ഒൻപതാം പാതയിലെ പെൺകുട്ടി: ഒരു ശില്പം പറഞ്ഞ കഥ

ഹിന്ദുക്കുഷ് പർവ്വതനിരയിലെ ആര്യവേപ്പ് മരങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് കീഴക്കാംതൂക്കായി ഒഴുകിവരുന്ന പ്രാണവായു ശ്വസിച്ചാണ് ഞങ്ങളുടെ സംസ്കാരം ഉടലെടുത്തത്. സിന്ധുനദിയുടെ നിലയ്ക്കാത്ത താരാട്ട് കേട്ടാണ് ഞങ്ങൾ ഉറങ്ങിയിരുന്നത്. നീലാകാശത്തിൽ ചെമ്മരിയാടുകളെപ്പോലെ ഒഴുകി നടന്നിരുന്ന വെള്ളി മേഘങ്ങളും മഞ്ഞിന്റെ തൂവെള്ള തൊപ്പി ധരിച്ച പർവ്വതങ്ങളും പച്ചയുടെ നിറഭേദങ്ങളോടെ ഇടതിങ്ങി വളർന്ന് നിന്ന ബേർ, ലായ്, കിറിർ, ജാൻഡ് മരങ്ങൾക്കും കീഴെ വെള്ളാരം കല്ലുകളിൽ തട്ടി തൂവെള്ള പത ചിതറി ഒഴുകിയോടുന്ന ഇളം പച്ചനിറമുള്ള ഞങ്ങളുടെ സിന്ധുനദി!

ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ട് ഉണ്ടാക്കിയ ഞങ്ങളുടെ വീടിന്റെ മട്ടുപ്പാവിലിരുന്ന് അത്തിപ്പഴവും ജുജൂബി പഴവും നുകർന്ന് കൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സിൽ മറുകരയിലുള്ള ഈന്തപ്പഴം കഴിക്കാനുള്ള കൊതിയായിരുന്നു. വീടിന്റെ അങ്കണത്തിൽ തന്നെയുള്ള പേരയും ഓറഞ്ചും ചിക്കുവും ഒന്നും തന്നെ എന്നെ അത്രത്തോളം കൊതിപ്പിച്ചിട്ടില്ല. കളിമണ്ണിൽ ചുട്ടെടുത്ത ഗൃഹോപകരണങ്ങളുമായി അച്ഛനും സഹോദരന്മാരും അതിരാവിലെ തന്നെ കാളവണ്ടിയിൽ ചന്തയിലേക്ക് പുറപ്പെട്ടിരുന്നു. അമ്മയും സഹോദരിയും ഗോതമ്പ് റൊട്ടിയും പരിപ്പ് കറിയും തയ്യാറാക്കുകയായിരുന്നു. അമ്മൂമ്മയും അമ്മായിമാരും വസ്ത്രം നെയ്യാൻ പരുത്തി വേർതിരിച്ചെടുക്കുകയായിരുന്നു. അമ്മാവന്മാർ ബാർലിയുടെയും ചോളത്തിന്റെയും പാടത്ത് പണിക്കു പോകാൻ തയ്യാറാവുകയായിരുന്നു. ഞാനും, അവളും എന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയോടൊപ്പം മട്ടുപ്പാവിലിരുന്ന് പതിവുപോലെ താഴ്വരയിലെ കാഴ്ചകൾ കണ്ട് രസിക്കുകയായിരുന്നു.

സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പുകൾ. കടപ്പാട്:flicker

ദൂരെ ദിക്കിൽ നിന്നുമുള്ള വിഭവങ്ങളുമായി വരുന്ന വിവിധ ദേശക്കാർ. പരുത്തി വസ്ത്രങ്ങളുമായി വരുന്നവർ, ആഭരണക്കച്ചവടക്കാർ, ധാന്യങ്ങളുമായി വരുന്നവർ, പഴം പച്ചക്കറി കച്ചവടക്കാർ, കളിപ്പാട്ട നിർമ്മാണക്കാർ, ഗൃഹോപകരണ നിർമ്മാതാക്കൾ, സ്നാനഘട്ടത്തിൽ വരുന്നവർ, നദിയിൽ കുളിക്കുന്നവർ, ആടുമാടുകളുമായി വരുന്നവർ, നദിയുടെ ഓരം ചേർന്ന് തഴച്ച് വളർന്നു കിടക്കുന്ന ഒരാൾ പൊക്കമുള്ള പുല്ലു കൊതിയോടെ ചവച്ചു തിന്നുന്ന ആടുമാടുകളും, പന്നികളും, പൊന്തക്കാടുകളിൽ ചിക്കിച്ചികഞ്ഞ് നടക്കുന്ന കാട്ടുകോഴികളും ഇവരുടെയെല്ലാം ശബ്ദഘോഷത്തോടെ ഉണരുന്നതായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട താഴ്വര. രാത്രിയാകുമ്പോൾ കച്ചവടക്കാർ സത്രങ്ങളിലും നദീതടങ്ങളിലുമായി പാർക്കും. സംഗീതവും നൃത്തവും പകലിന്റെ ബഹളവും ക്ഷീണവും മറക്കാൻ അവരെ സഹായിക്കും. ചിലർ സായാഹ്നത്തോടെ സ്വന്തം ദേശങ്ങളിലേക്ക് മടങ്ങും. രാവേറെ ചെല്ലുന്നതുവരെ സിന്ധുനദിയുടെ സംഗീതം കേട്ട് അമ്പിളി അമ്മാവനെയും നക്ഷത്രങ്ങളെയും നോക്കി മട്ടുപ്പാവിൽ ഞാൻ അങ്ങനെ കിടക്കും.

