എലപ്പുള്ളി ഡിസ്റ്റിലറി: മദ്യക്കമ്പനിയും സർക്കാരും മറച്ചുവയ്ക്കുന്ന വസ്തുതകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ധാന്യം അടിസ്ഥാനമാക്കിയുള്ള, 600 കോടി രൂപയുടെ വാറ്റിയെടുക്കൽ, ബ്രൂവറി യൂണിറ്റ് (distillation and brewery unit) പാലക്കാട്ട് ജില്ലയിലെ എലപ്പുള്ളിയിൽ സ്ഥാപിക്കാൻ കഴിഞ്ഞ മാസം കേരള സർക്കാർ പ്രാഥമിക അംഗീകാരം നൽകുകയുണ്ടായല്ലോ. മധ്യപ്രദേശ് ആസ്ഥാനമായുള്ള മദ്യ നിർമ്മാതാക്കളായ ഒയാസിസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ ഫാക്ടറി സൃഷ്ടിക്കാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്തെല്ലാമാണ്?

ജലത്തിന്റെ വൻ തോതിലുള്ള ഉപയോഗം, അതിന്റെ ഗുണനിലവാരം, മണ്ണ് മലിനീകരണം, വായു മലിനീകരണം എന്നിവയാണ് ഈ പ്രോജക്റ്റ് കൊണ്ടുവരാൻ പോകുന്ന പ്രധാന പ്രശ്നങ്ങൾ. മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണം ആണ് ഏറ്റവും വലിയ പ്രശ്നം.

മറ്റ് സ്ഥലങ്ങളിലെ ഇത്തരം പ്ലാന്റ് ഉണ്ടാക്കുന്ന പ്രശനങ്ങളെ അടിസ്ഥാനമാക്കിയാണോ ഇത് പറയുന്നത്?

അതെ. ആദ്യം ഇതിന്റെ ഉൽപ്പാദന ശേഷി എത്രയാണ് എന്നതാണ് പരിശോധിക്കേണ്ടത്. ഇത് വളരെ രഹസ്യമായി വച്ചിരിക്കുകയാണ്. ആരും ഇതിന്റെ യാഥാർത്ഥ്യങ്ങൾ പറയുന്നില്ല. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ ആണ് വന്നിട്ടുള്ളത്. യഥാർത്ഥത്തിൽ അവർ പ്രതിദിനം ഉൽപ്പാദിപ്പിക്കാൻ പോകുന്നത് 500 കിലോ ലിറ്റർ ആൽക്കഹോൾ (96 %) ആണ്. അതായത് ഒരു ദിവസം അഞ്ചു ലക്ഷം ലിറ്റർ.

ഈ കണക്ക് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ?

2020 ന് ശേഷം പരിസ്ഥിതി മന്ത്രാലയം നൽകിയിരിക്കുന്ന ഡിസ്റ്റിലറി പ്ലാന്റുകളുടെ മുതൽ മുടക്കും അതിന്റെ ഉൽപ്പാദന ശേഷിയും ഞാൻ പരിശോധിച്ചു. ഇവിടെ നിക്ഷേപിക്കാൻ പോകുന്നത് 600 കോടി രൂപയാണ്. ഇതിന് ആനുപാതികമായ ഉൽപ്പാദനത്തിന്റെ അളവ് അഞ്ച് ലക്ഷം ലിറ്റർ ആണ്. ഇത് ETV എന്ന മാധ്യമവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്റ്റിലറികളിൽ ഒന്നായിരിക്കും.

ഒരു ലിറ്റർ സ്പിരിറ്റ് (മദ്യം) നിർമ്മിക്കുന്നതിന് 33 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് The Beverage Industry Environmental Roundtable (BIER) റിപ്പോർട്ട് ചെയ്യുന്നു. പ്ലാന്റ് തണുപ്പിക്കാൻ ആവശ്യമുള്ള വെള്ളത്തിലിന്റെ അളവ് മാറ്റി നിർത്തിയാൽ അതിന്റെ അനുപാതം ഒരു ലിറ്റർ സ്പിരിറ്റിന് 10.9 ലിറ്റർ ആണ്. സ്കോച്ച് വിസ്കി അസോസിയേഷൻ (SWA) ജല ഉപയോഗത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജലത്തിൻ്റെ കാര്യക്ഷമത 2012 മുതൽ 29 ശതമാനം മെച്ചപ്പെട്ടു എന്ന് പറയുന്നു. ഇന്ത്യയിൽ അടുത്തിടെ കമ്മീഷൻ ചെയ്ത ഡിസ്റ്റിലറികൾ ഒരു ലിറ്റർ മദ്യത്തിന് 30 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതിൽ 22 ലീറ്റർ റീസൈക്കിൾ ചെയ്യുന്നു. അപ്പോൾ ഒരു ലിറ്റർ മദ്യം ഉൽപ്പാദിപ്പിക്കാൻ ഇപ്പോൾ ഏകദേശം 8 ലിറ്റർ ശുദ്ധജലം (പുതിയത്) ആവശ്യമാണ് .

