മാറ്റങ്ങൾ സൃഷ്ടിച്ച ‘ബദലുകളുടെ സംഗമം’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒരു ദശാബ്ദം മുമ്പ് ബഹുഭാഷാപണ്ഡിതനും ആക്ടിവിസ്റ്റുമായ ഗണേഷ് ദേവിയുമായി ഞാൻ നടത്തിയ ഒരു ചർച്ചയിൽ ഇന്ത്യയിൽ ബദലുകളുടെ ഒരു സംഗമം ആരംഭിക്കുക എന്ന ആശയം ജനിച്ചു. പ്രകൃതിയുടെ നശീകരണവും സമൂഹങ്ങളുടെ സ്ഥാനഭ്രംശവും ഉൾപ്പെടെയുള്ള ‘വികസന’ത്തിന്റെ ഹിംസയെ ചോദ്യം ചെയ്യുന്ന, നീതിയിലൂടെയും പാരിസ്ഥിതിക വിവേകത്തിലൂടെയും മനുഷ്യന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള ബദൽ മാർഗങ്ങൾ പരിശീലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന നിരവധി സംഘടനകളും വ്യക്തികളുമായി ഞങ്ങൾ സംവദിച്ചു. ഇത്തരമൊരു ആശയത്തിന് ശക്തമായ അംഗീകാരം ലഭിച്ചതോടെ, അത്തരം പ്രസ്ഥാനങ്ങളെയും സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരിക എന്ന പ്രധാന ലക്ഷ്യത്തോടെ 2014-ൽ വികൽപ് സംഗം (‘ബദലുകളുടെ സംഗമം’) എന്ന പ്രക്രിയ ആരംഭിച്ചു. ഒരു ദശാബ്ദത്തിനിപ്പുറം, ഈ പ്രക്രിയയെ അവലോകനം ചെയ്യാനും അടുത്ത ഘട്ടം ആസൂത്രണം ചെയ്യാനും സമയമായിരിക്കുന്നു. അതിനായി 2024 നവംബർ 21 മുതൽ 23 വരെ ​ഗുജറാത്തിലെ ഭുജിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. അതിനിടയിൽ നടന്നതും നടന്നിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ചുരുക്കത്തിൽ അവതരിപ്പിക്കുന്നത്.

ഗുജറാത്തിലെ ഭുജിൽ വച്ച് നടന്ന വികൽപ് സം​ഗമത്തിൽ നിന്നും. കടപ്പാട്:vikalpsangam.org

എന്താണ് പ്രേരണ?

ലോകമെമ്പാടുമുള്ള ജനകീയ പ്രസ്ഥാനങ്ങൾ പാരിസ്ഥിതികമായി വിനാശകരവും സാമ്പത്തികമായി അനീതിപരവും സാമൂഹികമായി വിഘടിപ്പിക്കുന്നതുമായ—പുരുഷാധിപത്യം, മുതലാളിത്തം, ഭരണകൂട ആധിപത്യം, ജാതീയത, വംശീയത, മനുഷ്യകേന്ദ്രീകരണം എന്നിവ ഉൾപ്പെടെയുള്ള—രൂഢമൂലമായ ഘടനകൾക്കും അധികാര ബന്ധങ്ങൾക്കും എതിരെ പോരാടുകയാണ്. മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള നമ്മുടെ അന്വേഷണത്തിന് നിലവിലുള്ള ജീവിതരീതികൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ചെറുത്തുനിൽപ്പുകൾ നിർണായകമാണ്. പക്ഷേ, അത് പര്യാപ്തമല്ല. പരമ്പരാഗത ജീവിതരീതികളിൽ ലിംഗഭേദം, ജാതി, വംശം, ശേഷി, എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ, പ്രതികൂല നയങ്ങൾ, ജനസംഖ്യാപരമായ മാറ്റങ്ങൾ, പുതിയ തലമുറകളുടെ കാഴ്ചപ്പാടുകൾ എന്നിവ മൂലം എല്ലായ്പ്പോഴും അടിസ്ഥാന ആവശ്യങ്ങളോ ന്യായമായ അഭിലാഷങ്ങളോ നിറവേറ്റാൻ ഈ ജീവിതരീതികൾക്ക് കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പരമ്പരാഗതവും ആധുനികവുമായ ആശയങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ ക്രിയാത്മകമായ ബദലുകൾ ആവശ്യമാണ്.

