വിഴിഞ്ഞം: ഭാവിയുടെ വികസന കവാടമോ, സാമ്പത്തിക ബാധ്യതകളുടെ ചതിക്കുഴിയോ?

“ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടുകൂടി വികസനത്തിന്റെ അനന്ത സാധ്യതകൾ തന്നെയായിരിക്കും സംസ്ഥാനത്ത് തുറക്കപ്പെടുന്നത്.” ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2024ലെ സംസ്ഥാന ബജറ്റിലെ വാചകങ്ങളാണിത്.

1970 കളുടെ അവസാനത്തിൽ ചൈനയിൽ രൂപം കൊടുത്ത ഡവലപ്മെന്റ് സോണ്‍ എന്ന ആശയം ഉൾക്കൊണ്ട് വിഴിഞ്ഞം കേന്ദ്രീകരിച്ച് സ്പെഷ്യൽ ഡെവലപ്പ്മെന്റ് സോണുകൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ, പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടും സ്വകാര്യ നിക്ഷേപം ആകർഷിച്ചുകൊണ്ടുമാകും ഇത് സാധ്യമാക്കുന്നതെന്നും ബജറ്റിൽ പറയുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ കേരളം തയ്യാറാകേണ്ടതുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിടയിൽ.

തുറമുഖം മെയ് മാസത്തിൽ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കുമെന്നും റെക്കോഡ് വേഗത്തിൽ സ്ഥാപിത ശേഷിയിലേക്ക് പ്രവർത്തനങ്ങൾ എത്തിച്ചേരുമെന്നുമുള്ള സ്വപ്നങ്ങളും ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി പങ്കുവയ്ക്കുകയുണ്ടായി.സ്വകാര്യ മൂലധന നിക്ഷേപത്തിന് ഊന്നൽ കൊടുക്കുന്ന കേരള ബജറ്റ്, സ്വകാര്യ നിക്ഷേപത്തിനുള്ള ​പ്രധാന ഇടമായി പരി​ഗണിക്കുന്നത് വിഴിഞ്ഞത്തെയാണ് എന്ന് വ്യക്തം. തുറമുഖം എന്നതിനേക്കാൾ അനുബന്ധമായി കിട്ടുന്ന ഭൂമിയിൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് നടത്തുക എന്നതാണ് അദാനിയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചിരുന്നവരുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് ബജറ്റിലെ ഈ നയം. തുറമുഖ നിർമ്മാണം അദാനിക്ക് കൈമാറുന്ന കാലത്ത് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച ഗവേഷകനും ആക്ടിവിസ്റ്റുമായ ജോസഫ് വിജയൻ ബജറ്റിലെ ഈ പരാമർശങ്ങളോട് ഇപ്രകാരം പ്രതികരിക്കുന്നു.

“വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ചില പദ്ധതികൾ വരുന്നു എന്ന് പറയുന്നത് ഗൗരവമായി എടുക്കേണ്ട കാര്യമാണ്. എന്നാൽ ഈ പദ്ധതികളൊന്നും തീരത്തല്ല വരുന്നത്. റിയൽ എസ്റ്റേറ്റ് എന്ന് പറയുമ്പോൾ ലാന്റ് ബേസ്ഡ് ആണ്. പുതിയൊരു റോഡ് ഉണ്ടാക്കുന്നുണ്ട്, നാവായിക്കുളം വിഴിഞ്ഞം റോഡ്. വലിയ വീതി കൂടിയ റോഡാണ്. ഈ റോഡിന് വേണ്ടി സ്ഥലമെടുക്കാൻ പ്രത്യേകം നിയമ നിർമ്മാണം നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. അദാനി പോർട്ട് ചീഫ് എക്സ്ക്യൂട്ടീവ് രണ്ട് വർഷം മുന്നേ ചേംബർ ഓഫ് കൊമേഴ്സിന്റെ മീറ്റിങ്ങിന് അവതരിപ്പിച്ച കാര്യങ്ങളാണ് ധന മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. അദാനിക്ക് തന്നെ വലിയ പദ്ധതികളുണ്ട് ഇവിടെ. പോർട്ടുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് കൂടി ഉൾപ്പെടുത്തിയ ശേഷമാണ് അദാനി ബിഡിൽ പങ്കെടുത്തത്. ഇതൊരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്ന് ഞാൻ ആദ്യം മുതൽ പറയുന്നതാണ്, അതിന് രേഖകളുമുണ്ട്. ഈ പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോർട്ട് വിശദമായി വായിച്ചാൽ തന്നെ അത് മനസിലാകും. പോർട്ടിന് വേണ്ടി മുടക്കുന്നതിനേക്കാൾ കൂടുതൽ തുക അദാനി മുടക്കാൻ പോകുന്നത് റിയൽ എസ്റ്റേറ്റിലാണ്.”

