മുന്ദ്രയും വിഴിഞ്ഞവും: പ്രതിരോധത്തിന്റെ വിജയവും പരാജയവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ നങ്കൂരമിട്ടിരിക്കുന്നു. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസത്തെ യാത്ര പൂർത്തിയാക്കിയാണ് സാൻഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിച്ചേർന്നത്. മലയാളം മാധ്യമങ്ങളെല്ലാം വലിയ പ്രധാന്യം നൽകി മദർഷിപ്പിന്റെ വരവിനെ ആഘോഷമാക്കി. അതേസമയം, അദാനിക്ക് വിട്ടുകൊടുത്ത 266 ഏക്കര്‍ ഭൂമി കാലിയെ മേയ്ക്കുന്നതിനായി കർഷകർ തിരിച്ചുപിടിച്ച ഒരു സംഭവം കുറച്ച് ദിവസം മുമ്പുണ്ടായെങ്കിലും വേണ്ടത്ര പ്രാധാന്യത്തോടെ അത് വാർത്തകളിൽ ഇടം നേടിയില്ല. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖവും അദാനിയുടെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖവുമായ ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് ഈ വാർത്ത. 2005ല്‍ അദാനി പോര്‍ട്ട്‌സിന് കച്ച് മേഖലയിലെ നവിനാൽ ഗ്രാമത്തിൽ ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച 266 ഏക്കര്‍ ഭൂമി കന്നുകാലികള്‍ക്ക് മേയാനായി ഗ്രാമീണര്‍ക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നത് സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തെങ്കിലും പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ​ഗ്രാമീണർ. തദ്ദേശീയരുടെ മുൻകൈയിൽ സമാനമായ സമരം നടന്ന സ്ഥലമാണ് വിഴിഞ്ഞവും. എന്നാൽ ആ സമരം ഉന്നയിച്ച ആവശ്യങ്ങൾ ഇപ്പോഴും പരി​ഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

സാൻഫെർണാണ്ടോ നങ്കൂരമിടുന്നു. കടപ്പാട്:myfin

തുറമുഖ പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾ വരുന്ന കാലത്തുതന്നെ പദ്ധതിക്കെതിരെ സമരം നടന്നിരുന്ന സ്ഥലമായിരുന്നു വിഴിഞ്ഞം. ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയുയർത്തി മത്സ്യത്തൊഴിലാളികളാണ് സമരവുമായി രംഗത്തുവന്നത്. മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്ന വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനോട് ചേർന്നുതന്നെയാണ് അന്താരാഷ്ട്ര തുറമുഖവും വരുന്നത്. മത്സ്യബന്ധനത്തിന് പദ്ധതി മൂലം തടസ്സമൊന്നുമുണ്ടാകില്ല എന്ന ഉറപ്പിലാണ് പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയത്. എന്നാൽ തുറമുഖ നിർമ്മാണം ആരംഭിച്ചതോടെ വിഴിഞ്ഞം മുതൽ വടക്കോട്ടുള്ള തീരങ്ങളിൽ തീരശോഷണം വ്യാപകമാവുകയും വീടുകൾ തകരുകയും വള്ളമിറക്കാൻ പോലും സ്ഥലമില്ലാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അത് സാരമായി ബാധിച്ചതോടെ 2021ൽ വീണ്ടും ശക്തമായ സമരങ്ങൾക്ക് വിഴിഞ്ഞം സാക്ഷിയായി. ‘കടൽ കടലിൻ മക്കൾക്ക്’ എന്ന ആവശ്യം നിറവേറ്റാൻ പാർലമെന്റിൽ നിയമം കൊണ്ടുവരിക, തുറമുഖ നിർമാണം നിർത്തിവെച്ച് സമരമുന്നണിയിലെ മൂന്നു പ്രതിനിധികളും വിദഗ്ധരും ഉൾ​പ്പെടുന്ന സമിതിയെവെച്ച് ശാസ്ത്രീയ പഠനം നടത്തുക, സമ്പൂർണ നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കുക, പരമ്പരാഗത മത്സ്യ ബന്ധനത്തിനുള്ള സാഹചര്യങ്ങൾ തടസ്സപ്പെടാതിരിക്കുക, ഫിഷിങ് ഹാർബർ നവീകരിച്ച് ഉപയോഗയോഗ്യമാക്കുക തുടങ്ങിയവയാണ്​ സമരം ആവശ്യമായി ഉയർത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെയാണ് അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങൾ സമുദ്രത്തിലും തീരത്തും ഉണ്ടായത്. അതും സമരം ശക്തിപ്പെടാൻ കാരണായി മാറി. മത്സ്യബന്ധനത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. കപ്പൽചാൽ 20 മീറ്റർ വരെ താഴ്ത്തി എടുക്കാൻ ഡ്രഡ്ജിങ് നടത്തിയത് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് 138 ദിവസം നീണ്ട സമരം അന്ന് അവസാനിച്ചതെങ്കിലും ആവശ്യങ്ങളൊന്നും വേണ്ടവിധം പരി​ഗണിക്കപ്പെട്ടിട്ടില്ല. തുറമുഖം പ്രവർത്തനം ആരംഭിക്കുമ്പോഴും സമരം ഉന്നയിച്ച ആശങ്കകൾ വിഴിഞ്ഞത്ത് അവശേഷിക്കുകയാണ്.