സാമൂഹിക പ്രസ്ഥാനങ്ങൾ പലപ്പോഴും അവരുടേതായ കുമിളകളിലാണ് പ്രവർത്തിക്കുന്നത്. ഈ വൈവിധ്യമാർന്ന പ്രസ്ഥാനങ്ങളെയും അറിവുകളെയും ഒരുമിച്ച് കൊണ്ടുവരാനും അവയ്ക്കിടയിലുള്ള പാരസ്പര്യം മനസ്സിലാക്കാനും മെച്ചപ്പെടുത്താനും നമുക്ക് എന്തുചെയ്യാൻ കഴിയും? ആഗോള രാഷ്ട്രീയ, പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളെ നമുക്ക് എങ്ങനെ കൂട്ടായി നേരിടാൻ കഴിയും? ഭൂമിയെ ഒരു ചവറ്റുകുട്ടയാക്കി മാറ്റാതെ നമുക്ക് എങ്ങനെ മനുഷ്യാഭിലാഷങ്ങൾ നിറവേറ്റാൻ കഴിയും? മെച്ചപ്പെട്ട ഒരു ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? വളർച്ചയിലൂന്നിയ, മുതലാളിത്ത, ഭരണകൂടാധിപത്യ സമീപനങ്ങളുടെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യാത്ത, പച്ചപൂശൽ (ഗ്രീൻവാഷിംഗ്), അല്ലെങ്കിൽ ഉപരിപ്ലവമായ സംരംഭങ്ങളായ കാർബൺ ട്രേഡിംഗ്, ഹരിത സമ്പദ്‌വ്യവസ്ഥ, സുസ്ഥിര വികസനം ഇവയിലെന്ന പോലെ പ്രശ്നങ്ങളെ സൃഷ്‌ടിച്ച അതേ വ്യവസ്ഥകൾ/സംവിധാനങ്ങൾ തന്നെ ‘പരിഹാരങ്ങളെ’ സ്വാംശീകരിക്കില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും? ഇത്തരം ചോദ്യങ്ങളിൽ വ്യാപൃതമാവാനുള്ള ശ്രമമാണ് ‘വികൽപ് സംഗം’ പ്രക്രിയയുടെ കാതൽ.

വികൽപ് സം​ഗമത്തിൽ നിന്നും. കടപ്പാട്:vikalpsangam.org

വികൽപ് സംഗത്തിന്റെ പ്രവർത്തനങ്ങൾ

വികൽപ് സംഗം പ്രക്രിയ അഞ്ച് പ്രധാന പ്രവർത്തന മേഖലകളിൽ ഏർപ്പെട്ടിട്ടുണ്ട്: രേഖപ്പെടുത്തൽ (ഡോക്യുമെന്റേഷൻ), ദൃശ്യവൽക്കരണം (വിസിബിലൈസേഷൻ), സഹകരിക്കൽ (കൊളാബോറേഷൻ), ദർശനം (വിഷനിംഗ്), ന്യായവാദം (അഡ്വക്കസി).

ബദൽ സംരംഭങ്ങൾ രേഖപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും അവയെ അഭിനന്ദിക്കുകയും അവയിൽ നിന്നും പഠിക്കുകയും ചെയ്യുക എന്നത് നിർണായകമാണ്. വികൽപ് സംഗം പ്രക്രിയയുടെ ഈ മേഖലയിൽ, മാധ്യമപ്രവർത്തകർ, ഗവേഷകർ, എഴുത്തുകാർ എന്നിവരിൽ നിന്ന്, അല്ലെങ്കിൽ ആ സംരംഭങ്ങളിലെ തന്നെ ആളുകളിൽ നിന്ന്, ബദൽ സംരംഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതാൻ ചുമതലപ്പെടുത്തുകയോ അഭ്യർത്ഥിക്കുകയോ ചെയ്യുന്നു. അത്തരം സംരംഭങ്ങളെക്കുറിച്ചുള്ള സിനിമകൾ, മനസ്സിലാക്കാനും പഠിക്കാനും ഏറെയുള്ള പ്രത്യേക സ്ഥിതി-സാഹചര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ, എന്നിവയും അതിൽ ഉൾപ്പെടുന്നു. 2020-22-ലെ കോവിഡ് മഹാമാരിയുടെ കാലത്തെ സമൂഹങ്ങളുടെ അതിജീവനശേഷിയെ അഭിമുഖീകരിക്കുന്ന ഉദ്യമങ്ങളുടെ കഥകൾ രേഖപ്പെടുത്തിയതാണ് ഒരു ഉദാഹരണം. അത്തരം 70-ഓളം കഥകൾ ഏഴ് ഖണ്ഡങ്ങളിലായി ‘സാധാരണ മനുഷ്യരുടെ അസാധാരണ പ്രവൃത്തികൾ’ എന്ന പരമ്പരയിലൂടെ പ്രസിദ്ധീകരിച്ചു.

