പുഴയുടെ അവകാശം ആർക്ക് ?

ജലവൈദ്യുതപദ്ധതി വഴി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ ഒരു തുള്ളി വെള്ളമെങ്കിലും കുറവ് വന്നാൽ അണക്കെട്ട് നിങ്ങൾക്ക് ബോംബിട്ട് തകർക്കാം.” ഇതാരുടെ ജല്പനം? അമ്പരക്കണ്ട. ജല്പനമല്ല, രാജകല്പനയാണ്. സാക്ഷാൽ വകുപ്പുമന്ത്രിയുടെ കല്പന. സ്ഥലം എം.പി., എം.എൽ.എ., ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡണ്ടുമാർ സാക്ഷി. ജനപ്രതിനിധികളോടൊപ്പം മന്ത്രി എ.കെ. ബാലൻ പെരിങ്ങൽകുത്തിൽ അതിരപ്പിള്ളി ഹൈഡൽ ടൂറിസം പദ്ധതിയുടെ ഉൽഘാടനം നിർവഹിക്കുന്നതിന്റെ ചിത്രവും വാർത്തയും 2007 ഓഗസ്റ്റ് 26-ലെ മലയാള മനോരമയിൽ.

അതിരപ്പിള്ളി വെള്ളച്ചാട്ടം. കടപ്പാട്: ktexplorer.com.

ഒരു നികുതിദായകനെന്ന നിലയിൽ, അതിലുപരി ചാലക്കുടി നദീതട നിവാസിയെന്ന നിലയിൽ ചോദിക്കുകയാണ് :

1. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഇപ്രകാരം പ്രസ്താവന നടത്താമോ? നടത്തിയെങ്കിൽ തുടർന്നും ആ പദവി അലങ്കരിക്കാൻ മന്ത്രി അർഹനാണോ?

2. അണക്കെട്ട് പരാജയമെന്നു കണ്ടാൽ ബോംബിട്ടു തകർക്കാൻ മന്ത്രിക്ക് അധികാരമുണ്ടോ?

3. ആസൂത്രണത്തിലും നടത്തിപ്പിലും വരുത്തിയ പിഴവുകൾ മൂലം കെ.എസ്.ഇ.ബി.യുടെ പല പദ്ധതികളും സർക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയതായി സി.എ.ജി. റിപ്പോർട്ട് ചെയ്യുന്നു. പൊതു ഖജനാവിൽനിന്ന് വീണ്ടും ഒരഞ്ഞൂറ് കോടി നഷ്ടം വരുത്തുമ്പോൾ ഈ ഭീമമായ നഷ്ടം വഹിക്കേണ്ടി വരുന്നത് മന്ത്രിയല്ല, നികുതിദായകരല്ലേ?

4. വെള്ളച്ചാട്ടം നിലനിർത്താനായി ഡാം ടോ പവർ സ്റ്റേഷനിലൂടെ വെറും 3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണല്ലോ തുറന്നു വിടുക. വാഴച്ചാലിനു മുകളിൽ പണിയുന്ന ഡാമിൽനിന്നും ഏഴുകിലോമീറ്റർ താഴെ കണ്ണൻകുഴിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന 160 മെഗാവാട്ടിന്റെ പ്രധാന പവർസ്റ്റേഷനിലേക്ക് ടണൽ വഴി ബാക്കി വെള്ളം മുഴുവൻ കൊണ്ടുപോകുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ട ത്തിൽ ഒരു തുള്ളി വെള്ളം പോലും കുറവുവരില്ലെന്ന് പറഞ്ഞാൽ ആരാണതു വിശ്വസിക്കുക?

5. ഒരു ആദിവാസി കുടുംബത്തെപ്പോലും ഒഴിപ്പിക്കരുതെന്ന് കേന്ദ്രത്തിന്റെ നിബന്ധനകളിലുണ്ടെന്ന് മന്ത്രി പറയുന്നു. ആദിവാസികളെ ഒഴിപ്പിക്കേണ്ടിവന്നാൽ പദ്ധതി നിർത്തിവെക്കുമോ എന്ന ചോദ്യത്തിന് ആദിവാസിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറിയതെന്തുകൊണ്ടാണ്?

കെ.കെ ചന്ദ്രശേഖരൻ

6. പലവട്ടം കുടിയിറക്കപ്പെട്ട് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രാക്തന ഗോത്രവിഭാഗമാണല്ലോ കാടർ. അവരുടെ പ്രതിനിധി കൂടിയായ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കാഞ്ചന വിജയൻ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് റിവർ വാലി കമ്മിറ്റി മുമ്പാകെ പരസ്യമായി മൊഴി നൽകിയ വിവരം വകുപ്പുമന്ത്രിക്കറിയാവുന്നതല്ലേ?

7. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അഞ്ചുവർഷത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി ഉദ്ഘോഷിക്കുന്നുണ്ടല്ലോ? 1998-ലും 2005-ലും കേന്ദ്രാനുമതി ലഭിച്ചെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പും ഹൈക്കോടതിയുടെ ഇടപെടലും മൂലം പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന വസ്തുത സർക്കാർ വിസ്മരിക്കുകയാണോ?

8. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ മൂന്നുവട്ടം നിരാകരിച്ച ഒരു പദ്ധതിയുമായി ജനകീയ സർക്കാർ വീണ്ടും മുന്നോട്ടുപോകുന്നത് അഭിലഷണീയമാണോ? ജനഹിതം മാനിക്കാത്ത ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെങ്കിൽ ജനപ്രതിനിധികൾ ഇതിനു മുതിരുമോ?

9. കുടിവെള്ളം മുട്ടിയാലും കൃഷിവെള്ളം മുടങ്ങിയാലും പ്രപഞ്ചശില്പികൾക്കല്ലാതെ ഒരു മഹാ ശില്പിക്കും സൃഷ്ടിക്കാനാവാത്ത അതിരപ്പിള്ളി-വാഴച്ചാൽ ജലപാതങ്ങൾ നശിച്ചാലും കാട് നശിച്ചാലും കാടർ നശിച്ചാലും പുഴ മരിച്ചാലും പുഴയോരവാസികൾ ദുരിതമനുഭവിച്ചാലും ഈ ജനവിരുദ്ധ പദ്ധതി നടപ്പിലാക്കിയേ തീരു എന്ന് ശാഠ്യം പിടിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്? അധികാരികളും ഉദ്യോഗസ്ഥരും, കോൺട്രാക്ടർമാരും മറ്റ് മാഫിയകളുമല്ലേ പദ്ധതിയുടെ യഥാർത്ഥ ഉപഭോക്താക്കൾ? എസ്.എൻ.സി. ലാവ്ലിൻ കേസ് സി.ബി.ഐ. അന്വേഷിക്കുകയാണ്. ഇനിയും ഒരു ലാവ്ലിൻ സൃഷ്ടിക്കുകയാണോ? ആത്യന്തികമായി പുഴയുടെ അവകാശം ആർക്കാണ്? പണക്കൊതി മൂത്ത് അവളെ കൊല്ലാക്കൊല ചെയ്യുന്ന മണലൂറ്റു മാഫിയാ സംഘങ്ങൾക്കും അണകെട്ടി വധശിക്ഷ വിധിക്കുന്ന ഇലക്ട്രിസിറ്റ് ബോർഡിനും തന്നെയാണോ? അതോ പുഴയുടെ സംരക്ഷണം ഏറ്റെടുത്ത നദീതടനിവാസികൾക്കോ?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read