നിശബ്ദ നിർജ്ജലീകരണം: മരണത്തിലേക്ക് നയിക്കുന്ന സൈലന്റ് കില്ലർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ശരീരത്തിന്റ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട ജലം ലഭിക്കാതെ വരുന്ന അവസ്ഥയെയാണ് നിർജ്ജലീകരണം എന്ന് പറയുന്നത്. തലവേദന, ക്ഷീണം, തലകറക്കം, ദാഹം എന്നീ രൂപത്തിലായിരിക്കാം അത് അനുഭവപ്പെടുന്നത്. എന്നാൽ എന്താണ് ഈ നിശബ്ദ ന‍ി‍ർജ്ജലീകരണം? നിശബ്ദ നിർജ്ജലീകരണം (silent dehydration) എന്നതും നമ്മുടെ ശരീരത്തിൽ ജലാംശം കുറവായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് സാധാരണയുണ്ടാകുന്ന നിർജ്ജലീകരണത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ദാഹം എന്ന പ്രതികരണം നമ്മളിൽ ഉണ്ടാകാതെ തന്നെ ശരീരത്തിൽ ക്രമേണ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്നതാണ് ഒരു പ്രധാന വ്യത്യാസം. തലകറക്കം, വരണ്ട വായ, അമിത ദാഹം, മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്ന അക്യൂട്ട് നിർജ്ജലീകരണത്തിൽ നിന്ന് വ്യത്യസ്തമായി, നിശബ്ദ നിർജ്ജലീകരണം നമ്മൾ പോലും തിരിച്ചറിയാതെ സൂക്ഷ്മമായി വികസിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതുവരെ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യും. അവസാനം അത് മരണത്തിലേക്കും നയിക്കാം.

പ്രതീകാത്മക ചിത്രം. കടപ്പാട്: scroll.in

2024 ൽ ഇന്ത്യൻ മെഡിക്കൽ അക്കാദമി ഫോർ പ്രിവന്റീവ് ഹെൽത്ത് എന്ന സംഘടന ‘നിശബ്ദ നിർജ്ജലീകരണവും അതിന്റെ മാനേജ്മെന്റും’ (Understanding Silent Dehydration and its Management) എന്ന വിഷയത്തിൽ വിശാഖപട്ടണത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. ലോകം ആഗോളതാപനവും വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതക ഉദ്‌വമനവും നേരിടുമ്പോൾ, വിശാഖപട്ടണവും ആന്ധ്രാപ്രദേശിലെ മറ്റ് നഗരങ്ങളും വരും വർഷങ്ങളിൽ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗ സാഹചര്യങ്ങളെ നേരിടേണ്ടിവരുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായി പ്രത്യേകിച്ച് കുട്ടികളിലും മുതിർന്ന പൗരരിലും നിശബ്ദ നിർജ്ജലീകരണം ഉണ്ടാക്കുന്നുണ്ടെന്ന് സെമിനാറിൽ പങ്കെടുത്ത മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദശകത്തിൽ, കഠിനമായ ചൂട് ആന്ധ്രാപ്രദേശിൽ 1,788-ലധികം പേരുടെ ജീവൻ അപഹരിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും (IMD) മറ്റ് സ്രോതസ്സുകളുടെയും കണക്കുകൾ ഉദ്ധരിച്ച് അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലെ ജനങ്ങളും സർക്കാരും ആരോഗ്യ പ്രവർത്തകരും നിശബ്ദ നിർജ്ജലീകരണം എന്ന ആരോഗ്യ പ്രതിസന്ധിയുമായി ഇപ്പോൾ പോരാടുകയാണ്. നിശബ്ദ നിർജ്ജലീകരണ കേസുകളുടെ വർദ്ധനവ് സർക്കാർ ആശുപത്രികളിൽ രോഗികളുടെ വൻ തിരക്കിന് കാരണമായിട്ടുണ്ടെന്ന് സെമിനാർ ചൂണ്ടിക്കാട്ടുകയുണ്ടായി.