രേഖപ്പെടുത്തുക/ഡോക്യുമെന്റ് ചെയ്യുക എന്നത് പര്യാപ്തമല്ല; അത്തരം കഥകളും പഠനങ്ങളും വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ട്. അതിനാൽ, വികൽപ് സംഗം പ്രക്രിയയുടെ രണ്ടാമത്തെ പ്രവർത്തനമേഖല ദൃശ്യവൽക്കരണവും വ്യാപനവുമാണ് (വിസിബിലൈസേഷൻ & ഔട്ട്റീച്). ഇതിനുള്ള ഒരു പ്രധാന വേദികയാണ് വികൽപ് സംഗം വെബ്‌സൈറ്റ്. ഇതിൽ മാതൃകാനുസാരമായ പരിവർത്തനത്തെക്കുറിച്ച് രണ്ടായിരത്തോളം കഥകളും കാഴ്ചപ്പാടുകളും, നൂറിലധികം ലഘുചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലാണ്. മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വൈവിധ്യവത്കരിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മൊബൈൽ പോസ്റ്റർ പ്രദർശനം, സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അവതരണങ്ങൾ, ബുക്ക്‌ലെറ്റുകൾ, ഗ്രാഫിക് നോവലുകൾ എന്നിവയാണ് വികൽപ് സംഗം ഉപയോഗിക്കുന്ന മറ്റ് ഔട്ട്‌റീച്ച് രീതികൾ. കഴിഞ്ഞ 2-3 വർഷങ്ങളിൽ, വിവിധ ‘സോഷ്യൽ മീഡിയ’ ഹാൻഡിലുകളിലൂടെ വികൽപ് സംഗം ഔട്ട്പുട്ടുകളും പരിപാടികളും പ്രചരിക്കപ്പെട്ടു. നിർഭാഗ്യവശാൽ, മുഖ്യധാരാ അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളിലേക്കുള്ള വികൽപ് സംഗത്തിന്റെ വ്യാപനം പരിമിതവും സ്ഥിരതയില്ലാത്തതുമായി തുടരുന്നു.

വികൽപ് സം​ഗമത്തിൽ നിന്നും. കടപ്പാട്:vikalpsangam.org

പ്രക്രിയയുടെ മൂന്നാമത്തെ പ്രധാന മേഖല അറിവുകളും കഴിവുകളും പങ്കിടലും, തമ്മിൽ സഹകരിച്ച് പ്രവർത്തിക്കലും ആണ്. 3-4 ദിവസത്തേക്ക് ആളുകൾ ഒത്തുചേരുന്ന സംഗമങ്ങളാണ് ഏറ്റവും ആവേശകരമായത്. 2024-ന്റെ തുടക്കത്തിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായും പ്രാദേശികമായും ഏകദേശം 30 സംഗമങ്ങൾ നടന്നിട്ടുണ്ട്. ഊർജം, ഭക്ഷണം, യുവത്വം, ജനാധിപത്യം, പരമ്പരാഗത ലോകവീക്ഷണങ്ങൾ, ബദൽ സമ്പദ്‌വ്യവസ്ഥകൾ, ആരോഗ്യം, ക്ഷേമവും നീതിയും, പരമ്പരാഗത ഭരണനിർവഹണം, മധ്യേന്ത്യയിലെ സമാധാനം, എന്നിങ്ങനെ വിഷയാധിഷ്ഠിതമായ സംഗമങ്ങളും ഇതിൽ ഉൾപ്പെടും. ഈ ഒത്തുചേരലുകളിൽ ഗൗരവമേറിയ സംവാദങ്ങൾക്കൊപ്പം, പഠനയാത്രകളും, നൈസർഗിക പ്രവർത്തനങ്ങളും, ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും മറ്റും ഉൾപ്പെടുന്നു. ഇതുവരെ പങ്കെടുത്ത ഏതാനും ആയിരം ആളുകൾ സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, കൃഷി, അജപാലനം, കരകൗശല-അധിഷ്ഠിത, മറ്റ് ഭൂമി അധിഷ്ഠിത സമൂഹങ്ങൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അവരുടെ വ്യക്തിഗത ശേഷിയിൽ, ബദൽ വ്യവസായങ്ങൾ, എന്നീ മേഖലകളിൽ നിന്നുള്ളവരാണ്.

