വെയ്സ്റ്റ് ടു എനർജി : സോണ്ട കമ്പനിയെ ഒഴിവാക്കുന്നതിന് പിന്നിലെ താത്പര്യമെന്ത് ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മാലിന്യത്തിൽ നിന്നും വൈദ്യുതി (വേസ്റ്റ് ടു എനർജി) ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ നിന്ന് വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. തീരുമാനം സംബന്ധിച്ച നോട്ടീസ് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) കമ്പനിക്ക് അയച്ചു. കോഴിക്കോട് ഞെളിയൻപറമ്പിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതിയിൽ നിന്ന് സോണ്ട കമ്പനിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി മുമ്പ് കത്ത് നൽകിയിരുന്നു. കോഴിക്കോ‍ടിന് പുറമേ കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ കരാർ നൽകിയിരുന്നത് സോണ്ടയ്ക്ക് ആയിരുന്നു. അവിടെയും കമ്പനിയെ ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്. കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ 2023 ഫെബ്രുവരി-മാർച്ച് മാസങ്ങളിലുണ്ടായ തീപിടിത്തത്തിന് ഉത്തരവാദിയായ കമ്പനിയാണ് സോണ്ട. ബ്രഹ്മപുരം പ്ലാന്റിൽ വർഷങ്ങളായി കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾക്ക് തീപിടിച്ചുണ്ടായ പുക കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനജീവിതത്തെ ദിവസങ്ങളോളം ബാധിച്ചിരുന്നു. വായു മലിനീകരണത്തിൻ്റെ തോത് ഉയരുകയും നിരവധിയാളുകൾക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്തു. 12-13 ദിവസങ്ങളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിന് പിന്നാലെ, ബയോമൈനിങ്ങിന് കരാറെടുത്ത സോണ്ടയ്ക്ക് എതിരെ ആരോപണവുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നെന്നും, സോണ്ട പ്രതിനിധികളും കരാറുകാരും തീപിടുത്തമുണ്ടാകുന്നതിന്റെ മുൻ ദിവസങ്ങളിൽ ബ്രഹ്മപുരം സന്ദർശിച്ചെന്നും ഇങ്ങനൊരു സന്ദർശനം എന്തിനായിരുന്നുവെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രഹ്മപുരം പ്ലാന്റിലെ തീയണയ്ക്കാനുള്ള ശ്രമം. കടപ്പാട്:mathrubhumi

2018 ഏപ്രിൽ 10ന് ആണ് മാലിന്യത്തിൽ നിന്നും വൈദ്യുതി എന്ന പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി ബ്രഹ്മപുരത്ത് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പന്തളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ തുടങ്ങി അഞ്ച് കോർപ്പറേഷനുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി എട്ട് വികേന്ദ്രീകൃത വെയ്സ് ടു എനർജി പ്ലാന്റുകൾ സ്ഥാപിക്കാൻ ആയിരുന്നു എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ടെൻഡർ അടിസ്ഥാനത്തിൽ ആയിരുന്നു പദ്ധതിയിലേയ്ക്ക് കമ്പനികളെ തിരഞ്ഞെടുത്തത്. കോഴിക്കോട്, കൊല്ലം ജില്ലകളിലെ കരാർ ലഭിച്ചത് സോണ്ട ഇൻഫ്രാടെക്കിന് ആയിരുന്നു. സി.പി.എം നേതാവ് വൈക്കം വിശ്വന്റെ ബന്ധുവായ രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സോണ്ട ഇൻഫ്രാടെക്ക്. കോഴിക്കോട് പ്ലാന്റിനുള്ള കരാർ നടപടികളാണ് ആദ്യം പൂർത്തിയായത്. അതിനായി കോർപ്പറേഷൻ പരിധിയിലുള്ള 12 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയിരുന്നു. 2019ലെ കരാറിന്റെ ഭാഗമായി ‍‍‍ഞെളിയൻപറമ്പിൽ കെട്ടികിടക്കുന്ന മാലിന്യം സംസ്കരിക്കാൻ മറ്റൊരു കരാറുമുണ്ടായിരുന്നു. എന്നാൽ അഞ്ച് തവണ കരാർ നീട്ടിയിട്ടും മാലിന്യം നീക്കം ചെയ്യാൻ കഴിയാത്തത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായി കണ്ടാണ് കമ്പനിയെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്. 2024 ജനുവരിയിൽ ആണ് കോ‌ർപ്പറേഷൻ ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്.

