കല ജീവിതം തന്നെ, രാഷ്ട്രീയവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കല ചരിത്ര മുഹൂർത്തങ്ങളിലൂടെ സംഭവിക്കുന്നതിനാൽത്തന്നെ അത് സ്വാഭാവികമായും രാഷ്ട്രീയോന്മുഖമാണ്. കലയാളർ വ്യക്തിനിഷ്ഠപക്ഷം എന്നതിനേക്കാൾ സവിശേഷ മൂല്യങ്ങളോട് അതിനുള്ള താല്പര്യം തന്നെ ഇവിടെ അർത്ഥമാക്കുന്നത്. ഏതെങ്കിലും ഒരു കലാവസ്തു നിർമ്മമമായോ അരാഷ്ട്രീയമായോ നിലനിൽക്കുന്നു എന്ന് സ്വയം അവകാശപ്പെടുമ്പോൾപ്പോലും അതത്ര നിഷ്പക്ഷമല്ലെന്ന് അതുവഴി ആർക്കുമറിയാം. അതേസമയം, രാഷ്ട്രീയ ജാഗ്രതയാൽ ഓരോ ചരിത്രകാലഘട്ടത്തിലും സാംസ്കാരികാന്വേഷണങ്ങൾ നടത്താൻ ഒരുങ്ങുന്നവരുടെ ആന്തരികത തീർച്ചയായും സംഘർഷഭരിതമായിരിക്കുമല്ലോ. അത്തരം ഉള്ളടക്കത്താൽ അവരിൽ നിന്നത് ജൈവികമായി സംഭവിച്ചുപോവുകയാണ്.

ദ സ്ലേവ് യു ബറീഡ്വിവാൻ സുന്ദരം

അങ്ങനെ കലയും രാഷ്ട്രീയവും തമ്മിലുള്ള ശക്തമായ ബന്ധം ഉടനീളം കാത്തു സൂക്ഷിച്ചുകൊണ്ട് അവർ സമകാലിക രാഷ്ട്രീയത്തോടും സംഭവങ്ങളോടും പ്രതികരിച്ചുകൊണ്ടേയിരിക്കും. അധികാരബന്ധത്തെ ചോദ്യം ചെയ്യുമ്പോൾപ്പോലും അവിടെ ഒരേസമയം, വിവിധതരം കലാപദ്ധതികൾ ആവശ്യമായി വന്നേക്കാം. അക്കലകളുടെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങൾ ഏറെ ക്രിയാതമകമായി വെളിപ്പെടുന്നത് അങ്ങനെയാകാം. അത് വിവാദങ്ങളിലേക്കോ മറ്റോ നയിച്ചാലും ശരി രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരാണോപാധി എന്ന നിലയിൽ, അത്തരക്കാർ പുതു പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ കലയിൽ ഇടപെട്ടുകൊണ്ടേയിരിക്കും; മനുഷ്യനായി സ്വയം നിലനിൽക്കാൻ മറ്റൊരു പോംവഴി ഇല്ലതന്നെ എന്ന ബോധ്യത്താൽ.

മാസ്റ്റർ പ്ലാൻ – വിവാൻ സുന്ദരം

വിവാൻ സുന്ദരത്തിന് കല അങ്ങനെ ജീവിതം തന്നെ, രാഷ്ട്രീയം തന്നെ. ഒരുവേള, പ്രത്യക്ഷത്തിൽ വൈരുധ്യങ്ങളെന്ന് തോന്നിപ്പിക്കുന്ന സങ്കല്പനങ്ങളിലൂടെപ്പോലും ദാർശനികതയെ രാഷ്ട്രീയമായി ദൃശ്യപ്പെടുത്തിയ മറ്റൊരു കലയാളർ തന്റെ കാലത്ത് വേറെയില്ലെന്ന് സ്ഥാപിച്ചെടുത്തുകൊണ്ട് അദ്ദേഹം ഒരേസമയം ആധുനികനും ഉത്തരാധുനികനുമായി.‌