ഏതൊരു സംഗമവും രൂപകല്പന ചെയ്യുന്നതിലെ ഒരു പ്രധാനവശം വിവിധ മേഖലയിലുള്ളവരും വിവിധ പ്രവൃത്തി സമ്പ്രദായങ്ങളിലുള്ളവരും തമ്മിലുള്ള വിനിമയത്തിന്റെ പ്രോത്സാഹനമാണ്. പല വിഭാഗങ്ങളും സ്വന്തം കുമിളകളിൽ നിന്നുകൊണ്ട് മാത്രം പ്രവർത്തിക്കുന്ന പ്രവണതയ്ക്ക് പുറത്തുവരിക എന്നതാണ് അതിന് പിന്നിലെ ഉദ്ദേശ്യം. 2023-ൽ നടന്ന തദ്ദേശ-സമൂഹ ലോകവീക്ഷണ (ഇൻഡിജെനസ് & കമ്മ്യൂണിറ്റി വേൾഡ് വ്യൂസ്) വികൽപ് സംഗമത്തിൽ ആദിവാസികൾ അഥവാ തദ്ദേശീയർ, നാടോടികളായ ഇടയസമൂഹങ്ങൾ, ആദിവാസി ഇതര കർഷക സമൂഹങ്ങൾ, എന്നിവർ തമ്മിലുള്ള ആശയവിനിമയമാണ് എൻ്റെ ഉജ്ജ്വലമായ ഓർമ്മകളിലൊന്ന്. മറ്റൊന്ന്, ശാരീരിക വൈകല്യമുള്ളൊരാളും LGBTQ+ സമൂഹത്തിൽ നിന്നുള്ളൊരാളും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ‘സാധാരണ’ എന്ന് വിളിക്കപ്പെടുന്ന ആളുകളെ ബോധവൽക്കരിക്കുന്നതാണ്.

വിവരങ്ങൾ അറിയിക്കുന്നതിലെ അപര്യാപ്തത മൂലം പലപ്പോഴും പ്രത്യക്ഷമല്ലെങ്കിലും, ഈ ഒത്തുചേരലുകൾ തുടർന്നുള്ള സഹകരണങ്ങളിലേക്ക് നയിക്കുന്നു. ഇത് പ്രവർത്തനം സഞ്ചിതമാക്കുവാനും കൂടുതൽ ആഴത്തിലും വിശാലവുമാക്കുവാനും സഹായിക്കുന്നു. ഉദാഹരണത്തിന്, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ സംഗമങ്ങളിലൂടെ ആ പ്രദേശത്തെ വിവിധ സംഘടനകളും കൂട്ടായ്മകളും തമ്മിൽ പഠനവിനിമയ പരിപാടികൾ രൂപവൽകരിക്കപ്പെടുകയുണ്ടായി, ഇപ്പോൾ അവർ സ്വതന്ത്രമായി നടത്തുന്ന, മൂന്ന് വർഷത്തെ പ്രക്രിയയായി പടിഞ്ഞാറൻ ഹിമാലയൻ വികൽപ് സംഗം മാറിയിരിക്കുന്നു. 2017-ൽ നടന്ന യൂത്ത് വികൽപ് സംഗം വിവിധ മേഖലകളിൽ നിന്നും ഭൂപ്രകൃതികളിൽ നിന്നും സംസ്‌കൃതികളിൽ നിന്നുമുള്ള യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിന് കാരണമായി. അവരുടെ സാമൂഹിക സങ്കൽപ്പങ്ങൾ വിഭാവനം ചെയ്യുകയും അതിലേക്കുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ സാധ്യമാക്കുയും ചെയ്തു.

പ്രക്രിയയുടെ നാലാമത്തെ മേഖല കൂട്ടായ ദർശനമാണ്. നിരവധി വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിലെ പല വിഭാഗങ്ങളുടെയും ദർശനപരമായ സമീപനങ്ങളെ ഒരു പൊതു കാര്യപരിപാടിയിലേക്ക് കൊണ്ടുവരാൻ ഇത് ശ്രമിക്കുന്നു. ഇതിൽ കർഷകർ, ഇടയർ, മത്സ്യത്തൊഴിലാളികൾ, വ്യാവസായിക തൊഴിലാളികൾ, കരകൗശല വിദഗ്ധർ എന്നിവരുടെ ശബ്ദങ്ങളും വീക്ഷണങ്ങളും ഉൾപ്പെടുന്നു. പൊതുവെ ഇവർ ‘അഭ്യാസികൾ’ (പ്രാക്റ്റീഷനർ) മാത്രമായി കണക്കാക്കപ്പെടുമ്പോൾ നഗരത്തിൽ നിന്നുള്ള ബുദ്ധിജീവികളെയാണ് ‘ചിന്തകർ’ (തിങ്കേഴ്‌സ്) ആയി കണക്കാക്കുന്നത്. ഭാഗികമായെങ്കിലും ശക്തമായ ലിംഗ, ജാതി ശ്രേണീചിന്തയിൽ വേരൂന്നിയ പ്രവണതയാണിത്. ഈ തെറ്റായ തരംതിരിക്കലിനെ ഇല്ലാതാക്കുക എന്നത് വികൽപ് സംഗം പ്രക്രിയയുടെ ഒരു പ്രധാന ലക്ഷ്യമാണ്.

