Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന്റെ നിർമ്മാണം സൃഷ്ടിച്ച സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെപ്പറ്റി പ്രദേശവാസികളായ വിദഗ്ദ്ധരെയും പരമ്പരാഗത കടൽപ്പണിക്കാരെയും ഉൾപ്പെടുത്തി പഠനം നടത്തണം എന്നതാണല്ലോ തിരുവനന്തപുരത്ത് ഇപ്പോൾ നടക്കുന്ന സമരത്തിൽ ലത്തീൻ രൂപതയും സമരസമിതിയും മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന ആവശ്യം. എന്തുകൊണ്ടാണ് ഇത് വളരെ പ്രാധാന്യമുള്ള ഒരാവശ്യമായി മാറുന്നത്? കടലിന്റെ അടിത്തട്ടിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും വലിയ രീതിയിൽ തുറമുഖ നിർമ്മാണം ബാധിച്ചിട്ടുണ്ട് എന്നത് കേരളം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഈ ജൈവവൈവിധ്യത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കടൽപ്പണിക്കാരുടെ ജീവിതത്തെ അത് എങ്ങനെ ബാധിച്ചു എന്നതും ചർച്ചയാകണം. വിഴിഞ്ഞത്തെ സംബന്ധിച്ച നിലവിലെ മാധ്യമ ചർച്ചകൾ തീരശോഷണം എന്ന പ്രത്യക്ഷമായ പ്രശ്നത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണ്. അതുപോലെതന്നെ പ്രധാനമായ ജൈവവൈവിധ്യ നാശത്തിന്റെ ആഘാതങ്ങൾ ഈ സമരവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതുണ്ട്. കടൽപ്പണിക്കാരുടെ കടലറിവുകളെ ഗവേഷണ നിലവാരത്തിൽ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സംഘടനയുടെയും യുനെസ്‌കോയുടെയും വിവരാധിഷ്ഠിതമായ സമുദ്രവിഭവ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന റോബർട്ട് പനിപ്പിള്ള, ഡോ. ജോൺസൺ ജമൻ്റ് എന്നിവർ ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ എന്ന സംഘനയ്ക്ക് വേണ്ടി നടത്തിയ പഠനം വിഴിഞ്ഞത്തെ ജൈവവൈവിധ്യ നാശത്തിന്റെ ആഘാതങ്ങൾ വിശദമാക്കുന്നു. പ്രസ്തുത പഠനത്തിന്റെ സംക്ഷിപ്ത രൂപം.
വിഴിഞ്ഞം കടൽ പരിസ്ഥിതിയുടെ നിജസ്ഥിതി
അദാനി തുറമുഖത്തിന്റെ നിർമ്മാണം കാരണം ശംഖുമുഖം, കോവളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൂന്തുറ, വലിയതുറ, കൊച്ചുതോപ്പ് എന്നീ തീരദേശഗ്രാമങ്ങളിലുമുണ്ടായ അതീവഗുരുതരമായ തീരശോഷണത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ വഴി പൊതുസമൂഹത്തിന് ലഭ്യമാണ്. എന്നാൽ തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ കടൽ നികത്തൽ, ഡ്രഡ്ജിംഗ് മറ്റ് നിർമ്മാണപ്രവർത്തനങ്ങൾ എന്നിവ പദ്ധതി പ്രദേശമായ വിഴിഞ്ഞം വലിയ കടപ്പുറം മുതൽ അടിമലത്തുറ (ആഴിമല ക്ഷേത്രം/പെരുമാക്കല്ല്) വരെയുളള കടൽ പരിസ്ഥിതിയിൽ സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. അതിന് പ്രധാന കാരണം ഔദ്യോഗിക ശാസ്ത്രസ്ഥാപനങ്ങൾ ഈ പ്രദേശത്തെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വേണ്ടവിധത്തിൽ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടില്ല എന്നാണ്. മാത്രവുമല്ല, പദ്ധതിപ്രദേശത്തെ കടൽ പരിസ്ഥിതിയെയും ജൈവസമ്പത്തിനേയും ഔദ്യോഗിക വിദഗ്ധർ/ശാസ്ത്രജ്ഞർ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയമാണ്. ഈ മേഖലയിൽ പരമ്പരാഗതമായി ലഭിച്ചിരുന്ന മീൻവർഗ്ഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന കടൽപ്പണിക്കാരുടെ നേരനുഭവങ്ങളും ആരും പരിഗണിക്കുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നു.
നിലവിലെ സമുദ്ര പരിസ്ഥിതി പഠനങ്ങൾ
നിലവിൽ സമുദ്ര പരിസ്ഥിതി പഠനങ്ങൾ നടത്തുന്നതും മുൻപ് നടത്തിയിരുന്നതും ശാസ്ത്രസ്ഥാപനങ്ങളാണെന്ന് മാത്രമല്ല ഇവയെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക സ്ഥാപനങ്ങളുമാണ്. വിഴിഞ്ഞം മേഖലയെ സംബന്ധിച്ചാണെങ്കിൽ 1969- മുതൽ സി.എം.എഫ്.ആർ.ഐയുടെ (Central Marine Fisheries Research Institute) ഗവേഷണ ഉപകേന്ദ്രങ്ങൾ (Research Sub-station) വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നു. 78 കിമീ കടൽത്തീരമുളള തിരുവനന്തപുരം ജില്ലയിലെ 12കിമീ തീരം പരിസ്ഥിതിപ്രാധാന്യം അർഹിക്കുന്നതാണെന്നും അതിൽ തന്നെ ഏഴ് കിലോമീറ്റർ തീരം വിഴിഞ്ഞത്തോട് ചേർന്നുളളതാണെന്നുമുളള തിരിച്ചറിവിൽ നിന്നാണ് സി.എം.എഫ്.ആർ.ഐയുടെയുടെ ഗവേഷണ ഉപകേന്ദ്രങ്ങൾ വിഴിഞ്ഞത്ത് സ്ഥാപിക്കപ്പെട്ടത്. ഈ സ്ഥാപനത്തിന്റെ അഞ്ച് പ്രധാന ലക്ഷ്യങ്ങളിൽ ആദ്യത്തേത് വിഴിഞ്ഞത്തെയും സമീപപ്രദേശങ്ങളിലെയും സമുദ്രവിഭവങ്ങളുടെ പ്രത്യേകതകൾ പഠിക്കുകയെന്നതാണ്. അത് കൃത്യമായി രേഖപ്പെടുത്താൻ സി.എം.എഫ്.ആർ.ഐയുടെ 50 വർഷത്തിൽ കൂടുതലായുള്ള ഇവിടത്തെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?