പാലക്കാട് ചിറ്റൂരിലെ എലപ്പുള്ളിയിലുള്ള ഡിസ്റ്റിലറിക്ക് 4000 ക്യുബിക് മീറ്റർ (1 ക്യൂബ് മീറ്റർ = 1000 ലിറ്റർ) ശുദ്ധജല ആവശ്യം ഉണ്ടാകും. ഇത് പ്രതിദിനം 40 ലക്ഷം ലിറ്ററിന് തുല്യമാണ്. അവർ ഉപയോഗിച്ച് മലിനമാക്കിയ മുഴുവൻ വെള്ളവും സിസ്റ്റം പുനരുപയോഗിക്കുകയാണെങ്കിൽ വാർഷിക ആവശ്യം 1.4 ദശലക്ഷം ക്യുബിക് മീറ്റർ ആയിരിക്കും. മുമ്പ് കൊക്കക്കോള എടുത്തിരുന്നത് പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ആയിരുന്നു. ആ കണക്ക് പ്രകാരം ഈ കമ്പനി അതിന്റെ എട്ട് ഇരട്ടി വെള്ളം ഒരു ദിവസം എടുക്കും. ഇതാണ് വെള്ളത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം.

ഡിസ്റ്റിലറി യൂണിറ്റ് ഇന്ത്യയിൽ അനുമതി ലഭിക്കാനുള്ള പ്രധാന നിബന്ധന പ്ലാന്റ് സീറോ ലിക്വിഡ് ഡിസ്ചാർജ് ആയിരിക്കണം (ZLD) എന്നാണ്. എന്നാൽ പല പഠനങ്ങളും പറയുന്നത് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചും അത്രയും മലിനീകരിക്കപ്പെട്ട ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാൻ കമ്പനികൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ്. ഒരിക്കൽ ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് വർഷം മുഴുവൻ ഉപയോഗിക്കുന്നത് നടക്കാത്ത കാര്യമാണ്.

എലപ്പുള്ളിയിലെ നെൽവയലുകൾ. ഫോട്ടോ: സ്നേഹ എം

എന്താണ് മറ്റ് പ്രായോഗിക പരിമിതികൾ?

സർക്കാർ പറയുന്നത് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ, കഞ്ചിക്കോടുള്ള കിൻഫ്രയുടെ വെള്ളമാണ് ഉപയോഗിക്കാൻ പോകുന്നത് എന്നാണ്. കമ്പനി പറയുന്ന അളവ് പ്രകാരം കിൻഫ്രയുടെ മൊത്തം സംഭരണി ശേഷി (3.7 മില്യൺ ക്യൂബ് മീറ്റർ MCM) ആണ്. ഒയാസിസ്ന് ആവശ്യമുള്ളത് 1.5 MCM ആണ്. അതേസമയം ഐ.ഐ.ടിക്ക് 0.7 മില്യൺ ആവശ്യമുണ്ട്. കൂടാതെ ഏതാണ്ട് പതിനായിരം വീടുകളിലേക്ക് ഉള്ള ജലവിതരണത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. അങ്ങനെയെങ്കിൽ ഒയാസിസിന് ആവശ്യമുള്ള വെള്ളം നൽകാൻ കിൻഫ്രയ്ക്ക് കഴിയാതെ വരും. കിൻഫ്ര വെള്ളം സംഭരിക്കുന്നത് മലമ്പുഴ ഡാമിൽ നിന്നാണ്.

കൂടാതെ മഴവെള്ള സംഭരണിയുടെ കാര്യവും കമ്പനി പറയുന്നില്ലേ?