അത്തരം ദർശനത്തിനുള്ള ഒരു പ്രാഥമിക രൂപരേഖയാണ്, ‘മൗലിക ബദലുകൾക്ക് വേണ്ടിയുള്ള അന്വേഷണം: സുപ്രധാന വിഷയങ്ങളും തത്വങ്ങളും’. 2014-ൽ ആദ്യമായി തയ്യാറാക്കപ്പെട്ട ഈ രേഖ തുടർന്നുള്ള സംഗമങ്ങളിലൂടെ പരിണമിക്കുകയും നിലവിൽ അതിന്റെ ഏഴാമത് പതിപ്പിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ബദൽ എന്നാൽ എന്ത് എന്നതിനെക്കുറിച്ചുള്ള വികൽപ് സംഗത്തിന്റെ ധാരണയെക്കുറിച്ചുള്ള ഒരു ഭാഗവും, മാറ്റത്തെ നിർണയിക്കുന്ന പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് മണ്ഡലങ്ങളെ വിവരിക്കുന്ന ഭാ​ഗവും ഇതിൽ അടങ്ങിയിരിക്കുന്നു.

വികൽപ് സം​ഗമത്തിൽ നിന്നും. കടപ്പാട്:vikalpsangam.org

വികൽപ് സംഗം പ്രക്രിയയുടെ അഞ്ചാമത്തെയും അവസാനത്തെയും മേഖല ആണ് ന്യായവാദം (അഡ്വക്കസി). രാഷ്ട്രീയമായ സ്വാധീനശക്തി ഇല്ലാതെ നിലവിലെ പ്രബലമായ സ്ഥൂല-രാഷ്ട്രീയ-സാമ്പത്തിക ശക്തികളെ വെല്ലുവിളിക്കുക അസാധ്യമാണെന്ന് വികൽപ് സംഗം അംഗങ്ങൾ തിരിച്ചറിയുന്നു. നിരവധി സംഗമങ്ങളിൽ, പ്രഖ്യാപനങ്ങളിൽ നയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 2016-ൽ നടന്ന ദേശീയ ഭക്ഷ്യ സംഗമത്തിൽ പങ്കെടുത്തവർ ചേർന്ന് സാമൂഹിക സുസ്ഥിര കൃഷി (കമ്മ്യൂണിറ്റി ബേസ്ഡ് സസ്‌റ്റെയ്‌നബിൾ അഗ്രിക്കൾച്ചർ) രീതിക്ക് അനുകൂലമായി ഒരു പ്രഖ്യാപനം നടത്തുകയും ജനിതകമാറ്റം വരുത്തിയ കടുക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെ എതിർക്കുകയും ചെയ്തു. കശ്മീരിൻ്റെയും ലഡാക്കിൻ്റെയും പദവിയിലെ ഭരണഘടനാ മാറ്റങ്ങൾ, ലക്ഷദ്വീപിലെ ജീവിതം വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ, ഓറോവില്ലിലെ സർക്കാർ കൈകടത്തൽ, മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾ പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനശേഷി (റെസിലിയൻസ്) പ്രദർശിപ്പിച്ച സമൂഹങ്ങളിൽ നിന്നുള്ള പാഠങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പാരിസ്ഥിതിക നീതിക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രാദേശിക സമരങ്ങളെ പിന്തുണച്ച് നിരവധി പ്രസ്താവനകൾ വികൽപ് സംഗം പുറപ്പെടുവിച്ചിട്ടുണ്ട്.

2019-ലും 2024-ലും പുറത്തിറക്കിയ ‘നീതിയും തുല്യതയുമുള്ള സുസ്ഥിര ഇന്ത്യക്ക് വേണ്ടിയുള്ള ജനകീയ അവകാശപത്രിക’കളാണ് വികൽപ് സംഗത്തിന്റെ ന്യായവാദത്തിൽ നിന്നും പുറത്തുവന്ന ഏറ്റവും വലിയ ശ്രമം. ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് മേലുള്ള വിശദമായ ശുപാർശകൾ ഇവയിലുണ്ട്. രാഷ്ട്രീയ പാർട്ടികളെ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയങ്ങൾ പരിഗണിക്കാൻ പ്രേരിപ്പിക്കുക എന്നത് കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പുകളിലും, പ്രാദേശിക-സംസ്ഥാന സർക്കാരുകളുമായുള്ള ഇടപെടലുകളിലും, സിവിൽ സമൂഹങ്ങൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശമെന്ന നിലയിലും, വിവിധ അവസരങ്ങളിൽ ഉപയോഗിക്കാനുള്ള ഒരു രൂപരേഖ (ടെംപ്ലേയ്റ്റ്) ആയിട്ടും ഇതിനെ കാണുന്നു. ജൻ സരോകർ പോലെയുള്ള സമാന ലക്ഷ്യങ്ങളുള്ള മറ്റ് ദേശീയ കൂട്ടായ്മകളുമായി വികൽപ് സംഗം യോജിക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ട്.

