Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
1997 നവംബറിൽ ഏകദേശം 18 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ ന്യൂ ഡൽഹിയിൽ ഒത്തുചേർന്ന് വേൾഡ് ഫോറം ഓഫ് ഫിഷ് ഹാർവെസ്റ്റ് ആൻഡ് ഫിഷ് വർക്കേഴ്സ് എന്ന സംഘടന സ്ഥാപിക്കുകയും സുസ്ഥിര മത്സ്യബന്ധനരീതികളുടെയും നയങ്ങളുടെയും ആഗോള ഉത്തരവിന് വേണ്ടി വാദിക്കുന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഈ സംഘടനയുടെ രൂപീകരണ തീയതിയായ നവംബർ 21 ആണ് ലോക ഫിഷറീസ് ദിനമായി ആചരിക്കുന്നത്. ഈ യോഗത്തിന് ആതിഥേയം വഹിച്ചത് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ അഖിലേന്ത്യാ സംഘടനയായ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും (എൻ.എഫ്.എഫ്) അതിന്റെ ചെയർമാനായിരുന്ന ഫാ. തോമസ് കോച്ചേരിയുമായിരുന്നു. ഫാ. തോമസ് കോച്ചേരിയെ ഈ സംഘടനയുടെ കോ കോഡിനേറ്ററായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
മത്സ്യബന്ധന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്.എ.ഒ) വേൾഡ് ഫിഷറീസ് ഫോറവും (ഡബ്ല്യു.എഫ്.എഫ്) സംയുക്തമായി ആഗോള മത്സ്യബന്ധനത്തിനായി മാത്രം സമർപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ദിനം സ്ഥാപിക്കാൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശം പിന്നീട് 2003-ൽ എഫ്.എ.ഒ ജനറൽ അസംബ്ലി അംഗീകരിച്ചു, ഔദ്യോഗികമായി നവംബർ 21 ലോക ഫിഷറീസ് ദിനമായി പ്രഖ്യാപിച്ചു.
ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ഉപജീവനം എന്നിവയിൽ മത്സ്യബന്ധനത്തിൻ്റെ നിർണായക പങ്കിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിൽ ഈ ദിനം അതിൻ്റെ തുടക്കം മുതൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള ഫിഷറീസ് മാനേജ്മെൻ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അമിതമായ മത്സ്യബന്ധനം, നിയമവിരുദ്ധ മത്സ്യബന്ധനം, കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങൾ തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്.
ലോക ഫിഷറീസ് ദിനം സുസ്ഥിര മത്സ്യബന്ധന പരിപാലനത്തിൻ്റെ പ്രാധാന്യം അടിവരയിടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയും ഉപജീവനവും സംരക്ഷിക്കുന്നതിൽ ചെറുകിട മത്സ്യത്തൊഴിലാളികൾ വഹിക്കുന്ന പ്രധാന പങ്ക് ഈ ആഗോള ആഘോഷം ഊന്നിപ്പറയുന്നു. ഉത്തരവാദിത്തമുള്ള സമ്പ്രദായങ്ങൾക്ക് മുൻഗണന നൽകുന്നതിനും കടൽ, കടൽത്തീര ആവാസവ്യവസ്ഥയുടെ ക്ഷേമം ഉറപ്പാക്കുന്നതിനും, ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ പോഷണത്തിന് മത്സ്യബന്ധനത്തിൻ്റെ സുപ്രധാന സംഭാവനയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കപ്പെടുന്നു.
സവിശേഷതയുള്ള സമൂഹം
ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളറെയേറെ സവിശേഷ സ്വഭാവമുള്ളവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ.
1) സ്വന്തം ഉപജീവനാർത്ഥം ചെയ്യുന്ന തൊഴിലിലൂടെ, രാജ്യത്തിന് വിദേശനാണ്യവും, പൊതുസമൂഹത്തിന് ഏറ്റവും കുറഞ്ഞചെലവിൽ ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള ആഹാരവും പ്രദാനം ചെയ്യുന്നവരാണിവർ. കൂടാതെ രാത്രി- പകൽ ഭേദമന്യേ സമുദ്രാതിർത്തിയിൽ ജോലിചെയ്യുന്ന ഇക്കൂട്ടർ രാജ്യസുരക്ഷയ്ക്കും വലിയ സംഭാവന നൽകുന്നവരാണ്.
2) ഏറ്റവും പ്രയാസകരവും, അപകടസാധ്യത ഏറെയുള്ളതും, വളരെയേറെ വൈദഗ്ധ്യം വേണ്ടുന്നതുമായ തൊഴിലാണ് മത്സ്യബന്ധനം. മത്സ്യബന്ധത്തിന് കടലിലേക്ക് പോകുമ്പോഴും, മത്സ്യബന്ധനം നടത്തുമ്പോഴും, മത്സ്യബന്ധനം കഴിഞ്ഞു തിരികെ കരയിലേക്ക് വരുമ്പോഴും തിരമാലകളിൽപെട്ട് മത്സ്യബന്ധന ഉപകരണങ്ങൾ തകരുകയും അവ പൂർണ്ണമായും നഷ്ടപ്പെടുകയും, മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ പോലും പലപ്പോഴും കണ്ടുകിട്ടാറില്ല.