ഒയാസിസ് പ്രസിഡൻ്റ് സി.എസ് ബിജു വാസുദേവൻ കമ്പനിയുടെ കൈവശം ഉള്ള 24 ഏക്കറിൽ 5 ഏക്കർ മഴവെള്ള സംഭരണത്തിനായി മാത്രം ഉപയോഗിക്കും എന്നാണ് പറഞ്ഞത്. 4047 സ്ക്വയർ മീറ്റർ ആണ് ഒരു ഏക്കർ സ്ഥലം. ഒരു സ്ക്വയർ മീറ്റർ സ്ഥലത്ത് ചിറ്റൂർ മേഖലയിൽ കഴിഞ്ഞ 100 വർഷത്തിനിടയിൽ ഒരു വർഷം പെയ്ത ശരാശരി മഴയുടെ അളവ് 1600 മില്ലി ലിറ്റർ ആണ്. 5 ഏക്കർ 20,235 ചതുരശ്ര മീറ്റർ ആണ്. 5 ഏക്കറിലെ ആകെ ലഭിക്കുന്ന മഴ 33,574 ക്യൂബിക് മീറ്റർ ആയിരിക്കും. ഇത് എലപ്പുള്ളി ഒയാസിസ് കമ്പനി കിൻഫ്രയിൽ നിന്ന് എടുക്കാൻ പോകുന്നതിന്റെ 2.2 ശതമാനം മാത്രം ആണ്. കമ്പനിയുടെ കൈവശം ഇപ്പോൾ ഉള്ളത് 24 ഏക്കർ ഭൂമിയാണ്. അപ്പോൾ കമ്പനിയുടെ കൈവശമുള്ള ഭൂമിയിൽ ഒരു വർഷം പെയ്യാൻ സാധ്യതയുള്ള ശരാശരി അളവ് 1,72,800 ക്യൂബിക് മീറ്റർ ജലം ആണ്. ഇത് അവരുടെ വാർഷിക ആവശ്യത്തിന്റെ 12 ശതമാനം വരും. വാർഷിക ആവശ്യം 14,00,000 ക്യൂബിക് മീറ്റർ ജലം ആണ്.

എക്സൈസ് മന്ത്രി എം.ബി രാജേഷും മഴ വെള്ളം സംഭരിക്കുന്നതിനെ സംബന്ധിച്ച് പ്രസ്താവന നടത്തുകയുണ്ടായല്ലോ?

എക്സൈസ് മന്ത്രിയും ഒയാസിസിന്റെ വാദം അതേ ദിവസം ആവർത്തിച്ചു. കൂടാതെ മന്ത്രി പറഞ്ഞത് ഒയാസിസ് കമ്പനിയിൽ നിന്നും അപേക്ഷ ലഭിച്ചിട്ട് 10 -14 മാസം ആയെന്നും മന്ത്രി അത് കാണുന്നത് മൂന്ന് മാസം മുമ്പാണെന്നുമാണ്. ഉടനെ തന്നെ അദ്ദേഹം എക്സൈസ് കമ്മീഷണറോട്‌ എത്ര വെള്ളം ആവശ്യമുണ്ടെന്ന് ചോദിച്ചു എന്നാണ് പറഞ്ഞത്. അങ്ങനെ രണ്ടാഴ്ച്ചയ്ക്കകം വെള്ളത്തിന്റെ അളവിനെ സംബന്ധിച്ച് മറുപടി ലഭിച്ചു എന്നും പറയുന്നു. എന്നാൽ എക്സൈസ് കമ്മീഷണർ എത്ര ലിറ്റർ വെള്ളം ആവശ്യമുണ്ടാകുമെന്നാണ് പറഞ്ഞത് എന്ന് മന്ത്രി പറയുന്നുമില്ല. ഇതേ പോലെയാണ് മഴ വെള്ളത്തിന്റെ കാര്യവും.

