തുരങ്കപാത അനുമതി: വൈരുധ്യങ്ങളും ആശങ്കകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് വയനാട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അതിനിടയിലാണ് ഒട്ടേറെ പാരിസ്ഥിതിക ഭീഷണികൾ ഉയർത്തുന്ന വയനാട് തുരങ്കപാത നിർമ്മാണത്തിന് സംസ്ഥാന പരിസ്ഥിതി അവലോകന സമിതി (SEAC – State Environmental Appraisal Committee) അനുമതി നൽകിയിരിക്കുന്നത്. 25 വ്യവസ്ഥകളോടെയാണ് അനുമതി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും സംസ്ഥാന നിയമ, ധന വകുപ്പുകളുടെ സാങ്കേതികാനുമതിയും നേരത്തെ പദ്ധതിക്ക് ലഭിച്ചിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് വീണ്ടുമൊരു പാരിസ്ഥിതിക ആഘാത പഠനം നടത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയുടെ അനുമതി ലഭിച്ചതോടെ തുരങ്കപാത നിർമ്മാണത്തിനുള്ള അവസാന കടമ്പയും സർക്കാർ പിന്നിട്ടിരിക്കുകയാണ്. സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ ഏതാണ്ട് നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നിർമ്മാണം ഈ വർഷം തന്നെ തുടങ്ങും. എന്നാൽ അനുമതിയുടെ ഭാഗമായി എസ്.ഇ.എ.സി മുന്നോട്ടുവച്ച വ്യവസ്ഥകൾ വൈരുധ്യങ്ങളും ആശങ്കകളും നിറഞ്ഞതാണെന്ന് പരാതിയുണ്ട്.

ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത മാതൃക. കടപ്പാട്: etvbharat

തുരങ്കപാത ഉയർത്തുന്ന ആശങ്കകൾ

ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാത സംസ്ഥാന സര്‍ക്കാർ ഏറെ പ്രാധാന്യത്തോടെ പരി​ഗണിക്കുന്ന ഒരു ഫ്ലാ​ഗ് ഷിപ്പ് പദ്ധതിയാണ്. ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തന്നെ ഇതിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നിരുന്നു. അനുമതി നൽകുന്നുണ്ടെങ്കിലും റിപ്പോർട്ടിന്റെ ഭാഗമായി ചില ആശങ്കകൾ സ്റ്റേറ്റ് ലെവൽ അപ്രൈസൽ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ആ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഒന്നും തന്നെ നിർദ്ദേശിച്ചിട്ടുമില്ല. ഇതിന് മുമ്പ് പല തവണ പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തില്‍ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നീട്ടിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങൾ ഉള്‍പ്പെടുന്നതാണ് തുരങ്കപാതയുടെ ഭാഗമായ കള്ളാടിയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍. അതായത് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയുടെ ചില ഭാഗങ്ങൾ തുരങ്കപാതയിൽ ഉൾപ്പെടുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്താണ് തുരങ്കപാത നിർമ്മാണം. ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലാണ് തുരങ്കപാത വരുന്നത് എന്ന കാര്യം സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പ്രത്യേകം പറയുന്നുണ്ട്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ്. പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ കുന്നുകള്‍ക്കും വനങ്ങള്‍ക്കും അടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്.

“2019ലും 2024ലും വൻതോതിൽ മണ്ണിടിച്ചിലുണ്ടായ, മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബലമായ ഭൂപ്രദേശങ്ങളിലൂടെയാണ് തുരങ്കപാതയുടെ അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാൽ വിപുലമായ ഒരു പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പദ്ധതി പ്രദേശം വയനാട്ടിലെ വെള്ളരിമല വില്ലേജിലും കോഴിക്കോട്ടെ തിരുവമ്പാടി വില്ലേജിലുമാണ് വരുന്നത്, ഇവ രണ്ടും പരിസ്ഥിതി ലോല പ്രദേശങ്ങളായി തരംതിരിച്ചിട്ടുള്ള സ്ഥലങ്ങളാണ്.” സീനിയർ സയന്റിസ്റ്റ് ഡോ. ആർ അജയകുമാർ വർമ്മ അധ്യക്ഷനായ എസ്.ഇ.എ.സി. റിപ്പോർട്ട് പറയുന്നു.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉൾപ്പെട്ട പ്രദേശം. കടപ്പാട്: indiatoday