ജോസഫ് വിജയൻ

ചൈന ശ്രീലങ്കയിൽ നടപ്പിലാക്കിയ തുറമുഖ വികസന മാതൃകയാണ് ഇവിടെ പകർത്താൻ പോകുന്നതെന്നും അത് കേരളത്തെ കടുകത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ജോസഫ് വിജയൻ പറയുന്നു.

“ചൈനീസ് മാത‍‍ൃകയെന്ന് ബജറ്റിൽ പറയുന്ന രീതിയിലുള്ള പോർട്ടുമായി ബന്ധപ്പെട്ടുള്ള വികസനം തന്നെയാണ് ശ്രീലങ്കയിലും നടന്നത്. എന്നാൽ അതുകൊണ്ട് ശ്രീലങ്കക്ക് യാതൊരു ഗുണവും സാമ്പത്തികമായി ഉണ്ടായില്ല എന്ന് മാത്രമല്ല ശ്രീലങ്ക വലിയ കടക്കെണിയിലുമായി. മറിച്ച് നിക്ഷേപം നടത്തിയത് മുഴുവനും ചൈനാക്കാരാണ്. ചൈനക്ക് വേണ്ടിയുള്ള വികസനമായിരുന്നു അവിടെ നടന്നത്. അങ്ങനെയാണ് കടബാധ്യതയുണ്ടാകുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ നിയന്ത്രണത്തിലാണ്. പോർട്ട് അവരുടെ നിയന്ത്രണത്തിലാണ്. ഇനി വരുമെന്ന പറയുന്ന പോർട്ട് എസ്റ്റേറ്റ് ഡവലപ്പ്മെന്റിന്റെ മുഴുവൻ ഗുണവും നേടാൻ പോകുന്നതും അദാനിയായിരിക്കും. ബ്രേക്ക് വാട്ടർ കെട്ടുന്നതിന്റെ മുഴുവൻ പണവും കേരള സർക്കാരാണ് വഹിക്കുന്നത്,1400 കോടി രൂപ. മെയ് മാസത്തിൽ പ്രവർ‌ത്തനം തുടങ്ങുമെന്നാണ് പറയുന്നത്. അതിന് മുൻപ് തന്നെ കേരളം കൊടുക്കാനുള്ള പണം സമയത്ത് കൊടുത്താൽ ഡിസംബറിൽ പൂർത്തിയാക്കാമെന്നാണ് അദാനി പറയുന്നത്. പക്ഷേ, പണം ഇതുവരെ കൊടുത്തിട്ടല്ല. കൊടുക്കാതിരുന്നാലുള്ള പ്രശ്നമെന്താണെന്ന് പറഞ്ഞാൽ അദാനി പണം മുടക്കും. മുടക്കിയ പണം ലോണെടുത്തുവെന്നാണ് കണക്കിൽ കാണിക്കുന്നത്. ഇതിന്റെ പലിശയടക്കം കേരള സർക്കാർ അടയ്ക്കേണ്ടി വരും. സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന സർക്കാരിന് കയ്യിലുള്ള പണം മുഴുവൻ അദാനിക്ക് തന്നെ കൊടുക്കേണ്ടി വരും, ഇല്ലെങ്കിൽ കൂടുതൽ പ്രശ്നമാകും.”