“പല സമൂഹങ്ങളൂം വ്യക്തികളും ചൂടിന്റെ പ്രതികൂല സ്വാധീനത്തെ കുറച്ചുകാണുന്നുവെന്ന് എനിക്ക് തോന്നുന്നു. ഈ ജീവിതകാലത്തിനിടയിൽ നിരവധി വേനൽക്കാലങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന ചിന്തയുണ്ടാക്കുന്ന തെറ്റായ സുരക്ഷിതത്വ ബോധത്തിലായിരിക്കാം അവർ. പക്ഷേ, ചൂട് വളരെ വേഗത്തിലുള്ള മരണത്തിന് കാരണമാകുമെന്ന് അവർക്കറിയില്ല. കഠിനമായ ചൂട് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു നിലവാരമുള്ള നിർവചനത്തിന്റെ അഭാവം നിലനിൽക്കുന്നുണ്ട്. രോഗിയുടെ പ്രായം, തൊഴിൽ, ചൂടിന്റെ തീവ്രത, ചൂടേൽക്കുന്നതിന്റെ ദൈർഘ്യം, മുമ്പുണ്ടായിരുന്ന അവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി രോഗികളിലെ ലക്ഷണങ്ങളിൽ വലിയ വ്യത്യാസവും ഉണ്ടാവും. ഇത് ചൂട് മൂലമുള്ള രോഗാവസ്ഥ തെറ്റായി നിർണ്ണയിക്കുന്നതിനും, റിപ്പോർട്ട് ചെയ്യപ്പെടാത്തതിനും കാരണമായേക്കാം. ചൂട് മൂലമുള്ള മരണനിരക്ക് കണക്കാക്കാൻ എളുപ്പമാണ്. പക്ഷേ, ചൂട് കാരണമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ടി വരുന്നതടക്കമുള്ള വിഷയങ്ങളുള്ളതിനാൽ അത് റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്.” ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ പ്രവൃത്തിക്കുന്ന ഡോ. ഷൈലജ ടെറ്റാലി പറയുന്നു.

ഡോ. ഷൈലജ ടെറ്റാലി

തൊഴിലാളികൾക്കിടയിലെ വൃക്ക രോഗം

മുംബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലോഞ്ചിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ (LASI) യിൽ നിന്നുള്ള ഡാറ്റയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക്ക് അഡ്മിനിസ്ട്രേഷന്റെ (NOAA) കാലാവസ്ഥാ ഡാറ്റയും ഉപയോഗിച്ച്, ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിൽ പ്രായമായവരിൽ ചൂട് ഏൽക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. താപനില വർദ്ധനവ് മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു എന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു. പ്രമേഹം, ആസ്ത്മ, ചില പകർച്ചവ്യാധികൾ എന്നിവ വർധിപ്പിക്കാനും അമിതമായ ചൂട് കാരണമാകുന്നു. വിഷാദം, ക്ഷീണം, ഭയം, ജീവിത സംതൃപ്തി കുറയൽ എന്നിവയും അതിൽ ഉൾപ്പെടുന്നുണ്ട്.

കഠിനമായ വെയിലിൽ തൊഴിൽ ചെയ്യുന്നവർ. കടപ്പാട്:downtoearth

ചൂടിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ പരിസ്ഥിതി സൗഹൃദ ഭവന നിർമ്മാണം, അനുകൂല മൈക്രോ ക്ലൈമറ്റ് രൂപീകരണം എന്നീ ഘടകങ്ങളുടെ നിർണായക പങ്ക് ഈ റിപ്പോർട്ട് അടിവരയിടുന്നു. കൂടാതെ ദുർബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള സർക്കാർ ഇടപെടലുകളുടെ അനിവാര്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിശബ്ദ നിർജ്ജലീകരണം നമ്മുടെ രാജ്യത്തുണ്ടാക്കുന്ന വ്യാപകമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ടുകൾ ഇപ്പോഴും ശുഷ്കമാണ്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വിഭാഗങ്ങൾക്കിടയിൽ ഈ വിഷയത്തിൽ വിശദമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, ലോകമെമ്പാടുമായി 2.41 ബില്യൺ തൊഴിലാളികൾ ഇത്തരം അമിതമായ ചൂടിന് വിധേയരാകുന്നുണ്ടെന്നും, അവരിൽ ഏകദേശം 19,000 പേർ പ്രതിവർഷം മരണമടയുന്നുണ്ടെന്നുമാണ്. (ഇതിൽ ഡീഹൈഡ്രേഷൻ മൂലമുള്ള മരണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല). നേരിട്ട് ചൂടേൽക്കുന്നതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പലതാണെന്ന് ഐ‌.എൽ‌.ഒ പറയുന്നു – ഹീറ്റ് സ്ട്രോക്ക്, ക്ഷീണം, ചൊറിച്ചിൽ, ശാരീരിക പരിക്കുകൾ, ഹൃദയ, വൃക്ക രോഗങ്ങൾ വരെ അതുമൂലം സംഭവിക്കുന്നു. ഇന്ത്യയിൽ, 75 ശതമാനം വരെ തൊഴിൽ ശക്തി, അതായത് 380 ദശലക്ഷം ആളുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളെയാണ് ആശ്രയിക്കുന്നത്. തലച്ചോറ്, ഹൃദയം, വൃക്കകൾ, കുടലുകൾ, കരൾ, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് ഏറ്റവും വലിയ അപകടസാധ്യതയുള്ളതിനാൽ, അത് ഏറെ ഗൗരവകരമായ കാര്യമാണ്. ഇങ്ങനെ വിവിധങ്ങളായ ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകുന്നതിനാൽ, ശരീരം സാധാരണ താപനിലയിലേക്ക് തണുപ്പിച്ചാലും ചൂട് മൂലമുണ്ടാകുന്ന പരിക്കുകൾ അപകടകരമായി തുടരാൻ സാധ്യതയുണ്ട്.