5.76 കിലോമീറ്റർ നീളമുള്ള തുരങ്കം വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതിനായി 17.263 ഹെക്ടർ വനഭൂമി ആവശ്യമാണ്. പദ്ധതി വരുന്നതോടെ ഈ മേഖലയിൽ മനുഷ്യ വന്യജീവി സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തുരങ്കത്തിൻ്റെ 500 മീറ്റർ മുതൽ 1.5 കിലോമീറ്റർ വരെ ഏതാണ്ട് നാലോളം ആദിവാസി ഊരുകളുണ്ട്. ഈ ഊരുകളിലെ ആദിവാസികളും തദ്ദേശീയ ജനതയും അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ കൂടുതലാണ്. തുരങ്കപാത നിർമ്മാണത്തിനായി നടത്തുന്ന സ്ഫോടനത്തിന്റെ ആഘാതം, ഭൂഗർഭ ജലത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്നിവയെ കുറിച്ചും കൃത്യമായ രീതിയിൽ പരിഹാര നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഇല്ല. വംശനാശഭീഷണി നേരിടുന്ന ബാണാസുര ചിലപ്പൻ, നീലഗിരി ഷോലക്കിളി തുടങ്ങിയ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം എന്ന കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബാണാസുര ചിലപ്പൻ. കടപ്പാട്: thehindu

എസ്.ഇ.എ.സി വ്യവസ്ഥകളും വൈരുധ്യങ്ങളും

എസ്.ഇ.എ.സി നിർദേശിച്ച വ്യവസ്ഥകൾ സൂക്ഷ്മമായി പരിശോധിച്ചാൽ വൈരുധ്യങ്ങളും വഞ്ചനയും കാണാൻ കഴിയുമെന്നാണ് പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ പറയുന്നത്. എസ്.ഇ.എ.സി റിപ്പോർട്ട് പുറത്തുവിട്ട വ്യവസ്ഥകളിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ വൈരുധ്യങ്ങളിൽ പ്രധാനപ്പെട്ട ചിലത് :

മുൻകരുതൽ തത്വങ്ങൾ പിന്തുടരും എന്നാണ് റിപ്പോർട്ടിന്റെ 25 വ്യവസ്ഥകളിൽ ഒന്നാമത്തേത്. എന്നാൽ മുൻകരുതൽ തത്വമനുസരിച്ച്, അപകടസാധ്യതകൾ ഉണ്ടെങ്കിൽ, അവ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഒരു പ്രോജക്റ്റ് നിരസിക്കാം എന്നതാണ്. നിലവിലെ പ്രദേശം മണ്ണിടിച്ചിൽ സാധ്യതയുള്ള പരിസ്ഥിതി ലോല ഭൂപ്രദേശവും മനുഷ്യ-വന്യജീവി സംഘർഷത്തിന് സാധ്യതയുള്ള പ്രദേശവുമാണ്.

മെെക്രോ മാപ്പിംഗ് നടത്തും എന്നാണ് റിപ്പോർട്ടിൽ പറയുന്ന മറ്റൊരു വ്യവസ്ഥ. എന്നാൽ 2019ലും 2024ലും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടാവുകയും ജനവാസ കേന്ദ്രങ്ങൾ ഇല്ലാതാവുകയും ചെയ്ത പ്രദേശമാണിത്. അതുകൊണ്ട് അവിടെ മെെക്രോ മാപ്പിംഗ് അത്യാവശ്യമാണ്. എങ്കിലും അത് നടത്തുന്നതിന് മുമ്പാണ് പാരിസ്ഥിതിക അനുമതി നൽകിയത്.

അതിശക്തമായ മഴയുടെ മുന്നറിയിപ്പ് നൽകാൻ ടെലിമെട്രി ഡാറ്റ ശേഖരിക്കുന്ന ഓട്ടോമേറ്റഡ് കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിക്കണം എന്ന വ്യവസ്ഥയും പറയുന്നുണ്ട്. എന്നാൽ ഇവ മഴ വരുന്ന സമയത്ത് മാത്രമാണ് അത് അറിയിക്കുന്നത്. മണ്ണിടിച്ചിൽ തടഞ്ഞ് നിർത്താൻ അതുവഴി സാധിക്കില്ല.

ശ്രീധർ രാധാകൃഷ്ണൻ

ഓട്ടോമേറ്റഡ് ഡാറ്റ മോണിറ്ററിംഗ് ഉള്ള നാല് ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന വ്യവസ്ഥ പറയുന്നുണ്ട്. തുരങ്കപാത നിർമ്മാണത്തിനായി നടത്തുന്ന സ്ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനം മണ്ണിടിച്ചിലിന് കാരണമാകുമെന്നും ക്ലിയറൻസ് റിപ്പോർട്ട് സമ്മതിക്കുന്നു. എന്നാൽ ഇത്തരം മോണിറ്ററിംഗ് സ്റ്റേഷന് ഡാറ്റ രേഖപ്പെടുത്താൻ കഴിയുമെങ്കിലും, മണ്ണിടിച്ചിൽ തുടങ്ങിയാൽ അത് തടയാൻ കഴിയില്ല.