3) മത്സ്യത്തൊഴിലാളികൾ കടൽ- കായൽ തീരങ്ങളിൽ, തുണ്ടു ഭൂമികളിൽ, ചെറിയ വീടുകളിൽ സമൂഹമായി താമസിക്കുന്നു. ഒരുവീട്ടിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ ഒന്നിച്ചു കഴിയേണ്ട സാഹചര്യമാണ് മത്സ്യത്തൊഴിലാളി മേഖലയിലുള്ളത്.
4) സാമൂഹ്യവും, സാമ്പത്തികവുമായി ഏറ്റവും പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് മത്സ്യത്തൊഴിലാളികൾ. സാമൂഹ്യാവസ്ഥയിൽ ഇവർക്ക് പിന്നിൽ ആദിവാസി സമൂഹങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
5) വർഷം തോറും രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യവും, പൊതുസമൂഹത്തിന്, കുറഞ്ഞചെലവിൽ ഏറ്റവും പോഷകമൂല്യമുള്ള ആഹരവും പ്രദാനം ചെയ്യുന്നവരാണിവർ. എം.പി.ഇ.ഡി.എ.യുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022-23 സാമ്പത്തികവർഷത്തിൽ രാജ്യത്ത് നിന്ന് 1735286 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും അതിലൂടെ 63969.14 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
6) എന്നാൽ ഇതിനനുസരിച്ചുള്ള പരിഗണന ഒരിക്കലും ഇവർക്ക് കിട്ടിയിട്ടില്ല. പട്ടിണി, ദാരിദ്യം, നിരക്ഷരത എന്നിവയിൽ ഉഴലുന്ന ഇക്കൂട്ടർക്ക് സ്വന്തമായി ഭൂമി, വീട് എന്നിവ ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്.
7) തെറ്റായ വികസന സങ്കൽപ്പങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന ഇക്കൂട്ടർ, തെറ്റായ സാമ്പത്തിക- വാണിജ്യ നയങ്ങളുടേയും, പരിസ്ഥിതി നാശത്തിന്റേയും, തൊഴിൽ മേഖലയിലെ മത്സരത്തിന്റേയും, ആഗോളതാപനത്തിന്റേയും എല്ലാം ഫലമായി തൊഴിൽരംഗത്ത് കൂടുതൽ പ്രയാസങ്ങൾ അഭിമുഖികരിക്കേണ്ടി വരികയും, ഉള്ള പരിമിതമായ തൊഴിൽ മേഖലയിൽ നിന്നുപോലും പറിച്ചെറിയപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിലാണ് ലോകമത്സ്യത്തൊഴിലാളി ദിനം ഇക്കുറി ആചരിക്കുന്നത്.
കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം
കേരളത്തിലെ തീരദേശത്ത് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നു. സാമൂഹ്യമായി ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നീ സമൂഹങ്ങളിലെ പിന്നാക്ക-ദരിദ്ര ജനവിഭാഗങ്ങളാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം. ഫിഷറീസ് വകുപ്പിന്റെ 2022-23 ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 3.1 ശതമാനമാണ്. 8.16 ലക്ഷം ജനങ്ങൾ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും 2.44 ലക്ഷം ജനങ്ങൾ കായലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും ജീവിക്കുന്നു. 222 കടലോര ഗ്രാമങ്ങളിലും, 113 കായലോര ഗ്രാമങ്ങളിലുമായി ഇവർ അധിവസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിന്റെ 2022-23ലെ കണക്കനുസരിച്ച് 2,40,974 പേർ നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 78,659 പേർ അനുബന്ധമേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു. പൊതുസമൂഹം അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപായിച്ച ‘നാറ്റത്തൊഴിലു’കാരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം.