വിഴിഞ്ഞം തുറമുഖം. കടപ്പാട് : myfinpoint.com

ബജറ്റിൽ അദാനിയുടെ പേര് പറയാതെയാണ് വിഴിഞ്ഞം കേരളത്തിന്റെ ഭാവിക്ക് ഗുണം ചെയ്യാൻ പോകുന്നുവെന്ന് ധനമന്തി പറഞ്ഞതെന്നും ജോസഫ് വിജയൻ‌ ചൂണ്ടിക്കാണിച്ചു. സ്പെഷ്യൽ ഡവലപ്പ്മെന്റ് സോൺ എന്ന രീതിയിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയെ പരി​ഗണിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും മറിച്ച് വളരെയധികം പാരിസ്ഥിതിക പ്രത്യാഘാതങ്ങളും തൊഴിൽ നഷ്ടവും സൃഷ്ടിക്കപ്പെടുമെന്നുമാണ് വിഴിഞ്ഞം ജനകീയ പഠന സമിതി അംഗവും കേരള ദുരന്തനിവാരണ അതോറിറ്റി മുന്‍ അധ്യക്ഷയുമായ കെ.ജി താരയുടെ അഭിപ്രായം.

“സൺറൈസ് ഇകോണമി എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് പെട്ടെന്നുള്ള വളർച്ച ലക്ഷ്യമാക്കി, മൂലധനമിറക്കിയുള്ള വ്യവസായ സംരഭങ്ങൾ അല്ലെങ്കിൽ സ്റ്റാർട്ടപ്പുകൾ അതാണ് സ്പെഷ്യൽ ഡെവലപ്മെന്റ് സോണിൽ ഉദ്ദേശിക്കുന്നത്. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട ബ്രേക്ക് വാട്ടർ അല്ലെങ്കിൽ യാർഡ്, ബെർത്ത്, കെട്ടിടങ്ങൾ അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, റെയിൽവേ കണക്റ്റിവിറ്റി, വൈദ്യുതി, കുടിവെള്ളം ഇതെല്ലാം ഒരു ഭാഗത്ത് പറയുന്നെണ്ടെങ്കിലും സ്പെഷ്യൽ ഡവലപ്മെന്റ് സോണിന്റെ ഉദാഹരണമായി പറയുന്നത് ചൈനയിലെ പോലെ നിക്ഷേപകരെ ആകർഷിക്കുക, അങ്ങനെ കേരളത്തിന് ഒരു വരുമാനമുണ്ടാക്കുക എന്നതാണ്. കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തലിൽ തന്നെ വളരെ വ്യക്തമായി പറയുന്നുണ്ട് ഈ വിഴിഞ്ഞം പദ്ദതി അദാനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന്. സംസ്ഥാന സർക്കാരിന് ലാഭമില്ല എന്ന സി.എ.ജിയുടെ കണ്ടെത്തൽ നിലനിൽക്കെ തന്നെയാണ് വീണ്ടും ചൈനയുടെ മാതൃകയിലുള്ള സ്പെഷ്യൽ ഡവലപ്മെന്റ് സോൺ എന്ന പ്രത്യേക വികസന മേഖലയാക്കി ഇതിനെ മാറ്റുമെന്ന് പറയുന്നത്. ചൈനയിലെ കണക്കുകൾ പരിശോധിച്ചാൽ വലിയ തോതിലുള്ള ലാന്റ് ലോസ് അതായത് പൊതു ഉടമസ്ഥതിയിലുള്ള ഭൂമി നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്നും, സാമൂഹിക അസമത്വം, വികസനത്തിലുള്ള അസമത്വം, റിയൽ എസ്റ്റേറ്റ് സ്പെകുലേഷൻസ് അതായത് ഊഹാപോഹ കച്ചവടങ്ങൾ ഇതൊക്കെ സ്പെഷ്യൽ ഡവലപ്മെന്റ് സോൺ വഴി വളരെയധികം കൂടിയിട്ടുണ്ടെന്നും കാണാം. ലേബർ വയലൻസ്, തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും, തൊഴിൽ ദാതാക്കൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളും ഒരുപാട് വർധിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകളുണ്ട്. അതുപോലെ ക്രൈം റേറ്റ് വളരെയധികം കൂടി. സമ്ഗ്ലി‍ങ്ങ്, സെക്സ് ട്രാഫിക്കിങ്, ബാലവേല എന്നിവ ഒരുപാട് കൂടി. എന്നിട്ടും ചൈനയിലേത് ഒരു ആകർഷകമായ നിക്ഷേപ മാതൃക എന്ന രീതിയിൽ നമ്മൾ‌ അവതരിപ്പിക്കുന്നത് ശരിയായ നിലപാടാണെന്ന് കരുതുന്നില്ല.” കെ. ജി താര വ്യക്തമാക്കി.