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന്റെ ഭാ​ഗമായി നടന്ന മാർച്ച്. പിന്നിൽ കാണുന്നത് പുലിമുട്ടിന്റെ നിർമ്മാണത്തിനായി കൂട്ടിയിട്ട പാറക്കല്ലുകൾ. കടപ്പാട്:mediaone.

ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട, 8000 മുതൽ 9000 വരെ ‍ടി.ഇ.യു ശേഷിയുള്ള സാൻഫെർണാണ്ടോ എന്ന കപ്പൽ രണ്ടായിരത്തോളം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചിരിക്കുന്നത്. ജൂലൈ 12ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആദ്യ കപ്പലിനെ കേരളത്തിലേക്ക് വരവേൽക്കും. ഈ ട്രയൽ ഓപ്പറേഷൻ രണ്ട്-മൂന്ന് മാസത്തേക്ക് തുടരാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ 400 മീറ്ററോളം നീളമുള്ള കണ്ടെയ്നർ കപ്പലുകളും തുറമുഖത്തെത്തും. ഈ വർഷം സെപ്തംബർ-ഒക്ടോബർ മാസത്തോടെ വിഴിഞ്ഞം തുറമുഖം പൂർണമായി കമ്മീഷൻ ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. തുറമുഖത്ത് ആദ്യ കപ്പൽ എത്തിയെങ്കിലും കടലേറ്റത്തിൽ വീട് നഷ്ടപ്പെട്ടവർ ഇനിയും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. നിരവധി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ സമരം തുടരാനാകാത്ത സ്ഥിതിയിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തിച്ചേരുകയും ചെയ്തു.

കച്ചിലെ പോരാട്ടം

അദാനിയുടെ മുന്ദ്ര പോർട്ട്സിന് വേണ്ടി വൻതോതിൽ ഭൂമി ഏറ്റെടുത്തത് കർഷകരേയും അവരുടെ വരുമാനമാർ​ഗമായ കന്നുകാലികളുടെ നിലനിൽപ്പിനേയും പ്രതികൂലമായി ബാധിച്ചിരുന്നു. മുന്ദ്ര തുറമുഖത്തിന്റെ ഭാ​ഗമായ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് വേണ്ടിയാണ് 2005ൽ അന്നത്തെ ​ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കച്ചിൽ ഭൂമി വിട്ടുനൽകിയത്. 2010-ൽ അദാനി ​ഗ്രൂപ്പ് പ്രദേശത്തെ തമ്മിൽ വേർതിരിച്ചുകൊണ്ട് വേലി കെട്ടിയപ്പോൾ മാത്രമാണ് ​ഗ്രാമീണർ അക്കാര്യം അറിയുന്നത്. കാലി മേയ്ക്കുന്ന ഭൂമി വിട്ടുനൽകുന്നതിലൂടെ ജീവനോപാധി നഷ്ടമാകുമെന്ന് മനസിലാക്കിയ ​ഗ്രാമീണർ 2011-ൽ പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കാലിവളർത്തൽ ​പ്രധാന തൊഴിലായ ​പ്രദേശത്ത് എഴുന്നൂറിൽ അധികം കന്നുകാലി സമ്പത്താണുള്ളത്. അവയ്ക്ക് മേയാൻ ഏകദേശം 130 ഹെക്ടർ സ്ഥലം ആവശ്യമായി വന്നിരുന്നു. എന്നാൽ അദാനി ​ഗ്രൂപ്പിന് വിട്ടുനൽകിയതിന് ശേഷം അവശേഷിച്ചത് ആകെ 17 ഹെക്ടർ മാത്രം. 387 ഹെക്ടർ സർക്കാർ ഭൂമിയും 85 ഹെക്ടർ പഞ്ചായത്ത് ഭൂമിയും വിട്ടു നൽകാൻ 2014-ൽ കോടതി നിർദ്ദേശത്തെ തുടർന്ന് തീരുമാനമായെങ്കിലും പദ്ധതി നടപ്പിലായില്ല. പിന്നീട് ആ ഉത്തരവിൽ പാകപിഴയുണ്ടെന്ന വാദമുന്നയിച്ചുകൊണ്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരം നൽകാൻ മതിയായ ഭൂമിയില്ലാത്തതിനാൽ കുറച്ചുമാറി സ്ഥലം നൽകാമെന്ന സർക്കാരിന്റെ വാദത്തെയും ​ഗ്രാമീണർ എതിർത്തു. അതിലാണ് കഴിഞ്ഞ ദിവസം ​ഗ്രാമീണർക്ക് അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്നുണ്ടാകുന്നത്. തു‌‌ടർന്ന് ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന റവന്യൂ വകുപ്പിനും കച്ച് കളക്ടർക്കും ചീഫ് ജസ്റ്റിസ് സുനിത അ​ഗർവാൾ, ജസ്റ്റിസ് പ്രണവ് ത്രിവേദി, എന്നിവരുടെ ബെഞ്ച് നിർദ്ദേശം നൽകിയതോടെ കേസ് അവസാനിക്കുകയാണെന്ന് ​ഗ്രാമീണർ കരുതിയിരുന്നെങ്കിലും, സുപ്രീംകോടതിയുടെ സ്റ്റേ വന്നതോടെ അന്തിമ വിധിയ്ക്കായി കർഷകർക്ക് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണുള്ളത്.