2022-23വർഷത്തിൽ 63969.14 കോടി രൂപയ്ക്ക് തുല്യമായ മൂല്യമുള്ള 17,35,286 മെട്രിക് ടൺ മത്സ്യം ഇന്ത്യ കയറ്റുമതി ചെയ്തു. ഇതിൽ കേരളത്തിന്റെ പങ്ക് യഥാക്രമം 8285.03 ഉം 2,18,629ഉം ആയിരുന്നു. എന്നാൽ ഇതിനനുസരിച്ചുള്ള സാമൂഹ്യ- സാമ്പത്തിക സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ പൊതുധാരയ്ക്കൊപ്പമെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രദ്ധിക്കാറില്ല. അധികാരത്തിന്റെ പങ്കാളിത്തത്തിലും, പൊതുവിഭവങ്ങളുടെ വീതംവെപ്പിലും മത്സ്യത്തൊഴിലാളി സമൂഹത്തെ ബോധപൂർവം അവഗണിക്കുന്നു.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കിയ ക്ഷേമ പദ്ധതികളിലൂടെ അപേക്ഷിച്ച് അർഹതപ്പെട്ട ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരിതുക 2023-24 (31.08.23വരെ)ൽ 10180.2/-രൂപയാണ്. 2022-23ൽ ഇത് ശരാശരി 11535.31/-രൂപയും 2021-22ൽ ഇത്ശരാശരി 3323/-രൂപയുമായിരുന്നു. (2022-23വർഷത്തിൽ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ എന്നിവയുടെ വർദ്ധിപ്പിച്ച തുക വിതരണം ചെയ്തതാണ് ആളോഹരി തുക വർദ്ധിക്കാൻ കാരണം). അതേസമയം, കേരള സംസ്ഥാന മുന്നാക്കവിഭാഗ ക്ഷേമ കോർപ്പറേഷൻ 2023-24വാർഷിക പദ്ധതിയിൽപ്പെടുത്തി (31/08/2023വരെ) സ്കോളർഷിപ്പ്, കോച്ചിംഗ് സഹായം, ഗഡുവായ്പാ സഹായം, നൈപുണ്യ സംരംഭകത്വ വികസനം (127കൂട്ടുത്തരവാദിത്വ സംഘങ്ങൾക്കും, 26വ്യക്തികൾക്കും), ആഗ്രഹാരങ്ങളുടെ നവീകരണം, മംഗല്യ സമുന്നതി എന്നീ പദ്ധതികളിലായി 1452ഗുണഭോക്താക്കൾക്ക് 3,40,06,000/- രൂപ വിതരണം ചെയ്തിട്ടുണ്ട്. 2022-23ൽ മേൽ ഇനങ്ങളിലായി 25398 ഗുണഭോക്താക്കൾക്ക് 22,56,57,000/-രൂപ വിതരണം ചെയ്തിട്ടുണ്ട്. (അവലംബം: സാമ്പത്തിക അവലോകനം 2022-കേരള സംസ്ഥാന ആസൂത്രണ ബോർഡ്, കേരള സ്റ്റേറ്റ് വെൽഫയർ കോർപറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റി ലിമിറ്റഡ് -2023).
2023-24ൽ കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷൻ വാർഷിക പദ്ധതിയിൽപ്പെടുത്തി പദ്ധതിയ്ക്ക് അപേക്ഷിച്ച ഒരു മുന്നാക്ക സമുദായ അംഗത്തിന് ശരാശരി 23420.1/-രൂപ അനുവദിച്ച് കിട്ടിയിട്ടുണ്ട്. 2022-23ൽ ഇത് 8884.83/- രൂപയും, 2021-22ൽ ഇത് 10194.89/- രൂപയും 2020-21ൽ ഇത് 7539/-രൂപയും ആയിരുന്നു. അതായത്, 2023-23ൽ (31/08/2023വരെ) ഒരു മത്സ്യത്തൊഴിലാളിക്ക് ക്ഷേമനിധി പദ്ധതി പ്രകാരം ശരാശരി ലഭിച്ച തുക 10,180.2/-രൂപയും അതേ മാനദണ്ഡമുള്ള ഒരു മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ച ശരാശരി തുക 23,420.1/-രൂപ ആയിരുന്നു. മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി തുകയുടെ രണ്ടിരട്ടിയിലധികം തുക അതേ മാനദണ്ഡമുള്ള മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ചു. ‘ഏറ്റവും താഴ്ന്ന ജിവിത നിലവാരവും, ഏറ്റവും ഉയർന്ന അപകട സാദ്ധ്യതയുമുള്ള തൊഴിൽ ചെയ്യുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി’കളെന്ന് ഈ മേഖലയെക്കുറിച്ച് പഠനം നടത്തിയ ഡോ.ജോൺ കുര്യൻ നിരീക്ഷിക്കുന്നു.
ഐക്യരാഷ്ട്ര സഭ വികസന പദ്ധതി (യു.എൻ.ഡി.പി) യുടെ മാനദണ്ഡമനുസരിച്ച് ഒരു സമൂഹം ഉദ്പാദിപ്പിക്കുന്ന ജി.ഡി.പിയുടെ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ആ സമൂഹത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി ഒരു ക്ഷേമരാഷ്ട്രം ചെലവഴിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ മത്സ്യമേഖലയെ സംബന്ധിച്ച് ഇത് വെറും ഒരു ശതമാനം ആണെന്ന് കാണാം. 2019- 20 വർഷം മത്സ്യമേഖയിൽ നിന്നുള്ള ജി.ഡി.പി 10,73,610 ലക്ഷം രൂപയായിരുന്നു. മത്സ്യമേഖയിലെ സാമൂഹ്യ ക്ഷേമപദ്ധതികൾക്കായി ചെലവഴിച്ച തുകയാകട്ടെ 11,112 ലക്ഷം രൂപയും. മത്സ്യമേഖലയിലെ ജി.ഡി.പിയുടെ 1.03 ശതമാനം മാത്രമേ സാമൂഹ്യസുരക്ഷാ പദ്ധതിയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളൂ. 8.2 ലക്ഷം ഗുണഭോക്താക്കൾക്കായാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്. അപ്പോൾ ഒരു ഗുണഭോക്താവിന് ശരാശരി ലഭിച്ചത് വെറും 1354/-രൂപ മാത്രം (അവലംബം: പതിനാലാം പഞ്ചവത്സര പദ്ധതി, മത്സ്യമേഖല വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട്. -പേജ് 38). സാമൂഹ്യ സുരക്ഷാ പദ്ധതികൾ നിർലോഭം നടപ്പിലാക്കുന്നുവെന്ന് പറയുന്ന ഒരു സർക്കാറിന്റെ കാലഘട്ടത്തിലാണ് ഒരു വർഷം ഒരു മത്സ്യത്തൊഴിലാളിക്കായി ശരാശരി ചെലവഴിക്കുന്നത് വെറും 1354/-രൂപ ആണെന്ന കാര്യം സർക്കാർ രേഖകളിലൂടെ പുറത്തുവരുന്നത്.
