വിഴിഞ്ഞത്തേക്കുള്ള രണ്ട് യാത്രകൾ, രണ്ട് വഴികൾ

കണ്ടെയ്നറുകളുമായി ചൈനയിൽ നിന്നുമെത്തിയ സാൻ ഫെർണാൺഡോയെന്ന എന്ന മദർഷിപ്പിനെ ഏറെ ആഘോഷങ്ങളോടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കേരളം സ്വീകരിച്ചത്. വിഴിഞ്ഞത്ത് നങ്കൂരമിട്ട ആദ്യ മദർഷിപ്പിന്റെ വരവിനെ കേരളത്തിന്റെ വികസന സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായി മാധ്യമങ്ങളെല്ലാം വിശേഷിപ്പിച്ചു. എന്നാൽ, അദാനിയുടെ നിയന്ത്രണത്തിലുള്ള ഈ മദര്‍പോർട്ട് കേരളത്തിന്റെ വികസനത്തിൽ സൃഷ്ടിക്കുമെന്ന് പറയുന്ന മാറ്റങ്ങളെന്തെല്ലാമാണെന്ന് വ്യക്തമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടതുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ച കാലം മുതൽ തന്നെ പദ്ധതിക്കെതിരെ നിരവധി എതിർപ്പുകൾ പല കോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു. തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം ആരംഭിച്ചതോടെ വടക്ക് ഭാ​ഗത്തുള്ള തീരങ്ങളിൽ തീരശോഷണം വ്യാപകമായി. നിരവധി മത്സ്യബന്ധന ഗ്രാമങ്ങൾ കടലെടുത്തു. മത്സ്യത്തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ അഭയാർഥികളായി ജീവിക്കേണ്ടിവന്നു. കാലാവസ്ഥാ വ്യതിയാനം കാരണം അറബിക്കടലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രശ്നത്തെ സങ്കീർണ്ണമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കുക, വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കെല്ലാം ആനുപാതികമായി നഷ്ടപരിഹാരവും പുനരധിവാസവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരവും നടന്നു.

തുറമുഖത്തേക്ക് ആദ്യ മദർഷിപ്പ് എത്തി എന്നതുകൊണ്ട് ഈ പ്രശ്നങ്ങളൊന്നും ഇല്ലാതാകുന്നില്ല, ആശങ്കകൾ അവസാനിച്ചിട്ടുമില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തെക്കും വടക്കും തീരങ്ങൾ പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ ഏറെയുള്ള പ്രദേശങ്ങളാണ്. വിഴിഞ്ഞം തീരക്കടലാകട്ടെ ജൈവവൈവിധ്യ സമ്പന്നമായ പ്രദേശവും. കടലിന്റെ അടിത്തട്ടിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും വലിയ രീതിയിൽ തുറമുഖ നിർമ്മാണം ബാധിച്ചിട്ടുണ്ട്. ഈ ജൈവവൈവിധ്യത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കടൽപ്പണിക്കാരുടെ ജീവിതത്തെ അത് എങ്ങനെയെല്ലാം ബാധിക്കും എന്നത് ഇനിയും പഠിക്കപ്പെടേണ്ട കാര്യമാണ്. തിരുവനന്തപുരം ന​ഗരത്തിൽ നിന്നും ഏകദേശം 17 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ഫിഷിം​ഗ് ഹാർബർ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതമാർ​ഗമാണ്. 1962 സെപ്തംബർ 12 നാണ് മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിട്ടത്. ഏറെ വർഷങ്ങളെടുത്താണ് നിർമ്മാണം പൂർത്തിയായത്. ഇപ്പോഴും ഏറെ അസൗകര്യങ്ങൾ ഈ തുറമുഖത്ത് നിലനിൽക്കുന്നുണ്ട്. കാലവർഷത്തിൽ മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി കാരണം വള്ളങ്ങൾക്ക് ഹാർബർ മൗത്ത് വഴി വരുന്നതിനും പോകുന്നതിനും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. മൗത്തിൽ വലിയ തോതിൽ മണ്ണടിഞ്ഞിട്ടുമുണ്ട്. രാജ്യാന്തര തുറമുഖ പദ്ധതി നടപ്പാകുന്നതിനോടനുബന്ധിച്ച് ചില പരിഷ്കരണങ്ങൾ വിഴിഞ്ഞം ഫിഷിം​ഗ് ഹാർബറിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒരു മതിലിനപ്പുറം കൂറ്റൻ കപ്പലുകൾ വരുന്ന അന്താരാഷ്ട്ര തുറമുഖം. ഇപ്പുറം നൂറുകണക്കിന് വള്ളങ്ങൾ ദിവസവും കടലിൽ പോകുന്ന ചെറിയ ഹാർബർ. വിഴിഞ്ഞത്ത് കപ്പൽ വന്ന് കിടക്കുന്നതുകൊണ്ട് മത്സ്യബന്ധനത്തിനായി തീരക്കടലിലെ പാരുകളിലേക്ക് പോകാൻ അച്ഛനെ പൊലീസ് സമ്മതിക്കാതിരുന്ന സംഭവം വിപിൻ ദാസ് തോട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. വളരെ പ്രധാനപ്പെട്ട ആശങ്കയാണ് വിപിൻ പങ്കുവച്ചത്. കടലിനെയും കടൽവിഭവങ്ങളെയും മാത്രമാശ്രയിച്ച് അതിജീവനം നടത്തുന്ന മനുഷ്യരെ തുറമുഖം ഏങ്ങനെയാണ് ബാധിക്കാൻ പോകുന്നത്?