ഒന്നാമതായി സി.എം.എഫ്.ആർ.ഐയുടെ പ്രധാന ഗവേഷണ പ്രവർത്തനങ്ങൾ വാണിജ്യ പ്രാധാന്യമുളള സമുദ്രവിഭവങ്ങളെ (commercial marine species) പറ്റിയാണ്. സമുദ്രത്തിലെ ജൈവസമ്പത്തിന്റെ ആകെ കണക്കെടുത്താൽ വാണിജ്യ പ്രാധാന്യമുളള വിഭവങ്ങൾ ചെറിയൊരു ശതമാനമേ വരൂ. മറ്റൊന്ന് തീരത്തെ ഫിഷ്‌ലാന്റിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് ഇവർ വിവരശേഖരണം നടത്തുന്നത്. അതായത് ഗവേഷകർ, പഠനവിധേയമാക്കുന്ന ജീവിഗണങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലാന്റിംഗ് സെന്ററിൽ നിന്ന് ശേഖരിക്കുകയും ഗവേഷണ ലാബുകളുടെയും മറ്റു വിവരസാങ്കേതിക വിദ്യയുടെയും സഹായത്തേടെ പഠിച്ച് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ഗവേഷണരീതികളിലൂടെ ആർജിക്കുന്ന ‘ശാസ്ത്രീയ’ അറിവിൽ അവർ പഠിക്കുന്ന ജീവിഗണങ്ങളുടെ ആവാസ വ്യവസ്ഥയിലധിഷ്ഠിടമായ അറിവ് ഉണ്ടാകണമെന്നില്ല. അതായത് ഒരു ജീവിവർഗം ഉണ്ടാകുന്നതിനും വളരുന്നതിനും കാരണമായ അവയുടെ പ്രാദേശികമായ ആവാസവ്യവസ്ഥയെപ്പറ്റി അവയുടെ വൈവിധ്യം പഠിക്കുന്ന ശാസ്ത്രജ്ഞർക്ക് കൃത്യമായ വിവരങ്ങൾ ഉണ്ടാകണമെന്നില്ല. തീരത്തോട് ചേർന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ചില ആവാസയിടങ്ങളെ സംബന്ധിച്ച് ഇവർക്കുള്ള ധാരണയെ മാറ്റി നിർത്തിയാൽ ഔദ്യോഗിക സമുദ്രഗവേഷണത്തിലെ ഒരു പ്രധാന ന്യൂനതയാണിത്. അതായത് ഔദ്യോഗിക സ്ഥാപനങ്ങളിലെ സമുദ്രഗവേഷകർ പഠിക്കുന്ന ജീവിഗണങ്ങളെ പറ്റി എല്ലാ വിവരങ്ങളും അറിയുമ്പോഴും അവയുടെ ആവാസയിടം അവർ ഒരിക്കൽ പോലും കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക ജീവിവർഗത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെങ്കിൽപ്പോലും ഇന്ന് ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള Ecosystem based management എന്ന മേഖലയിൽ വേണ്ടത്ര സംഭാവനകൾ നൽകാൻ ഇവർക്ക് കഴിയുന്നില്ല.
ശാസ്ത്ര അറിവും കടൽപ്പണിക്കാരുടെ കടലറിവും
കരയിലെ ആവാസയിടങ്ങൾ നിശ്ചലവും നേരിൽ കാണാവുന്നതും (Stable & Visible) കടലിലേത് ചലനാത്മകവും കാണാൻ പറ്റാത്തതും (Dynamic & Invisible) ആണെന്നുമാണ് ശാസ്ത്രസമൂഹത്തിന്റെ സമീപനം. കടലിലെ ജൈവ ആവാസയിടങ്ങളെപ്പറ്റിയുളള ഈ മുൻവിധി, ശാസ്ത്രസമൂഹത്തിന്റെ സമുദ്രജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലധിഷ്ഠിതമായ അറിവില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ഇന്നേവരെ കണ്ടെത്തിയിട്ടുള്ള കേരളത്തിലെ കടലിലെ ജന്തുജാലങ്ങളെ 20 വിഭാഗങ്ങളായാണ് തരംതിരിച്ചിട്ടുളളത്. അതിൽ ഒന്നു മാത്രമാണ് മീൻ വർഗ്ഗങ്ങൾ. അതിൽ തന്നെ ഉപരിതല മത്സ്യങ്ങളുടെയും (Pelagic fishes), ഉപരിതലത്തിനും കടലടിത്തട്ടിനും (demersal) ഇടയിലുള്ളതിന്റെയും (mid- water fishes) കാര്യമെടുത്താൽ ഈ ശാസ്ത്രസമൂഹം പറയുന്നത് ശരിയാവാം. അവ സദാ സഞ്ചരിച്ചുകൊണ്ടുതന്നെയാണ് ജീവിക്കുന്നത്. പക്ഷെ കേരളത്തിൽ നാളിതുവരെ കണ്ടെത്തിയിട്ടുളള മൂവായിരത്തോളം വരുന്ന സമുദ്ര ജന്തുജാലങ്ങളിൽ മീൻ വർഗ്ഗങ്ങൾ വെറും 750 ഇനം മാത്രമേയുളളൂ എന്ന് മനസ്സിലാക്കണം. മറ്റുളളവയിലേറെയും കടലിന്റെ അടിത്തട്ടുപറ്റി പ്രത്യേക ആവാസയിടങ്ങളിൽ ഇഴഞ്ഞും പുതഞ്ഞും മാളങ്ങളിലൊളിച്ചും പാറകളിലുറച്ചും ജീവിക്കുന്നവയാണ്. ഇത് വസ്തുതാപരമായി മനസ്സിലാക്കാൻ കേരള ജൈവവൈവിധ്യ ബോർഡ് പ്രസിദ്ധീകരിച്ച കേരള തീരത്തെ കടൽ ജീവികൾ എന്ന പുസ്തകത്തിലെ (ബിജുകുമാർ 2002) പട്ടിക -1 കാണാം.