കേരളത്തിലെ പൊതുസമൂഹം നേടിയ നേട്ടങ്ങളോ, അവയുടെ ഫലങ്ങളോ മത്സ്യത്തൊഴിലാളി സമൂഹത്തിന് ലഭിച്ചിട്ടില്ല. ഭൂരഹിതരുടെ എണ്ണം മത്സ്യത്തൊഴിലാളി സമൂഹത്തിൽ കൂടുതലാണ്. കേരളത്തിലെ ശരാശരി ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 810 ആയിരിക്കുമ്പോൾ മത്സ്യത്തൊഴിലാളി സമൂഹത്തിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 2168 ആണ്. ശുദ്ധജല ലഭ്യതയും, കക്കൂസുകളും, ഇതര സാനിട്ടേഷൻ സൗകര്യങ്ങളും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ തുലോം കുറവാണ്. കേരളത്തിന്റെ സാക്ഷരത 98 ശതമാനമെങ്കിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റേത് 67 ശതമാനം മാത്രമെന്ന് ഡോ. ജോൺകുര്യന്റെ പഠനങ്ങൾ പറയുന്നു. (നിർഭാഗ്യവശാൽ ജോൺ കുര്യനല്ലാതെ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ- സാമ്പത്തികാവസ്ഥ പഠന വിധേയമാക്കുവാൻ അധികമാരും ശ്രമിച്ചിട്ടില്ല.) വീട്ടിലെ ദാരിദ്യം, വിദ്യാഭ്യാസമുപേക്ഷിച്ച് ‘കുലത്തൊഴിലിന്’ പോകുവാൻ മത്സ്യത്തൊഴിലാളി വിദ്യാർഥികളെ നിർബന്ധിതരാക്കുന്നു. ഈ സാമൂഹ്യാവസ്ഥ നിലനിൽക്കുമ്പോഴാണ് ലോക മത്സ്യത്തൊഴിലാളി ദിനം ആചരിക്കുന്നത്.
മത്സ്യബന്ധനം കേരളത്തിൽ
ദീർഘമായ കടലോരമുള്ള കേരളം, ഏറ്റവും കൂടുതൽ മത്സ്യം (വൈവിധ്യത്തിലും, അളവിലും) ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. പൂവാർ, വിഴിഞ്ഞം, വേളി, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വാടി, തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ (കായംകുളം), തോട്ടപ്പള്ളി, പുറക്കാട്, ചെത്തി, കാട്ടൂർ, അർത്തുങ്കൽ, ചെല്ലാനം, കൊച്ചി, പുതുവൈപ്പിൻ, മുനമ്പം, ചേറ്റുവ, പൊന്നാനി, താനൂർ, ബേപ്പൂർ, വെള്ളയിൽ, തലായ്, കോഴിക്കോട്, പുതിയാപ്പ, കൊയിലാണ്ടി, മാപ്പിളബേ, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, മാടായി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ബേക്കൾ, കുമ്പള തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട കടലോര മത്സ്യബന്ധന കേന്ദ്രങ്ങൾ.
കേരളതീരം മത്തി, അയല, ചെമ്മീൻ എന്നിവയ്ക്ക് പ്രസിദ്ധങ്ങളാണ്. നീണ്ടകര മുതൽ തെക്ക്പടിഞ്ഞാറോട്ട് കന്യാകുമാരിക്ക് തെക്ക് വരെ വ്യാപിച്ചു കിടക്കുന്ന കൊല്ലം വാഡ്ജ്ബങ്ക്, ചേറ്റുവ മുതൽ വടക്ക്പടിഞ്ഞാറോട്ട് വ്യാപിച്ചു കിടക്കുന്ന ചേറ്റുവ വാഡ്ജ്ബങ്ക് എന്നിവ കേരളതീരത്തിലെ പ്രധാനപ്പെട്ട രണ്ട് മത്സ്യ ആവാസകേന്ദ്രങ്ങളാണ്. കിഴക്കൻ മലകളിൽ നിന്നുത്ഭവിക്കുന്ന നിരവധി നദികളും, കായലുകളും, അവയെ ബന്ധിപ്പിക്കുന്ന തോടുകളും, ഈ നദികൾ വഹിച്ചുകൊണ്ടുവരുന്ന എക്കലുകളും, ലവണങ്ങളും, പോഷകങ്ങളും മത്സ്യസമ്പത്തിന്റെ പ്രജനനത്തിനും, പരിപോഷണത്തിനും കാരണമാകുന്നു. അഴിമുഖങ്ങളുടെ സാമീപ്യവും അതിലൂടെ പോഷകങ്ങൾ കടലിലെത്തുന്നതും ഈ വാഡ്ജ്ബങ്കുകളുടെ വളർച്ചയ്ക്ക് കാരണമാകാം.