നേരിട്ട് സൂര്യപ്രകാശം ഏറ്റുകൊണ്ട് ജോലിചെയ്യുന്ന തൊഴിലാളികളെയാണ് നിർജ്ജലീകരണം ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കടുത്ത വേനലിൽ സർക്കാർ തൊഴിൽ സമയത്തിൽ മാറ്റം പ്രഖ്യാപിച്ചിട്ടും അത് നടപ്പാക്കാറില്ല എന്നതാണ് യാഥാർഥ്യം. മധ്യ അമേരിക്കയിലെ എൽ സാൽവദോ‍ർ എന്ന ഒരു ചെറിയ രാജ്യത്തെ തൊഴിലാളികളുടെ ആരോഗ്യ പ്രശ്ങ്ങളെക്കുറിച്ച് നടത്തിയ പഠനം നിർജ്ജലീകരണം വൃക്ക രോഗത്തിലേക്ക് നയിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. ഈ രാജ്യത്തെ ബജോ ലെമ്പ മേഖലയിൽ നടന്ന സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് അവിടത്തെ ഏകദേശം 20,000 നിവാസികളിൽ 25 ശതമാനം വരെ പേർക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്നാണ്. സാൽവദോറിൽ, മുതിർന്നവരുടെ മരണങ്ങൾക്ക് പ്രധാന കാരണം വൃക്ക തകരാറാണ്. എൽ സാൽവദോർ എന്ന രാജ്യത്തിലെ മനുഷ്യരുടെ ജീവിതാവസ്ഥ ഒറ്റപ്പെട്ടതല്ല. നമുക്ക് ചുറ്റും ഒരുപാട് മനുഷ്യർ പലവിധ സമ്മർദ്ദങ്ങളാൽ സ്വന്തം ആരോഗ്യം പരിഗണിക്കാതെ കഠിനമായ വെയിലത്ത് അധ്വാനിക്കുകയും രോഗങ്ങൾ പിടിപെട്ടു മരിക്കുകയും ചെയ്യുന്നുണ്ട്.