നദിയിൽ കുളിക്കാൻ പോയപ്പോഴാണോ? അതോ, പൂക്കൾ പറിക്കാൻ പോയപ്പോഴാണോ? അതുമല്ലെങ്കിൽ ഈ മട്ടുപ്പാവിൽ അലസമായി ഇങ്ങനെ നിന്നപ്പോഴാണോ? എപ്പോഴായിരിക്കാം അത് സംഭവിച്ചിട്ടുണ്ടാവുക? അയാൾ എന്നെ കണ്ടിട്ടുണ്ടാവുക? മനസ്സിൽ പകർത്തിയിട്ടുണ്ടാവുക? “ആ മുടി കെട്ടിവെച്ച രീതിയും ആരെയും കൂസാത്ത നിൽപ്പും കണ്ടാൽ തന്നെ അറിയാം, അത് നീ തന്നെയാണെന്ന്.”
അവൾ പറഞ്ഞു.

ഒൻപതാം പാതയിലെ ഒരു വീട്ടിൽ അവളാണ് എന്റെ ശില്പം ആദ്യം കണ്ടത്. ഏറെ കൗതുകത്തോടും അതിലേറെ സങ്കോചത്തോടും കൂടിയാണ് ഞാൻ അത് കാണാൻ പോയത്. കളിമണ്ണിന്റെ അകം പൊള്ളയാക്കി രൂപമുണ്ടാക്കി തീച്ചുളയിൽ അച്ഛനുണ്ടാക്കുന്ന പാവകളും ശില്പങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അത് ഞങ്ങളുടെ താഴ്വരയിൽ പേര് കേട്ടതുമാണ്. വെങ്കലത്തിൽ ശില്പം ചെയ്തെടുക്കാനുള്ള ലോഹം താഴ്വരയിൽ സുലഭമല്ലാത്തതിനാൽ മെസപൊട്ടേമിയയിൽ നിന്നാണ് അവ കൊണ്ട് വരുന്നതെന്ന് അമ്മാവൻ പറഞ്ഞുകേട്ട ഓർമ്മയുണ്ട്. ഞങ്ങളുടെ നാടിനെ ‘മെലുഹ’ എന്നാണ് അവർ വിളിച്ചിരുന്നത്. ഒൻപതാം പാതയിലെ ആളൊഴിഞ്ഞ വീട്ടിൽ പുതുതായി താമസത്തിന് വന്ന മൂശാരിമാരിൽ ആരോ ആണ് ശില്പം സൃഷ്ടിച്ചത്. ആരായിരിക്കാം അത്?