യൂത്ത് വികൽപ് സം​ഗമത്തിൽ നിന്നും. കടപ്പാട്:vikalpsangam.org

അതിരുകൾക്കപ്പുറം

അന്യോനം കൂട്ടിണങ്ങിയ അഞ്ച് ഇതളുകൾ അഥവാ മണ്ഡലങ്ങൾ വികൽപ് സംഗം രൂപരേഖ വിഭാവനം ചെയ്യുന്നു. ജനാധിപത്യത്തെ, രാഷ്ട്രീയ പ്രതിനിധികളിലും ഉദ്യോഗസ്ഥരിലും അധികാരം കേന്ദ്രീകരിക്കപ്പെട്ട നിലവിലുള്ള രൂപത്തിൽ നിന്നും രക്ഷിച്ച്, സ്വരാജ് അഥവാ സ്വന്തം യാഥാർത്ഥ്യത്തിൽ അധിഷ്‌ഠിതമായ സമൂഹങ്ങൾ നേരിട്ട് അധികാരം കയ്യാളുന്ന സമൂല ജനാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നതിനെ കുറിച്ചാണ് രാഷ്ട്രീയ മണ്ഡലം. രണ്ടാമത്തെ മണ്ഡലം പാരിസ്ഥിതിക സമഗ്രതയെ കുറിച്ചാണ്, ജൈവമേഖലകളെയും പാരിസ്ഥിതിക ഭൂപ്രകൃതികളെയും പ്രതിപാദിക്കുന്ന ഈ മണ്ഡലം മനുഷ്യേതര പ്രകൃതിയെ ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്നു. മൂന്നാമത്തെ മണ്ഡലം സാമ്പത്തിക ജനാധിപത്യവൽക്കരണവും പ്രാദേശികവൽക്കരണവുമാണ്. നാലാമത്തേത് സാമൂഹികവും വൈകാരികവുമായ ക്ഷേമത്തിനും നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ കുറിച്ച്. അഞ്ചാമത്തെ മണ്ഡലം സാംസ്കാരിക വൈവിധ്യവും ജ്ഞാനമേഖലയിലെ ജനാധിപത്യവും നിലനിർത്താൻ വേണ്ടിയുള്ളതും.

വിജയകരമായ സംരംഭങ്ങളെ ഒരേ വാർപ്പിൽ വിപുലമായി പ്രയോഗത്തിൽ വരുത്തുക (അപ്സ്കെയിൽ)—മുതലാളിത്തത്തിന്റെയും ഭരണകൂടാധിപത്യത്തിന്റെയും ലക്ഷണമൊത്ത സമീപനമായ ഈ അപ്സ്കെയിലിങ് നിർഭാഗ്യവശാൽ പല എൻജിഒകളും അനുവർത്തിക്കുന്നു—എന്നതിന് പകരം വാർപ്പുമാതൃകകൾക്കതീതമായ രീതികളിൽ പ്രായോഗികമാക്കുക (ഔട്ട്സ്കെയിൽ) എന്ന മുറ സ്വീകരിക്കുകയാണ് വേണ്ടത്. സുസ്ഥിരവും ജൈവവൈവിധ്യമുള്ളതുമായ കൃഷി രീതികൾ, വികേന്ദ്രീകൃത ജലസംഭരണ സമ്പ്രദായങ്ങൾ, പ്രാദേശിക ജനാധിപത്യ സംവിധാനങ്ങൾ, എന്നിവയിൽ ഇത്തരം പ്രയോഗങ്ങൾ കണ്ടുവരുന്നു.

സംഗമങ്ങളിൽ സംഭവിക്കുന്ന രസകരമായ ഒരു കാര്യം, പ്രത്യയശാസ്ത്രപരമായ അതിർവരമ്പുകൾ ആർദ്രമാകുന്നതാണ്. ശക്തമായ ഗാന്ധിയൻ, മാർക്‌സിസ്റ്റ്, ഫെമിനിസ്റ്റ്, ദലിത്, ആദിവാസി, പരിസ്ഥിതി തുടങ്ങിയ വ്യത്യസ്ത വീക്ഷണങ്ങൾ—ഇവ പലപ്പോഴും തമ്മിൽ തമ്മിൽ മത്സരാത്മകമായി മാറുന്നവയാണ്—പേറുന്ന പങ്കാളികൾക്ക് ഒരുമിച്ച് കൂടിയിരുന്ന് ക്രിയാത്മകമായ സംവാദങ്ങൾ നടത്താൻ കഴിയുന്നു. സംഗമങ്ങളിലെ അന്തരീക്ഷം ഈ വ്യത്യാസങ്ങളെ അഭിമുഖീകരിക്കുന്നതിലും, അല്ലെങ്കിൽ അവയെ വ്യക്തമായി അംഗീകരിക്കുന്നതിലും, പൊതുവായ മൂല്യങ്ങളിലും തത്വങ്ങളിലും കെട്ടിപ്പടുക്കുന്നതിലും ഊന്നിയുള്ളതാണ്. രുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടത്, താഴേത്തട്ടിൽ നിന്നുള്ള അനുഭവങ്ങൾ ചർച്ചകളും സഹകരണങ്ങളും പരസ്പരബന്ധിതം (ഇന്റർസെക്ഷണൽ) ആക്കാൻ പ്രേരിപ്പിക്കുന്നവയാണ്. ഇത് സൈദ്ധാന്തിക-അക്കാദമിക് വിദഗ്ധരോ ആക്ടിവിസ്റ്റുകളോ പലപ്പോഴും അകപ്പെട്ടുപോകുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായ ഒന്നാണ്.