പട്ടിക 1:
കടലടിത്തട്ടിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും സംബന്ധിച്ച (seabed/underwater ecosystems) പരമ്പരാഗത കടൽപ്പണിക്കാരുടെ അറിവ് തികച്ചും വ്യത്യസ്തമാണ്. ഏതുതരം പാരുകൾ (underwater ecosystems) എവിടെയൊക്കെയുണ്ടെന്നും വൈവിധ്യമാർന്ന കടലടിത്തട്ടിലെ മീൻ വർഗ്ഗങ്ങൾ (demersal fishes) എപ്പോൾ എവിടെ കിട്ടും എന്നതിനെ സംബന്ധിച്ചും അവർക്ക് കൃത്യമായ അറിവുണ്ട്. തലമുറകളായി ആ പാരുകളിൽ പോയി വിവിധതരം മീനുകളെ പിടിച്ചുകൊണ്ട് വരുന്നവരാണ് കടൽപ്പണിക്കാർ. പണ്ട് കാലങ്ങളിൽ സ്രാവ് പോലെയുള്ള ദേശാടന മത്സ്യങ്ങളെ താത്ത് വല (Bottom-set gill-net) ഉപയോഗിച്ചു പിടിക്കുന്ന രീതി നമ്മുടെ കടൽപ്പണിക്കാർക്കിടയിൽ ഉണ്ടായിരുന്നു. അത്തരം ദേശാടന മത്സ്യങ്ങളുടെ സഞ്ചാരപഥങ്ങളും കാലവും കൃത്യമായി അറിയുന്നവരായിരുന്നു കടൽപ്പണിക്കാർ. അവർ ചേമീനുകൾ കൂട്ടമായി ജീവിക്കുന്നയിടങ്ങൾ കണ്ടെത്തി അവയെ ‘ചേമീൻ കുഴി’ എന്ന് പേരിടുകയും അവിടെനിന്ന് തലമുറകളായ് ചേമീൻ (rovers) പിടിക്കുന്നു. അളുവകൾ (Malabar grouper) വസിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നയിടങ്ങൾ കണ്ടെത്തി ആ പ്രത്യേക ഇടത്തെ ‘അളുവാക്കല്ലെ’ന്നും തൂവ പാര (Indian thread fin) തങ്ങുന്നയിടത്തെ ‘തൂവ പാര്’ എന്നും ചെവ്വമീനുകൾ (emperor red snapper) വളരുന്ന സ്ഥലത്തെ ‘ചെവ്വാക്കല്ലെ’ന്നും ഊളി (barracuda) വളരുന്നയിടത്തെ ‘ഊളിക്കല്ലെ’ന്നും പേരിട്ട് വിളിച്ചിരുന്നു. ആഴക്കടൽ പാരുകളിൽ നിന്നും പ്രധാനമായി പിടിച്ചിരുന്ന മീൻ വർഗങ്ങളുടെ പേരിന്റെ അടിസ്ഥാനത്തിലാണ് പരമ്പരാഗത കടൽപ്പണിക്കർ മീൻ പാരുകൾക്ക് പേരുകളിട്ടത്. ഇത്തരം ജന്തുജാലങ്ങളുടെ ആവാസയിടങ്ങളെ കണ്ടെത്തുകയും അവയെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാക്കി തീർക്കുകയും ചെയ്ത ഒരു പാരമ്പര്യമാണ് തിരുവനന്തപുരത്തെ പരമ്പരാഗത കടൽപ്പണിക്കാർക്കുളളത്. നമ്മുടെ ഔദ്യോഗിക സമുദ്രവിദഗ്ദ്ധരുടെയും കടൽപണിക്കാരുടെയും സമുദ്ര ആവാസയിടങ്ങളെപ്പറ്റിയുളള അറിവിന്റെയും സമീപനത്തിലെയും വ്യത്യാസമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
അദാനി പോർട്ടും പരിസ്ഥിതി ആഘാത പഠനവും
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനുവേണ്ടിയാണ് 2013 ൽ കേരള സർക്കാർ പരിസ്ഥിതി ആഘാതപഠനം നടത്തുന്നത്. സി.വി സുന്ദരരാജന്റെ നേതൃത്വത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തിയ പഠനസംഘത്തിൽ ആകെ ഉണ്ടായിരുന്നത് 20 അംഗങ്ങളാണ്. കടലുമായി ബന്ധപ്പെട്ടുള്ള പരമ്പരാഗതജ്ഞാനമോ (indigenous knowledge) അനുഭവജ്ഞാനമോ (experiential knowledge) പ്രാദേശിക അറിവോ (local knowledge) മുൻ പരിചയമോ (field experience) പഠനം നടത്തുമ്പോൾ ഈ സംഘാഗങ്ങൾക്കുണ്ടായിരുന്നോ എന്നത് സംശയമാണ്. പട്ടിക -2 അത് വ്യക്തമാക്കുന്നു.