വയോജനങ്ങൾക്ക് കൂടുതൽ കരുതൽ വേണം

വരും വർഷങ്ങളിൽ ഉണ്ടാകാനിടയുള്ള കൊടും ചൂടിനെ തുടർന്ന് ലോകമെമ്പാടും രോഗബാധിതരാകാനും മരണപ്പെടാനും ഏറ്റവും സാധ്യതയുള്ളത് പ്രായമായവരാണെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജേർണലിസം റിസോഴ്‌സസ് ക്ലൈമറ്റ് സെൻട്രലിന്റെ അഭിപ്രായത്തിൽ, അമേരിക്കയിൽ പ്രതിവർഷം ചൂട് മൂലമുള്ള മരണങ്ങൾ സംഭവിക്കുന്ന 12,000 പേരിൽ 80 ശതമാനത്തിലധികവും 60 വയസിന് മുകളിലുള്ളവരാണ്. താപനില ഉയരുമ്പോൾ പ്രായമായവരുടെ ശരീരം ചെറുപ്പക്കാരുടെ ശരീരത്തെ അപേക്ഷിച്ച് കൂടുതൽ ചൂട് നിലനിർത്തുന്നു. എന്നാൽ അവരുടെ ഗ്രന്ഥികൾ അത്രയും വിയർപ്പ് പുറത്തുവിടുന്നില്ല. രക്തചംക്രമണം കുറയുന്നതിനാൽ ചർമ്മത്തിൽ നിന്ന് കുറഞ്ഞ താപം മാത്രമേ പുറത്തുവിടുന്നുള്ളൂ.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2050 ആകുമ്പോഴേക്കും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ച് ഏകദേശം 2.1 ബില്യണിലെത്തും. ഇത് ലോക ജനസംഖ്യയുടെ 21 ശതമാനം വരും. 1986 മുതൽ 2005 വരെയുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 2023 ൽ 65 വയസിന് മുകളിലുള്ള ആളുകൾ ശരാശരി 9.3 ഉഷ്ണ തരംഗ ദിനങ്ങൾ ആണ് കൂടുതലായി അനുഭവിച്ചത്. 1990 കളെ അപേക്ഷിച്ച് 65 വയസ്സിനു മുകളിലുള്ള മുതിർന്നവരുടെ വാർഷിക മരണങ്ങളിൽ 167 ശതമാനം വർദ്ധനവിനും ഇത് കാരണമായി. താപനില വ്യതിയാനം ഇല്ലായിരുന്നെങ്കിൽ അത്തരം മരണങ്ങളുടെ വർദ്ധനവ് 65 ശതമാനം മാത്രമാകുമായിരുന്നു. മുതിർന്ന പൗരരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടികൾ ഇനിയും വൈകിക്കൂടാ എന്നർത്ഥം.

അസാധാരണമായ ഉയർന്ന താപനില കാരണം 2022 ൽ യൂറോപ്പിലുടനീളമുള്ള 21 രാജ്യങ്ങളിലെ ആയിരക്കണക്കിന് പേർ മരണപ്പെട്ടു. പ്രായമായവരെയും ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും ഇത് കൂടുതൽ ബാധിച്ചു. സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള ഡാറ്റ കാണിക്കുന്നത് മരിച്ചവരിൽ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണെന്നാണ്.

പൊതുജനങ്ങൾ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം?

“കാലാവസ്ഥ പ്രതിസന്ധി അതിരൂക്ഷമായി അനുഭവിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ കഠിനമായ താപനില ഇന്ത്യയിലെ ജനങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുതിർന്നവരെയും കുട്ടികളെയുമാണ് നിശബ്ദ നിർജ്ജലീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അവരുടെ ശരീരത്തിൽ ജലത്തിന്റെയും മറ്റ് ധാതു ലവണങ്ങളുടെയും ശേഖരം മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. മുതിർന്നവർക്ക് നിർജ്ജലീകരണം കാരണം ക്ഷീണം ഉണ്ടാവുമ്പോൾ അത് അവരുടെ പ്രായം കാരണമുള്ള സാധാരണ അവസ്ഥയാണെന്ന് തെറ്റിദ്ധരിക്കും. ചെറിയ കുട്ടികൾക്ക് പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ കഴിയണമെന്നില്ല. നേരിട്ട് സൂര്യപ്രകാശം ഏറ്റുകൊണ്ട് തൊഴിൽ ചെയ്യുന്ന കോടിക്കണക്കിന് തൊഴിലാളികളാണുള്ളത്. പല തൊഴിലാളി കുടുംബങ്ങൾക്കും അവരുടെ കുട്ടികളെ തൊഴിലിടങ്ങളിലേക്ക് കൊണ്ടുവരേണ്ടതായി വരുന്നു. ആ കുട്ടികളെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കാൻ അവർക്കു കഴിയണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷണം, വെള്ളം, തണൽ എന്നിവ ലഭിക്കാനുള്ള സാഹചര്യം കുറവായിരിക്കും. കൂടാതെ ഒറ്റയ്ക്ക് താമസിക്കുന്ന മനുഷ്യർ ആവശ്യമായ അളവിൽ ഭക്ഷണവും വെള്ളവും കഴിക്കാൻ മടികാണിക്കുന്നതും അപകടത്തിലേക്ക് നയിക്കും. ലക്ഷണങ്ങളൊന്നുമില്ലാതെ ശരീരം നിർജ്ജലീകരണത്തിന് വിധേയമാകുന്നതും ക്ഷയിക്കുന്നതും അവർ തിരിച്ചറിയില്ല. പ്രമേഹ രോഗം ഉള്ളവർ പെട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിലേക്കു പോകും.” അമേരിക്കൻ കോളേജ് ഓഫ് ഒക്യുപേഷണൽ ആൻഡ് എൻവയോൺമെന്റൽ മെഡിസിനിൽ ഫെലോ ആയ ഡോ. വി രമണ ധാര പറയുന്നു.