വിവാൻ സുന്ദരം

ചിത്രകല, ശിൽപകല, പ്രിന്റ് മേക്കിംഗ്, സംസ്ഥാപനകല, വീഡിയോ ആർട്ട്, ഫോട്ടോഗ്രാഫി എന്നിങ്ങനെ വിഭിന്നങ്ങളായ മാധ്യമങ്ങളിലൂടെ തന്റെ കലയെ കണ്ടെടുക്കുമ്പോഴും അതിന്നകത്ത് സ്വയം എത്രമാത്രം രാഷ്ട്രീയ ജാഗ്രതയും ദാർശനികതയും സൂക്ഷിക്കാനാകുമെന്ന് വിവാൻ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരുന്നു. 1980-കളിൽ പാശ്ചാത്യം-പൗരസ്ത്യം എന്ന ദ്വന്ദത്തെ മറികടക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു വിവാൻ. കലാപരവും സൗന്ദര്യാത്മകവുമായ അവബോധത്തിന്റെ സവിശേഷത രൂപസംവേദനമാണെന്ന് പറഞ്ഞ ഫോർമലിസ്റ്റ് ധാരണകളെ ഒട്ടൊക്കെ വിവാൻ സ്വീകരിച്ചു. ഉള്ളടക്കത്തെ അതിനപ്പുറം കൊണ്ടുപോകാൻ അറിയാവുന്നതിനാൽ തന്നെ രൂപപരതയെ അദ്ദേഹം ദാർശനികമായി പുനർനിർണയിച്ചു. രൂപങ്ങളുടെ ജീവിതമേഖലയാണ് കലയെന്ന് ഫ്രഞ്ച് ദാർശനികനായ ഫോസിയോൺ പറഞ്ഞത് ഇതിനോട് ചേർത്തുവയ്ക്കുക.

സമകാലിക രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങൾ, ഭൂതകാലം, ചരിത്രം എന്നിവയെയെല്ലാം നിരന്തരം പരാമർശിക്കുക എന്നത് അതിന്നൊരു നല്ല ഉപാധിയാണെന്ന് വിവാൻ അറിഞ്ഞു. അക്കണക്കിന് സംസ്ഥാപനകലയെയും സംയോജനകലയെയുമൊക്കെ സ്വന്തം വഴിയായി സ്വീകരിച്ച/പ്രവർത്തിച്ച ആദ്യകാല ഇന്ത്യൻ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ചിന്താ ഔന്നത്യമുള്ളതും മറ്റൊരു നിലയ്ക്ക് പാഠാന്തര സാധ്യതയുള്ളതുമായ കലാകൃതികളാണ് അവ. സ്വത്വത്തിന്റെ ആന്തരിക വൈരുധ്യങ്ങളെയും അതുവഴി അതനുഭവിക്കുന്ന സംഘർഷങ്ങളെയും അതിന്റെ കാല്പനികമായ കേവലതയിലല്ലാതെ ഒരുപക്ഷേ, സാമൂഹ്യമാനങ്ങളിൽ അതിനോടൊപ്പം സഞ്ചരിച്ചുകൊണ്ടുതന്നെ അഭിസംബോധന ചെയ്തു. അല്ലെങ്കിൽ ചേർത്തുവച്ച് വിശകലനവിധേയമാക്കി.

ബറീഡ്വിവാൻ സുന്ദരം

ഏതൊരാളും അത്തരം സന്ദർഭത്തിൽ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്; പുനർ നിർവ്വചിക്കേണ്ടതുണ്ട്. ഓർമ്മകളെ സമകാലത്തോട് ബന്ധിപ്പിക്കേണ്ടതുമുണ്ട്. അത്തരമൊരു ധാരണാപ്പുറത്ത് തീർച്ചയായും രൂപപ്രധാന പ്രതിനിധാനത്തെ അനുകൂലിക്കേണ്ടിവരും. ആദ്യനാളുകളിൽ ഒരു ശൈലീരൂപീകരണ പ്രക്രിയ എന്നതിനപ്പുറം കല കൂടുതൽ ആഖ്യാനഭാവം കൈക്കൊണ്ടത് അത്തരമൊരു ഉള്ളടക്കം ഉള്ളതുകൊണ്ടുതന്നെ. രാഷ്ട്രീയവിപ്ലവം, രാഷ്ട്രീയകല എന്നൊക്കെ നിരൂപിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന തരം കാല്പനികതയും പോസ്റ്റർ സ്വഭാവവും വിവാനിലും സംഭവിച്ചില്ലെന്നല്ല. കാലം പക്ഷേ, അതിനെയെല്ലാം പിന്നീട് പതുക്കെ ശുദ്ധീകരിച്ചെടുക്കുന്നുണ്ട്.