ദക്ഷിണേഷ്യയിലെ രാജ്യങ്ങൾക്കിടയിലും ഇന്ത്യയിലെ സംസ്ഥാനങ്ങൾ/ജില്ലകൾക്കിടയിലും ദൃഢമായ അതിർത്തികളാൽ തടസ്സപ്പെട്ട പാരിസ്ഥിതികവും സാംസ്കാരികവും സാമ്പത്തികവുമായ ഒഴുക്ക് പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന കൂടുതൽ സുതാര്യമായ രാഷ്ട്രീയ അതിർത്തികളെ കുറിച്ചുള്ള ചർച്ചകൾക്കും ദർശനത്തിനും വികൽപ് സംഗം പ്രക്രിയ തുടക്കമിട്ടു. 2019 ഒക്ടോബറിൽ നടന്ന ഡെമോക്രസി സംഗമത്തിൽ, സൗത്ത് ഏഷ്യ ബയോറിജിയണലിസം വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശിക്കപ്പെട്ടു. അതിനെ തുടർന്ന് രാഷ്ട്രീയ അതിരുകൾക്കതീതമായ ജൈവസാംസ്കാരിക ബന്ധങ്ങൾ രേഖപ്പെടുത്തുകയും വീക്ഷിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകൾ ഈ വർക്കിംഗ് ഗ്രൂപ്പ് പുറത്തിറക്കിയിട്ടുണ്ട്.

മുകളിൽ സൂചിപ്പിച്ച വികൽപ് സംഗം രൂപരേഖ, 2017-ൽ, ബദൽ സംരംഭങ്ങളുടെ ഉപയോഗത്തിനായുള്ള ഒരു ‘ആൾട്ടർനേറ്റീവ്സ് ട്രാൻസ്ഫോർമേഷൻ ഫോർമാറ്റി’ന്റെ രൂപീകരണത്തിലേക്ക് നയിച്ചു. തങ്ങളുടെ ഉദ്യമം എത്രമാത്രം സമഗ്രവും യുക്തിയുക്തവും ആണെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, തങ്ങളുടെ ന്യൂനതകളിലേക്ക് വെളിച്ചം വീശുകയും കൂടുതലായി എന്തെല്ലാം ചെയ്യുവാൻ സാധിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. ‘അക്കാദമിക്-ആക്‌റ്റിവിസ്റ്റ് കോ-ജനറേഷൻ ഓഫ് എൻവിറോൺമെന്റൽ ജസ്റ്റിസ്’ (ACKnowl-EJ) എന്ന ആഗോള പ്രോജക്റ്റിൻ്റെ ഭാഗമായാണ് ഫോർമാറ്റ് വികസിപ്പിച്ചെടുത്തത്. കൂടാതെ വികൽപ് സംഗം പ്രക്രിയയുടെ ഭാഗമായതും അല്ലാത്തതുമായ സംഘടനകളും, ചില സർവകലാശാലകളും സ്വയംവിശകലനത്തിനും ഗവേഷണത്തിനായുമെല്ലാം ഇത് ഉപയോഗിക്കുന്നു.

2019-ൽ ഗ്ലോബൽ ടേപ്പസ്ട്രി ഓഫ് ആൾട്ടർനേറ്റീവ്സ് (ബദലുകളുടെ ആഗോള തിരശ്ശീല) സമാരംഭിക്കുന്നതിന് ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ള സമാന ശൃംഖലകളുമായും ഉദ്യമങ്ങളുമായും വികൽപ് സംഗം ബന്ധപ്പെടുകയുണ്ടായി. വികൽപ് സംഗം ഇപ്പോൾ ആഗോള തിരശ്ശീലയുടെ ‘നെയ്ത്തുകാരിൽ’ ഒരാളായി (കൊളംബിയ, മെക്സിക്കോ, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ മറ്റ് നെയ്ത്തുകാരോടൊപ്പം), മറ്റ് അംഗങ്ങളോടൊത്ത്‌ പഠനത്തിലും കൂട്ടായ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു.