2015 ൽ അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ഹാർബറും പദ്ധതി പ്രദേശവും ക്യാമറയിൽ പകർത്തുന്നതിനായി വിഴിഞ്ഞത്തേക്ക് പോയിരുന്നു. ഒമ്പത് വർഷങ്ങൾക്ക് ശേഷം, സാൻ ഫെർണാൺഡോ കപ്പൽ തീരത്തെത്തുന്നതിന് മുമ്പുള്ള മഴ ദിവസം വീണ്ടും ഹാർബറിലെത്തി. 2015 ൽ കണ്ടതുപോലെ ഹാർബർ സജീവം. ഔട്ട് ബോർഡ് വള്ളങ്ങളിൽ ഹാർബറിലേക്ക് മീനുകൾ എത്തിക്കൊണ്ടേയിരുന്നു. ഉച്ചത്തിലുള്ള ലേലം വിളികളും കച്ചവടം ഉറപ്പിക്കലും. മാറ്റമില്ലാത്ത ആ തിരക്കിട്ട ജീവിതത്തിനപ്പുറം അന്താരാഷ്ട്ര കണ്ടെയ്നറുകളെ കാത്തുനിൽക്കുന്ന കൂറ്റൻ ക്രെയ്നുകളുടെ തലപ്പുകൾ ഇന്ന് കാണാം. അന്ന് ആ കാഴ്ചയുണ്ടായിരുന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. പ്രതീക്ഷയുടേതോ അപായത്തിന്റേതോ എന്ന് വ്യക്തമല്ലാത്ത ആ കാഴ്ചകളെ 2015 ൽ പകർത്തിയ ഫോട്ടോകൾക്കൊപ്പം ചേർത്തുവയ്ക്കുകയാണ് ഇവിടെ.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, 2015ലെ ചിത്രം.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, 2024 ജൂലായ് 9ന് അതേ സ്ഥലത്ത് നിന്നും എടുത്ത ചിത്രം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ക്രെയ്നുകൾ ഇപ്പോൾ കാണാം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 2024 ജൂലായ് 9ന് എടുത്ത ചിത്രം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിന് മുമ്പ് അതേ തീരം. 2015ലെ ചിത്രം.
വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്നുള്ള ചിത്രം. അകലെ ഹാർബർ മൗത്ത് കാണാം. 2024 ജൂലായ് 9ന് എടുത്ത ചിത്രം.
വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്നുള്ള ചിത്രം. അകലെ ഹാർബർ മൗത്ത് കാണാം. 2015 ചിത്രം.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, 2024 ജൂലായ് 9ന് എടുത്ത ചിത്രം.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, 2015ലെ ചിത്രം.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, 2024 ജൂലായ് 9ന് എടുത്ത ചിത്രം.
തീരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിന് മുമ്പ്. 2015ലെ ചിത്രം.
തീരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിന് ശേഷം. 2024 ജൂലായ് 9ന് എടുത്ത ചിത്രം.
തീരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിന് മുമ്പ്. 2015ലെ ചിത്രം.
അതേ തീരം ഇന്ന്. 2024ലെ ചിത്രം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read