കെ.ജി താര

“ബജറ്റിൽ പറഞ്ഞിരിക്കുന്നത് വിഴിഞ്ഞത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി ദാരിദ്ര്യ മുക്തരാക്കുമെന്നാണ്. എത്ര കുടുംബമെന്ന് പറയുന്നില്ല, എന്ത് നടപടി എന്ന് പറയുന്നില്ല. എങ്ങനെയാണ് ഈ കുടുംബങ്ങളെ ദാരിദ്ര്യമുക്തരാക്കുന്നത് ? അതുപോലെ മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ അഞ്ച് വർഷം കൊണ്ട് നിർമ്മാർജനം ചെയ്യും എന്ന് മാത്രം ഒരു വാചകം പറയുകയാണ്. അത് എങ്ങനെയാണ്? എന്താണ് അതിന്റെ നടപടി ക്രമം. എ‌ന്തുതരം പദ്ദതികളാണ് അതിനായി വിഭാവന ചെയ്യുന്നത് ? വർധിച്ച തൊഴിൽ സാധ്യത കണക്കിലെടുത്ത് നൈപുണ്യ പരിശീലനം നൽകും എന്നൊരു വാചകം ഈ ബജറ്റ് പ്രസംഗത്തിൽ പറയുന്നുണ്ട്. പക്ഷേ, എന്തുതരം പരിശീലനമാണ് അവിടെ നൽകുക? കാരണം അവിടെ വരാൻ പോകുന്ന വ്യവസായങ്ങളും അവിടെ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളും എല്ലാം ടൂറിസം, തുറമുഖ നിർമ്മാണം, തുറമുഖവുമായി ബന്ധപ്പെട്ട മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ അല്ലെങ്കിൽ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇതൊക്കെയാണ്. ഒരുപാട് വൈദ​ഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലയാണത്. സി.എം.എഫ്.ആർ.ഐയുടെ 2016 ലെ കണുക്കൾ അനുസരിച്ച് അവിടെ പരമ്പാരാഗത മത്സ്യബന്ധനം മാത്രം അറിയുന്ന മുഴുവൻ സമയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 4950 ആണ്. 17,858 പേരാണ് വിഴിഞ്ഞം വില്ലേജിൽ മാത്രമുള്ളത്. ഏറ്റവും കൂടുതൽ മത്സബന്ധന കുടുംബങ്ങൾ (4483) ഉള്ള പ്രദേശമാണത്. ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ആശ്രയിച്ചിരുന്ന 27 ഓളം മത്സ്യബന്ധന വില്ലേജുകളുണ്ട്. അതിൽ 30,000 ത്തോളം മത്സ്യത്തൊഴിലാളികൾ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്ത് ഈ വിഴിഞ്ഞം തീരത്തെ കടലിനെ ആശ്രിയിച്ച് ജീവിച്ച ആളുകളാണ്.

വിഴിഞ്ഞം ഹാർബർ. കടപ്പാട്: അരുൺ.tmcjournal.in

മറൈൻ ഡൈവേഴ്സിറ്റി ഉള്ള മേഖലയാണെന്ന പഠനങ്ങളും നിരവധിയുണ്ട്. 12,000 പ്രത്യേക സ്പീഷിസുകൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ 2017 ലെ പഠനത്തിൽ പറയുന്നു. ഈ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ് മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തിക്കൊണ്ടിരുന്നത്. അവരുടെ നൈപുണ്യ പരശീലനം എന്ന് പറയുമ്പോൾ അവർക്ക് ഏത് രീതിയുലുള്ള പരിശീലനം കൊടുത്താലാണ് ഇത്രയും കുടുംബങ്ങളുടെ ഉപജീവന മാർഗം ഉറപ്പിക്കാൻ സാധിക്കുക. അതൊന്നും ഈ ബജറ്റിൽ പറയുന്നില്ല. അവിടെ ഇപ്പോൾ തന്നെ ജൈവവൈവിധ്യ ശോഷണം നടന്നുവെന്നുള്ളത് ഉറപ്പാണ്. ഇനിയും സ്പെഷ്യൽ ഡലവപ്പ്മെന്റ് സോൺ വഴി വരുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ലക്ഷ്യമാക്കുന്നത് ജൈവവൈവിധ്യ സമ്പത്തിനെ പരിപോഷിക്കുക എന്നുള്ളതല്ല, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നതാണ്. ഇക്കോ സിസ്റ്റം സർവീസസിലൂടെ ജൈവവൈവിധ്യ സമ്പത്ത് ഒരു കൊല്ലം നമുക്ക് തന്നുകൊണ്ടിരുന്നത് 362 കോടി രൂപയാണ്. അത് പൂർണമായും ഇല്ലാതാക്കുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ വിഭാവന ചെയ്തിരിക്കുന്നത്. കട്ടമരം കൊണ്ട് ഉപജീവനം നടത്തിയിരുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് തുറമുഖം വന്നുകഴിഞ്ഞപ്പോൾ നഷ്ട പരിഹാരമായി കൊടുത്തത് 82,440 രൂപയാണ്. ആജീവനാന്ത കാലം ഈ തുക ഒരു നഷ്ടപരിഹാരമാണോ? ഓരോ മാസവും അവർ വരുമാനം കണ്ടെത്തിക്കൊണ്ടിരുന്നവരാണ്. വീട് നഷ്ടപ്പെട്ടവർക്കെല്ലാം വീട് കൊടുത്തിട്ടില്ല. മണ്ണെണ്ണ സബ്സിഡിയുടെ കാര്യം പറയുന്നില്ല. അതുപോലെ മിനിമം വേതനം ഉറപ്പുവരുത്താനുള്ള നടപടികളില്ല.”

കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ, വലിയതുറ. ഫോട്ടോ:ആരതി എം.ആർ

ബജറ്റിലെ അവ്യക്തതകൾ കെ.ജി താര വിശദമാക്കി.പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള തുക വകയിരുത്തുക എന്നുള്ളതാണ് ഇപ്പോൾ ഏറ്റവും പ്രധാന കാര്യമെന്നും എന്നാൽ അതിന് പകരം വികസന പ്രവർത്തനങ്ങൾക്ക് മാത്രം ഊന്നൽ നൽകുകയാണെന്നും താര ചൂണ്ടിക്കാട്ടി.

“ചൈനയിൽ സ്പെഷ്യൽ ഡെവലപമെന്റ് സോണായി മാറ്റുന്ന എല്ലാ ഭൂമിയും സർക്കാരിന്റെ ഉടമസ്ഥയിലുള്ളതാണ്. നേരെ മറിച്ച് ഇവിടെ കാരിറിൽ പറഞ്ഞിരിക്കുന്നത് ഈ ഭൂമി വേണമെങ്കിൽ അവർക്ക് റവന്യൂ കണ്ടത്താൻ പണയപ്പെടുത്താം എന്നാണ്. ഏകദേശം 10,000 ഏക്കർ ഭൂമി 50 കി.മീ ചുറ്റളവിൽ സ്പെഷ്യൽ ഡെവലപ്പ്മെന്റ് സോണായി പ്രഖ്യാപിക്കുമ്പോൾ തീരദേശത്തെ തീറെഴുതി കൊടുക്കുന്നതിന് തുല്യമാണ്. അത് സർക്കാരിന്റെ ഭൂമി അന്യാധീനപ്പെട്ട് പോകുന്നതിന് തുല്യമാണ്. മാത്രമല്ല ഈ തീരം, അവിടെയുള്ള മണൽക്കൂനകൾ, ചെറിയ കുറ്റിക്കാടുകൾ ഇതെല്ലാം കലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാുള്ള സ്വാഭാവികമായ കാര്യങ്ങളാണ്. അതെല്ലാം ഇല്ലാതാക്കുന്ന ബജറ്റ് നിർദ്ദേശം പാരിസ്ഥിതിക ദുരന്തത്തെയാണ് വിളിച്ചുവരുത്തുന്നത്.” കെ.ജി താര പറഞ്ഞു.