ഡോ. വി രമണ ധാര

മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താൻ മനുഷ്യന് കഴിയേണ്ടിയിരിക്കുന്നു. അതിന് സഹായകരമാകുന്ന രീതിയിൽ ജീവിത സാഹചര്യങ്ങളെയും തൊഴിൽ മേഖലകളെയും പുനർനിർണ്ണയിക്കേണ്ടിയിരിക്കുന്നു. അതിനുതകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ രൂപപ്പെടേണ്ടിയിരിക്കുന്നു. പുതിയ പ്രതിസന്ധിയെ തിരിച്ചറിഞ്ഞ് വ്യക്തികൾക്കും ചെറു സമൂഹങ്ങൾക്കും ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ചൂടിൽ നിന്ന് വിട്ടുനിൽക്കുക, ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് പുറത്ത് പോകുന്നതും കഠിനമായ ജോലികൾ ചെയ്യുന്നതും ഒഴിവാക്കുക, തണലിൽ തുടരുക, പകൽ സമയത്ത് 2–3 മണിക്കൂർ തണുത്ത സ്ഥലത്ത് ചെലവഴിക്കുക, ജലാശയങ്ങളിൽ മുങ്ങിപ്പോകാനുള്ള അപകട സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കുക, ഒരിക്കലും ഒറ്റയ്ക്ക് നീന്താതിരിക്കുക, ഔദ്യോഗിക താപനില മുന്നറിയിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കുക തുടങ്ങിയവ പൊതു ജനങ്ങൾ ചെയ്യേണ്ടതാണെന്ന് ഈ രംഗത്തെ വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

പ്രതീകാത്മക ചിത്രം. കടപ്പാട്: hindustantimes

“ഏറ്റവും പ്രധാനം വെള്ളത്തിന്റെ അളവ് കുറയാതെ നോക്കുക എന്നതാണ്. ഊർജ്ജം, ജലം, ഇലെക്ട്രോലൈറ്റ്സ് എന്നിവ അടങ്ങിയ പാനീയം കഴിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ഉപ്പ്, പഞ്ചസാര, ചെറുനാരങ്ങ എന്നിവ ചേർത്ത് അത് എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. തേങ്ങയിലും ഇളനീർ വെള്ളത്തിലും ഇത് നന്നായിട്ടുണ്ട്. അതുപോലെ ഭക്ഷണത്തിൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും ഉൾപ്പെടുത്തുക. ” ഡോ. വി. രമണ ധാര നിർദ്ദേശിക്കുന്നു.

തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിലോ ചൂടുള്ള കാലാവസ്ഥയിലോ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ദ്രാവകങ്ങളും അവശ്യ ധാതുക്കളും (ഇലക്ട്രോലൈറ്റുകൾ) തിരിച്ചുകൊണ്ടുവരുന്നതിലൂടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പാനീയമാണ് ഇലക്ട്രോലൈറ്റ് ഡ്രിങ്ക്. വയറിളക്ക സാഹചര്യങ്ങളിൽ ORS (ഓറൽ റീഹൈഡ്രേഷൻ സാൾട്ട്സ്) ഉപയോഗിച്ച് നിർജ്ജലീകരണത്തെ നേരിടാൻ കഴിയുമെന്ന് ഇന്ത്യൻ മെഡിക്കൽ അക്കാദമി (ഫോർ പ്രിവന്റീവ് ഹെൽത്ത്) യുടെ ഭാഗമായ ഡോ. ത്രിപാഠി പറയുന്നു. വയറിളക്കമില്ലാത്ത സാഹചര്യങ്ങളിൽ, ഊർജ്ജദായകങ്ങളായ ഇലക്ട്രോലൈറ്റ് പാനീയങ്ങൾ ആരോഗ്യം വീണ്ടെടുക്കുന്നതിനു സഹായിക്കുന്നു. വീട്ടിൽ ഉണ്ടാക്കുന്ന റെഡി-ടു-സെർവ് ഇലക്ട്രോലൈറ്റ് പാനീയങ്ങൾ നിർജ്ജലീകരണം തടയാൻ മികച്ച ഒരു മാർഗമാണ്.