വിവാന്റെ അനന്തരമുള്ള സംസ്ഥാപനകലയും സംയോജനകലയും വീഡിയോ ആർട്ടും മറ്റും പലപ്പോഴും അദ്ദേഹത്തിന്റെ ഏറെ ജാഗ്രതയുള്ള തുറന്ന കണ്ണിനെയും മനസ്സിനെയും ഒപ്പം കലാപരമായ അനവധി സ്വാധീനങ്ങളെയും സൂചിപ്പിക്കുന്നുണ്ട്. സാഹചര്യവശാൽ കണ്ടെത്തുന്ന ആശയത്തെയും വസ്തുവഹകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് എത്രത്തോളം ആഴത്തിലേക്ക് പോകാമെന്ന് സ്വന്തം രചനകളിലൂടെ അദ്ദേഹം കാട്ടിത്തന്നു. അതിന് ഉദാഹരണമാണ്-കൊച്ചി-മുസിരിസ് ബിനാലെയിലെ ബ്ലാക്ക് ഗോഡ് ( Black God,2012) എന്ന രചന.

ബ്ലാക്ക് ഗോഡ് – വിവാൻ സുന്ദരം

മുസിരിസ്-പട്ടണം ഉദ്ഘനന പ്രക്രിയയിൽ അവശേഷിപ്പിക്കപ്പെട്ട മൺരൂപങ്ങളിലൂടെ എത്രയോ കനപ്പെട്ട കലയുണ്ടാക്കി വിവാൻ. അത് ഓർമ്മകളെയും ഭൂതകാല ചരിത്രത്തെയും ആയിരുന്നെങ്കിൽ എഞ്ചിൻ ഓയിലും കരിയും ഉപയോഗിച്ച് ചെയ്ത കലാസൃഷ്ടിയും മറ്റൊരു സാന്ദർഭികതയെ പ്രതീകവത്ക്കരിക്കുന്നു. താൻ ജീവിച്ച കാലത്തെ അധീശരാഷ്ട്രീയത്തെ മൂലധനശക്തികളുടെ അന്തമില്ലാത്ത ജനാധിപത്യ വിധ്വംസകഭാവത്തെ അത്രമേൽ ആ കല പ്രശ്നവത്ക്കരിച്ചു. വ്യത്യസ്ത സാമൂഹ്യപശ്ചാത്തലമാണെങ്കിലും, വിഭിന്ന വസ്തുക്കൾ ആണെങ്കിലും രണ്ട് കലായിടപെടലിലും നാം കാണുന്നത് അവശിഷ്ടങ്ങളെ രാഷ്ട്രീയമായി കലയ്ക്ക് വിനിയോഗിക്കുന്ന ഒരു സൂക്ഷ്മ സാങ്കേതവിദഗ്ധനെയാണ്.