സീറോ വൈബ്രേഷൻ പ്രകാരമായിരിക്കണം തുരങ്ക നിർമ്മാണം നടക്കേണ്ടത് എന്നാണ് മറ്റൊരു വ്യവസ്ഥ. പക്ഷേ സ്ഫോടനം ആവശ്യമായ ഇത്തരം നിർമ്മാണങ്ങൾ സീറോ വൈബ്രേഷൻ പ്രകാരം സാധിക്കില്ല.

ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന നാല് വിദഗ്ധ അംഗങ്ങളെ ഇ.എം.സി (Environmental Management Committee) യിൽ ഉൾപ്പെടുത്തണം എന്നതാണ് മറ്റൊരു വ്യവസ്ഥ. എന്നാൽ കളക്ടറും പദ്ധതി നിയന്ത്രിക്കുന്ന പി.ഡബ്ല്യു.ഡിയും സർക്കാരിന്റെ ഭാഗമായതിനാൽ സ്വതന്ത്രമായ മേൽനോട്ടവും അധികാരങ്ങളും ഉണ്ടാകില്ല.

അപ്പൻകാപ്പ് ആന ഇടനാഴി സ്ഥാപിക്കണം എന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. എന്നാൽ ഇതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. തുരങ്ക പദ്ധതി തുടങ്ങും മുമ്പ് ആന ഇടനാഴി സ്ഥാപിച്ചില്ലെങ്കിൽ ആനകളുടെ ആവാസ വ്യവസ്ഥയുടെ തുണ്ടുവത്ക്കരണം ഉണ്ടാകുകയും അത് മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കാനിടയാക്കുകയും ചെയ്യുമെന്ന് എസ്.ഇ.എ.സി ചൂണ്ടിക്കാട്ടുന്നു. എന്നാൽ മനുഷ്യ-വന്യജീവി സംഘർഷം എന്ന ഗൗരവമുള്ള വിഷയത്തെ ലഘൂകരിക്കാനാണ് ഈ വ്യവസ്ഥകളിലൂടെ എസ്.ഇ.എ.സി ശ്രമിക്കുന്നത്.

മുണ്ടേരി അപ്പൻകാപ്പ് നിന്നുള്ള ദൃശ്യം. കടപ്പാട്:instagram

പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (Environmental Impact Assessment) വ്യവസ്ഥയിലെ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കും എന്നും പറയുന്നുണ്ട്. എന്നാൽ EIA തന്നെ ദുർബ്ബലവും അപര്യാപ്തവുമായ ഒരു രേഖയാണ്. പാരിസ്ഥിതികവും സാമൂഹികവുമായ ആശങ്കകളെയും അപകടസാധ്യതകളെയും പരിഹസിക്കുന്നതുപോലെയാണ് ഈ രേഖ.

ESA (Environmental Site Assessment) നിയന്ത്രണങ്ങൾ പാലിക്കണം എന്ന വ്യവസ്ഥ ഉണ്ടെങ്കിലും, പരിസ്ഥിതി അനുമതി നൽകുന്ന എസ്.ഇ.എ.സി തന്നെ ഈ നിയന്ത്രണങ്ങൾ ലംഘിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.

നിർമ്മാണ സുരക്ഷയെയും മലിനീകരണ നിയന്ത്രണത്തെയും കുറിച്ച് വ്യവസ്ഥയിൽ പറയുന്നുണ്ടെങ്കിലും, ഇവയിലെല്ലാം പൊതുവായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടൽ സാധ്യതയുമുള്ള, മനുഷ്യ വന്യജീവ സംഘർഷങ്ങൾ കൂടാനിടയുള്ള ഈ പ്രദേശത്തിന് ആവശ്യമായ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും തന്നെ വ്യവസ്ഥകളിൽ പറയുന്നില്ല എന്ന് ശ്രീധർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു.

താമരശ്ശേരി ചുരത്തിന് ബദലായി നിർമ്മിക്കുന്ന തുരങ്കപാതയുടെ പാരിസ്ഥിതിക ആഘാതം വളരെ വലുതായിരിക്കുമെന്നാണ് സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയുടെ അനുമതിയ്ക്ക് ഒപ്പമുള്ള വ്യവസ്ഥകളിൽ നിന്നും വ്യക്തമാവുന്നത്. അപകടസാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളെല്ലാം നിരസിച്ചുകൊണ്ടാണ് തുരങ്കപാതയ്ക്ക് അന്തിമ അനുമതി നൽകിയിരിക്കുന്നത്.

ഈ വിഷയത്തിൽ കേരളീയം മുമ്പ് തയ്യാറാക്കിയ വീഡിയോ സ്റ്റോറി കാണാം:

Also Read

4 minutes read March 6, 2025 2:25 pm