യാഥാർത്ഥ്യം പരിഗണിക്കാതെയാണ് മഴവെള്ളം സംഭരിച്ച് കമ്പനി ഫാക്ടറി നടത്തും എന്ന് മാധ്യമങ്ങൾ പറയുന്നത്. വാർത്തകളിലെ കണക്കിന്റെ അടിസ്ഥാനം എന്താണെന്നതിൽ പല മാധ്യമങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. കമ്പനി ഒരേ സമയം കിൻഫ്രയുടെ വെള്ളത്തെക്കുറിച്ചും മഴവെള്ള സംഭരണിയുടെ കാര്യവും പറയുന്നുണ്ട്. എന്റെ കണക്കുകൾ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് രേഖകളെ അടിസ്ഥാനമാക്കിയാണ്. ഇവിടെ ഇത് സംബന്ധിച്ച് ഇടപെടുന്ന പ്രധാന ഏജൻസികൾ ഒന്ന് സർക്കാരും ഭരിക്കുന്ന പാർട്ടിയും മറ്റൊന്ന് പ്രതിപക്ഷവുമാണ്. പിന്നെയുള്ളത് ഒരുകൂട്ടം ജനങ്ങളാണ്. പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷത്തിന് ഡിസ്റ്റിലറിയോട് എന്തെങ്കിലും പ്രത്യേക എതിർപ്പുള്ളതായി പറയാൻ കഴിയില്ല. അവരുടെ ഭരണം വരുമ്പോൾ അവർ അത് തുടങ്ങുക തന്നെ ചെയ്യും. അതുകൊണ്ട് എന്റെ വാദങ്ങൾ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളെ അടിസ്ഥാനമാക്കിയല്ല.

2025 ഫെബ്രുവരി ആറിന് എലപ്പുള്ളിയിൽ നടന്ന മദ്യക്കമ്പനി വിരുദ്ധ സമരത്തിൽ മേധ പട്കർ സംസാരിക്കുന്നു.

ഉൽപ്പാദനത്തിന് വേണ്ട അസംസ്കൃത വസ്തുക്കൾ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെയും വിഭവ ഉപയോഗത്തിന്റെയും പ്രശ്നങ്ങളെന്താണെന്ന് പറയാമോ?

ഒരു ലിറ്റർ100 ശതമാനം ആൽക്കഹോൾ ഉണ്ടാക്കാൻ ഏതാണ്ട് അഞ്ച് കിലോ വസ്തുക്കൾ ആവശ്യമുണ്ട്. ഹൈഡ്രോക്ലോറിക്കാസിഡ്, സൾഫ്യൂരിക്ക് ആസിഡ്, കാസ്റ്റിക് സോഡ, ഈസ്റ്റ്, അരി ഒക്കെയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇതിൽ പലതും ബാഷ്പീകരണ സാധ്യതയുള്ളതാണ്. അരിയിൽ 60 -65 ശതമാനമേ പുളിക്കുക (ferment) യുള്ളൂ. 2.5 കിലോ അരി വേണം ഒരു ലിറ്റർ ആൽക്കഹോൾ ഉണ്ടാക്കാൻ. അരിയിലുള്ള പ്രോട്ടീൻ, മിനറൽസ്, ഫാറ്റ് എന്നിവ പുറംതള്ളിക്കൊണ്ട് അരിയിലുള്ള പഞ്ചസാര മാത്രമാണ് ആൽക്കഹോൾ ഉണ്ടാക്കാൻ ഉപയോഗിക്കുക. സ്റ്റാർച്ചിനെ ഈസ്റ്റ് ഉപയോഗിച്ച് ഫെർമെൻറ് ചെയ്താണ് ആൽക്കഹോൾ ഉണ്ടാക്കുക. ബാക്കി വരുന്ന അരിയിൽ നേരത്തെ പറഞ്ഞ രാസ വസ്തുക്കൾ കൂടി അടങ്ങിയതിനാൽ നമുക്കത് ഭക്ഷ്യ യോഗ്യമല്ല. ഒരു ലിറ്റർ ഉൽപ്പാദിപ്പിക്കുമ്പോൾ 20 ശതമാനം ജലം അടങ്ങിയ അഞ്ച് കിലോ ഖര മാലിന്യം ഉണ്ടാകും. ഇത് സാധാരണ കാലിത്തീറ്റയായി മാറ്റുകയാണ് ചെയ്യുക.

