മഴക്കിടയിലും വിങ്ങുന്ന വയനാട്‌

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സുഖശീതള കാലാവസ്ഥയിൽ നിന്ന്‌ വയനാട്‌ മാറുകയാണ്‌. മഴയൊന്ന്‌ മാറുമ്പോഴേക്കും വിങ്ങലിലാണ് വയനാട്ടുകാർ. സ്വാഭാവിക കാലാവസ്ഥ മാറി, മണ്ണിലെ ഈർപ്പം വറ്റി മറ്റുള്ളിടങ്ങളെപ്പോലെ വയനാടും മാറി. വയനാട്ടിലെ കാടുകൾക്ക് തനിമ നഷ്‌ടമായിരിക്കുന്നു. തെറ്റായ തീരുമാനത്തിൽ നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്നകൾ വളർന്ന്‌ കീറാമുട്ടിയായി പരിസ്ഥിതിക്ക്‌ നേരെ പല്ലിളിക്കുന്നു. കൃഷിയിൽനിന്ന്‌ ടൂറിസം എന്ന വരുമാനമാർഗത്തിലേക്ക്‌ മാത്രം ചുരുങ്ങിയ വയനാട്ടിൽ കെട്ടിടങ്ങൾ മാത്രമാണ്‌ ഇന്ന് ഉയരുന്നത്‌. വയനാടിന്റെ കുളിര്‌, ഓർമ്മയിലേക്ക്‌ മറയുകയാണ്‌. മൂന്ന്‌ പതിറ്റാണ്ടിനിടെ അഞ്ച്‌ ഡിഗ്രിയോളമാണ്‌ വയനാട്ടിൽ ചൂടുയർന്നത്‌. പെരുമഴയുടെ ഇടവേളകളിൽ പോലും വയനാടിപ്പോൾ വിങ്ങുകയാണ്‌.

അന്തരീക്ഷതാപനിലയിലും വയനാടൻ കാലാവസ്ഥയിലും ഗുരുതരമായ മാറ്റമാണ്‌ മൂന്ന്‌ പതിറ്റാണ്ടിനിടെ സംഭവിച്ചത്‌. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങളുമായി ഇതിന് ബന്ധമുണ്ടെങ്കിലും മറ്റു ചില പ്രധാന കാരണങ്ങളുമുണ്ട്‌. അനിയന്ത്രിതമായ മരംമുറി, വനങ്ങളിലെ അധിനിവേശ സസ്യങ്ങളുടെ വളർച്ച എന്നിവയെല്ലാം വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ മാറ്റുന്ന ഘടകമാണ്‌. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനൽ (ഐ.പി.സി.സി) റിപ്പോർട്ട് 2050 ആകുമ്പോഴേക്കും ഭൂമിയിലെ അന്തരീക്ഷ താപനിലയിൽ 1.5 ഡിഗ്രി സെൽഷ്യസ്‌ വർധനവുണ്ടാവുമെന്നാണ്‌ പറയുന്നത്. എന്നാൽ വയനാട്ടിൽ അഞ്ച്‌ വർഷങ്ങൾക്കുള്ളിൽ രണ്ട്‌ ഡിഗ്രി സെൽഷ്യസ്‌ വർധന സംഭവിച്ചിട്ടുണ്ട്. ഇത്‌ കൃഷിയെയാണ് സാരമായി ബാധിച്ചത്. ഈ താപനില വർധനവാണ്‌ വയനാടൻ മണ്ണിന്റെ ഈർപ്പം നഷ്ടമാകാനും പലയിടത്തും വരൾച്ചയുണ്ടാകാനും പ്രധാനമായും കാരണമായിത്തീർന്നത്. മഴക്കാലത്ത് കഴിയുന്നതും ജലം സംരക്ഷിച്ചു നിർത്തണമെന്ന ബോധ്യത്തിലേക്ക്‌ ഇത് കർഷകരെ എത്തിച്ചിട്ടുണ്ട്‌. വേനലിൽ കടുത്തവേനലും മഴയിൽ കടുത്ത മഴയും എന്ന രീതിയിലേക്കാണ്‌ കാലാവസ്ഥ എത്തിച്ചേർന്നിരിക്കുന്നത്. അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പം തങ്ങിനിർത്തുന്ന തരത്തിലുള്ള നൂൽമഴയും, കോടയും വയനാടിന്റെ സവിശേഷതയായിരുന്നു. എന്നാൽ അഞ്ച്‌ വർഷത്തിനിടയിൽ ഇതിൽ പ്രകടമായ മാറ്റമാണ്‌ ഉണ്ടായത്‌.