കായികാദ്ധ്വാനവും, വൈദഗ്ദ്ധ്യവും, പരിചയവും, കടലറിവും ഉപയോഗിച്ച്
‘ഉപജീവനത്തിനായി’ ഉപരിതലത്തിൽ മാത്രം പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുകയെന്നതായിരുന്നു ആദ്യകാലത്തെ മത്സ്യബന്ധനരീതി. മേൽപ്പറഞ്ഞ വാഡ്ജ്ബങ്കുകളുടെ സാധ്യതയെ ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയും, ആഴക്കടൽ മത്സ്യസമ്പത്തിനെ ചൂഷണംചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയും നടപ്പിലാക്കിയ ‘ഇന്ത്യോ-നോർവിജിയൻ പ്രോജ്ക്ട്’ കേരളത്തിലെ മത്സ്യബന്ധമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ഒരു നൂറ്റാണ്ടിന് മുൻപുതന്നെ ആഴക്കടൽ മത്സ്യബന്ധനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ നോർവ്വേയും, മത്സ്യബന്ധന മേഖലയിൽ തികച്ചും തദ്ദേശീയവും, പരമ്പരാഗതവുമായ മാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ചു വന്നിരുന്ന ഇന്ത്യയും കൂടി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് ഈ പ്രോജക്ട്.
ഇന്ത്യോ-നോർവീജിയൻ പ്രോജക്ടിന്റെ ഒന്നാംഘട്ടമായി തെരഞ്ഞെടുത്തത് നീണ്ടകരയായിരുന്നു. പരമ്പരാഗത രീതിയിൽ, അന്നന്നത്തെ ഉപജീവനത്തിനായി കേരളത്തിന്റെ സ്വന്തം മത്സ്യങ്ങളായിരുന്ന മത്തി, അയില തുടങ്ങിയ ഉപരിതലമത്സ്യങ്ങളെ പിടിച്ചിരുന്ന സ്ഥാനത്തുനിന്നും, വിദേശകമ്പോളങ്ങളിൽ ഏറെ പ്രിയപ്പെട്ടവയായ കണവ, കിളിമീൻ, ചെമ്മീൻ എന്നീ വർഗ്ഗത്തിൽപ്പെട്ട ആഴക്കടൽ മത്സ്യങ്ങളെ പിടിക്കാൻ മത്സ്യത്തൊഴിലാളികൾ നിർബന്ധിതരായി. മത്സ്യബന്ധനം ഒരു ഉപജീവനം എന്നനിലയിൽ നിന്നും ലാഭം കൊയ്യുന്ന ഒരു ‘ബിസ്സിനസ്സായി’ മാറി.
ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് യന്ത്രവൽകൃതബോട്ടുകളും, നൈലോൻ വലകളും, മറ്റ് മത്സ്യബന്ധന സാമഗ്രികളും ആവശ്യമായതോടുകൂടി, ഇവയ്ക്കായി പണം മുടക്കാൻ ശേഷിയുള്ള ഒരു വിഭാഗം മത്സ്യബന്ധന മേഖലയിലേക്ക് കടന്നുവന്നു. മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥരായി ഒരു പുതിയ വിഭാഗം ആവിർഭവിച്ചു. കൂടുതൽ മുതൽ മുടക്കുവാൻ കഴിയുന്ന ഒരു സമ്പന്ന വിഭാഗം മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥരായി. അതുവരെ കടലുമായോ, കടൽപരിസ്ഥിതിയുമായോ യാതൊരുബന്ധവുമില്ലാതെയിരുന്ന സമ്പന്നവർഗ്ഗം മത്സ്യബന്ധനമേഖലയിൽ ക്രമേണ ആധിപത്യം സ്ഥാപിച്ചു. കൂടുതൽ ലാഭം കൊയ്യാൻ കൂടുതൽ മത്സ്യബന്ധനം നടത്തുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. എന്നാൽ കൂടുതൽ ലാഭത്തിന്റെ ഫലം മത്സ്യത്തൊഴിലാളിക്ക് ലഭിച്ചതുമില്ല. മുതൽ മുടക്കിയവന്റെ കീഴിൽ വെറും കൂലിക്കാരനായി അവൻ മാറി. കൂടുതൽ ലാഭത്തിനായി കൂടുതൽ ഉല്പാദനം എന്ന തന്ത്രം സ്വീകരിച്ചതോടെ മത്സ്യസമ്പത്തിന്റെ നാശം ആരഭിച്ചു. ഒപ്പം കടലിനേയും കടൽ സമ്പത്തിനേയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു വലിയവിഭാഗം ജനങ്ങളുടെയും. കടലിൽ നിന്നും, കടൽ സമ്പത്തിൽ നിന്നും യഥാർഥ മത്സ്യത്തൊഴിലാളികൾ അന്യവൽക്കരിക്കപ്പെട്ടു. അവന്റെ സ്വപ്നങ്ങളും, ആശകളും തീരക്കടലിൽ അവന് ഉപേക്ഷിക്കേണ്ടി വന്നു.