കൂടാതെ ഈസ്റ്റ് ഉപയോഗിച്ചുള്ള പുളിപ്പിക്കൽ (fementation) എല്ലായ്പ്പോഴും കൃത്യമായി നടക്കണം എന്നുമില്ല. അപ്പോൾ ഉണ്ടാക്കിയ കോട പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരും. അപ്പോൾ ഒരു വർഷം 350 ദിവസം പ്രവൃത്തിക്കുന്ന ഫാക്ടറിയിൽ ഇത്തരം പ്രശ്‌നം ഒരു പത്ത് ദിവസം എങ്കിലും ഉണ്ടായാൽ പ്രതിദിനം 5 ലക്ഷം ലിറ്റർ ആൽക്കഹോൾ, 25 ലക്ഷം ടൺ ഖരമാലിന്യവും ഉണ്ടാകും. സർക്കാരിന്റെ കണക്കിൽ ഫാക്ടറിയിൽ നിന്നും സീറോ ലിക്വിഡ് (വാട്ടർ) ഡിസ്ചാർജ് (ZLD ) ആണ് ഉണ്ടാവേണ്ടത്. ഇവിടെ അത് നടക്കണം എന്നില്ല.

വായു മലിനീകരണത്തിന്റെ സാധ്യതകൾ എന്തൊക്കെയാണ്?

ഓരോ ദിവസവും ഒരു ലിറ്റർ ആൽക്കഹോൾ ഉൽപ്പാദിപ്പിക്കാൻ 10 ലിറ്റർ പുതിയ വെള്ളം ആവശ്യമായി വരുന്നത് അത്രയും വെള്ളം ആവിയായി പോയതുകൊണ്ടാണല്ലോ. അതിൽ Aldehyde അടക്കമുള്ള രാസവസ്തുക്കളും ഉണ്ടാകും. ഡിസ്റ്റിലറികൾ ഉണ്ടാക്കുന്ന വായു മലിനീകരണത്തെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്.

ഒയാസിസ് കമ്പനിയുടെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നോ?

അവർക്ക് പഞ്ചാബിലും ഹരിയാനയിലും ഫാക്ടറികൾ ഉണ്ട്. സുപ്രീംകോടതിയിലെ രേഖകൾ നൽകുന്ന ചില വിവരങ്ങൾ പങ്കുവയ്ക്കാം. ഭട്ടിൻടയിൽ (പഞ്ചാബ്) അവർക്ക് വെള്ളം ശേഖരിക്കാൻ 4 കുഴൽ കിണറുകൾക്ക് അനുവാദം ഉണ്ടായിരുന്നു. എന്നാൽ അവർ ഉണ്ടാക്കിയത് 50 കുഴൽ കിണറുകളാണ്. ഇങ്ങനെ നിയമവിരുദ്ധമായി ഉണ്ടാക്കിയ കിണറുകളിലൂടെ മാലിന്യജലം ഭൂമിക്കടിയിലേക്ക് തിരിച്ചുവിടുകയാണ് അവർ ചെയ്തത്. അവർ വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന കിണറുകളിൽ നിന്നും അകലെയായിട്ടായിരുന്നു അത് ചെയ്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

2013 ൽ ഒരു ലക്ഷം ലിറ്റർ അനുമതിയുണ്ടായിരുന്ന ഫാക്ടറിയുടെ ശേഷി രണ്ട് ലക്ഷം ആക്കാൻ വേണ്ടി ഈ കമ്പനി അനുമതി തേടിയിരുന്നു. 2020 ൽ രണ്ടാമത്തെ അപേക്ഷ നൽകി. ഈ സമയത്ത് പരിസ്ഥി മന്ത്രാലയത്തിൽ നിന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുകയുണ്ടായി. നാൽപ്പതോളം നിയമ ലംഘനങ്ങളാണ് അവർ അന്ന് കണ്ടെത്തിയത്. ഇതാണ് ഇത്തരം കമ്പനികളുടെ പ്രവർത്തന രീതി. അംഗീകരിക്കുന്ന നിയമങ്ങൾ അതേപടി അനുസരിക്കുന്ന ചരിത്രം അവർക്കില്ല. ഇതൊക്കെയാണ് ഖര-ജല മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ.

ഭൂഗർഭ ജലം ഉപയോഗിക്കുന്നില്ല എന്നതുകൊണ്ട് അവസാനിക്കുന്നതല്ല ഈ ഫാക്ടറി വരുത്തുന്ന സാമൂഹ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നാണോ താങ്കൾ പറയുന്നത്?