കാണാതാകുന്ന കോടമഞ്ഞ്. കടപ്പാട്:flickr (representational image)

ഞാറ്റുവേലയും ഇടവപ്പാതിയും കാലം തെറ്റി

മെയ്‌ അവസാനമോ ജൂൺ തുടക്കത്തിലോ ലഭിച്ചിരുന്ന കാലവർഷം പലപ്പോഴും വൈകിയെത്തുന്ന സ്ഥിതിയാണിപ്പോൾ. ജൂലായ് പകുതിയിലേക്ക്‌ കാലവർഷം മാറുന്നു. പെയ്യുന്ന മഴയാണെങ്കിൽ അതിശക്തമാണ്‌. ഒറ്റമഴ തന്നെ 100 മില്ലീമീറ്റർ – 200 മില്ലീമീറ്ററാണ്‌. മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിച്ചതായി 2018-19 വർഷങ്ങളിലെ പ്രളയത്തിന് ശേഷം നടന്ന പഠനങ്ങൾ വ്യക്തമാകിയിട്ടുണ്ട്‌. ഇതിന്റെ പ്രധാന കാരണം മേഘവിസ്ഫോടനമാണ്. ഇത്തരം അതിപെയ്ത്ത്‌ വയനാടിന്റെ അയഞ്ഞ മണ്ണിന്റെ ദൃഢതയെ വല്ലാതെ ബാധിക്കുന്നു. ഇതാണ്‌ മലയിടിച്ചിലിലേക്ക്‌ പല പ്രദേശങ്ങളെയും നയിക്കുന്നത്‌. മഴദിനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. വയനാട്ടിൽ എല്ലാ ദിവസവും മഴയാണെന്ന പഴമക്കാരുടെ ചൊല്ല്‌ അപ്രസക്തമായി. മഴദിനങ്ങളുടെ കുറവ്‌ മണ്ണിൽ ജലം തങ്ങി നിൽക്കുന്നതിന്റെ തോത്‌ വല്ലാതെ കുറച്ചു. മഴക്കാലത്ത്‌ കുത്തിയൊലിച്ചെത്തി പ്രളയം സമ്മാനിക്കുകയും മഴമാറി ദിവസങ്ങൾക്കുള്ളിൽ ജലക്ഷാമത്തിലേക്ക്‌ കാര്യങ്ങളെത്തിക്കുകയും ചെയ്യുന്നു.