അവ​ഗണിക്കപ്പെട്ട റിപ്പോർട്ട്ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.വി തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സൃഷ്ടിക്കുന്ന ആഘാതം വിശദമാക്കുന്ന ജനകീയ പഠന സമിതി റിപ്പോർട്ട് 2023 നവംബറിവൽ പുറത്തുവന്നിരുന്നു. തിരുവനന്തപുരം മത്സ്യത്തൊഴിലാളി ജനകീയ സമര സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ മുൻകൈയിൽ നടന്ന സമരത്തെ പൊലീസ് അടിച്ചമർത്തിയതിനെ തുടർന്നാണ് ഇത്തരമൊരു പഠനത്തിലേക്ക് സമര സമിതി നീങ്ങുന്നത്. പ്രൊഫീർ ബാനർജി, സരിതാ ഫെർണാണ്ടസ്, ഡോ. ജോൺ കുര്യൻ, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി താര, ഡോ. ജോൺസൺ ജമന്റ് എന്നിവരാണ് ജനകീയ പഠന സമിതി അംഗങ്ങൾ. തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ച് ചരിത്രകാരൻ രാമചന്ദ്ര ​ഗുഹ പ്രകാശനം ചെയ്ത റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ആഘാതങ്ങൾ ശാസ്ത്രീയമായി വ്യക്തമാക്കുന്ന ഈ റിപ്പോർട്ട് മേശപ്പുറത്തിരിക്കെയാണ് നേർവിപരീതമായ ഒരു നിലപാട് സർക്കാർ ഏകപക്ഷീയമായി കൈക്കൊള്ളുന്നത്.

“ജനകീയ പഠന സമിതി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ജനകീയ പഠന സമിതിക്കോ മത്സ്യത്തൊഴിലാളികൾക്കോ വേണ്ടി മാത്രമല്ല അത് പൊതുസമൂഹത്തിനും, പരിസ്ഥിതി പ്രവർത്തകർ, ഭരണാധികാരികൾ എല്ലാവർക്കും വേണ്ടിയാണ്. ഞങ്ങൾ അത് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ എത്തിച്ചു കഴിഞ്ഞു. വിഴിഞ്ഞം പദ്ധതി സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ച് അതിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ആവശ്യപ്പെടുന്നത് ഇത് ഒരു തുറന്ന ചർച്ചക്ക് വെക്കണമെന്നാണ്.” സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പരേര അഭിപ്രായപ്പെട്ടു.

ഫാ. യൂജിൻ പരേര

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഡോ. എം കുദാലെ അദ്ധ്യക്ഷനായ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. പോർട്ട് നിർമ്മിക്കുമ്പോഴുള്ള ആഘാതങ്ങളും അതിന്റെ ഫലങ്ങളും പഠിച്ച് നാല് മാസം കൊണ്ട് ഇന്ററിം റിപ്പോർട്ടും ആറു മാസം കൊണ്ട് പൂർണ്ണ റിപ്പോർട്ടും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം എന്താണ് പാലിക്കപ്പെടാത്തത് എന്നും ഫാ. യൂജിൻ പരേര ചോ​ദിക്കുന്നു. “കേരളത്തിന്റെ വികസനവും വളർച്ചയും ഒക്കെ ആഗ്രഹിക്കുന്നവർ തന്നെയാണ് മത്സ്യത്തൊഴിലാളികൾ. അതിന് വേണ്ടി വലിയ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുമാണ്. പക്ഷേ ഏകപക്ഷീയമായി ഒരു സമീപനമെടുക്കുമ്പോൾ അത് സംസ്ഥാനത്തിനും അതോടൊപ്പം തന്നെ ഈ മേഖലക്കും എന്തുമാത്രം ആദായകരമാകും എന്നുള്ളതിനെ കുറിച്ച് ഇനിയും വിചിന്തനം ചെയ്ത് ഗൗരവമേറിയ നിലപാടുകൾ സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം.”