അത്താഴത്തിനു ശേഷം വീട്ടുകാരെല്ലാം വെടിവട്ടം പറഞ്ഞിരിക്കുമ്പോൾ ഞാൻ, അച്ഛൻ ചന്തയിൽ നിന്നും കൊണ്ടുവന്ന ഈന്തപ്പഴവും നുകർന്ന് മട്ടുപ്പാവിലിരുന്ന് കളകളം ഒഴുകുന്ന സിന്ധുനദിയിൽ പിടയ്ക്കുന്ന അമ്പിളി അമ്മാവനെ തന്നെ നോക്കിയിരുന്നു. എന്റെ മനസ്സും അന്നേരം അങ്ങനെ തന്നെ ആയിരുന്നു. ആ മൂശാരിമാരിൽ ആരായിരിക്കും ‘ഞാൻ’ എന്ന എന്നെ മെഴുകിൽ മെനഞ്ഞെടുത്തത്? അതിന്റെ പുറത്തു കളിമണ്ണിൽ പുറംചട്ടയുണ്ടാക്കി, അതിൽ ചെറിയ ദ്വാരങ്ങളിട്ട്, അത് ഉണങ്ങി വരുമ്പോൾ തീയിൽ ചുട്ടെടുത്ത് ഉള്ളിലെ മെഴുകു ഉരുക്കിക്കളഞ്ഞ്, അതിനുള്ളിലേക്ക് ചുട്ടുപഴുത്ത ചെമ്പിന്റെയും തകരത്തിന്റെയും ലോഹദ്രാവകം ഉരുക്കിയൊഴിച്ച്, ഒടുവിൽ അത് തണുത്തുറഞ്ഞ ശേഷം മണലുരച്ചു മിനുസമാക്കി എടുത്തത്? ഞാൻ എന്ന ഒരു സാധാരണ പെൺകുട്ടിയെ തിളങ്ങുന്ന വെങ്കല ശിൽപ്പമാക്കിയത്?
ഒരുപാട് ക്ഷമയും, കായികാദ്ധ്വാനവും, ഞങ്ങളുടെ താഴ്വരയിൽ അധികമാർക്കും ഫലപ്രാപ്തി കൈവരാത്ത ‘ലോഹപ്പണി’ എന്ന ശില്പശാഖയിൽ അഗ്രഗണീയനായ, എനിക്ക് അജ്ഞാതനും അദൃശ്യനുമായ അയാളുടെ ദൃഢവും ആയാസരഹിതവും കരവിരുതും ഉഷ്ണത്താപവുമുള്ള കൈവിരലുകൾ സ്വപ്നത്തിൽ തളിർത്ത എന്റെ മേനിയിലൂടെ ഒഴുകി നടന്നു.

ആടുമാടുകൾ വല്ലാതെ അസ്വസ്ഥരായി മുരടനക്കി. പന്നികൾ മുറവിളി കൂട്ടി. കാര്യമെന്താണെന്നറിയാതെ എല്ലാവരും ഉറക്കത്തിൽ നിന്നെഴുന്നേറ്റ് പരസ്പരം അന്വേഷിച്ചു. പർവ്വത നിരയുടെ ഭാഗത്തു നിന്നും ഒരു ഇരമ്പം കേൾക്കാമായിരുന്നു. മഴ പെയ്യുന്നതാണ് എന്നാണ് ആദ്യം കരുതിയത്. എന്തെങ്കിലും ചിന്തിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ മുൻപ് ഞങ്ങളുടെ സംസ്കാരം രൂപപ്പെടുത്തിയ സിന്ധുനദി, കോട്ടമതിലുകളെ തകർത്ത് കൺമുന്നിലുള്ള സർവ്വതും തച്ചുടച്ച് കുലംകുത്തി ഒഴുകി.

താഴ്വരയിൽ പിറ്റേന്ന് സൂര്യൻ ഉദിച്ചുണർന്നത് ചാറ്റൽ മഴയുടെ നേർത്ത വിതുമ്പലോടെയായിരുന്നു. ഒരു മേഘവിസ്ഫോടനത്തെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ സദാ ഊർജ്ജസ്വലരായി നിലനിന്നിരുന്ന ഒരു ജനസഞ്ചയത്തെ സിന്ധുനദി പൂർണ്ണമായി വകവരുത്തി. അതിന് മുകളിലായി അട്ടിയിട്ട ചെളിയും വലിയ പാറകളും കടപുഴകിയ മരങ്ങളും മാത്രം നിലനിർത്തി. താഴ്വരയിൽ ഒരു നാഗരികത രൂപപ്പെട്ടിരുന്നതിന്റെ യാതൊരു സൂചനയും അവശേഷിപ്പിക്കാത്ത വിധം പ്രകൃതി ‘മെലുഹ’യെ അടക്കം ചെയ്തു.

ദിനരാത്രങ്ങൾ മാസങ്ങളും വർഷങ്ങളും നൂറ്റാണ്ടുകളുമായി പരിണമിച്ചു താഴ്വരയിലേക്കുള്ള നദിയുടെ ഒഴുക്ക് ലോപിച്ചുകൊണ്ടിരുന്നു. ആയിരക്കണക്കിന് മനുഷ്യരും ജന്തുജീവജാലങ്ങളും കെട്ടിടങ്ങളും നിലനിന്നിരുന്ന ഒരു ഭൂപ്രദേശം കേവലമൊരു മണൽതിട്ടയായി മാറി.