പട്ടിക- 2:
Side Scan Sonar Survey, Hydrographic survey എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു ഇവർ പഠനം നടത്തിയത്. എന്തെങ്കിലും തരത്തിലുള്ള പ്രത്യേകതകളുഉള്ള ജീവജാലങ്ങൾ ഈ കടലടിത്തട്ടിൽ ഇല്ല (No significant seabed) എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ഈ സാങ്കേതിക വിദ്യകൾകൊണ്ട് മാത്രം കടലിന്റെ അടിത്തട്ടിലെ ജൈവവൈവിധ്യ പ്രത്യേകതകൾ കണ്ടെത്താൻ കഴിയില്ലെന്നതാണ് വാസ്തവം. തദ്ദേശീയ സമൂഹവുമായി ചേർന്നുള്ള പങ്കാളിത്ത പഠനങ്ങൾ യഥാർത്ഥ കടൽ പരിസ്ഥിതിയെ തിരിച്ചറിയാൻ സഹായിക്കുന്നതായി നിരവധി പഠനറിപ്പോർട്ടുകളും തെളിവുകളുമുണ്ടായിട്ടും കടൽ പരിസ്ഥിതിയെ അടുത്തറിയുന്ന കടൽപ്പണിക്കാരിൽ നിന്ന് ശരിയായ വിവരം ശേഖരിക്കാൻ ശാസത്രജ്ഞർ കൂട്ടാക്കിയിരുന്നില്ല. പദ്ധതിമേഖലയിലെ കടലടിത്തട്ടിൽ കുറച്ച് പാറകൾ ഉണ്ടെന്ന് മാത്രമാണ് അവിടത്തെ കടൽ പരിസ്ഥിതിയെപറ്റി ശാസ്ത്രജ്ഞർ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പിന്നീട് മറ്റ് ശാസ്ത്രസ്ഥാപനങ്ങളെക്കൊണ്ട് ഈ നിഗമനം ശരിവയ്പ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന് സി.എം.എഫ്.ആർ.ഐയും സെസും (Centre for Earth Science Studies) ഉം വിഴിഞ്ഞം പദ്ധതി പ്രദേശത്തെ കടലിനടിത്തട്ടിനെപ്പറ്റി ദേശീയ ഹരിത ട്രിബ്യൂണലിന് കൊടുത്ത മറുപടി ഇപ്രകാരമാണ്. “The proposed project stretch is not a nesting ground for turtles 86 or any protected species” (CMFRI station at Vizhinjam), “the Project does not have any sensitive ecosystems such as mangroves, sand dunes, corals, etc. eligible to be categorised as CRZ IA” The CRZ mapping report (CESS, April, 2013, P-9).
അതായത് ഇവർക്കറിയാവുന്നതായ ജീവജാലങ്ങളെപ്പോലും വിഴിഞ്ഞത്തെ “Animal Forest of the Sea” എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിപ്രദേശത്തെ കടലിൽ ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല നമ്മുടെ കടലാഴങ്ങളിലെ ആവാസയിടങ്ങൾ നേരിൽ കണ്ടിട്ടില്ലാത്ത, അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത രാഷ്ട്രീയ, സാമ്പത്തിക അധികാര ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന ഈ വിദഗ്ദ്ധരിൽ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് വാസ്തവം.
ജൈവവൈവിധ്യ ബോർഡിന്റെ പഠനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെ.എസ്.ബി.ബി), തിരുവനന്തപുരം ജില്ലയുടെ മറൈൻ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുവാനുളള പദ്ധതിയുമായി 2013-15 കാലയളവിൽ മുന്നോട്ടുവന്നു. തീരത്ത് നിന്നും വിവരം ശേഖരിക്കുകയും, കടൽപ്പണിക്കാരോടൊപ്പം കടലിൽ സഞ്ചരിച്ചും കടലാഴങ്ങളിലെ ആവാസയിടങ്ങൾ നേരിൽ കാണാൻ സ്‌കൂബാ ഡൈവിംഗ് നടത്തിയും ചിത്രങ്ങളും വീഡിയോകളും പകർത്തിയുമായിരുന്നു കെ.എസ്.ബി.ബിക്ക് വേണ്ടിയുളള പഠനം ലേഖകർ ഉൾപ്പെട്ട പഠനസംഘം നടത്തിയത്. ഒടുവിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങുന്നതിന് മുൻപായി വിഴിഞ്ഞം വലിയ കടപ്പുറം മുതൽ പെരുമാക്കല്ല് (ആഴിമല ക്ഷേത്രം) വരെയുളള പദ്ധതിപ്രദേശത്തെ തീരക്കടലിലെ 15 വ്യത്യസ്ത സമുദ്ര ആവാസയിടങ്ങൾ കണ്ടെത്താനും അവയിലെ ജൈവവൈവിധ്യ പ്രത്യേകതകൾ അടയാളപ്പെടുത്താനും പഠന സംഘത്തിനു കഴിഞ്ഞു. ഇത് ഇന്ത്യയിലെ തന്നെ ആദ്യ ജനകീയ സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ എന്ന നിലയിൽ 2017 ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു. ഈ പഠനത്തിലൂടെ തിരുവനന്തപുരം മേഖലയിൽ പുതുതായി കണ്ടെത്തിയ ജീവജാലങ്ങളുടെ പട്ടിക താഴെ ക്കൊടുക്കുന്നു.
പട്ടിക 3: Marine Biodiversity Register Thiruvananthapuram, KSBB
ഈ ജൈവസമ്പത്തിനെ ശരിവയ്ക്കുന്നതാണ് 2013 ൽ Indian Journal of Geo-Marine Sciences ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് (Ravinesh & Bijukumar 2013). റിപ്പോർട്ട് പ്രകാരം വിഴിഞ്ഞം മേഖലയിൽ 147 വിവിധതരം സ്പീഷിസും 32 seaweeds കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി, ഇക്കൂട്ടത്തിലെ 7 സ്പീഷ്യസിന്റെ സാന്നിധ്യം ഇന്ത്യൻ കടലിൽ കണ്ടെത്തുന്നത് ആദ്യമായാണ്. കെഎസ്ബിബി വേണ്ടിയുള്ള ഈ പഠനത്തിന് പുറമെ പ്രസ്തുത പഠനസംഘം വിഴിഞ്ഞം ഉൾപ്പെടെ തിരുവനന്തപുരം ജില്ലയ്ക്ക് അഭിമുഖമായുള്ള കടലിലെ 33 ഓളം ആവാസയിടങ്ങളെയും അവയ്ക്കുള്ളിലെ ജീവജാലങ്ങളെയും കണ്ടെത്തി അടയാളപ്പെടുത്തി. ഇതിൽ 15 പാറപ്പാരുകൾ (reef ecoystems) വിഴിഞ്ഞം പോർട്ട് പദ്ധതി പ്രദേശത്താണ് കണ്ടെത്തിയിട്ടുള്ളത്. അവയുടെ പാരിസ്ഥിതിക പ്രാധാന്യവും നിർമ്മാണത്തിനുശേഷമുണ്ടായ മാറ്റങ്ങളും വിവരിക്കുകയാണ് ചുവടെ ചേർത്തിരിക്കുന്നത്.
പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്ന 15 സമുദ്ര ആവാസയിടങ്ങളും അവയുടെ പാരിസ്ഥിതിക പ്രത്യേകതകളും നിലവിലെ അവസ്ഥയും
ചെങ്കാലിക്കരകല്ല്
വിഴിഞ്ഞം വലിയ കടപ്പുറത്തിന്റെ തെക്ക് കരയിൽ നിന്ന് തുടങ്ങി മൂന്ന് മാറ് (1 മാറ് (fathom)= 1.829 മീ.) ആഴമുളള കടലിൽ ഉണ്ടായിരുന്ന പാര്. ചിപ്പി അഥവാ (mussels) ആണ് കടൽപ്പണിക്കാർ ഇവിടെ നിന്നും പ്രധാനമായും ശേഖരിച്ചിരുന്നത്. ഇന്ന് ഇവിടം മണ്ണുകൊണ്ട് കുറച്ച് മൂടിപ്പോയിട്ടുണ്ട്.
കുളത്തു കല്ല്
വിഴിഞ്ഞം കരിമ്പളളിക്കര പളളിയുടെയും കുരിശിന്റെയും മദ്ധ്യേ 3 1/2 മുതൽ 8 മാറ് ആഴം വരെയുളള കടലിൽ ഉണ്ടായിരുന്ന പാര്. കുളത്തുകല്ല് ചിപ്പി തൊഴിലാളികളുടെ ഒരു പ്രധാന തൊഴിലിടമായിരുന്നു. ചിപ്പി, ലോബ്സറ്റർ, വർണ്ണ മത്സ്യങ്ങൾ മുതലായവ ഇവിടെ നിന്നും പിടിച്ചിരുന്നു. ഇപ്പോൾ ഇവിടം നികത്തി തുറമുഖത്തിനായി രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
കരിമ്പളളിക്കര കല്ല്
വിഴിഞ്ഞം മുസ്ലീം പളളിക്ക് നേര് കര മുതൽ 5 1/2 മീറ്റർ വരെയുളള കടൽ ആണ് ഇതിന്റെ സ്ഥാനം. ചിപ്പി, ശംഖ് (toad purpura) കൂടാതെ തോട്ടു കണവ അഥവാ Cuttle fish എന്നിവ ഇവിടെ നിന്നും ലഭിച്ചിരുന്നു. ഇപ്പോൾ ഇവിടം നികത്തി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നു.
കുന്നു പാര്
വിഴിഞ്ഞം തീരത്ത് പുതുതായി സ്ഥാപിച്ചിട്ടുളള കുരിശിനു നേരെ 4 മാറ് ആഴം ഉളള കടൽ ആണ് ഇതിന്റെ സ്ഥാനം. വർണ്ണ മത്സ്യങ്ങളും,കണവയും ഇവിടെനിന്നും പ്രധാനമായും ലഭിച്ചിരുന്നത്. ഇപ്പോൾ ഇവിടം നികത്തി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.
മാടം പാര്
വിഴിഞ്ഞം കുരിശിനു നേരെ ആറ് മുതൽ 7 മാറ് ആഴം വരെയുളള കടലാണ് ഇതിന്റെ സ്ഥാനം. ഒരുതരം ചെളിപോലെ ഉറച്ച മണ്ണാണ് ഈ പാരിടം. കുറുതല, ചതമീൻ, വളയോട്, നെടുവ പോലുളള മീനുകൾ ലഭ്യമാണ്. ഇവിടെ ഇപ്പോൾ നികത്തി പുലിമുട്ട് നിർമ്മാണത്തിനായുളള കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു.
ഇടിച്ചു പറിച്ചാൻ കല്ല്
മുല്ലൂരിനും കുരിശിനും മദ്ധ്യേ ഒരു റിസോർട്ട് ഉണ്ടായിരുന്നു. അതിനു നേരെ കരയിൽ നിന്നും തുടങ്ങി 12 മാറ് ആഴം വരെയുളള കടലിൽ ചിലയിടങ്ങളിൽ ഉയരം കൂടിയും മറ്റിടങ്ങളിൽ ഉയരം കുറഞ്ഞും കിടക്കുന്ന കരിങ്കൽ പാരാണിത്. ചിപ്പി, ശംഖ്, പാര വർഗ്ഗത്തിൽപ്പെട്ട മീനുകളാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്. ഇപ്പോൾ ഇവിടം നികത്തി പുലിമുട്ടിനായുളള കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു.
മുല്ലൂർ കോഴിപ്പാര്
അദാനി പോർട്ടിന്റെ പ്രധാന ഗേറ്റിനു നേരെ 6 മുതൽ 8 മാറ് വരെ ആഴമുളള കടലിലായിരുന്നു ഈ പാര്. ഒരു പ്രത്യേകതരം സൂക്ഷ്മജീവികൾ മ്യൂക്കസ് പോലുളള ഒട്ടിപ്പിടിക്കുന്ന ദ്രാവകം ഉണ്ടാക്കി അവ ഉപയോഗിച്ച് കടലടിത്തട്ടിലെ വലിയ മണൽത്തരികൾ ചേർത്ത് കൂടൂണ്ടാക്കി പുറ്റു പോലെ തീർത്ത് അവിടെ ജീവിക്കുന്നു. ഈ പാരിന് നേരെ പടിഞ്ഞാറായി 13 മാറ് ആഴത്തിൽ മറ്റൊരു സവിശേഷ കടലടിത്തട്ടുണ്ട്. തെക്ക് വടക്കായി വിസ്തൃതമായി കിടക്കുന്ന ഈ കടലിടം ഊത്തു ശംഖുകളുടെ ( vassidae കുടുബത്തിൽപെട്ട turbinellidae and turbinella pyrum ഇനത്തിൽപെട്ട ശംഖുകൾ) കേന്ദ്രമായിരുന്നു. ഈ പാരിടമെല്ലാം ഇപ്പോൾ മണൽവീണ് മൂടിയ അവസ്ഥയിലാണ്.