മത്സ്യസമ്പത്തിന്റെ സംരക്ഷണവും മത്സ്യത്തൊഴിലാളി സമൂഹവും
അമിത ലാഭത്തിനായി കൂടുതൽ ഉല്പാദനം എന്ന തന്ത്രം മത്സ്യസമ്പത്തിന്റെ ശോഷണത്തിനും കടൽപരിസ്ഥിതിയുടെ നാശത്തിനും കാരണമായി. അന്നുവരെ കാറ്റിന്റെ ഗതി, നീരൊഴുക്ക് എന്നിവക്ക് അനുസരിച്ചും, തണ്ട് വലിച്ചും മത്സ്യബന്ധനം നടത്തിയിരുന്നിടത്ത് നിന്നും എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ യന്ത്രവത്കൃത ബോട്ടുകളിൽ, കണ്ണിവലുപ്പം കുറഞ്ഞ, വളരെ വലിയ വലകളും, മറ്റ് അനുബന്ധോപകരണങ്ങളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം, കടലിന്റെ അടിത്തട്ടിനെത്തന്നെ ഇളക്കി മറിക്കുന്നതും, കടൽപരിസ്ഥിതിയേയും, മീനുകളുടെ ആവാസ്ഥവ്യവസ്ഥയെത്തന്നെ അപ്പാടെ തകർക്കുന്നതുമായിരുന്നു. മുതൽ മുടക്കുന്നവന്റെ താല്പര്യാർത്ഥം, അവന് കൂടുതൽ ലാഭം കൊയ്യാൻ മത്സ്യസമ്പത്തിനെ അത് ‘ഉള്ള സ്ഥലത്ത് പോയി പിടിക്കാൻ’ ഇത്തരം ബോട്ടുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ നിർബന്ധിതരായി. കൂടുതൽ മുതൽ മുടക്കി, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ കഴിയാതെപരമ്പരാഗത രീതിയിൽത്തന്നെ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് കടലിൽ പോയാൽ മത്സ്യം കിട്ടാതാവുകയും, മുഴുപട്ടിണിയിലാവുകയും ചെയ്തു. തങ്ങളുടെ പട്ടിണിക്കും ദുരിതത്തിനും കാരണം, ആധുനിക സാങ്കേതിക വിദ്യയുടേയും, മൂലധനത്തിന്റേയും, കടന്നുകയറ്റവും, അതുവഴിയുണ്ടായ കടൽപരിസ്ഥിതിയുടെ നാശവുമാണെന്ന് തിരിച്ചറിഞ്ഞ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, കടൽപരിസ്ഥിതിയെ തകർക്കുന്ന മത്സ്യസമ്പത്തിന്റെ അമിതചൂഷണത്തിനും, അതിന്റെ പ്രത്യയശാസ്ത്രത്തിനുമെതിരെ സംഘടിക്കുവാൻ തുടങ്ങി.
1980കളുടെ ആദ്യം തിരുവനന്തപുരം ജില്ലയിൽ ചെറിയ തോതിൽ ആരംഭിച്ച പ്രതിഷേധം വളരെ വേഗം സംഘടിത രൂപം പ്രാപിക്കുകയും, കേരളമാകെ ശ്രദ്ധിക്കുന്ന വലിയ സമരമായി മാറുകയും ചെയ്തു. ഇത്തരത്തിലേക്ക് ഈ സമരത്തെ മാറ്റിയെടുക്കുന്നതിൽ കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മത്സ്യസമ്പത്തിന്റെ പ്രജനന സമയമായ മൺസൂൺ കാലത്ത് കേരളതീരത്ത് ട്രോളിംഗ് നിരോധിക്കണമെന്നും, അമിത മത്സ്യബന്ധനത്തിന് നിയന്ത്രന്മേർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കുന്നതിന് പകരം, ഈ മേഖലയിലെ സമ്പന്നരുടെയും, കയറ്റുമതിക്കാരുടെയും താത്പര്യാർഥം സമരത്തെ മർദ്ദിച്ചൊതുക്കുവാനാണ് സർക്കാർ ശ്രമിച്ചത്. സ്വന്തം സമുദായത്തിലെ ബഹുഭൂരിപക്ഷവും ജീവിതത്തിനായി ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അവരോട് ഐക്യപ്പെട്ടുകൊണ്ട് സമരം ചെയ്യുകയും ചെയ്ത കന്യാസ്ത്രീകളെയും, പുരോഹിതന്മാരെയും ഉൾപ്പടെയുള്ളവരെ ക്രൂരമായി മർദ്ദിച്ച്, സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് അന്ന് കേരളം ഭരിച്ചിരുന്ന കെ. കരുണാകരൻ ശ്രമിച്ചത്. ഈ സമരമായിരുന്നു, മത്സ്യത്തൊഴിലാളി