2

1926ൽ പുരാവസ്തു ഗവേഷകനായ ഡി.ആർ സാഹ്നിയുടെ നേതൃത്വത്തിൽ മോഹൻ ജദാരോ (പ്രേതനഗരം) എന്ന് അവർ വിളിച്ച സിന്ധുനദീ കോട്ടയിലെ HR എന്ന് നിർദേശിക്കപ്പെട്ട ഒൻപതാം പാതയിലെ തകർന്ന ഒരു വീട്ടിൽ നിന്ന് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഏർനെസ്റ്റ് മക്വേ എന്റെ ശിൽപ്പം കണ്ടെത്തി. എന്നെ ഖനനം ചെയ്ത പുരാവസ്തു ഗവേഷകൻ ജോൺ മാർഷൽ നിൽക്കുന്ന സ്ത്രീ രൂപത്തിന്റെ അപ്രസക്തമായ ആംഗ്യത്തെ കുറിച്ച് സംസാരിച്ചു. പുരാവസ്തു ഗവേഷകനായ മോർട്ടിമാർ വീലർ എന്റെ ‘ബലൂചി’ ശൈലിയിലുള്ള മുഖവും കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന ആത്മവിശ്വാസത്തെക്കുറിച്ചും പറഞ്ഞു. “അവൾ ഒരു നർത്തകിയാണെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരിക്കാം പക്ഷെ, അവൾ ചെയ്യുന്ന കർമ്മത്തിൽ മികച്ചവളായിരുന്നു. അവൾക്കത് അറിയാമായിരുന്നു” എന്നാണ് ഗ്രിഗറി പോസൽ എന്നെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

“ഏതാനും വളകളും മൂന്ന് ഇലകളുള്ള ഒരു മാലയും ഉള്ളതൊഴിച്ചാൽ കൗമാരക്കാരിയായ വെങ്കല ശിൽപ്പം നഗ്നമാണ്. അവളുടെ അശ്രദ്ധമായ നിൽപ്പ്, അരയിൽ ഒരു കൈ, മറ്റേ കൈ അയഞ്ഞ് അലക്ഷ്യമായി പിടിച്ച് അവളുടെ മുകളിലേക്ക് വളഞ്ഞ കാൽ മുട്ടിലേക്ക് നീട്ടിയിരുന്നു. തലമുടി മാടിയൊതുക്കി ഒരു നാട കൊണ്ട് കെട്ടി വലത്തേ ചുമലിലേക്ക് ഇട്ടിരിക്കുന്നു. വെറും പത്തര സെൻറിമീറ്ററിലും ശില്പത്തിന് ഉയരം തോന്നിക്കുന്നു. അവർ എന്നെ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’ (Dancing girl) എന്ന് വിളിച്ചു. ഒരുപക്ഷേ കാണുന്നതിൽ വിശ്വസിക്കുക (Seeing comes before words) എന്ന സാമാന്യബോധം അനുസരിച്ചാവണം അവരെനിക്ക് അങ്ങനെയൊരു പേര് ചാർത്തി തന്നത്.

എന്നെ 1926ൽ കണ്ടുപിടിച്ച ഏർനെസ്റ്റ് മക്വേ ബ്രിട്ടീഷുകാരനായിരുന്നു. 1920കൾ ബ്രിട്ടനിലെ സ്ത്രീകൾക്ക് സുപ്രധാന ദശകമായിരുന്നു. അക്കൊല്ലം ദി ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് റിപ്പോർട്ട് ചെയ്തു, “വർഷങ്ങളോളം നീണ്ട ക്ഷമയോടുള്ള പരിശ്രമത്തിനൊടുവിൽ സ്ത്രീകൾക്ക് ഓക്സ്ഫോർഡിൽ ബിരുദം നേടാനുള്ള അവകാശം ലഭിച്ചു”. 1921 ൽ മേരി സ്റ്റോപ്സ് ബ്രിട്ടനിലെ ആദ്യത്തെ ജനന നിയന്ത്രണ ക്ലിനിക് സ്ഥാപിച്ചു. 1928ൽ ബ്രിട്ടനിലെ സ്ത്രീകൾ വോട്ടവകാശം നേടിയെടുത്തു. അതിന് പതിനൊന്ന് വർഷം മുൻപ് ഇന്ത്യയിൽ പുതിയ ഫ്രാഞ്ചൈസി ബില്ലിൽ സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടുത്തണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ 14 സ്ത്രീകളെ നിയോഗിച്ചിരുന്നു. മദ്രാസ് സിറ്റി കൗൺസിൽ 1919ൽ മുനിസിപ്പൽ നിയമം പാസ്സാക്കി. അത് സ്ത്രീകൾക്ക് വോട്ടവകാശം നൽകി. 1951 ൽ ഇന്ത്യ ആദ്യമായി തെരഞ്ഞെടുപ്പിനെത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാർക്കൊപ്പം വോട്ട് ചെയ്തു. പക്ഷേ, വീണ്ടെടുക്കപ്പെട്ട ശില്പമായ എന്നെ കണ്ടപ്പോൾ ആ പുരുഷന്മാർക്ക് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് ദർശിക്കാൻ സാധിച്ചത്.