അദവ പാറ
തുറമുഖ കവാടത്തിന്റെ വടക്ക് കരയോട് ചേർന്ന് മൂന്നു മാറ് ആഴമുളള കടൽ വരെ പരന്നുകിടക്കുന്ന പാറകൾ. ധാരാളം ചിപ്പി പിടിക്കുന്ന പാറയുടെ വലതു വശത്തെ ചരിവിൽ നിറയെ Seaweeds ഉം പാറയോട് ചേർന്ന കടലടിത്തട്ടിൽ കണവകളുമുണ്ട്. ഇപ്പോൾ ഈ പ്രദേശം മുഴുവൻ മണ്ണടിഞ്ഞു. കൂടുതൽ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്ന ഈ ജീവജാലങ്ങൾ അന്തരീക്ഷത്തിലെ കാർബൺ സ്വാംശീകരിക്കുന്നതിലൂടെ ചൂടിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
വെളളയം കല്ല്
മുല്ലൂർ കടപ്പുറത്തെ ക്ഷേത്രത്തിനു വടക്ക് കരമുതൽ 4.5 മാറ് ആഴമുളള കടൽ വരെ ഉണ്ടായിരുന്നു വെളളയം കല്ല്. toad purpura എന്ന ശംഖുകളാണ് കൂടുതൽ കാണപ്പെടുന്നത്. ചിപ്പിയിറച്ചി പോലെ തന്നെ ഈ ശംഖുകളുടെ ഇറച്ചിയും ഭക്ഷ്യയോഗ്യമായതിനാലാണ് കടൽപ്പണിക്കാർ ഇവ ശേഖരിക്കുന്നത്. ഈ ശംഖുകളുടെ കണ്ണ് എന്ന് വിളിക്കുന്ന വൃത്താകൃതിയിലുളള തോടിന് ഏറെ ഔഷധ ഗുണമുളളതിനാൽ 2015 കാലഘട്ടത്തിൽ തന്നെ കിലോയ്ക്ക് 1500/ രൂപ വരെ വില ലഭിക്കുമായിരുന്നു. ഡ്രഡ്ജിംഗിന്റെ ഭാഗമായി വെളളയം കല്ല് മൂടിപ്പോയി.
ആനക്കല്ല്
വെളളയം കല്ലിന്റെ വടക്ക്മാറി മൂന്ന് മാറ് ആഴമുളള കടലാണ് ഇതിന്റെ സ്ഥാനം. വെളളയം കല്ലിന്റെ അതേ പ്രത്യേകതകൾ. എന്നാൽ കുറച്ചുകൂടി വലിപ്പമുളള ഒരു പാറ ഇവിടെ ഉളളതിനാൽ ഇതിനെ ആനക്കല്ലെന്ന് പേരിട്ട് വിളിക്കുന്നു. ഇപ്പോൾ ആനക്കല്ലും മണ്ണടിഞ്ഞു മൂടിയ സ്ഥിതിയാണ്.
ആവണങ്ക കല്ല്
മുല്ലൂരിന്റെ അടുത്ത് വെളളക്കാരന്റെ കെട്ടിടം എന്ന് പേരുളള സ്ഥലത്തിനു നേരെ നാല് മാറ് ആഴം വരുന്ന കടലാണ് ഈ പാരിന്റെ സ്ഥാനം. ചിപ്പി, ശംഖ്, തോട്ടുകണവ, നെടുവ എന്നിവ ഇവിടെ നിന്നും ലഭിച്ചിരുന്നു. ഈ പാരും മണ്ണ് മൂടിയ അവസ്ഥയിലാണ് .
ഇടക്കല്ല്
ആനക്കല്ലിന്റെയും, ആവണങ്കക്കല്ലിന്റെയും മദ്ധ്യേ മൂന്ന് മാറ് ആഴത്തിലാണ് ഈ പാര്. ഒരു കൂട്ടം പാറകൾ ചേർന്നതാണിത്. കറുത്ത നിറത്തിലുളള ഈ പാറയിൽ ബ്രൗൺ നിറത്തിലുളള ഒരിനം Seaweeds വളരുന്നുണ്ട്. വലിയ അളവിൽ കണ്ണാടി മീനുകളും പാരമീനുകളും പുളിമീനും ലഭിക്കുമായിരുന്ന ഇടം. ഈ പാരും ഇപ്പോൾ മണ്ണടിഞ്ഞ് മൂടിപ്പോയി.
ഇട ഓച്ചം
ആഴിമല ക്ഷേത്രത്തിന്റെ വടക്ക് 4 മാറ് ആഴത്തിലുള്ള ഈ പാര് അടുത്തടുത്തായി ഒരു കൂട്ടം പാറകൾ ചേർന്നതാണ്. ചിപ്പിയും ശംഖും വർണ്ണ മത്സ്യങ്ങളും ലഭിച്ചിരുന്ന ഇടം.
ഓച്ചം പാര്
പെരുമാക്കല്ലിന്റെ വടക്കേ അറ്റത്തെയാണ് ഓച്ചം പാര് എന്നു വിളിക്കുന്നത്. മൂന്ന് മാറ് മുതൽ 9 മാറ് വരെ ആഴം ഉളള കടലിൽ രണ്ട് വലിയ പാറക്കൂട്ടങ്ങളാണ്. ലോബ്സറ്റർ, ചിപ്പി,കണവ, അളുവ, നെടുവ മുതലായവയാണ് പ്രധാനമായും ഇവിടെ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ വിഴിഞ്ഞത്ത് ഡ്രഡ്ജിംഗ് ആരംഭിച്ച ശേഷം ഇവിടെ ചിപ്പി പിടിക്കാതെയായി. സ്വാഭാവികമായും ചിപ്പിയില്ലാത്തിടത്ത് ലോബ്സ്റ്ററുകളും ഉണ്ടാവില്ല. കാരണം ലോബ്സ്റ്ററുളുടെ പ്രധാന ആഹാരം ചിപ്പിയാണ്.