സമൂഹത്തെക്കുറിച്ചും, അവരുടെ സാമൂഹ്യാവസ്ഥയെക്കുറിച്ചും, മത്സ്യസമ്പത്തിന്റെ വളരെ വേഗത്തിലുള്ള ശോഷണത്തെക്കുറിച്ചുമെല്ലാം പൊതുസമുഹത്തിൽ ചെറിയ തോതിലെങ്കിലും ചർച്ച ചെയ്യാൻ ഇടയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ നിശ്ചയദാർഡ്യത്തിനും, സമരോത്സുകതക്കും മുന്നിൽ സർക്കാറിന് അവസാനം അടിയറവ് പറയേണ്ടിവന്നു. പൂർണ്ണമായല്ലെങ്കിലും, കുറഞ്ഞ ദിവസങ്ങളിലെങ്കിലും, മൺസൂൺകാല ട്രോളിംഗ് നിരോധിക്കുവാൻ സർക്കാർ നിർബന്ധിതമായി. 45 ദിവസത്തേക്കാണെങ്കിലും പരിമിതമായ തോതിലാണെങ്കിൽപ്പോലും മൺസൂൺകാല ട്രോളിംഗ് നിരോധനം ഇപ്പോൾ ഒരു യാഥാർഥ്യമാണ്.
പരിഗണന വേണ്ട മത്സ്യമേഖല
കടൽ പരിസ്ഥിതിയേയും, മത്സ്യസമ്പത്തിനേയും സംരക്ഷിക്കുവാൻ ഇപ്പോൾ ഏർപ്പെടുത്തുന്ന മൺസൂൺകാല ട്രോളിംഗ് നിരോധനം മാത്രം പോരാ. താഴെ പറയുന്ന കാര്യങ്ങൾ കൂടി അടിയന്തിരമായി സർക്കാർ പരിഗണിക്കണം.
1) ഏറ്റവും പ്രധാനപെട്ട കാര്യം, കടലും കടൽ സമ്പത്തും, അതിന്മേലുള്ള എല്ലാ അവകാശങ്ങളും പരമ്പരാഗതമായി മീൻപിടിക്കുന്നവർക്കായി മാത്രം പരിമിതപ്പെടുത്തി ‘കടലും, കടൽ സമ്പത്തും കടലിന്റെ മക്കൾക്ക്’ എന്ന ആശയം നിയമപരമായി ഉറപ്പാക്കുക.
2) മുൻപ് പരമ്പരാഗത വിഭാഗക്കാർ എന്ന് പറയുന്നവർ ഇപ്പോൾ പഴയ പരമ്പരാഗത
രീതിയിലല്ല മത്സ്യബന്ധനം നടത്തുന്നത്. മറിച്ച് സാങ്കേതിക വിദ്യയുടെയും, എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുടെയും സഹായത്തോടെയാണ് ഇപ്പോഴത്തെ മത്സ്യബന്ധനം. ശക്തികൂടിയ ഇൻബോർഡ് എഞ്ചിനുകൾ ഘടിപ്പിച്ച, കടലിന്റെ അടിത്തട്ടിനെവരെ തൂത്തുവാരുന്ന, കണ്ണി വലുപ്പം കുറഞ്ഞ വലിയവലകൾ ഉപയോഗിക്കുന്ന, ജി.പി.എസ്, എക്കോസൗണ്ട് എന്നിവയുടെ സഹായത്തോടെയുള്ള മത്സ്യബന്ധനമാണ് ഇപ്പോൾനടക്കുന്നത്. ഈ രീതിയിലുള്ള മത്സ്യബന്ധനത്തെ നിയന്ത്രിക്കുകയും, മത്സ്യസമ്പത്തിന് ദോഷം വരാത്ത രീതിയിലുള്ള മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനു മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുകയും വേണം.
3) ഇപ്പോഴുള്ള ട്രോളിംഗ് നിരോധനത്തിന് രാജ്യത്താകെ ഏകീകൃതസ്വഭാവമില്ല. കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ചുള്ള ട്രോളിംഗ് നിരോധിക്കുന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങളിലെ ബോട്ടുകളും, വിദേശ ട്രോളറുകളും കടൽ അരിച്ചു പെറുക്കുന്നുണ്ട്. എല്ലാ ദിവസവും തൂത്ത് വൃത്തിയാക്കുന്ന മുറ്റത്ത് പുല്ല് കിളിർക്കാത്തതു പോലെ എന്നും അരിച്ച് പെറുക്കുന്ന കടലിൽ ജീവന്റെ തുടിപ്പ് കിളിർക്കുകയില്ല. എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ഒരേസമയത്ത് എല്ലാവിധ ട്രോളിംഗും നിരോധിച്ച് ഫിഷിങ് ഹോളിഡേ പ്രഖ്യാപിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യത്തെ അധികാരികൾ വേണ്ടവണ്ണം പരിഗണിക്കുന്നില്ല. ഇതുമൂലം ട്രോളിംഗ് നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതെ പോകുന്നു.