ഇതൊക്കെ സംഭവിക്കുമ്പോഴും കഴിഞ്ഞ നാലായിരത്തിലധികം കൊല്ലം ‘ഞാൻ’, ഞാനായിത്തന്നെ തുടർന്നു. എന്നെ ഖനനം ചെയ്തെടുത്തിട്ട് 97 വർഷങ്ങളായി. സംസ്കാരങ്ങളുടെ ജനനങ്ങൾക്കും മരണങ്ങൾക്കും ഞാൻ മൂകസാക്ഷിയായി. പക്ഷേ, നാളിതുവരെ ആരും എന്റെ വ്യക്തിത്വത്തിന് മേൽ കുതിര കയറാൻ വന്നിട്ടില്ല. ‘ഇന്ത്യ’ എന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ രാജ്യത്തിലെ ‘നാഷണൽ മ്യൂസിയ’ത്തിൽ, കണ്ണാടിക്കൂട്ടിലടച്ച സിന്ധുനദീതട സംസ്കാരത്തിന്റെ അഭിമാന ചിഹ്നമായി ഞാൻ ഇതേ നിൽപ്പ് തുടങ്ങിയിട്ട് 73 കൊല്ലമായിരിക്കുന്നു. കാലം എനിക്ക് വേണ്ടി കാത്തുവച്ചിരിക്കുന്നത് എന്ത് എന്ന് അന്നത്തെപ്പോലെ തന്നെ ഇന്നും എനിക്കറിയില്ല.

ഡൽഹി നാഷണൽ മ്യൂസിയത്തിൽ പ്ര​ദർശിപ്പിക്കുന്ന ‍ഡാൻസിങ് ഗേൾ ശില്പം. കടപ്പാട്:wikipedia

നാലായിരം കൊല്ലങ്ങൾക്ക് മുൻപ് മനുഷ്യശരീരം ഉള്ളൊരുവൾ ആയിരുന്നു ഞാൻ. പേരറിയാത്തൊരു ശില്പിയുടെ കരവിരുതിനാൽ ഞാനൊരു വെങ്കല ശില്പമായി അവതരിച്ചു. കല കാലാനുവർത്തിയാണ്. അതിനാൽ തന്നെ വെങ്കല ശില്പമായ ഞാൻ സിന്ധുനദീതട സംസ്കരത്തിന്റെ പൈതൃക ബിംബമായി അവതരിപ്പിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ എന്നെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രബന്ധങ്ങളും ഉണ്ടായി. സിന്ധുനദീതട സാംസ്കാരിക ബിംബം എന്ന നിലയിൽ എന്റെ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോഗ്രാഫുകളും നിർമ്മിക്കപ്പെടുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിലും, ആർട്ട് ഗാലറികളിലും, വാരികകളിലും, പത്രങ്ങളിലും ഞാൻ ആവർത്തിച്ചാവർത്തിച്ച് വന്നു കൊണ്ടേയിരുന്നു. പാകിസ്ഥാൻ ‘ഹൈ പ്രീസ്റ്റ് കിംഗ്’ എന്ന് ബ്രിട്ടീഷുകാർ വിളിപ്പേരിട്ട സെറാമിക് മനുഷ്യരൂപം അവരുടെ സാംസ്കാരിക ബിംബം എന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തി.

പ്രീസ്റ്റ് കിംഗ്

ഞാൻ പ്രസിദ്ധിയുടെയും വാഴ്ത്തപ്പെടലിന്റേയും പരകോടിയിൽ നിൽക്കുമ്പോൾ ചരിത്രത്തിൽ നിന്നും മാഞ്ഞുപോയ, ചരിത്രകാരന്മാർ മറന്ന് പോയ ഒരുവളുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അവളുടെ വെങ്കല ശില്പവും. എന്നെ കണ്ടെടുത്ത ഏർനെസ്റ്റ് മക്വേ തന്നെയാണ് അവളെയും വീണ്ടെടുത്ത്. ബ്രിട്ടീഷുകാർ അവൾക്കിട്ട പേര് ‘അഗ്ലി സിസ്റ്റർ’ എന്നായിരുന്നു. പരന്ന നിതംബത്തോടെയുള്ള ഒരു രൂപമായിരുന്നതിനാലാവാം അവർ ആ പേരിട്ടതെന്ന് എനിക്ക് തോന്നുന്നു. കാണുന്നതിൽ വിശ്വസിക്കുക എന്ന സാമാന്യ തത്വത്തിൽ ഊന്നിയുള്ള ഒരു പേരിടൽ, ഞാൻ എന്ന എന്നെ അവർ നൃത്തം ചെയ്യുന്ന പെൺകുട്ടി ആക്കിയത് പോലെ. അവളിന്ന് കറാച്ചിയിലെ നാഷണൽ മ്യൂസിയത്തിലാണ്. DK-12728 Level II, Room 81, House X, Block 9 DKG എന്ന മേൽവിലാസത്തിൽ.