ആർബിട്രേഷനിലും അദാനിക്ക് വഴങ്ങി സർക്കാർ

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആർബിട്രേഷൻ (ഉടമ്പടി പ്രകാരമുള്ള കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ഉള്ള നിയമപരമായ മദ്ധ്യസ്ഥത) നടപടികളിൽ അദാനിക്ക് പൂർണമായും വഴങ്ങുന്ന തരത്തിൽ സർക്കാർ നിലപാടുണ്ടാകുന്നത് ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ്. ബജറ്റിലെ വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങളോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഈ നടപടി. നിർമ്മാണത്തിൽ കാലതാമസം വരുത്തിയതിലുള്ള നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികളാണ് ഏകപക്ഷീയമായി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് (എ.വി.പി.പി.എൽ) 2019 ഡിസംബർ മൂന്നിനാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ല. ഓഖി, പ്രളയം, സമരം, പാറ ലഭ്യമാകാതെയിരുന്നത് തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും കാലാവധി നീട്ടി നല്‍കണമെന്നും എ.വി.പി.പി.എല്‍ ആവശ്യപ്പെട്ടെങ്കിലും അദാനി ഗ്രൂപ്പിന്റെമാത്രം വീഴ്ചകൊണ്ടാണ് കാലാവധിക്കുള്ളിൽ പണി തീരാത്തതെന്ന നിലപാടിൽ ഉറച്ചുനിന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (വിസിൽ) അദാനിയുടെ ആവശ്യം നിരസിച്ചിരുന്നു. കൃത്യമായി കരിങ്കല്ല് കണ്ടെത്താൻ കഴിയാത്തതാണ് വൈകിയതിനുള്ള കാരണമെന്ന് സർക്കാർ പലതവണ നിയമസഭയിലും പറഞ്ഞിട്ടുണ്ട്. കരിങ്കല്ല് കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും ആർബിട്രേഷന്‍ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. 3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എ.വി.പി.പി.എല്‍ ആര്‍ബിട്രേഷന്‍ ഹര്‍ജി നല്‍കിയപ്പോൾ വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡി (വി.ഐ.എസ്.എല്‍) ന്റേത് 911 കോടി രൂപയുടെ കൗണ്ടര്‍ ക്ലെയിമായിരുന്നു. 2022 ഒക്ടോബറിൽ അന്തിമ അനുമതി ലഭിച്ചെങ്കിലും ആർബിട്രേഷൻ നിലനിൽക്കുന്നതിനാൽ വയബിലിറ്റി ​ഗ്യാപ് ഫണ്ട് (വി.ജി.എഫ്) തുകയായ 817.80 കോടി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാലിപ്പോൾ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കാനാണ് ഫെബ്രുവരി രണ്ടാം വാരം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനായാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.ആർബിട്രേഷൻ ഏകപക്ഷീയമായി അവസാനിപ്പിക്കാനുള്ള നടപടിയിലൂടെ അദാനിയോട് പൂർണ്ണമായും അടിയറവ് പറഞ്ഞരിക്കുകയാണ് സർക്കാർ എന്ന് ജോസഫ് വിജയൻ ചൂണ്ടിക്കാണിക്കുന്നു.

2017 നവംബറിൽ ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളിയായ മകൻ സെബാസ്റ്റ്യൻ്റെ കുഴിമാടത്തിൽ പ്രാർത്ഥിക്കുന്ന വിഴിഞ്ഞം സ്വദേശിനി ബ്ലസിത പത്രോസ്. കടപ്പാട്:scroll.in

“ആർബിട്രേഷന് മൂന്ന് ജഡ്ജിമാരാണുള്ളത്. അദാനി ഗ്രൂപ്പിന്റേത്, വിസിലിന്റേത്, രണ്ട് കക്ഷികളും ചേർന്നുള്ള ജഡ്ജി. ആർബിട്രേറ്ററായി ഇരിക്കുന്നതിനുള്ള ഫീസ് ജ‍‍ഡ്ജിമാർക്ക് നൽകണം. ഇത് ഓരോ കക്ഷിയും അവരവരുടെ കയ്യിൽ നിന്ന് നൽകണം. വർഷങ്ങളായി ഈ ആർബിട്രേഷൻ തുടങ്ങിയിട്ട്. കേന്ദ്ര ഗവൺമെന്റ് വയബിലിറ്റി ഗ്യാപ് ഫണ്ട് കൊടുക്കാനായിട്ട് തീരുമാനിക്കുന്നതിന് നിരവധി നിബന്ധനകൾ ഉണ്ട്. പോർട്ട് എസ്റ്റേറ്റ് ഡവലപ്മെന്റ് എന്ന് പറയുന്നതിനെ ഏറ്റവും ആദ്യം എതിർത്തത് ഫിനാൻസ് മിനിസ്ട്രിയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സംബന്ധിച്ച് അവർ പറഞ്ഞിരിക്കുന്നത് പോർട്ടുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് പാടില്ലെന്നാണ്. ആ കണ്ടിഷനിലേ വി.ജി.എഫ് തരൂ എന്നാണ് പറഞ്ഞിരുന്നത്. ഇനിയിപ്പോൾ അദാനി ആയതുകൊണ്ട് കേന്ദ്ര ഗവൺമെന്റ് ചിലപ്പോൾ അത്തരം നിബന്ധനകൾ ഒഴിവാക്കിയിരിക്കാം. വി.ജി.എഫ് അനുവദിക്കുമ്പോൾ അദാനിക്ക് ഈ പോർട്ട് കൊടുത്തിട്ടില്ലായിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് എന്ന് പറയുന്നത് ഗ്രാന്റ് അല്ല, തിരിച്ചുകൊടുക്കണം. കേരള സർക്കാർ കൊടുക്കണം, അദാനിയല്ല കൊടുക്കേണ്ടത്. സോഫ്റ്റ് ലോണാണ് അത്. എല്ലാവരും ഗ്രാന്റ് സൗജന്യമായി തരുന്നു എന്നാണ് വി.ജി.എഫിനെ കാണുന്നത്. അന്തിമമായി ഈ പണത്തിന്റെ ബാധ്യത കേരള സർക്കാരിന്റേതാണ്.”