ഉയർന്ന താപനില എന്ന അടിയന്തരാവസ്ഥ

നിർജ്ജലീകരണം പോലെ അപകടകരമാണ് ഉയർന്ന താപനില കാരണം ഉണ്ടാകുന്ന ഹീറ്റ് സ്ട്രോക്ക്. ഉയർന്ന മരണ നിരക്കുണ്ടാക്കുന്ന ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് ഇത്. കാലാവസ്ഥ വ്യതിയാനം കാരണം കടുത്ത ചൂടിന് വിധേയരാകുന്നവരുടെ എണ്ണം ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2000–2004 നും 2017–2021 നും ഇടയിൽ 65 വയസിന് മുകളിലുള്ളവരിൽ ചൂട് മൂലമുള്ള മരണനിരക്ക് ഏകദേശം 85 ശതമാനം വർദ്ധിച്ചു. ഉയർന്ന താപനില കാരണം ലോകത്ത് ഓരോ വർഷവും ഏകദേശം 4,89,000 മരണങ്ങൾ സംഭവിക്കുന്നു എന്നാണ് 2000 മുതൽ 2019 വരെയുള്ള പഠനങ്ങൾ കാണിക്കുന്നത്. ഇതിൽ 45 ശതമാനം ഏഷ്യയിലും 36 ശതമാനം യൂറോപ്പിലുമാണ്. 2022 ലെ വേനൽക്കാലത്ത് യൂറോപ്പിൽ മാത്രം 61,672 അധിക മരണങ്ങൾ ഇതുമൂലം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഉയർന്ന തീവ്രതയുള്ള ഉഷ്ണതരംഗ സംഭവങ്ങൾ മരണനിരക്ക് വർധിക്കുന്നതിന് കാരണമാകുന്നു. യൂറോപ്പിൽ 2003 ലെ ജൂൺ – ആഗസ്റ്റ് മാസങ്ങളിൽ 70,000 പേർക്കാണ് ജീവൻ നഷ്ടമായത്. റഷ്യൻ ഫെഡറേഷനിൽ 2010 ൽ 44 ദിവസത്തെ ഉഷ്ണതരംഗത്തിൽ സംഭവിച്ച അധിക മരണങ്ങൾ 56,000 ആണ്. ഉയർന്ന താപനില കാരണം നേരിട്ട് മരണപ്പെട്ടവരുടെയും ആ പട്ടികയിൽ ഒഴിവാക്കാൻ പറ്റാത്തവരുടെയും കണക്കുകൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ. നിർജ്ജലീകരണം മൂലം സംഭവിക്കുന്ന മരണത്തിന്റെ കാരണം പലപ്പോഴും തിരിച്ചറിയപെടാതെ പോകുന്നത് കൊണ്ട് അത് മരണ പട്ടികയിൽ ഉൾപ്പെടുത്തപ്പെടാതെയാകുന്നു. അതുകൊണ്ടുതന്നെ ഉയർന്ന താപനിലമൂലമുള്ള യഥാർത്ഥ മരണ നിരക്ക് ഇതിലും വർധിക്കാനാണ് സാധ്യത.

പ്രതീകാത്മക ചിത്രം. കടപ്പാട്: business standard

മനുഷ്യശരീരത്തിൽ സംഭരിക്കപ്പെടുന്ന താപത്തിന്റെ അളവ് നിർണ്ണയിക്കുന്നത് പാരിസ്ഥിതികമായ താപ സമ്മർദ്ദം ആണ്. ഉദാഹരണത്തിന്, ഉയർന്ന താപനില, ഉയർന്ന ആർദ്രത, കുറഞ്ഞ കാറ്റ്, ഉയർന്ന താപ വികിരണം എന്നിവ. താപം പുറത്തു പോകാൻ അനുവദിക്കാത്ത വസ്ത്രങ്ങൾ, ബാഹ്യ സഹാചര്യങ്ങളിൽ നിന്നും ഉണ്ടാവുന്ന താപം എന്നിവ ഉപാപചയ പ്രക്രിയകളിലൂടെ ശരീരത്തിൽ ആന്തരികമായി ഉൽ‌പാദിപ്പിക്കപ്പെടുന്ന താപത്തെ പുറത്തു വിടുന്നില്ല.