പെരുമാക്കല്ല്
വിഴിഞ്ഞം അടിമലത്തുറ മേഖലയിലെ ഏറ്റവും വലിയ പാരാണിത്. ആഴിമല ക്ഷേത്രത്തിനു നേരെ മൂന്ന് മാറ് മുതൽ പത്ത് മാറ് വരെയുളള കടലിൽ, കരയിൽ നിന്ന് ഉളളിലേയ്ക്കും തെക്കും വടക്കുമായി വ്യാപിച്ചു കിടക്കുന്നു. പെരുമാക്കല്ലിന്റെ തെക്കേ അറ്റത്ത് ഏതാണ്ട് പത്തു മാറ് ആഴമുളള കടലടിത്തട്ടിൽ പരന്ന പാറകൾ ഉളളിടത്ത് Neo sabelleris, clandestina എന്ന ഇനത്തിൽപ്പെട്ട വിരകൾ വലിയൊരു കോളനി തീർത്തിരുന്നു. ഇത്തരം വിരകളുടെ ഇത്രയും വലിയൊരു കോളനിയുടെ കണ്ടെത്തൽ ഇന്ത്യയിലെ തന്നെ ആദ്യമായാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വിഴിഞ്ഞത്തെ ഡ്രഡ്ജിംഗിനെ തുടർന്നുളള പൊടിപടലങ്ങൾ അടിഞ്ഞ് ആ കോളനി മുഴുവൻ നശിച്ചുപോയി.
ഈ പാരുകളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കടൽപ്പണിക്കാർ ഇവിടെ നിന്നും ശേഖരിച്ചിരുന്നത് മനുഷ്യന് ഭക്ഷ്യയോഗ്യമായവയോ അല്ലെങ്കിൽ സാമ്പത്തികമായി ഗുണം ലഭിക്കുന്നതോ മാത്രമാണ്. അത് ഈ പാരുകളിലെ ആകെ ജൈവവൈവിധ്യത്തിന്റെ ചെറിയൊരു ശതമാനമാണ്. കെ.എസ്.ബി.ബിയുടെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പരിശോധിച്ചാൽ അത് ബോധ്യപ്പെടും.
Sea weeds അഥവാ കടൽ പായലുകൾ, നൈഡേറിയ വിഭാഗത്തിൽപ്പെടുന്ന കടൽപൂവുകൾ, പ്ലാറ്റിഹെൽമിന്തെസ് അഥവാ പരന്ന വിരകൾ നിമാറ്റോഡ (nematoda) അഥവാ ഉരുളൻ വിരകൾ, അനലിഡ (annelida) അഥവാ അട്ടകളുടേതുപോലെ കാലുളള വിരകൾ, മൊളസ്‌കാ (mollusca) യുടെ വിഭാഗത്തിൽപ്പെട്ട ഗാസ്‌ട്രോപോഡുകൾ, ബൈവാൽവുകൾ, കൈടോണുകൾ, ആർത്രോപോഡുകളുടെ വിഭാഗത്തിൽപെട്ട സന്യാസി ഞണ്ടുകൾ, അനേകയിനം ചെറു പാറഞണ്ടുകൾ, ആംഫിപോഡുകൾ, ഐസോപോഡുകൾ, ബാർണക്കിളുകൾ, കടൽ ചിലന്തികൾ, കടിയൻ കൊഞ്ചുകൾ, പാറക്കൊഞ്ചുകൾ, എക്കൈനോഡെർമേറ്റ (Echino dermeta) വിഭാഗത്തിൽപെട്ട കടൽ വെളളരികൾ, sea urchines അഥവാ കടൽചേനകൾ, നക്ഷത്ര മത്സ്യങ്ങൾ, തൂവൽ നക്ഷത്രങ്ങൾ (feather stars) പോരിഫെറ (porifera) വിഭാഗത്തിൽപെട്ട വിവിധയിനം കടൽ സ്‌പോഞ്ചുകൾ, അസീഡിയനുകൾ, ഹൈഡ്രേസോവനുകൾ കൂടാതെ തീരക്കടൽ പാറപ്പാരുകൾക്ക് മുകളിൽ കാണപ്പെടുന്ന ജൈവപുതപ്പിനുളളിലെ അസംഖ്യം സൂക്ഷ്മ ജീവജാലങ്ങൾ ചേരുന്നതാണ് ഈ ആവാസയിടങ്ങളിലെ യഥാർത്ഥ ജൈവസമ്പത്ത്. അതുപോലെതന്നെ ഇവിടെ ഓർക്കേണ്ട മറ്റൊരു വസ്തുത വിഴിഞ്ഞം പോർട്ട് പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ പരിസ്ഥിതി ആഘാതപഠന റിപ്പോർട്ടിൽ ഈ മേഖലയിൽ മണ്ണടിയില്ലെന്നാണ് (siltation) രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണ് പാരുകളുടെ നിലവിലെ അവസ്ഥ അടിവരയിടുന്നത്.
തീരത്തോടടുത്തുതന്നെ ഉൾക്കടലിന്റെ സാന്നിധ്യം, പാരുകളുടെ സാന്നിധ്യം, പോഷകസമൃദ്ധമായ ജീവികളുടെ സാന്നിധ്യം, മലനിരകളുടെ സാന്നിധ്യം തുടങ്ങി കേരളത്തിൽ മറ്റൊരു പ്രദേശത്തും കാണാത്ത പ്രത്യേകതകൾ ഉള്ള ഇടമാണ് വിഴിഞ്ഞം പദ്ധതി മേഖല. കടൽപ്പാരുകളുടെ പാരിസ്ഥിതിക സേവനങ്ങൾ നിരവധിയാണ്. തിരയുടെ ഊർജത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുന്ന, തീരത്തിന് പ്രകൃതിദത്തമായ സംരക്ഷണം ഉറപ്പുനൽകുന്ന ഒരു സ്വാഭാവിക കടൽഭിത്തിയായി നിലനിന്നിരുന്ന ഭൂപ്രകൃതിയും ആവാസവ്യവസ്ഥയും ഉള്ള ഇടമാണിത്. വാണിജ്യപ്രാധാന്യമുള്ള 100 ഓളം അലങ്കാര മത്സ്യങ്ങൾ ഈ മേഖലയിൽ നിന്നും മുൻപ് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം വിഴിഞ്ഞം അക്വാറിയത്തിലെ പ്രദർശന ജീവികളുമാണ്. കടലിൽ ഈ ജീവജാലങ്ങൾ ഇപ്പോൾ ഉണ്ടാകുമോ എന്ന് പരിശോധിക്കേണ്ടതാണ്.