കച്ചിലെ കാലിയെ മേയ്ക്കുന്ന കർഷകർ. കടപ്പാട്:jogmaya

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ് മുന്ദ്ര തുറമുഖം. പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകളെ മുൻനിർത്തി പരിശോധിക്കുമ്പോൾ ഏറെ ആഘാതങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളാണ് വിഴിഞ്ഞവും മുന്ദ്രയും. 2015ൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ ഫലമായി തീരത്തും തീരക്കടലിലുമുണ്ടായ പാരിസ്ഥിതിക ആഘാതങ്ങൾ കൂടാതെ, പശ്ചിമഘട്ടത്തിലെയും ഇടനാടൻ കുന്നുകളിലേയും 75 ലക്ഷം ടൺ പാറകൾ തുരന്നാണ് പദ്ധതിയുടെ പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കപ്പെട്ടത്. മൺസൂൺ കാലത്തെ പതിവ് കടൽക്ഷോഭവും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടായ അപ്രതീക്ഷിത ന്യൂനമർദ്ദങ്ങളും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു. അത്തരം ആശങ്കകൾ ഇപ്പോഴും നിലനിൽക്കുകയാണ്. കാലാവസ്ഥാ മാറ്റത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ഫലമായി വിഴിഞ്ഞം തുറമുഖം ഇനിയും ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്.

മുന്ദ്ര പോർട്ട്. കടപ്പാട്:swarajyamag

മുന്ദ്ര തുറമുഖ പദ്ധതിയും വൻ പരിസ്ഥിതി നാശം സൃഷ്ടിച്ചുകൊണ്ടാണ് പ്രാബല്യത്തിൽ വന്നത്. പദ്ധതിയുടെ ഭാ​ഗമായി കണ്ടൽക്കാടുകളും അരുവികളും നശിപ്പിച്ചതിനെതിരെ ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ഡയറക്ടർ സുനിത നരായന്റെ നേതൃത്വത്തിലുള്ള അ‍ഞ്ചം​ഗ സമിതി സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ കേന്ദ്ര-പരിസ്ഥിതി മന്ത്രാലയം അദാനി പോർട്ടിന് പിഴ ചുമത്തിയിരുന്നു. സംരക്ഷണ പ്രദേശത്തെ 75 ഹെക്ടറോളം വരുന്ന കണ്ടൽക്കാടുകളാണ് നശിപ്പിച്ചതായി റിപ്പോർട്ടിൽ കണ്ടെത്തിയത്. നിർമ്മാണപ്രവർത്തനങ്ങൾ മൂലം തോടുകൾ അടഞ്ഞുപോകുന്നതിൽ മുൻകരുതൽ എടുക്കാത്തതിനും അദാനി ​ഗ്രൂപ്പ് വിമർശനം നേരിട്ടിരുന്നു. കണ്ടൽക്കാടുകളുടെ വ്യാപകമായ നാശം, തോടുകൾ നികത്തൽ, ഭൂ​ഗർഭജല മലിനീകരണം എന്നിവ കാരണമുണ്ടായ ആഘാതങ്ങൾ പ്രദേശവാസികളുടെ ഉപജീവനമാർ​ഗത്തെയും സാരമായി തന്നെ ബാധിച്ചിരുന്നു.

തിരുവനന്തപുരത്തെ തീരശോഷണം. കടപ്പാട്: thequint.com

വിഴിഞ്ഞത്തും മുന്ദ്രയിലും അദാനിയുടെ തുറമുഖ പദ്ധതിക്കെതിരെ എതിർപ്പുകളും സമരങ്ങളും ഉണ്ടായി. വിഴിഞ്ഞം സമരം ഉയർത്തിയ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ​ഗുജറാത്തിലെ നവിനാൽ ഗ്രാമത്തിലെ കർഷകരുടെ പോരാട്ടം വിജയത്തിനരികിൽ എത്തിയെങ്കിലും സുപ്രീംകോടതിയുടെ നിലപാടറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Also Read

5 minutes read July 11, 2024 4:07 pm