ടെറൗപ്റ്റിക്സ് – വിവാൻ സുന്ദരം

ഉള്ളടക്കത്തെയും അർത്ഥത്തെയും അറിഞ്ഞുകൊണ്ടുള്ള ഭാഷാപ്രയോഗം. ഇവിടെ ഭാഷയും യാഥാർത്ഥ്യവും ബാഹ്യവും ആന്തരികവുമായ വൈരുധ്യങ്ങളോടെ സംഗമിക്കുന്നു. ഇതേപോലെ പിന്നെയും, കലയാളർ സംഘങ്ങളുടെ കൂട്ടായ്‌മകളുമായി ഇടപഴകിക്കൊണ്ട് ആർട്ടിസ്റ്റ്-ആക്ടിവിസ്റ്റ് എന്ന സമവാക്യത്തെ അദ്ദേഹം ബൃഹത്തായി സാർത്ഥകമാക്കി. അതും നേരത്തെ സൂചി പ്പിച്ചപോലെ വിഭിന്നങ്ങളായ കലാപരതന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ട്. ജനക്കൂട്ടത്തിന്റെയും കലാസംഘങ്ങളുടെയും പ്രവർത്തനങ്ങൾക്ക് സാന്ദ്രതയും കാര്യക്ഷമതയും കൂടുതലായിരിക്കുമല്ലോ. അവിടെ പക്ഷെ, വിവിധങ്ങളായ പ്രവൃത്തികളെ ഏകീകരിക്കുന്ന ഒരു സ്വതന്ത്ര വ്യക്തിയുണ്ട്‌ എന്ന് മറക്കരുത്. പല ശക്തികൾ കൂടിച്ചേർന്ന് മൂല്യവത്തായ ഒരു വലിയ പ്രതിരോധമായിത്തീരുന്നു എങ്കിലുമത്. സമൂഹവും വ്യക്തിയും വ്യക്തികളും കലയാളരും തമ്മിലുള്ള ബന്ധത്തെയും അത് പുനർനിർണ്ണയിക്കുന്നു-അവസാനം കിട്ടിയ/കിട്ടുന്ന കലയിലൂടെ.

ആഖ്യാനാത്മകമായിരിക്കുമ്പോഴും കല ഏതോ അടരിൽ ഊർജ്ജസ്വലമായ അമൂർത്തത കാണിച്ചുകൊണ്ടിരുന്നു. അതിൽ ഘടനാപരമായ അപഗ്രഥനത്തെക്കാൾ നമുക്ക് ശ്രദ്ധിക്കാനുള്ളത് കലാപരതയും രാഷ്ട്രീയവും തന്നെ. ധീരവും ആത്മവിശ്വാസമുള്ളതുമായ നിറങ്ങളുടെ വല്ലാത്ത ചേരുവകൾ, ചലനാത്മകമായ പാറ്റേണുകൾ ഈ കലാസൃഷ്ടിയുടെ സവിശേഷതയാണ്. ഇന്ത്യൻ പാരമ്പര്യങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നുമുള്ള കടംകൊള്ളലുകൾ സൂക്ഷ്മതലത്തിൽ അവയിൽ ദർശിക്കാം. സംസ്ഥാപനകലയിലെ ലയത്തെ/ഒത്തൊരുമയെ സംഗീതാത്മകം എന്നോ പറയേണ്ടത് ?! എന്നാൽ, അതിനപ്പുറമാകാം അതിലെ ഊർജ്ജസ്വലത, വൈകാരികമായ ആഴം എന്നിവയെല്ലാം. ഇക്കല അതിന്റെ ചലനാത്മകമായ ഊർജ്ജംകൊണ്ടോ ആവിഷ്കാരശൈലിയിലെ പുതുമകൊണ്ടോ മാത്രമല്ലാതെ സമ്പന്നമായ സാംസ്കാരിക പരാമർശങ്ങളാൽ എന്നും പുതുവായനകളെത്തേടും.

പോൾ ക്ലീ, ജോൺ മിറോ, വാസിലി കാൻഡൻസ്കി അങ്ങനെ എത്രപേർ അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ലതന്നെ. കലയ്ക്ക് എല്ലാക്കാലത്തും അതിന്റെതായ ശക്തിയുണ്ട്. കേവലം ഒരു ചെറു ദേശത്തിന്റെ സാമൂഹ്യ-രാഷ്ട്രീയത്തിന്റെ, അവസ്ഥയു ടേതായാലും മൂലധനശക്തികേന്ദ്രങ്ങളുടെ സവിശേഷ പന്തയക്കളികളുടെ പശ്ചാത്തല ത്തിലായാലും ശരി, വിവാനെപ്പോലുള്ള കലയാളരുടെ കലയെ ചേർത്തുവച്ച് നോക്കുക-അപ്പോൾ അതിന്റെ മൂല്യം നമുക്ക് ഇനിയും കൂടുതൽ മനസ്സിലാകും.

Also Read

4 minutes read April 1, 2023 12:14 pm