ആൾട്ടർനേറ്റീവ് ഇക്കോണമീസ് വികൽപ് സം​ഗമം. കടപ്പാട്:vikalpsangam.org

വ്യവസ്ഥകളുടെ പൊളിച്ചെഴുത്തിലേക്ക്

വികൽപ് സംഗം ഒരു സംഘടനയല്ല, പകരം ഒരു ശൃംഖല, അഥവാ വേദിക ആണ്. അതിൻ്റെ താരതമ്യേന അനൗപചാരികമായ ഘടനയ്ക്ക് ഒരു ദേശീയ പൊതുസഭ (ജനറൽ അസംബ്ലി) ഉണ്ട്. 2024-ന്റെ പകുതിയിലെ കണക്കനുസരിച്ച്‌ 85-ലധികം പ്രസ്ഥാനങ്ങളും സംഘടനകളും അതിൽ ഉൾപ്പെടുന്നു. ആദ്യ കുറച്ച് വർഷങ്ങളിൽ പൊതുസഭയുടെ പ്രക്രിയകളെ സമന്വയിപ്പിച്ചിരുന്ന സംഘടന കൽപ്പവൃക്ഷ് ആയിരുന്നു. എന്നാൽ ഏകോപനവും മറ്റ് കർത്തവ്യങ്ങളും ഭാഗികമായി വികേന്ദ്രീകരിച്ച് പത്തോളം അംഗ സംഘടനകൾ ചേർന്ന് ഒരു ഫെസിലിറ്റേഷൻ ടീം രൂപപ്പെടുകയുണ്ടായി. സാധാരണ പൊതുസഭയിലെ അംഗങ്ങൾ ഉൾപ്പെടെ ഒന്നോ അതിലധികമോ ആതിഥേയർ ചേർന്നാണ് ഓരോ സംഗമവും സംഘടിപ്പിക്കുന്നത്.

അതിൻ്റെ ആന്തരിക പ്രവർത്തനങ്ങളിലും, വികൽപ് സംഗം അതിൻ്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പ്രയത്നിക്കുന്നു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുക (സംസാരിക്കാൻ മടിക്കുന്നവരിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക), പ്ലാസ്റ്റിക്കുകളും മറ്റ് പാഴ് ഉൽപ്പന്നങ്ങളും ഒഴിവാക്കുക, പ്രാദേശിക ഭക്ഷണവിഭവങ്ങൾ പരമാവധി വിളമ്പുക, വിവിധ രീതികളിൽ എല്ലാവർക്കും സുരക്ഷിതമായ ഇടം സൃഷ്ടിക്കുക, ലൈംഗികമോ മറ്റ് തരത്തിലുള്ള അതിക്രമങ്ങളോടോ വിവേചനത്തോടോ ഉള്ള അസഹിഷ്ണുത എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം മാനദണ്ഡങ്ങൾ സംഗമങ്ങളിൽ ഉണ്ട്.

നിഷ്ഠയോടെ പ്രവർത്തിക്കാനും, നവീകരിക്കാനും, സഹകരിക്കാനും, പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ‘സാധാരണ’ക്കാരുടെ കഴിവിനെ ആഘോഷിക്കാനാണ് വികൽപ് സംഗം ശ്രമിക്കുന്നത്. മെച്ചപ്പെട്ട ഒരു സമൂഹത്തെ വിഭാവനം ചെയ്യുന്നത് ഏതെങ്കിലും ‘വിദഗ്ധരുടെ’ വിശേഷാധികാരമല്ലെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള, വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലും ഉപജീവനമാർഗങ്ങളിലുമുള്ള, വിവിധ പഠന-വിദ്യാഭ്യാസ തലങ്ങളിലുള്ള, പ്രകൃതിയിലോ കൃഷിയിടത്തിലോ ക്ലാസ് മുറികളിലോ എവിടെയും ഉള്ള ആളുകളുടെ ജ്ഞാനവും അറിവും അനുഭവവും സംയോജിപ്പിച്ച് ഇത് ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ, അറിവും പ്രവർത്തനവും സൃഷ്ടിക്കുന്നതിനുള്ള പരമ്പരാഗത, ശ്രേണീവ്യവസ്ഥിത, കൊളോണിയൽ മാർഗങ്ങൾ പൊളിച്ചെഴുതപ്പെടും.

വിവർത്തനം: ആഷിക് കൃഷ്ണൻ

Also Read

9 minutes read December 3, 2024 2:21 pm