കോഴിക്കോട് ​ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രം. കടപ്പാട്:thehindu

വെയ്സ്റ്റ് ടു എനർജി പദ്ധതിക്കായി ആദ്യം കരാർ നൽകുന്നത് Gj Eco Power L.td എന്ന കമ്പനിയ്ക്ക് ആണ്. പിന്നീട് ഈ കമ്പനിയുടെ കരാർ റദ്ദാക്കുകയായിരുന്നു. അതിനുശേഷമാണ് സോണ്ട കമ്പനിയെ കരാർ ഏൽപ്പിക്കുന്നത്. കമ്പനിയുടെ മുൻപ്രവർത്തനങ്ങളോ വിശ്വാസ്യതയോ ഒന്നും തന്നെ ഉറപ്പുവരുത്താതെ നടത്തിയ ഈ നീക്കം ഏറെ വിവാദങ്ങൾക്ക് വഴിതുറന്നു. വെയ്സ്റ്റ് ടു എനർജിയിലോ ബയോമൈനിംഗിലോ സോണ്ടയ്ക്ക് മുൻപരിചയമുണ്ടായിരുന്നില്ല. കൊച്ചി പോലെ ഒരു നഗരത്തിൽ ഒരിക്കലും പ്രായോഗികമാകാൻ സാധ്യതയില്ലാത്ത പദ്ധതിയാണ് വെയ്സ്റ്റ് ടു എനർജി. പദ്ധതി പ്രായോഗികമാണോ എന്ന് വിലയിരുത്താതെയാണ് സോണ്ട ഇൻഫ്രാടെകിന് സർക്കാർ കരാർ നൽകുന്നത്. അഞ്ച് തവണ കരാർ നീട്ടിയിട്ടും പദ്ധതി പൂർത്തീകരിക്കാൻ സോണ്ടയ്ക്ക് കഴിഞ്ഞിരുന്നില്ല. കമ്പനിയുടെ പ്രവൃത്തി പരിചയം പ്ലാസ്റ്റിംഗ് കുഴിച്ചുമൂടുന്ന ക്യാപിംഗിലായിരുന്നു. ബയോമൈനിംഗ് പരിചയമില്ലാതിരുന്നിട്ടും സോണ്ട ഇൻഫ്രാടെക്കിന് തന്നെ കരാർ നൽകിയതിൽ ആരോപണങ്ങളുണ്ട്.

54 കോടിയുടെ ബയോമൈനിംഗ് പദ്ധതിയും അജൈവ മാലിന്യത്തിൽ നിന്ന് വൈദ്യുതിയും ജൈവ മാലിന്യത്തിൽ നിന്ന് ബയോ ഗ്യാസും ഉൽപ്പാദിപ്പിക്കാനുള്ള 337 കോടിയുടെ പദ്ധതിയുമാണ് കമ്പനി ഏറ്റെടുത്തിരുന്നത്. 300 മുതൽ 600 ടൺ മാലിന്യം ഒരു ദിവസം കൈകാര്യം ചെയ്യാൻ പ്ലാന്റിന് കഴിയും എന്ന് ഈ രംഗത്ത് മുൻപരിചയം ഇല്ലാത്ത കമ്പനി അവകാശപ്പെട്ടിരുന്നു. ഏതെങ്കിലും ദിവസം 270 ടൺ മാലിന്യമെങ്കിലും എത്തിക്കാൻ കോർപ്പറേഷൻ പരാജയപ്പെട്ടാൽ വൻ തുക പിഴയായി കോർപ്പറേഷൻ കമ്പനിക്ക് നൽകേണ്ടിവരുമെന്നായിരുന്നു കരാർ. എന്നാൽ കൃത്യ നിർവഹണത്തിൽ പരാജയപ്പെട്ട കമ്പനിയ്ക്ക് എതിരെയുള്ള തുടർ നടപടികൾ എന്തെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിയമപരമായ നടപടികൾ നേരിടാൻ സോണ്ട ഇൻഫ്രാടെക് കമ്പനി ബാധ്യസ്ഥരാണെന്നിരിക്കെയാണ് കെ.എസ്.ഐ.ഡി.സി വെയ്സ്റ്റ് ടു എനർജി പദ്ധതിയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് കമ്പനിക്ക് കത്ത് നൽകിയിരിക്കുന്നത്. കൊച്ചിയെ വിഷപ്പുക ശ്വസിപ്പിച്ചതിന് ഉത്തരവാദിയായ ഒരു കമ്പനിയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവരെ രക്ഷപ്പെടുത്തുകയാണ് കെ.എസ്.ഐ.ടി.സി ചെയ്തിരിക്കുന്നത്.