ആദ്യഘട്ടം ഈ വർഷം പൂർത്തിയാക്കുമെന്ന് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം റോഡ്-റെയിൽ കണക്റ്റിവിറ്റി ആണ്. റോഡ് ഇപ്പോൾ തന്നെ തർക്കത്തിലൊക്കെ കിടക്കുകയാണ്. റെയിൽ ഒന്നും ആയിട്ടില്ല. പാരിസ്ഥിതിക ആഘാത പഠനം നടത്തേണ്ടതുണ്ട്. വിഴിഞ്ഞത്തേക്കുള്ള റെയിൽ കണക്റ്റിവിറ്റിയും സംസ്ഥാന സർക്കാരിന്റെ ബാധ്യത ആണ്. പണം ഇല്ലാതെ ഞെരുങ്ങുന്ന സർക്കാർ എവിടെ നിന്നാണ് ഇതിന് പണം കണ്ടെത്താൻ പോകുന്നതെന്നും ജോസഫ് വിജയൻ ചോദിക്കുന്നു.

“ഓഖി പോലെ ഉള്ള പ്രകൃതി ദുരന്തങ്ങൾ എപ്പോൾ സംഭവിക്കുമെന്നൊന്നും പറയാൻ പറ്റില്ല. ഇനി അടുത്തൊരു ദുരന്തം ഉണ്ടാകുമ്പോഴായിരിക്കും ഇതൊക്കെ വീണ്ടും ചർച്ച ചെയ്യപ്പെടുക. വിഴിഞ്ഞം പോർട്ട് തന്നെ പരിശോധിച്ച് നോക്കിയാൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കടലിൽ നിലകൊള്ളുന്ന ഒരു തുറമുഖം വിഴിഞ്ഞം മാത്രമാണ്. ബാക്കി എല്ലാ തുറമുഖങ്ങളും കടലിൽ നിന്ന് കരയിലേക്ക് വെള്ളം കയറിക്കിടക്കുന്ന കായലുകളിലോ ഉൾകടലുകളിലോ ആണ്. കാലാവസ്ഥാ പ്രശ്നങ്ങളെ പ്രകൃതിയാൽ തന്നെ നേരിടാൻ കഴിയുന്ന തരത്തിൽ പ്രകൃതി തന്നെ സൗകര്യമൊരുക്കിയിട്ടുള്ള മേഖലകളിലാണ്. വിഴിഞ്ഞത്ത് കടൽ നികത്തി, കടലിൽ തന്നെയാണ് പോർട്ട് പണിഞ്ഞിരിക്കുന്നത്. വിഴിഞ്ഞം പോലെ ഒരു തുറമുഖത്ത് ഓഖി പോലൊന്ന് വീണ്ടും ഉണ്ടായാൽ അവിടെ കെട്ടിവെച്ചിരുക്കുന്ന സകലതും തകർന്ന് തരിപ്പണമാകും. ആത്യന്തികമായി ഇതിന്റെ നഷ്ടം സഹിക്കേണ്ടി വരുക അദാനിയായിരിക്കില്ല, കേരള സർക്കാർ ആയിരിക്കും. കാരണം പണം മുടക്കിയിരിക്കുന്നത് കേരള സർക്കാരാണ്.” ജോസഫ് വിജയൻ വിശദമാക്കി.ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞ തുറമുഖം എന്ന് ബജറ്റിലൂടെ പറയുന്ന സർക്കാരിന് ഇക്കാര്യങ്ങൾ പരി​ഗണിക്കാതെ പോകാൻ കഴിയില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 23, 2024 3:51 pm