പടിഞ്ഞാറൻ റഷ്യയിൽ 2010 ലെ വേനൽക്കാലത്ത് ഉണ്ടായ ഉഷ്ണതരംഗം 1880 മുതൽ ഇന്നുവരെയുള്ള കാലയളവിൽ ആ പ്രദേശത്തെ ഏറ്റവും തീവ്രമായ ഉഷ്ണതരംഗമായിരുന്നു. 2022 ലെ കണക്കനുസരിച്ച്, ഉഷ്ണതരംഗങ്ങൾ, വരൾച്ച, മറ്റ് തീവ്രമായ കാലാവസ്ഥ എന്നിവയുടെ സംയോജിത ഫലങ്ങൾ കാരണം 124 രാജ്യങ്ങളിലായി 151 ദശലക്ഷം ആളുകൾ മിതമായതോ കഠിനമോ ആയ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന താപനില കാരണം ഡെങ്കിപ്പനി, മലേറിയ, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ മാരക രോഗങ്ങൾ പുതിയ പ്രദേശങ്ങളിലേക്ക് പടരുന്നത് തുടരുമ്പോൾ, ചൂടും, വരണ്ട കാലാവസ്ഥയും മണൽ പൊടിക്കാറ്റുകളും കൂടുതൽ ഉണ്ടാകുന്നു. ഇത് ഉയർന്ന സാന്ദ്രതയിലുള്ള കണികാ പദാർത്ഥങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർദ്ധനവിന് കാരണമായി. കടുത്ത വരൾച്ച മൂലം മരുഭൂമിയിലുണ്ടായ പൊടി അപകടകരമായ അളവിൽ മനുഷ്യർക്ക് ഏൽക്കാൻ കാരണമായി. 2003-07 നും 2018-22 നും ഇടയിൽ 48 ശതമാനം രാജ്യങ്ങളിലും ഇത് വർദ്ധിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്രമായ ഉഷ്ണതരംഗങ്ങൾക്ക് ഏറെ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഉയർന്ന ചൂട് മൂലമുള്ള നിശബ്ദ നിർജലീകരണം ഏതെങ്കിലും ഒരു ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. കൂടുതൽ പഠനങ്ങളും ശരിയായ കാരണം കണ്ടെത്തലും നടന്നാൽ മാത്രമേ ചൂട് കാരണം ഉണ്ടാവുന്ന മരണനിരക്കിന്റെയും രോഗകാരണങ്ങളുടെയും വ്യാപ്തി നമുക്ക് അറിയാൻ കഴിയുകയുള്ളൂ. കൂടാതെ ഇന്ത്യയുടെ ജന സംഖ്യയിൽ വലിയൊരു വിഭാഗം ജാതി ശ്രേണിക്കകത്തുനിന്നുകൊണ്ട് പരമ്പരാഗതമായ തൊഴിൽ ചെയ്യുന്നവരാണ്. അതുകൊണ്ട് കഠിനമായ ചൂട് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ജാതിയും കാലാവസ്ഥ പ്രതിസന്ധിയും തമ്മിലുള്ള ബന്ധം കണക്കിലെടുത്തുകൊണ്ട് പഠിക്കേണ്ടതും അനിവാര്യമാണ്. അമിതമായ ചൂടിൽ സൂര്യപ്രകാശം ഏറ്റുകൊണ്ട് തൊഴിൽ ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കർശന നിയമങ്ങൾക്കൊപ്പം തൊഴിലാളികൾക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ഭൗതിക സാഹചര്യങ്ങളും തൊഴിൽ നഷ്ടം വരുമ്പോൾ സാമ്പത്തിക സഹായവും ഉറപ്പാക്കേണ്ടതുണ്ട്.

Also Read

8 minutes read April 12, 2025 2:22 pm