2022-2027ലെ 14ാം പ‍ഞ്ചവത്സര പദ്ധതിയുടെ വർക്കിംഗ് പ്ലാനും കോഴിക്കോട് ഞെളിയൻപറമ്പിൽ വെയ്സ്റ്റ് ടു എനർജി പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് നൽകാൻ ശുപാർശ ചെയ്തിരുന്നു. എസ്‌.ബി.ഐയിൽ നിന്ന് കടമെടുത്ത 146 കോടി രൂപ ഉപയോഗിച്ചാണ് ഞെളിയൻപറമ്പിൽ പദ്ധതി നടപ്പിലാക്കിയത്. ഈ പഞ്ചവത്സര പദ്ധതി കാലയളവിൽ വേസ്റ്റ് ടു എനർജി പ്ലാൻ്റുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നും വർക്കിംഗ് പ്ലാനിൽ പരാമർശിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തുണ്ടായ വീഴ്ചയിൽ നിന്നും പഠിക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

14-ാം പ‍ഞ്ചവത്സര പദ്ധതിയുടെ വർക്കിംഗ് പ്ലാനിൽ വെയ്സ്റ്റു ടു എനർജിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാ​ഗം. ​

വൈദ്യുതി, ചൂട്, അല്ലെങ്കിൽ ഇന്ധനം എന്നിവയുടെ രൂപത്തിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് മാലിന്യത്തെ ഉപയോഗപ്പെടുത്തുന്ന പ്രക്രിയയെ ആണ് ‘വേസ്റ്റ് ടു എനർജി’ എന്ന് പറയുന്നത്. മുനിസിപ്പൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രാദേശിക കൗൺസിലുകൾ, ഊർജ്ജ ഉപയോക്താക്കൾ, മാലിന്യ ഉത്പാദകർ എന്നിവർ വേസ്റ്റ് ടു എനർജി പ്രോജക്ടുകളിൽ ഉൾപ്പെടുന്നു.

ബയോമൈനിംഗിന് ശേഷം അവശേഷിച്ച പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്ത് ഒരു പ്രശ്നമായതോടെ പദ്ധതി സംബന്ധിച്ച കരാർ വ്യവസ്ഥകളിൽ എതിർപ്പുമായി കൊച്ചി കോർപ്പറേഷൻ രംഗത്ത് വന്നിരുന്നു. എന്നാൽ പദ്ധതി ടെൻഡ‌ർ ചെയ്തത് ദുരന്ത നിവാരണ നിയമപ്രകാരമാണെന്ന വിശദീകരണം ആയിരുന്നു കെ.എസ്.ഐ.ഡി.സി നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡപ്രകാരം 2022 ഡിസംബറിൽ ഏകദേശം എട്ട് കോടി രൂപയുടെ ഗ്യാരണ്ടി നൽകാൻ സ്ഥാപനത്തോട് കോർപ്പറേഷൻ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ അനുവദിച്ചതെന്നും അതിനാൽ ബാങ്ക് ഗ്യാരണ്ടി നൽകാൻ കഴിയില്ലെന്നും കമ്പനി വാദിച്ചു. ബയോമൈനിംഗ് കഴിഞ്ഞ് അവശേഷിക്കുന്ന മാലിന്യം നീക്കം ചെയ്യാത്ത കമ്പനിയുടെ പ്രവ‌ർത്തിയെ കോർപ്പറേഷൻ സെക്രട്ടറി നേരത്തെ ചോദ്യം ചെയ്തിരുന്നു. തരംതിരിച്ച മാലിന്യം 30 ദിവസത്തിനകം സ്ഥാപനം നീക്കം ചെയ്യണമെന്ന് കോർപ്പറേഷൻ സെക്രട്ടറി അന്ന് ആവശ്യപ്പെട്ടിരുന്നു. അത്തരം സമയപരിധിയില്ലെന്നും ബ്രഹ്മപുരത്ത് നിർദിഷ്ട മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്ലാൻ്റിനായി അനുവദിച്ച 22 ഏക്കറിൽ ബയോമൈനിംഗിന് ശേഷമുള്ള മാലിന്യങ്ങൾ സംഭരിക്കാമെന്നും, ഇന്ധനമുണ്ടാക്കുന്നതിനായി ആ മാലിന്യം ഉപയോഗിക്കാമെന്നും ആയിരുന്നു കെ.എസ്.ഐ.ഡി.സി നൽകിയ വിശദീകരണം. 11 കോടി രൂപയോളം കരാ‍ർ വഴി ആദ്യം കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിൽ ആയിരുന്നില്ല നടന്നത്. മെഷീൻ ഉപയോഗിച്ച് തരംതിരിച്ച, മണ്ണും കല്ലും മരകഷ്ണങ്ങളും ഉൾപ്പെട്ട മാലിന്യങ്ങളിൽ വീണ്ടും പ്ലാസ്റ്റിക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതായത് ബയോമൈനിംഗ് ശരിയായ രീതിയിലല്ല നടന്നതെന്ന് വ്യക്തം. തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാൻ മാറ്റണമെന്നിരിക്കെ അതും മാലിന്യ പ്ലാന്റിൽ തന്നെ തള്ളി. തീപിടുത്തമുണ്ടായപ്പോൾ ഇതു കൂടി കത്തി ഉരുകിയതും വിഷപ്പുകയുടെ അളവ് കൂട്ടി. മഴയും ബ്രഹ്മപുരത്തെ മണ്ണിന്റെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നായിരുന്നു ഈ വിഷയത്തിൽ സോണ്ട ഇൻഫ്രാടെക്കിന്റെ മറുപടി. സമയബന്ധിതമായി മാലിന്യം സംസ്കരിച്ചില്ല, തരംതിരിച്ച മാലിന്യം നീക്കം ചെയ്തില്ല, ആർ‍.ഡി.എഫ് കത്തിയത് വിഷപുക ഉയർത്തി, ബയോമൈനിംഗ് ശരിയായ രീതിയിൽ നടത്തിയില്ല, അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചില്ല ഇവയെല്ലാം ആയിരുന്നു ബ്രഹ്മപുരത്തെ തീപിടിത്ത സമയത്ത് സോണ്ട ഇൻഫ്രാടെക്കിന് എതിരെ ഉയർന്ന പരാതികൾ.

ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടർന്ന് പുക നിറഞ്ഞ കൊച്ചി ന​ഗരം. കടപ്പാട്:thehindu

“കരാ‌ർ അടിസ്ഥാനത്തിൽ അനുവദിച്ച് നൽകിയ കാലാവധിക്കുള്ളിൽ പ്രവർത്തനങ്ങൾ കമ്പനിയ്ക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഏൽപ്പിച്ചിരുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിൽ വന്ന പാകപിഴകൾ കാരണം, സോണ്ട ഇൻഫ്രാടെക്കിനെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോഴിക്കോട് കോർപ്പറേഷൻ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിവരം സർക്കാരിനെ ധരിപ്പിക്കുകയും, കമ്പനിക്ക് കത്ത് നൽകുകയും ചെയ്തു.” കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥ കേരളീയത്തോട് പ്രതികരിച്ചു.

യൂറോപ്പും അമേരിക്കയുമടക്കം പല ലോകരാജ്യങ്ങളും പയറ്റി പാളിപോയ വെയ്സ്റ്റ് ടു എനർജി പദ്ധതി കേരളത്തിലേയ്ക്ക് കൊണ്ടുവന്നത് 2018ലായിരുന്നു. മാലിന്യം കത്തിച്ച് കറണ്ടുണ്ടാക്കുന്ന ഇൻസിനറേഷൻ പ്രക്രിയ നടപ്പാക്കുന്നത് വഴി ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന് മറുപടി പറയാൻ സർക്കാരും കെ.എസ്.ഐ.ഡി.സിയും ഒരു പോലെ ബാധ്യസ്ഥരാണെന്നിരിക്കെ സോണ്ടയെ പുറത്താക്കുന്നതിലൂടെ ഈ വിഷയത്തിന് ഉത്തരവാദികളായ ഒരുപാട് പേർ രക്ഷപ്പെടുകയാണ്. ബ്രഹ്മപുരത്തെ വിഷവായുവിനാൽ വീർപ്പുമുട്ടിച്ചതിന് ആരും ഉത്തരവാദികളല്ലെന്ന് ഇവർ പറയുമ്പോഴും, ശുദ്ധവായുവിന്റെ വിലയറിഞ്ഞ 12 ദിവസങ്ങൾ ജനങ്ങൾ മറക്കില്ല.

Also Read

5 minutes read May 18, 2024 3:29 pm