വെള്ളത്തിന്റെ ഉപയോഗം തന്നെ ഭീകരമായ അളവിലാണല്ലോ. ഭൂഗർഭ ജലം ഉപയോഗിക്കില്ല എന്നത് നമുക്ക് തൽക്കാലം വിശ്വസിക്കാം. കൊക്കക്കോളയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? കാഡ്മിയം, ലെഡ് തുടങ്ങിയ ഘന ലോഹങ്ങളുടെ അപകടകരമായ വിധം ഉയർന്ന അളവിലുള്ള സാന്നിധ്യം ആയിരുന്നല്ലോ കമ്പനി വിറ്റ വളത്തിൽ ഉണ്ടായിരുന്നത്. ഇത് വന്നത് നമ്മുടെ നാട്ടിലെ വെള്ളത്തിൽ നിന്ന് തന്നെയായിരുന്നു. ഇതൊക്കെ എല്ലാ സ്ഥലത്തും ഉള്ളത് തന്നെയാണ്. പിന്നെ എങ്ങനെയാണ് അത് പ്രശ്‌നമായതെന്ന് നമ്മൾ മറക്കരുത്. കൊക്കക്കോള അന്ന് 5 ലക്ഷം ലിറ്റർ വെള്ളം ഒരു ദിവസം ഉപയോഗിച്ചിരുന്നു. ഒരു വർഷം ആകുമ്പോൾ ഇത്രയും വെള്ളം 50 ടൺ ചളി പുറത്തേക്ക് വിട്ടിരുന്നു. കൊക്കക്കോള ഉപയോഗിച്ച വെള്ളത്തിൽ നിന്നും പുറത്തേക്കു വന്ന ഘന ലോഹങ്ങളാണ് ഈ ചളിയിൽ ഓരോ ദിവസവും അടിഞ്ഞുകൂടിയിട്ടുണ്ടായിരുന്നത്. അവരുടെ ഉൽപ്പന്നത്തിൽ കാഡ്മിയം, ലെഡ് തുടങ്ങിയവയുടെ സാന്നിധ്യം BIS നിർദ്ദേശിച്ചിരിക്കുന്ന അളവിൽ കൂടാൻ പാടില്ല എന്ന് അവർക്കറിയാം. ഇത് ഒയാസിസ് കമ്പനിയുടെ മദ്യത്തിനും ബാധകമാണ്. അവർ മാലിന്യങ്ങൾ ശുദ്ധീകരിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക. കിൻഫ്ര കൊടുക്കാൻ പോകുന്ന പുഴ വെള്ളത്തിലും ഇത്തരം മാലിന്യങ്ങൾ ഉണ്ടാകും. വൻതോതിൽ ആ വെള്ളം ശുദ്ധീകരിക്കുമ്പോൾ അതൊക്കെ ഒരു സ്ഥലത്ത് അടിഞ്ഞുകൂടും. യുറേനിയം, തോറിയം അടക്കമുള്ള റേഡിയോ ആക്റ്റീവ് വസ്തുക്കളും ഇരുമ്പ്, ആർസെനിക്ക്, കാഡ്മിയം, ഫ്ലൂറൈഡ് ഒക്കെ നമ്മുടെ കിണറുകളിൽ ഉണ്ടെങ്കിലും അവ വൻ തോതിൽ ഒന്നിച്ച് നമ്മുടെ ശരീരത്തിൽ എത്തുന്ന സാഹചര്യം ഇല്ലാത്തതിനാലാണ് അപകടം ഉണ്ടാകാത്തത്. പാലക്കാട്ടെ ചില ഗ്രാമങ്ങളിൽ ജലത്തിൽ പൊതുവെ ഫ്ലൂറൈഡിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാക്ടറിയിൽ നിന്നും മലിനജലം പുറത്ത് പോവുകയാണെങ്കിൽ അതിൽ Aldehyde എന്ന അർബുദം ഉണ്ടാക്കാവുന്ന ഒരു രാസവസ്തുവും ഉണ്ടാകും. മദ്യത്തിൽ അതിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് WHO മദ്യക്കുപ്പികളിൽ കാൻസർ സാധ്യതാ മുന്നറിയിപ്പ് നൽകാൻ ആശ്യപ്പെടുന്നത്. എന്നാൽ ഇത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല.