4) കടൽ പരിസ്ഥിതിയേയും മത്സ്യസമ്പത്തിനെയും തകർക്കുന്ന വലിയ
‘വികസന പദ്ധതി’കളിലാണ് സർക്കാരിന് എല്ലായ്പ്പോഴും താല്പര്യം. ബ്ലൂ ഇക്കണോമിയുടെ ഭാഗമായുള്ള കടൽഖനനം, വിഴിഞ്ഞം അദാനി തുറമുഖം, സീപ്ലെയിൻ പദ്ധതി, തീരദേശഹൈവേ, കരിമണൽ ഖനനം, എന്നിവ ഉദാഹരണങ്ങൾ. ഈ പദ്ധതികളെല്ലാം കടൽ പരിസ്ഥിതിക്ക് ദോഷകരമായവയാണെന്ന് മാത്രമല്ല, മത്സ്യത്തൊഴിലാളികളെ വലിയതോതിൽ കുടിയൊഴുപ്പിക്കലിനും വിധേയമാക്കുന്നു. മത്സ്യസമ്പത്തിന്റെ പരിപോഷണത്തിന് വിഘാതമാകുന്ന എല്ലാ ‘വികസന’ പ്രവർത്തനങ്ങളും പുനർവിചിന്തനത്തിന് വിധേയമാക്കണം. അതിനുവേണ്ടി, ഒരു നിശ്ചിത കാലത്തേക്ക് കടലിലും, കടൽത്തീരത്തും നടത്തുന്ന എല്ലാ വൻകിട നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെച്ചു, അവയുടെ സാമൂഹ്യാഘാതം സത്യസന്ധമായി പഠിച്ചു അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂ.
5) മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിൽ നദികളും നദീമുഖങ്ങളും അവിടത്തെ ആവാസ്ഥ വ്യവസ്ഥകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ അനേകദൂരം ഒഴുകി കടലിൽ പതിക്കുമ്പോൾ, അവ വഹിച്ചുകൊണ്ട് വരുന്ന എക്കലുകൾ, സൂക്ഷ്മജീവികൾ, പോഷകങ്ങൾ (പ്ലാങ്ക്ടനുകൾ) എന്നിവ കടൽ- കായൽ മത്സ്യങ്ങളുടെ ഭക്ഷണങ്ങളാണ്. കടൽ- കായൽ മത്സ്യങ്ങളുടെ പ്രജനത്തിലും, മത്സ്യസമ്പത്തിന്റെ വളർച്ചയിലും, തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിലും വളരെയധികം പങ്ക് വഹിക്കുന്ന കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിച്ച്, കായലുകളും നദീതടങ്ങളും ടൂറിസം-വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണതയും കൂടി വരികയാണ്. കടൽ-കായൽ പരിസ്ഥിതിയെ സംരക്ഷിക്കണമെങ്കിൽ നദികളെ സംരക്ഷിച്ചേ മതിയാകൂ. അതിനാകട്ടെ, നമ്മുടെ നദികളെ ജീവനോടെത്തന്നെ നിലനിർത്തി, അവയുടെ സ്വാഭാവിക ഒഴുക്കിന് വിഘാതമാകുന്ന എല്ലാ ‘നിർമ്മാണ പ്രവർത്തി’കളിൽ നിന്നും സർക്കാർ മാറിനിൽക്കണം. ഒപ്പം, കണ്ടലുകളെ സംരക്ഷിക്കുകയും വേണം.
6) മത്സ്യസമ്പത്തിന്റെ സംരക്ഷണാർഥം ഫിഷിങ് ഹോളിഡേ പ്രഖ്യാപിക്കുന്നതിന്റെ
ഭാഗമായി തൊഴിലില്ലാതെയാകുന്ന കാലയളവിൽ, മത്സ്യത്തൊഴിലാളികളുടെ
എല്ലാവിധ ആവശ്യങ്ങളും സർക്കാർ നിറവേറ്റണം. അത് കേവലം രണ്ടാഴ്ചയിലെ സൗജന്യറേഷൻ വിതരണത്തിൽ മാത്രം ഒതുങ്ങുവാൻ പാടില്ല. മത്സ്യത്തൊഴിലാളികൾക്ക് കുടുംബപരമായും, സാമൂഹ്യമായും ഉണ്ടാകുന്ന എല്ലാചെലവുകളും സർക്കാർ വഹിക്കണം. കൂടാതെ, ചെറിയൊരു തുക സാമ്പത്തിക സഹായമായും നൽകണം. രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യവും, ഒരു ജനതയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള ഭക്ഷണവും നൽകുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യത ഏത് ജനാധിപത്യ സർക്കാരുകൾക്കുമുണ്ട്. ആ ബാധ്യത നിറവേറ്റാൻ സർക്കാരുകളും പൊതുസമൂഹവും മുന്നോട്ടുവരേണ്ട സമയമാണിത്.