കറാച്ചിയിലെ നാഷണൽ മ്യൂസിയത്തിന്റെ ശില്പം. കടപ്പാട്:wire

ഇപ്പോൾ സൈനികവൽക്കരിച്ച് അതിർത്തിയാൽ വേർതിരിക്കപ്പെട്ട ശത്രുരാജ്യങ്ങളിലെ രണ്ട് ദേശീയ മ്യൂസിയങ്ങളിൽ ഗ്ലാസ്സിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന രണ്ട് വെങ്കല ശിൽപ്പങ്ങൾ. ഒരിക്കൽ ജീവിക്കുകയും നൃത്തം ചെയ്യുകയും സ്നേഹിക്കുകയും മരിക്കുകയും ചെയ്ത രണ്ട് യഥാർത്ഥ മനുഷ്യർ. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലിരുന്ന് ഞാനും കറാച്ചിയിലെ നാഷണൽ മ്യൂസിയത്തിലിരുന്ന് അവളും സദാ ഓർത്തിട്ടുണ്ടാവുക സിന്ധുനദീതടത്തിലെ ഞങ്ങളുടെ സന്തോഷപ്രദവും സംതൃപ്തി നിറഞ്ഞതുമായ ദിനരാത്രങ്ങളെ കുറിച്ചായിരിക്കും.

ലോക മ്യൂസിയം ദിനമായ 2023 മേയ് 18ന് ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയുടെ മസ്ക്കറ്റ് (mascout) എന്ന് സാംസ്കാരിക മന്ത്രാലയം വിശേഷിപ്പിച്ച ഒരു രൂപം ‘പ്രജാപതി’ അനാച്ഛാദനം ചെയ്തു. ചുവപ്പ് തിരശീല ഉയർന്നപ്പോൾ മരത്തിന്റെ ചട്ടക്കൂടിൽ നിർമ്മിക്കപ്പെട്ട ഒരു കണ്ണാടിക്കൂടിനുള്ളിൽ ബന്ദിയാക്കപ്പെട്ട്, പിങ്ക് നിറത്തിന്റെ വകഭേദങ്ങളുമായി അവൾ പ്രത്യക്ഷപ്പെട്ടു.

‘വാഴ്ത്തപ്പെട്ടവരെല്ലാം തന്നെ ഒരു നാൾ വീഴ്ത്തപ്പെടും’, അതും അവരെ വാഴ്ത്തിയവരാൽ തന്നെ എന്ന ഭയാനകമായ സത്യം എന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സംഭവിച്ചു. നാലായിരം കൊല്ലങ്ങൾക്കു ശേഷം ആദ്യമായി ഞാൻ എന്റെ അഭിനവരൂപത്തെ കണ്ട് ഭയന്നു, സങ്കടപ്പെട്ടു. എന്റെ സ്വാഭാവികമായ ഇരുണ്ട ചർമ്മം മറച്ച്, തൊലിനിറം ലഭിക്കുന്ന ഏതോ രാസലായിനിയിൽ മുക്കി പീഡനത്തിന് വിധേയമാക്കി ആധുനികകാല പൊതുബോധ സൗന്ദര്യ ബിംബമാക്കാൻ ശ്രമം നടത്തിയിരിക്കുന്നു. മജന്ത നിറമുള്ള ഒരു ജമ്പർ ഇടുവിച്ചിട്ടുണ്ട്, അരയ്ക്ക് താഴേക്ക് മഞ്ഞ നിറമുള്ള ഒരു പാവാടയും ധരിപ്പിച്ചിട്ടുണ്ട്. ശിൽപ്പത്തിൽ ഇല്ലാതിരുന്ന പാദങ്ങൾ വിളക്കിച്ചേർത്തിട്ടുണ്ട്. അവയിൽ പദസരങ്ങളും അണിയിച്ചിരിക്കുന്നു. ഇപ്പോഴാണ് എനിക്ക് ഓർമ്മ കിട്ടുന്നത്, ആ ശില്പി എവിടെ വെച്ചാണ് എന്നെ കണ്ടിട്ടുണ്ടാവുകയന്ന്. സിന്ധുനദിയിൽ ഇറങ്ങി നിന്ന് ഞാൻ കാലുകൾ അലസമായി വൃത്തിയാക്കുമ്പോൾ തന്നെ ആയിരിക്കണം അയാൾ എന്നെ സ്വാംശീകരിച്ചത്. അതല്ലാതെ പാദങ്ങൾ ഇല്ലാതെ നിൽക്കുന്ന എന്റെ ശിൽപ്പം ചെയ്യാൻ വേറൊരു കാരണം ഞാൻ കാണുന്നില്ല. ശില്പി, താൻ കണ്ടതിനെ അതുപോലെ തന്നെ പകർത്തിയിരിക്കുന്നു.