2021ൽ സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി കേരളത്തിലെ നദികളിൽ ഒരു പഠനം നടത്തിയിരുന്നു. കേരളത്തിലെ 31 സാമ്പിൾ എടുത്ത സ്ഥലങ്ങളിൽ ഒരു സ്ഥലത്ത് മാത്രമേ ജലത്തിലെ ലോഹത്തിന്റെയും രാസവസ്തുക്കളുടെയും അളവ് BIS പറയുന്ന അളവിൽ താഴെ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ ഇടങ്ങളിലും ഒന്നോ അതിലധികമോ ലോഹങ്ങൾ വർധിച്ച അളവിൽ തന്നെയായിരുന്നു. പറഞ്ഞുവന്നത് ഒരു ദിവസം 5 ലക്ഷം ലിറ്റർ വെള്ളം എന്ന കണക്ക് മുഖവിലയ്‌ക്കെടുത്താൽ തന്നെ പ്ലാച്ചിമടയിൽ ഉണ്ടായിരുന്നത് പോലുള്ള അഞ്ച് കൊക്കക്കോള കമ്പനികൾ ഉണ്ടാക്കുന്ന പ്രശ്നം ഒരു ഒയാസിസ് കമ്പനി ഉണ്ടാക്കും എന്നാണ്.

കഞ്ചിക്കോട് വ്യവസായ പാർക്ക്. കടപ്പാട്:industryexperts

എന്തുകൊണ്ടായിരിക്കും ഇതൊന്നും പരിഗണിക്കാതെ സർക്കാർ അനുമതി നൽകിയത്?

ഇതുപോലുള്ള കമ്പനികൾ കേരളത്തിൽ ഇനിയും വരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ഇന്ന് ഉൽപ്പാദിപ്പിക്കുന്ന1200 കോടി ലിറ്റർ സ്പിരിറ്റിൽ 300-400 കോടി ലിറ്റർ മാത്രമേ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ആക്കി വിൽക്കുന്നുള്ളൂ. ബാക്കി പെട്രോളിൽ ചേർക്കാനാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന പെട്രോളിൽ ആൽക്കഹോൾ 5 -10 ശതമാനം ചേർക്കുന്നുണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആവശ്യം പൂർത്തീകരിക്കാനുള്ള അന്താരാഷ്‌ട്ര കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അത് ചെയ്യാൻ ബാധ്യസ്ഥമാണ്. കേന്ദ്ര സർക്കാരിന്റെ പോളിസി പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിൽ 2025 ഓടെ 20 ശതമാനം ആൽക്കഹോൾ ചേർക്കണം. പരിസ്ഥിതി പ്രശ്‌നം കാരണം പല സംസ്ഥാനങ്ങളിലും പഴയ ഡിസ്റ്റിലറികൾ പൂട്ടിപ്പോയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പുതിയത് തുറക്കാൻ കഴിയുന്നില്ല. എന്തായാലും ഇത് ചെയ്യാതെ അധിക കാലം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. കേരളം സ്വന്തം നിലയ്ക്ക് ചെയ്തില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അധികവില കൊടുത്ത് വാങ്ങേണ്ടി വരും. അതേസമയം കേരളത്തിൽ ആൽക്കഹോൾ ഉണ്ടാക്കുമ്പോൾ അതിന്റെ ജി.എസ്.ടി കേരളത്തിന് ലഭിക്കുകയും ചെയ്യും.

വേറൊരു പ്രധാനകാര്യം ഇങ്ങനെ ഒരു ആവശ്യത്തിന് വേണ്ടി ഡിസ്റ്റിലറികൾ ഉണ്ടാക്കുമ്പോൾ മദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള പഴിയും സർക്കാരിന് കേൾക്കേണ്ടി വരില്ല എന്നതാണ്. കൂടാതെ സർക്കാരിനുള്ള നികുതി വരുമാനവും രാഷ്ട്രീയ പാർട്ടികൾക്കും ബീവറേജ് ഉദ്യോഗസ്ഥർക്കുള്ള വലിയ സാമ്പത്തിക നേട്ടവും ഇത്തരം സംരംഭങ്ങൾ കൊണ്ടുവരും. കാരണം ഉൽപ്പാദന ചെലവിനേക്കാൾ വൻ വിലയ്ക്കാണ് ഇന്ന് മദ്യം വിവിധങ്ങളായ ബ്രാൻഡുകളും മത്സരവും നിലനിൽക്കുന്ന വിപണിയിൽ വിൽക്കുന്നത്.

Also Read