പസഫിക്കും വയനാടൻ കാലാവസ്ഥയും

ഡെക്കാൻ പീഠഭൂമിയുടെ തെക്കേ മുകൾഭാഗത്തുള്ള ഇടതൂർന്ന കാടുകളും ആഴത്തിലുള്ള താഴ്‌വരകളും പരുക്കൻ ഭൂപ്രദേശങ്ങളുമുള്ള പശ്ചിമഘട്ട ഭാഗമായ വയനാടിന്റെ കലാവസ്ഥ നിർണയിക്കാനും അങ്ങകലെയുള്ള പസഫിക് സമുദ്രത്തിലെ മാറ്റത്തിനാവും. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പസഫിക് സമുദ്രം. പസഫിക് സമുദ്രത്തിലെ ചൂട്‌ കൂടുകയും കുറയും ചെയ്യുന്നതാണ്‌ മറ്റിടങ്ങളിലും ബാധിക്കുന്നത്‌. പസഫിക് സമുദ്രത്തിന്റെ താപനില ശരാശരിയിൽ നിന്നും അര ഡിഗ്രി സെൽഷ്യസ് വർധിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അര ഡിഗ്രി സെൽഷ്യസ് കുറയുന്നതാണ് ലാനിനോ. മൂന്ന് മുതൽ ഏഴുമാസം വരെ എൽനിനോ പ്രതിഭാസം നീണ്ടു നിൽക്കും. എൽനിനോ പ്രതിഭാസം കഴിഞ്ഞാൽ സമുദ്രതാപനില താഴോട്ട് വരികയും മൂന്ന് മുതൽ നാല്‌ മാസം വരെ സാധാരണ നിലയിൽ തുടരുകയും ചെയ്യും. പിന്നീടുള്ള നാല്‌ മുതൽ അഞ്ച്‌ മാസം സമുദ്ര താപനില ശരാശരിയിൽ നിന്ന് കുറയുകയും ചെയ്യും. മനുഷ്യൻ ഇന്നുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ശക്തിയായ എൽനിനോ പ്രതിഭാസത്തിലൂടെയാണ് ഈ വർഷം ഭൂമി കടന്നുപോയത്. ഇതോടൊപ്പം മനുഷ്യ നിർമിതമായ ആഗോള താപനം എൽനിനോ പ്രതിഫലനം വർധിക്കുന്നതിന് ഇടയാക്കി. കൂടാതെ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ താപനില വർധനവും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ താപനില വർധിപ്പിക്കുന്നു. അതുകൊണ്ടാണ്‌ വയനാട്ടിലുൾപ്പെടെ വലിയ രീതിയിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

ജൂൺ–ആഗസ്ത്‌ മാസത്തോട് കൂടി പസഫിക് സമുദ്രം ലാനിനോ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. ലാനിനോ പ്രതിഭാസത്തിന് ശക്തി കുറയുകയാണെങ്കിൽ ഇപ്പോൾ നിലനിൽക്കുന്ന ഉഷ്ണം വർധിക്കും. ലാനിനോ അവസ്ഥയിലേക്ക്‌ മാറിയാൽ ഈ വർഷം ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്കാണ് കാലാവസ്ഥാ നിരീക്ഷകർ എത്തിയിരിക്കുന്നത്‌. വയനാട് ജില്ലയിലെ ശരാശരി മഴ 2322 മില്ലിമീറ്ററാണ്. ലക്കിടി, വൈത്തിരി, മേപ്പാടി എന്നിവയാണ് വയനാട്ടിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ. തെക്കുപടിഞ്ഞാറൻ മൺസൂണിൽ ഉയർന്ന വേഗതയുള്ള കാറ്റ് സാധാരണമാണ്. മൺസൂൺ കാലയളവിൽ 95 ശതമാനം വരെ ഉയർന്ന ആപേക്ഷിക ആർദ്രത ഇവിടെ അനുഭവപ്പെടാറുണ്ടയിരുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ തണുത്ത അന്തരീക്ഷവും മാർച്ച് മുതൽ മെയ് വരെ മിത ഉഷ്ണകാലവും ജൂൺ മുതൽ സെപ്തംബർ വരെ തെക്ക് പടിഞ്ഞാറൻ മൺസൂൺ, ഒക്ടോബർ-നവംബർ മാസങ്ങളിൽ വടക്ക് കിഴക്കൻ മൺസൂണും ലഭിച്ചിരുന്നു. ഈ കാലാവസ്ഥാരീതികളാണ്‌ പാടെ മാറിയത്‌.

