുമാണ്. മറുഭാഗത്ത്, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ്. ഇവയെല്ലാം നമ്മുടെ പുരോഗതിയേയും ഐക്യത്തെയും തടയുന്നു. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വേർതിരിവില്ലാതെ ദീർഘവീക്ഷണമുള്ള, നിസ്വാർത്ഥവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കൊണ്ടുവരുന്ന അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റത്തിനായി തമിഴ്‌നാട്ടിലെ ഓരോ വ്യക്തിയും കാത്തിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.’

ഏതായാലും ജനാധിപത്യ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഇളയദളപതി വിജയ്ക്ക് താൻ പ്രഖ്യാപിച്ച പോലത്തെ മാറ്റം സാധ്യമാവട്ടെ എന്ന് ആശംസിക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 8, 2024 2:25 pm