എന്റെ തിളങ്ങുന്ന വെങ്കല സൂര്യതാപം പ്രജാപതിയുടെ സാംസ്കാരിക മന്ത്രാലയത്തിലെ പ്രഭുക്കളെയും വിദൂഷകന്മാരെയും അസ്വസ്ഥരാക്കി എന്നതിൽ സംശയമില്ല. മന്ത്രാലയത്തിലെ ആർഷഭാരത സംസ്കൃതിയുമായി ബന്ധപ്പെട്ട ഏതോ ഒരു ഫയലിൽ എന്റെ നവ നിർമ്മാണത്തിനുള്ള പ്രത്യേക കുറിപ്പും ചാർത്തും ഉണ്ടായിരിക്കണം. ‘ഇവിടെ എന്റെ വ്യക്തമായ നഗ്നത ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു’. വ്യാജനിർമ്മിതമായ ഒരു നാടോടിഭാവം അതിൽ സന്നിവേശിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചിരിക്കുന്നു. കണ്ടാൽ ഒറിജിനൽ ആണെന്ന് പറയുകയേ ഇല്ല, അത് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്. ഡാൻസിങ് ഗേളിന്റെ സമകാലിക (കണ്ടംപററി) പതിപ്പാണ് ഇന്റർനാഷണൽ മ്യൂസിയം എക്സ്പോയുടെ മാസ്ക്കറ്റ് എന്നാണ് സർക്കാർ ഓല (കുറിപ്പ്).

ലോക മ്യൂസിയം ദിനത്തിൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയിൽ പ്രദർശിപ്പിച്ച ഡാൻസിങ് ഗേൾ. കടപ്പാട്:wire

നാലായിരം വർഷത്തോളം മുമ്പ് അഭിമാനത്തോടെ നഗ്നയായി ചിത്രീകരിച്ച എന്റെ രൂപത്തിൽ വസ്ത്രം ധരിപ്പിക്കപ്പെട്ടത് അക്രമണത്തിന്റെയോ കടന്നുകയറ്റത്തിന്റെയോ രാഷ്ട്രീയമാണ്. ഇത്തരത്തിൽ സങ്കല്പിക്കുകയും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്ത ആളുകൾക്ക് ഏറ്റവും വികലമായതും വംശീയവുമായ മനസ്സാണുള്ളത്. കാരണം എന്റെ നഗ്നമായ യഥാർത്ഥ രൂപം അശ്ലീലമാണെന്ന് അവർ കരുതുന്നു. അത്തരം ചിന്ത തന്നെ ഒരു അശ്ലീലം അല്ലേ നാലായിരം കൊല്ലങ്ങൾക്ക് മുൻപ് നഗ്നയായ ഒരു യുവതിയുടെ രൂപം അതുപോലെ തന്നെ പരിഗണിക്കാൻ അവർ ലജ്ജിക്കുന്നു.