കോഴിക്കോട്‌ ജില്ലയുടെ ഭാഗമായ ചുരത്തിന്റെ അഞ്ചാം വളവ്‌ കയറുമ്പോൾ തന്നെ വയനാടൻ മഞ്ഞിന്റെ കുളിരനുഭവം തുടങ്ങുമായിരുന്നു. അക്കാലമെല്ലാം മറഞ്ഞു. ഇപ്പോൾ ഒമ്പതാം വളവും കഴിഞ്ഞ്‌ വ്യൂപോയിന്റിലെത്തിയാലും തണുപ്പൊട്ടുമില്ല. വൈത്തിരിയിൽ മാത്രമാണ്‌ പേരിനെങ്കിലും വൈകുന്നേരങ്ങളിൽ കോടയും തണുപ്പുമുള്ളത്‌. ബ്രിട്ടീഷുകാർ അധിനിവേശകാലത്ത് അവരുടെ രാജ്യത്തെ അന്തരീക്ഷത്തോട്‌ അടുത്തു നിൽക്കുന്ന വൈത്തിരിയിൽ ഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത് ഈ തണുപ്പ്‌ ആസ്വദിക്കാനായിരുന്നു.

മഴ കുറഞ്ഞതോടെ കൃഷിക്കായി കർഷകർ കുഴിച്ച കുളം. കടപ്പാട്:pari

സൂക്ഷ്മ കാലാവസ്ഥയിലെ മാറ്റം

സഹിക്കാനാത്ത തണുപ്പെന്നതൊക്കെ വയനാട്ടിൽ ഇപ്പോൾ പഴങ്കഥയായി. ഉയരം കൂടുന്നതിനനുസരിച്ച്‌ തണുപ്പ്‌ കൂടുമെങ്കിലും വയനാടിന്റെ സ്വാഭാവത്തിൽ വന്ന മാറ്റം ഈ തണുപ്പിനെ നിലനിർത്തുന്നില്ല. കോൺക്രീറ്റ്‌ നിർമ്മിതികൾ വർധിച്ചതും മരം മുറി വ്യാപകമായതുമെല്ലാം സൂക്ഷ്മ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. 2018ൽ നാല്‌ ദിവസം 100 മില്ലീലിറ്ററിനും 200 നും ഇടയിൽ മഴയും 2019 ൽ മൂന്ന്‌ ദിവസങ്ങളിൽ തുടർച്ചയായി 100 നും 200 നും ഇടയിൽ മഴയും ലഭിച്ചു. 2019 ൽ ഒരു ദിവസം 300 മുതൽ 400 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. മേഘവിസ്ഫോടന സമയങ്ങളിലാണ്‌ ഇത്രയും ശക്തമായ മഴപെയ്തത്‌. 2020-ൽ 143 ദിവസങ്ങളിലായി 100 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് മഴ ലഭിച്ചു. 2021ൽ 96 സ്ഥലങ്ങളിൽ 100 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിച്ചു. 2022ൽ 213 സ്ഥലങ്ങളിൽ 100 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിച്ചു.

ചെറുതല്ല താപവർധന

1904 ൽ സി.എ ഇന്നീസ് പ്രസിദ്ധികരിച്ച മലബാർ ഗസറ്ററിൽ വൈത്തിരിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 15.5 ഡിഗ്രി സെൽഷ്യസും കൂടിയത്‌ 28.8 ഡിഗ്രി സെൽഷ്യസുമാണ്‌. എന്നാൽ 2024 മാർച്ച്, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വൈത്തിരിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത്‌ 17.6 ഡിഗ്രി സെൽഷ്യസുമാണ്‌. കുറഞ്ഞ താപനിലയിൽ രണ്ട്‌ ഡിഗ്രി സെൽഷ്യസും, കൂടിയ താപനിലയിൽ അഞ്ച്‌ ഡിഗ്രി സെൽഷ്യസും ആണ് വർധിച്ചിരിക്കുന്നത്.

വേനലിൽ കരിഞ്ഞ് ഉണങ്ങുന്ന വാഴകൃഷി. കടപ്പാട്:mongabay

മണ്ണിന്റെ താപനില

കൽപ്പറ്റയിൽ 2023 ഏപ്രിലിൽ തുറന്ന പ്രദേശത്തെ മണ്ണിന്റെ താപനില 40 ഡിഗ്രിയും മരങ്ങളുള്ള തണൽ പ്രദേശത്തെ മണ്ണിന്റെ താപനില 26 ഡിഗ്രിയുമാണ്. 2024 ഏപ്രിൽ മാസത്തിൽ തുറന്ന പ്രദേശത്തെ മണ്ണിന്റെ താപനില 42 ഡിഗ്രിയും തണൽ പ്രദേശത്ത് 27 ഡിഗ്രിയുമാണ്. തുറന്ന പ്രദേശത്ത് രണ്ട്‌ ഡിഗ്രി വർധനവും, തണൽ പ്രദേശത്ത് ഒരു ഡിഗ്രി വർധനവുമാണ് ഉണ്ടായിട്ടുള്ളത്.

കാലാവസ്ഥ താളം തെറ്റിയതോടെ വിളവ്‌ വല്ലാതെ കുറയുകയാണ്‌. വരൾച്ചയിൽ ഈ വർഷം കോടികളുടെ നഷ്ടമാണ്‌ കർഷകർക്കുണ്ടായത്‌. കരവാഴകൃഷിയിൽ മാത്രം എട്ട്‌ കോടിയുടെ നാശമുണ്ടായി. പല കൃഷികളും കർഷകർ കൈവിടുകയാണ്‌. പരമ്പരാഗതമായി ചെയ്തിരുന്ന തേയില കൃഷിയിൽ ജില്ലയിൽ വലിയ കുറവുണ്ടായി. തോട്ടങ്ങളിലെ ഈർപ്പം വല്ലാതെ കുറഞ്ഞതോടെ ചുവന്ന ചിലന്തിയുടെ അക്രമണം വ്യാപകമായി. പലരും തേയിലത്തോട്ടങ്ങൾ സാഹസിക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുകയാണ്‌. കാലാവസ്ഥയിലെ മാറ്റം വനത്തിലെ ഭക്ഷണം ഇല്ലാതാക്കി. ഇത്‌ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ പ്രധാന കാരണമായി. ഇതേ തുടർന്ന് പലയിടങ്ങളിലും വന്യജീവി മനുഷ്യസംഘർഷം വർധിച്ചു. ഇതോടെ ജീവിതപ്രതിസന്ധി രൂഷമായി. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് കൃഷിരീതികളിൽ മാറ്റമുണ്ടാക്കുക എന്നാതാണ്‌ സാധ്യമായ പോംവഴി. വനങ്ങളിലെ അധിനിവേശസസ്യങ്ങളെ പിഴുത് മാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും വ്യപകമായ മരംമുറി അവസാനിപ്പിക്കുകയും ചെയ്യണം.

2019ൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടൽ. കടപ്പാട്:bloomberg

നിസ്സാരമല്ല കാലാവസ്ഥാ വ്യതിയാനം

വയനാട്ടിലെ കാലാവസ്ഥയിലുണ്ടായ മാറ്റം നിസ്സാരമായി കാണാനാവില്ല. സൂക്ഷ്മകാലാവസ്ഥയിലെ മാറ്റം പ്രത്യക്ഷത്തിൽ വേഗം മനസ്സിലാവില്ലെങ്കിലും ജീവിതാവസ്ഥയെ അത് ഗൗരവത്തിൽ ബാധിക്കും. പ്രതിരോധ പ്രവർത്തനത്തിന്റെ ആദ്യപടി കാലാവസ്ഥയെ മനസ്സിലാക്കുക എന്നതാണ്‌. മനസ്സിലാക്കി ഇടപെട്ട്‌ മാത്രമേ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാവൂ. ഇതിനായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ ആരംഭിച്ച്‌ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങൾ സംബന്ധിച്ച്‌ കൃത്യമായ വിവരം ജനങ്ങൾക്ക്‌ നൽകണം. പെട്ടെന്ന്‌ പരിഹരിക്കാവുന്ന പ്രശ്നമല്ലാത്തതിനാൽ തന്നെ കാലാവസ്ഥയ്‌ക്ക്‌ ഇണങ്ങുന്ന തരത്തിലേക്ക്‌ കൃഷി-ജീവിത രീതികളെ മാറ്റാൻ കഴിയണം.

Also Read

5 minutes read June 17, 2024 1:50 pm