വിഴിഞ്ഞം മേഖലയിലെ പരമ്പരാഗത കടൽപ്പണിക്കാർ പറയുന്നതനുസരിച്ച് മുൻപ് കിട്ടിക്കൊണ്ടിരിന്ന പല പ്രധാന മീൻവർഗ്ഗങ്ങളും ഇപ്പോൾ പദ്ധതി പ്രദേശത്ത് കാണാനില്ല. പുളിയര് മീന്, മാലാവ്, വേളാവ്, ചെറിയ കലവകൾ, അയല, ചാള, ഉരുളുകാര തുടങ്ങിയ കൂട്ടമായി കിട്ടിക്കൊണ്ടിരുന്ന ഈ മീൻ വർഗങ്ങൾ പദ്ധതി പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാപ്പണിക്കും പകൽപ്പണിക്കും മത്സ്യത്തൊഴിലാളികൾക്ക് ഇവിടെയും സമീപപ്രദേശങ്ങളിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന മീനുകളാണിതെല്ലാം. ഈ മീൻവർഗങ്ങൾ സാധാരണ കുറെയേറെദിവസം ഇവിടെ തങ്ങിയാണ് ഈ മേഖലയിൽ മത്സ്യലഭ്യത ഉറപ്പുവരുത്തിയിരുന്നത്. ആഴക്കടലിൽ വലിയ മീനുകൾക്ക് ചെറു മീനുകളെ ഇരയായി കിട്ടാതെ വരുന്ന സന്ദർഭങ്ങളിലും അവ ഇവിടെ വന്ന് കുറച്ച് ദിവസം താമസിച്ചു പോകാറുണ്ട്.
വിഴിഞ്ഞം മേഖലയിലയിൽ വന്യജീവിസംരക്ഷണ (Wildlife Protection Act) ലിസ്റ്റിൽ വരുന്ന കടൽ വെള്ളരിപോലെയുള്ള (Thionina bijuii) ജീവജാലങ്ങളുണ്ട്/ഉണ്ടായിരിന്നു. മുൻപ് സൂചിപ്പിച്ച പല ജീവജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇവിടത്തെ സമൃദ്ധമായ ജൈവസമ്പത്ത് ഈ മേഖലയിലെ പരമ്പരാഗത കടൽപ്പണിക്കാരുടെ ജീവനും ജീവനോപാധിയുമാണ്. അവ കുറഞ്ഞുവരുന്നതും അവയെ സംരക്ഷിക്കാതിരിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. തുറമുഖ നിർമ്മാണത്തിനായി മണ്ണടിയുന്നതും വെള്ളത്തിന് കലക്കം സംഭവിക്കുന്നതും മലിനജലം കടലിലേയ്ക്ക് ഒഴുക്കുന്നതും ഇവിടത്തെ ജീവജാലങ്ങളെ നശിപ്പിക്കുന്നു. കടലിനു ഫിൽറ്റർ പോലെ ശുദ്ധീകരിക്കുന്ന ചിപ്പിപോലെയുള്ള ജീവികളുടെ നാശം മനുഷ്യന്റെയും കടലിന്റെയും ആരോഗ്യത്തെ ബാധിക്കും. ഐക്യരാഷ്ട്ര സഭയുടെ Ocean decade (2021-2030) മായി ബന്ധപ്പെട്ട് കടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ ഉറപ്പുകൊടുത്തിരിക്കുന്നത്. ഇവിടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഒന്നായ Goal 14: Life Below Water – Conserve and sustainably use ocean and its resources എന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഈ മേഖലയിൽ ഇനിയും കണ്ടെത്താനുള്ളതും സംരക്ഷിക്കാനുള്ളതുമായ അനേകം ജീവജാലങ്ങളുണ്ടെന്നാണ് മേഖലയിലെ കടൽപ്പണിക്കാരുമായി ചേർന്നുള്ള ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഈ കാര്യങ്ങൾ പരിഗണിച്ച് തുറമുഖ നിർമ്മാണം തത്കാലം നിർത്തിവയ്ക്കുകയും (കുറഞ്ഞത് രണ്ടു മൺസൂൺ കാലമെങ്കിലും എടുത്ത്) ഇക്കഴിഞ്ഞ വർഷങ്ങളിൽ തിരുവനന്തപുരം തീരത്തെ കടൽ പരിസ്ഥിതിയിലും തീരപരിസ്ഥിതിയിലും ഉണ്ടായ അതീവ ഗുരുതരമായ മാറ്റങ്ങൾക്ക് വിഴിഞ്ഞം തുറമുഖ നിർമ്മാണം കാരണമായോ എന്ന് മനസ്സിലാക്കുകയും വേണം. തങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പഠിക്കണമെന്ന തീരജനതയുടെ തികച്ചും ന്യായമായ ആവശ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് തങ്ങൾക്ക് താല്പര്യമുളള വിദഗ്ധരെ മാത്രം നിയമിച്ച സംസ്ഥാന സർക്കാരിന്റെ ഉളളിലിരിപ്പും ചതിയും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
വിഴിഞ്ഞം സമരപശ്ചാത്തലത്തിൽ സമുദ്രപരിസ്ഥിതി ബോധവൽക്കരണത്തിനായി തിരുവന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവടങ്ങളിലെ കടലിന്നടിത്തട്ടിൽ നിന്ന് ‘ഫ്രണ്ട്സ് ഓഫ് മെറൈൻ ലൈഫ്’പകർത്തിയ ദൃശ്യങ്ങൾ കാണാം: