Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
2013 ജൂണിൽ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ 60000 പേർ ഒറ്റപ്പെടുകയും 1500 പേരെ കാണാതാകുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തെ “ഹിമാലയൻ സുനാമി “എന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ അന്ന് വിശേഷിപ്പിച്ചത്. എന്നാൽ രാജ്യത്തെ ഹിമാലയൻ ജിയോളജിസ്റ്റുകളിൽ പ്രമുഖനായ പത്മശ്രീ കെ.എസ്. വാൽദിയ (KS Valdiya) സർക്കാരിനെതിരെ വിമർശനവുമായി രംഗത്തു വന്നു. “കഠിനമായ മഴയും മേഘവിസ്ഫോടനവും സ്വാഭാവികമാണ്. പക്ഷേ അതിനെ തുടർന്നുണ്ടായ ദുരന്തം തീർത്തും മനുഷ്യ നിർമ്മിതം തന്നെ. ഉത്തരാഖണ്ഡിൽ സംഭവിക്കാൻ പോകുന്നത് എന്തെന്ന് പൂർണ്ണമായും പരിശോധിച്ചതും രേഖപ്പെടുത്തിയതുമാണ്. അതൊന്നും പരിഗണിക്കാതെ തെറ്റായ രീതിയിൽ അവിടെ റോഡുകളുണ്ടാക്കി. ഇത് റോഡിനടിയിലെ പാറകളെ ദുർബലപ്പെടുത്തി. മറ്റൊന്ന് അവിടെയെങ്ങും മഴവെള്ളം ഒഴുകി പോകാനുള്ള ചാലുകൾ എഞ്ചനീയർമാർ ഉണ്ടാക്കിയില്ല. കെട്ടിടങ്ങൾ പണിതതാകട്ടെ പഴയ നീർച്ചാലുകളുടെ മുകളിലാണ്. ഇത് വെള്ളത്തിൻ്റെ സാധാരണ ഒഴുക്ക് തടസ്സമാക്കി. മുമ്പ് മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലങ്ങളിലൂടെയാണ് പല റോഡുകളും പണിതത്. കാരണം മറ്റുവഴികളിലൂടെ റോഡ് വെട്ടുമ്പോൾ ചെലവേറും. എഞ്ചിനീയർമാർ പറയുമ്പോൾ എല്ലാത്തിനും “ഓക്കെ ” പറയേണ്ട റബ്ബർ സ്റ്റാമ്പുകൾ അല്ല ജിയോളജിസ്റ്റുകൾ. സ്വതന്ത്രരായ ജിയോളജിസ്റ്റുകളുമായി ഒരിക്കലും നിർമ്മാണങ്ങളെപ്പറ്റി സർക്കാർ ചർച്ചചെയ്തിട്ടില്ല. ശാസ്ത്രീയമായ നിർമ്മാണത്തിനു അവസാന പരിഗണനയേ സംസ്ഥാനം നൽകുന്നുള്ളൂ. മണ്ണിടിച്ചിൽ തടയുന്നതിന് പല നിർദ്ദേശങ്ങളും നൽകിയതാണ്. ഉത്തരവാദിത്വപ്പെട്ടവർ അടിസ്ഥാന ശാസ്ത്ര തത്ത്വങ്ങളെ തന്നെ അട്ടിമറിയ്ക്കുന്നതിനാൽ അനേകം മനുഷ്യജീവനും സമ്പത്തും നഷ്ടപ്പെട്ടിരിക്കുന്നു” എന്നായിരുന്നു വാൽദിയ നൽകിയ വിശദീകരണം. ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം “മനുഷ്യനിർമ്മിതം” എന്നു പറയുന്നത് ബാലിശമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിജയ് ബഹുഗുണ ശാസ്ത്രജ്ഞരെ അന്ന് ശാസിക്കുകയാണുണ്ടായത്.
എന്നാൽ 2023ലും ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കം ആവർത്തിക്കപ്പെട്ടു. 2023 ലെ വെള്ളപ്പൊക്കത്തെപ്പറ്റി ഉത്തരാഖണ്ഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ പറഞ്ഞതിങ്ങനെയാണ്, “റോഡ് വീതിയിൽ നിർമ്മിച്ചത് വെള്ളം ഒഴുകുന്ന ചാലുകളെ കണക്കിലെടുക്കാതെയാണ്. അതോടൊപ്പം വലിയ കെട്ടിട സമുച്ചയങ്ങളും സൈനികത്താവളങ്ങളും ഈ ഭാഗത്ത് കെട്ടിപ്പൊക്കി. വലിയ നിർമ്മാണങ്ങൾ വിലക്കിയിരുന്നതും മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായതുമായ അവശിഷ്ടങ്ങൾക്കുമുകളിലാണ് ജോഷിമഠ് നിർമ്മിച്ചിരിക്കുന്നത്. 1976 ൽ മഹേഷ് ചന്ദ്ര മിശ്ര കമ്മിറ്റി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. മണ്ണിടിച്ചിൽ തടയാൻ ശരിയായ ചാലുകളും വനവൽക്കരണവും പുഴ സംരക്ഷണവും കമ്മറ്റി അന്നേ ശുപാർശ ചെയ്തിരുന്നു. കുന്നുകളും മലകളും നിൽക്കുന്നത് ഫിസിക്സ് കെമിസ്ടി, ബയോളജി എന്നിവയുടെ നിയമങ്ങളുടെ അടിത്തറയിലാണ്. മുമ്പ് ആളുകൾ അവിടെ പരിസ്ഥിതി യോജ്യമായ ചെറിയ വീടുകൾ കെട്ടി. അവർ ചെരിവുകളെ സ്പർശിച്ചില്ല. നീർച്ചാലുകൾ തടസ്സപ്പെടുത്തിയില്ല. വൃക്ഷങ്ങൾ പിഴുതില്ല. ആഢംബരത്തിൻ്റെ ഇടപെടലുകളാണ് പഴയ സമാധാനപരമായ സഹവർത്തിത്വത്തിനു പകരം ഇന്നു കാണുന്നത്”. ഇന്ത്യയിലെ മുൻനിര ഭൗമശാസ്ത്രനായ ഡോ. സി.പി രാജേന്ദ്രനും ‘ഉത്തരാഖണ്ഡിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങളാണ് അവിടെ പരിസ്ഥിതി തകർത്ത് ദുരന്തം സൃഷ്ടിക്കുന്നതെന്ന് പ്രതികരിച്ചിരുന്നു.
ഇപ്രകാരം ഉത്തരാഖണ്ഡ് പ്രകൃതിദുരന്തം ശാസ്ത്രീയ ഭൂവിനിയോഗ മുന്നറിയിപ്പുകളെ അവഗണിച്ച് നടത്തിയ വികസന പ്രവർത്തനങ്ങളുടെ തിരിച്ചടിയാണെന്ന് രാജ്യത്തെ ഒന്നാംനിര ജിയോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിലും, ഉത്തരാഖണ്ഡ് സർക്കാരും അവിടുത്തെ ശാസ്ത്രജ്ഞരും അത് തള്ളിക്കളയുകയും പകരം, മനുഷ്യർക്ക് തടയാൻ പറ്റാത്ത പ്രകൃതിയുടെ അപ്രതീക്ഷിത ആക്രമണമായി അവ ചിത്രീകരിക്കുകയും ചെയ്തു.
വയനാട് മുണ്ടക്കൈയിൽ ജൂലൈ 30നുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിന് ശേഷം കേരളത്തിൽ ആവർത്തിക്കപ്പെടുന്ന ഉരുൾപൊട്ടലുകൾ സംബന്ധിച്ച ചർച്ചകളിൽ ഖനനം മൂലമാണെന്ന വാദം ഉയർന്നിരുന്നു. എന്നാൽ അതിനെ എതിർക്കാൻ കരിങ്കൽ ഖനനം മണ്ണിടിച്ചിലിനു കാരണമാകില്ല എന്ന വ്യാജശാസ്ത്രവാദത്തെ ഗൗരവപരമായി തന്നെ കാണേണ്ടതുണ്ട്. ഖനനവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനങ്ങൾ പരിശോധിച്ചാൽ ഈ വാദം തെറ്റാണെന്ന് മനസിലാക്കാൻ സാധിക്കും.
പാറമടകളും ഉരുൾപൊട്ടലും
ഖനനവും ഉരുളപൊട്ടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വന്നിട്ടുള്ള 10 പഠനങ്ങളെ അധികരിച്ച് നടന്ന പഠനത്തിൽ മണ്ണിടിച്ചിലിന് കാരണമാകുന്ന മനുഷ്യ ഇടപെടലുകളിൽ 50 ശതമാനവും ഖനനം കാരണം സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അനധികൃത ഖനനമാകട്ടെ അതിലേറെ മണ്ണിടിച്ചിൽ അപകടം വരുത്തുന്നു. മണ്ണിടിച്ചിലിനെപ്പറ്റി നടത്തിയ പഠനങ്ങളിൽ 60 ശതമാനവും പറയുന്നത് ഖനനം നേരിട്ട് തന്നെ മണ്ണിടിച്ചിൽ കാരണമാകുന്നുവെന്നാണ്. 30 ശതമാനം പഠനങ്ങൾ ഖനനം മണ്ണിടിച്ചിലിനുള്ള പരോക്ഷ കാരണമാകുന്നതായും പറയുന്നു. 10 ശതമാനം പഠനങ്ങൾ മണ്ണിടിച്ചിലിന്റെ പ്രത്യക്ഷവും പരോക്ഷവുമായ കാരണം ഖനനമാണെന്ന് വിലയിരുത്തുന്നു.
2018 ലെ ഉരുൾപൊട്ടലിനെ തുടർന്ന് IEEE കേരളാ വിഭാഗം നടത്തിയ സിമ്പോസിയത്തിലെ പ്രബന്ധങ്ങൾ (Landslides in Kerala 2018 ) തീവ്രമഴ, മണ്ണിടിച്ചിലിന്റെ ആക്കം കൂട്ടുന്നു ക്വാറികൾ, കുത്തനെ മുറിച്ച ചെരിവ്, അനധികൃത നിർമ്മാണങ്ങൾ, സ്വാഭാവിക നീരൊഴുക്കിൻ്റെ തടസ്സപ്പെടുത്തൽ, വനനശീകരണം എന്നിവ 2018 ലെ മണ്ണിടിച്ചിൽ ദുരന്തത്തെ വഷളാക്കിയതായി പറയുന്നു. ഉയർന്ന സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർക്കശമായ നിയന്ത്രണം ഏർപ്പാടാക്കുന്ന നിയമം കൊണ്ടു വരുക, ഉയർന്ന സ്ഥലങ്ങളിലെ ഭൂവിനിയോഗം കൃത്യമായി പരിശോധിക്കുക, അപകടങ്ങൾ ഒഴിവാക്കാൻ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങൾ സജ്ജമാക്കുക, മനുഷ്യവാസമേഖലകൾ പരിസ്ഥിതി സൗഹൃദമാക്കുക, അതിദുർബ്ബല പ്രദേശങ്ങളിൽ മനുഷ്യവാസത്തിന് നിയന്ത്രണങ്ങൾ, ഉചിതമായ ഭൂവിനിയോഗ രീതികൾ മാത്രം കൈക്കൊള്ളുക എന്നിവയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിവിധിയായി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ. 2018 ലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന നയങ്ങൾ കൊണ്ടുവരാൻ സർക്കാരിനെ നിർബ്ബന്ധിക്കുന്നുണ്ട്. 2016 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലെ അശാസ്ത്രീയ നിർമ്മാണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇവിടങ്ങളിൽ ഇത്തരം നിർമ്മാണങ്ങൾ കർക്കശമായി നിയന്ത്രിക്കണമെന്ന് പ്ലാൻ ആവശ്യപ്പെടുന്നു.
“അശാസ്ത്രീയ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് മണ്ണിടിച്ചിലിന് ഉത്തരവാദികൾ. മണ്ണിടിച്ചിൽ സാധ്യതയുള്ള ഉയരങ്ങളിലെ റിസോർട്ട് നിർമ്മാണം ആ സ്ഥലത്തെ മണ്ണിടിച്ചിലിന് സാധ്യത കൂട്ടും. ഇത്തരം പദ്ധതികൾക്ക് അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥരാണ് മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദികൾ” എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻ്റ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ മുൻ ഫാക്കൽറ്റി ഹെഡ് ഡോ. കെ ജി താര പറയുന്നത്. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിലെ സീനിയർ സയൻ്റിസ്റ്റ് ടി.വി സജീവ് നടത്തിയ പഠനത്തിൽ “പാറ ഖനനം ഭൂസ്വഭാവത്തിൽ മാറ്റം വരുത്തും. സ്വാഭാവിക ജലപ്രവാഹത്തിൻ്റെ വഴികളെ തടസ്സപ്പെടുത്തും. ഇത്തരം സമ്മർദ്ദം വലിയ പാറകൾ പൊട്ടുന്നതിനും മണ്ണ് ഇടിയുന്നതിനും കാരണമാകും. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന വിളളലുകൾ വഴി വെള്ളമിറങ്ങി മണ്ണിടിച്ചിലുണ്ടാക്കും” എന്ന് വ്യക്തമാക്കുന്നു. വലിയ മരങ്ങളുടെ വേരുകൾ പാറയെയും മണ്ണിനെയും തമ്മിൽ ഉറപ്പിക്കുന്നു. മരങ്ങൾ വെട്ടുമ്പോൾ വേരുകളുടെ ബന്ധം നഷ്ടപ്പെട്ട് മണ്ണിടിച്ചിലിന് ഇടയാക്കുന്നു. 2017ൽ ഒന്നാം പട്ടികയിൽ വന്ന പരിസ്ഥിതി ദുർബ്ബല മേഖലകളിൽ 1486 കരിങ്കൽ ക്വാറികൾ ഡോ. ടി.വി. സജീവും കൂട്ടരും നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു. ക്വാറികളും മണ്ണിടിച്ചിലും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാക്കാൻ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നാണ് സജീവിന്റെ അഭിപ്രായം. പഠനങ്ങളുടെ അഭാവത്തെക്കുറിച്ചാണ് നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് മുൻ ശാസ്ത്രജ്ഞൻ ജി. ശങ്കറും ചൂണ്ടിക്കാട്ടിയത്. “പശ്ചിമഘട്ടത്തിൽ കട്ടിയായി മണ്ണിൻ്റെ ആവരണമുണ്ട്. എന്നാൽ കാലങ്ങളായുള്ള മനുഷ്യ ഇടപെടൽ ഇതിനു മാറ്റം വരുത്തിയിട്ടുണ്ട്. ക്വാറികൾ മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്നും ക്വാറികൾ ഉരുൾ പൊട്ടലിൻ്റെ പ്രധാന ഘടകമാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞരും ജിയോളജിസ്റ്റുകളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഈ ബന്ധം വ്യക്തമാക്കുന്ന നിർണ്ണായക പഠനങ്ങൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.”
കേരള ദുരന്ത നിവാരണ അതോറിറ്റി 2016 ൽ തയ്യാറാക്കിയ ദുരന്ത നിവാരണ പദ്ധതിയിൽ പറയുന്നത് 1961 നും 2016 നും ഇടയിൽ 85 വലിയ മണ്ണിടിച്ചിൽ കേരളത്തിൽ സംഭവിച്ചു എന്നാണ്. ഇതിൽ 295 പേർ മരണപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ അമ്പൂരി മലയിൽ 2001 ൽ ഉണ്ടായ മണ്ണിടിച്ചിലായിരുന്നു ഏറ്റവും വലുത്. 38 പേർ അവിടെ മരിച്ചു. അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ ഉരുൾപൊട്ടലുകളുടെ എണ്ണം ഇപ്പോൾ കുത്തനെ കൂടിയിട്ടുണ്ട്. ഒപ്പം ആളപായങ്ങളും നാശനഷ്ടങ്ങളും പെരുകി. 2019 ൽ കേരളത്തിൽ 8 ജില്ലകളിലെ 80 സ്ഥലങ്ങളിൽ ഉരുൾപൊട്ടി, 120 പേർ മരണപ്പെട്ടു. 2018 ൽ 10 ജില്ലകളിലായി 104 മരണങ്ങൾ സംഭവിച്ചു. 341 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സംഭവിച്ചു.
മണ്ണിടിച്ചിലും ക്വാറികളുടെ വിസ്തൃതിയിലെ വർധനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മലപ്പുറം ജില്ലയിൽ നടത്തിയ പഠനത്തിലും ക്വാറി വിസ്തൃതി കൂടിയത് മണ്ണിടിച്ചിൽ കൂടുന്നതിന് കാരണമായി പറയുന്നു. കേരളത്തിലെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന പഠനത്തിലും 1967-2019 കാലയളവിൽ ക്വാറി പ്രദേശങ്ങളിൽ ഭൂവിനിയോഗവും മണ്ണിൻ്റെ ആവരണവും വളരെയധികം മാറിയതിൻ്റെ ഫലമായി പ്രദേശത്തെ ഹൈഡ്രോളിക് നെറ്റ് വർക്കിൽ മാറ്റമുണ്ടായെന്നും ഖനനം പരിസ്ഥിതിയെ തകർക്കുന്നുവെന്നും വിശദമാക്കുന്നു. ഈ പഠനവും പാറഖനനവും മണ്ണിടിച്ചിലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
2018 ലെ വെള്ളപ്പൊക്കത്തിന് അതിതീവ്ര മഴയും ഡാമുകളുടെ പ്രവർത്തനവും കാരണമായി പഴിചാരി. എന്നാൽ പ്രധാനപ്പെട്ട മറ്റൊരു കാരണമായ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക തകർച്ച ഒട്ടും ചർച്ച ചെയ്യപ്പെട്ടില്ല. എല്ലാ മണ്ണിടിച്ചിലിന് പുറകിലും വിളകളുടെ അശാസ്ത്രീയ കൃഷി, കുന്നിൻ്റെ ചെരിവുകൾ മുറിച്ചു മാറ്റൽ, നിർമ്മാണം, ക്വാറികൾ എന്നിവ കാണാനാവും.
അശാസ്ത്രീയ ഭൂവിനിയോഗവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം അന്താരാഷ്ട്രതലം മുതൽ പ്രാദേശികതലം വരെയുള്ള പഠനങ്ങളിൽ ഇപ്രകാരം വ്യക്തമാക്കുന്നുണ്ടെങ്കിലും ഉത്തരാഖണ്ഡ് ഭരണകൂടത്തെ പോലെ കേരള സർക്കാരും പറയുന്നത് അതിതീവ്ര മഴ പുത്തുമലയിൽ ഉരുൾപൊട്ടൽ വരുത്തിയെന്നാണ്. അങ്ങനെ ഇരു ഭരണകൂടങ്ങളും മനുഷ്യ ഇടപെടലുകൾ വരുത്തിവെച്ച പാരിസ്ഥിതിക വിനകളെ മായ്ച്ചു കളയാൻ വ്യഗ്രതപ്പെടുന്നു.
കേരളത്തിലാകട്ടെ കരിങ്കൽ ഖനനവും മറ്റും മണ്ണിടിച്ചിലിനു കാരണമാകില്ല എന്ന വ്യാജശാസ്ത്രവുമായി ചില ജിയോളജിസ്റ്റുകളും ശാസ്ത്രമാത്ര വാദികളും സജീവമായി പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. എന്തിനേയും ശാസ്ത്രദൃഷ്ട്യാ സമീപിക്കുന്ന ഇടതുസമൂഹം കേരളത്തിൽ പ്രബലമാണെന്ന് മനസ്സിലാക്കി, ശുദ്ധശാസ്ത്രമെന്ന ലേബലൊട്ടിച്ച് ഇക്കൂട്ടർ മനുഷ്യനിർമ്മിത ദുരന്തങ്ങളെ വെള്ള പൂശുന്നു. അതുവഴി കേരളത്തിലെങ്ങും നടത്തുന്ന പാറഖനനം, അശാസ്ത്രീയ നിർമ്മാണങ്ങൾ പോലുള്ള അനിയന്ത്രിത പാരിസ്ഥിതിക അതിക്രമങ്ങളെ പ്രതിക്കൂട്ടിൽ നിന്നും രക്ഷിക്കുകയും അവയുടെ നിർബാധ തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നു. തന്നെയുമല്ല ഈ വ്യാജ ശാസ്ത്ര പ്രണയികൾ പഴയ വിധിവിശ്വാസത്തിന് തുല്യമായി, ഇതെല്ലാം നമ്മുടെ തലവിധിയാണെന്ന “ശാസ്ത്രീയ വിധിവാദ”ത്തെ ഇടതു യുക്തിചിന്തയിൽ തിരുകി വെയ്ക്കുകയും ചെയ്യുന്നു. ശാസ്ത്രത്തെ മുൻനിർത്തിയുള്ള പരിഷ്കൃതമായ ഒരു തരം അന്ധവിശ്വാസത്തിലേക്ക് മലയാള ഇടതുബോധത്തെ വഴിതിരിച്ചുവിടുകയാണ് ഈ ശാസ്ത്രലോബി ചെയ്യുന്നത്. എൻഡോസൾഫാൻ കാരണമല്ല കാസർഗോഡ് വിഷദുരന്തമുണ്ടായതെന്നും രാസകീടനാശിനികൾ നിരുപദ്രവകരങ്ങളാണെന്നും ഇക്കൂട്ടർ നിരന്തരം പ്രചരിപ്പിച്ചു പോരുന്നുണ്ട്.
അതായത് ഒരു വശത്ത് നവ ലിബറൽ മൂലധന കൊയ്ത്തിൻ്റെ പ്രാദേശികവും ആഗോളവുമായ പാരിസ്ഥിതിക അതിക്രമങ്ങൾ വർദ്ധിക്കുകയും, അതിൻ്റെ തിരിച്ചടികൾ അടിത്തട്ട് ജനസമൂഹം ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ, ആഘാതങ്ങൾ വകവെയ്ക്കാതെ പരിസ്ഥിതിയെ പിഴിഞ്ഞു കൂടുതൽ മൂലധന സമാഹരണത്തിന് പ്രോത്സാഹനം നൽകുക എന്ന ദൗത്യമാണ് ശാസ്ത്രമാത്രവാദികൾ കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത്. ഇടതു യുക്തിബോധമുള്ള മനസ്സുകളെ വ്യാജശാസ്ത്രം കാണിച്ചു ആശയക്കുഴപ്പമുണ്ടാക്കി, സമൂഹത്തിൽ ചേരിതിരിവു വരുത്തി, കേരളത്തെ അടക്കി ഭരിക്കുന്ന ക്വാറി റാക്കറ്റിന് സുഖവാഴ്ച സാധ്യമാക്കുകയാണ് ശാസ്ത്രമാത്ര വാദികളുടെ തന്ത്രം.
മറ്റൊരു യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടത് നവ ലിബറൽ ലോകത്ത് ശാസ്ത്രസമൂഹം അധികാരത്തിനും മൂലധനത്തിനും സേവ ചെയ്യുന്നവരെന്നും, ഇവയ്ക്കു കീഴ്പ്പെടാതെ സ്വതന്ത്രരായി നിൽക്കുന്നവരെന്നും രണ്ടായി വേറിട്ടു നിൽക്കുന്നു എന്നതാണ്. ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക ദുരന്തത്തിനിടയാക്കിയ വൻകിട നിർമ്മാണങ്ങളുടെ ആഘാതത്തെപ്പറ്റി സ്വതന്ത്രരായ ജിയോളജിസ്റ്റുകളോട് ഭരണകൂടം ചർച്ച നടത്തിയില്ല എന്നു ഡോ. കെ.എസ്. വാൽദിയ പരാതിപ്പെട്ടത് ഓർക്കുക. അതായത് ഭരണകൂടത്തിനും മൂലധനക്കൊയ്ത്തിനും വഴങ്ങിക്കൊടുക്കുന്നവരും, അതിനു പാകത്തിൽ ശാസ്ത്രീയ റിപ്പോർട്ടുകൾ തയ്യാറാക്കുന്നവരും, പിന്നീട് ദുരന്തങ്ങൾ വന്നു പതിക്കുമ്പോൾ അതിൻ്റെ കുറ്റവാളി പ്രകൃതി മാത്രമാണെന്നു മാധ്യമങ്ങളോട് സ്ഥാപിക്കുന്നവരുമായി കുറേ ശാസ്ത്രജ്ഞർ മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ സ്വതന്ത്രശാസ്ത്രജ്ഞർ എന്ന ഗണം ഇന്ന് ഒരു ന്യൂനപക്ഷമാണ്. ഇവരുടെ ചെറുശബ്ദങ്ങളെ വ്യാജശാസ്ത്രത്തിൻ്റെ ഹുങ്കാരങ്ങൾ കൊണ്ട് തടയിടുന്നു മൂലധന – അധികാര സേവ ചെയ്യുന്ന ഔദ്യോഗിക ശാസ്ത്ര റിപ്പോർട്ടുകൾ.
ഇവർ കേരള സമൂഹത്തെ ശാസ്ത്രീയർ എന്നും അശാസ്ത്രീയർ എന്നും രണ്ടു ജാതികളായി വിഭജിച്ചു അനിയന്ത്രിതവും അശാസ്ത്രീയവുമായ പ്രകൃതിവിഭവ കൊള്ളയ്ക്ക് പുരോഗതിയുടെ മാന്യത നൽകുന്നു; ഇതിനെ എതിർക്കുന്നവരെ അശാസ്ത്രീയ അപരിഷ്കൃത അന്ധസമൂഹം എന്ന് മുദ്രകുത്തുന്നു. മാത്രല്ല ഔദ്യോഗിക ശാസ്ത്രറിപ്പോർട്ടുകളെ ചോദ്യം ചെയ്യുന്ന ശാസ്ത്രജ്ഞരെയും ഇക്കൂട്ടർ ഒറ്റപ്പെടുത്തുന്നു.
അതുപോലെ ശാസ്ത്രത്തിൻ്റെ ശരിയായ അന്വേഷണ മാർഗ്ഗങ്ങളിലൂടെ മുന്നേറി കൂടുതൽ വസ്തുതകൾ പുറത്തു കൊണ്ടുവരുന്നതിനും ഈ ആധികാരിക ശാസ്ത്രജ്ഞലോബി വിലങ്ങു തടിയാണിന്ന്. ഉദാഹരണമായി പാറഖനനവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ബോധ്യപ്പെട്ടപ്പോൾ, അതിനെപ്പറ്റി കൂടുതൽ പഠനങ്ങൾ ഇനിയും വേണമെന്നു ഡോ. സജീവും ഡോ. ശങ്കറും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ക്വാറികൾ ഉരുൾ പൊട്ടലിനു കാരണമാകില്ല എന്ന വ്യാജബോധം ചമച്ച് കേരളത്തിലെ ഖനന – ഉരുൾ പൊട്ടൽ ബന്ധത്തിൻ്റെ തുടർ അന്വേഷണങ്ങളെ സ്ഥാപിത താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞലോബി നിർവീര്യമാക്കുന്നു. യഥാർത്ഥത്തിൽ കേരളത്തിൽ അടിയന്തിരമായി വേണ്ടത് അംഗീകൃതവും അല്ലാത്തതുമായ ക്വാറികൾ തീർക്കുന്ന പാരിസ്ഥിതിക- സാമൂഹിക ആഘാതങ്ങളെ പറ്റി വിശദമായ പഠനങ്ങളാണ്.
അതുകൊണ്ട് ഏതു ശാസ്ത്രജ്ഞർ പറയുന്നതാണ് തികച്ചും ശാസ്ത്രീയം എന്നുകണ്ടെത്താൻ ഇന്ന് ഒറ്റ മാർഗ്ഗമേ നമുക്ക് മുന്നിലുള്ളൂ. ശാസ്ത്രജ്ഞൻ ആരുടെ കൂടെ നിൽക്കുന്നു എന്നതാണത്. ഉരുൾപൊട്ടലിലും വിഴിഞ്ഞത്തും കാസർഗോഡുമെല്ലാം ഭരണകൂടത്തിനും മൂലധനക്കൊള്ളക്കും ഒപ്പമാണോ അയാളുടെ റിപ്പോർട്ട് നിലകൊള്ളുന്നത്? അതോ അടിത്തട്ട് ജനങ്ങൾക്കും അവരുടെ പരിസ്ഥിതിക്കും ഒപ്പമോ? എൻഡോസൾഫാൻ നിരുപദ്രവകാരിയാണെന്നും ക്വാറികൾ ഉരുൾപൊട്ടൽ വരുത്തുന്നില്ലെന്നും സ്ഥാപിക്കുന്ന ശാസ്ത്രജ്ഞൻ ആരുടെ വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുന്നു എന്നുകൂടി നമ്മൾ തിരയണം. അയാളുടെ സ്ഥാപിത താൽപ്പര്യങ്ങൾ, രഹസ്യ ബന്ധങ്ങൾ പിടിക്കപ്പെടണം. ഈ ബന്ധങ്ങൾ അത്രമേൽ ഗോപ്യമായതിനാൽ അവ പൊതുസമൂഹം കണ്ടുപിടിക്കില്ല എന്ന ചങ്കൂറ്റത്തിലാണ് പരിസ്ഥിതി – ജനവിരുദ്ധ പാതകങ്ങളെ ശാസ്ത്രത്തിൻ്റെ ഭാഷയിൽ ഇവർ ന്യായീകരിക്കുന്നത്. അതിനാൽ ഇവരെ തിരിച്ചറിയാൻ നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം ഫലത്തിൽ ഇവരുടെ വക്കാലത്ത് ആരെ സംരക്ഷിക്കുന്നു എന്നതു മാത്രമാണ്.