പ്രജാപതിയുടെ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് പ്രതിഭയിൽ മുട്ടുകുത്തി നമസ്കരിച്ച സമകാലികരായ പതിമൂന്ന് ഇന്ത്യൻ കലാകാരന്മാരുടെ സൃഷ്ടികൾ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ സമാഹരിക്കപ്പെട്ടു. ‘ജൻശക്തി’ എന്ന പേരിൽ ‘മൻ കി ബാത്തി’ൽ പ്രജാപതി അധരവ്യായാമം ചെയ്ത പന്ത്രണ്ട് കാര്യങ്ങളാണ് വിഷയത്തിനാധാരം. ആ കാര്യപരിപാടിയുടെ നൂറാമത് റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇന്ത്യ ഒട്ടാകെയുള്ള വലതുപക്ഷ രാഷ്ട്രീയ നേതാക്കളും അണികളും ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ വലിയ സീനുകളിൽ ദർശിച്ച് ഹർഷപുളകിതരായി. റേഡിയോ ബ്രോഡ്കാസ്റ്റിംഗ് കേൾക്കാൻ മാത്രമുള്ളതല്ല, കാണാൻ കൂടിയുള്ളതാണെന്ന് ഈയുള്ളവളും മനസ്സിലാക്കി. ജലസംരക്ഷണം, സ്ത്രീശാക്തീകരണം, കൊറോണ അവബോധം, സ്വച്ഛ് ഭാരത് അഭിയാൻ, പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും, ഇന്ത്യൻ കാർഷിക സമ്പ്രദായം, യോഗ, ആയുർവ്വേദം, ഇന്ത്യൻ ശാസ്ത്രം, കായികരംഗവും ആരോഗ്യവും, ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്ര/സാംസ്കാരിക വിദ്യാഭ്യാസം, വടക്കു കിഴക്കൻ ഇന്ത്യയുടെ ‘തനതായ സാംസ്കാരിക, സാമൂഹിക സ്വഭാവസവിശേഷതകളുടെ പ്രാധാന്യം, ഇന്ത്യയും ലോകവും എന്നിവയായിരുന്നു കലാസൃഷ്ടികൾക്കുള്ള വിഷയം. അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയിൽ എനിക്ക് ‘കോടിമുണ്ട്’ പുതപ്പിച്ച് തരുന്നതിനും ഏതാനും ദിവസം മുൻപ്, അതായത് 2023 ഏപ്രിൽ 30നാണ് ‘ജൻശക്തി’ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഞാൻ പാർക്കുന്ന ദേശീയ മ്യൂസിയത്തിൽ നിന്നും നടന്നുപോകാവുന്ന ദൂരത്തിലാണ് ‘ജനശക്തി’ അരങ്ങേറിയ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്. ഓരോ പ്രദർശനങ്ങളും കലാരൂപങ്ങളും സാകൂതം വീക്ഷിച്ച് ഞാൻ നടന്നു. പ്രജാപതിയുടെ മൻ കി ബാത്തിലെ വിഷയങ്ങളും പ്രസംഗങ്ങളും ഞാൻ ക്ഷമയോടെ കേട്ടു. കടുത്ത ജലസമ്മർദ്ധം, മലിനമായ ഉപരിതല ജലം, പൈപ്പ് ജലവിതരണത്തിനുള്ള ലഭ്യതക്കുറവ്, വരൾച്ചയും സമുദ്രനിരപ്പ് ഉയരുന്നതുപോലുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എന്നിവ ഇന്ത്യയിലെ കുടുംബങ്ങൾക്ക് സുരക്ഷിതമായ ജലം, ശുചിത്വം എന്നിവ ലഭിക്കുന്നതിൽ തടസ്സം നിൽക്കുന്നു. പ്രജാപതിയുടെ ആദ്യ പതനം ഇവിടെ തുടങ്ങുന്നു. വ്യക്തിപരമായി സാധാരണ പൗരന്മാർക്ക് ദിവസവും കുടിവെള്ളത്തിന് പണം മുടക്കാൻ മാത്രം സാമ്പത്തികമായി വികസിതമായ രാജ്യമല്ല നമ്മുടേത്, എന്നിട്ടും ഗാലറിയിൽ എത്തുന്ന പ്രിവിലേജ്ഡ് പൗരന്മാർക്ക് നുകരാൻ പണം മുടക്കി വാങ്ങിയ ലിറ്റർ കണക്കിന് സ്വകാര്യ സ്ഥാപനത്തിന്റെ കുടിവെള്ള കുപ്പികൾ!

‘ജനശക്തി’ പ്രദർശനം കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കടപ്പാട്:wire

‘സ്ത്രീ സുരക്ഷയും ശാക്തീകരണവും’ ഒരു ‘പബ്ലിക് റിലേഷൻസ്’ ലക്ഷ്യമായി മാത്രം അവതരിപ്പിക്കുന്ന ഭീരുത്വവും അരക്ഷിതവുമായ ഒരു ഭരണകൂടത്തിൽ നിന്നും നമുക്ക് എന്താണ് പ്രതീക്ഷിക്കാവുന്നത്. അവർ തിരഞ്ഞെടുപ്പ് നേട്ടവും അനുകൂലമായ അന്താരാഷ്ട്ര ഇമേജ് നിർമ്മാണവും ലക്ഷ്യമിടുന്നു. യഥാർത്ഥത്തിൽ ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ മുതലായ മുദ്രാവാക്യങ്ങൾ സ്ത്രീകളുടെ താല്പര്യത്തിനും ക്ഷേമത്തിനും വളരെ കുറച്ചു മാത്രം ശ്രദ്ധിക്കുന്ന ഒരു ഭരണകൂടത്തിന്റെ നിസ്സംഗമായ പെരുമാറ്റമാണ് സൂചിപ്പിക്കുന്നത്. ഇതാ, ഇവിടെ ന്യൂഡൽഹിയിൽ, എന്റെ താമസസ്ഥലത്തിന് തൊട്ടടുത്ത് ‘ജന്ദർമന്ദറിൽ’ മാസങ്ങളോളം വനിതാഗുസ്തി താരങ്ങൾ സമരത്തിലായിരുന്നു. അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങളിൽ സ്വർണ്ണമെഡൽ വാങ്ങിയ താരങ്ങളായിരുന്നു സമരത്തിന്റെ മുൻനിരയിൽ. ഇന്ത്യൻ നിയമസംവിധാനമനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്. ഞാൻ ഇത് പറയുന്ന നാളിതുവരെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. സ്വർണ്ണം നേടിയവർക്കോ ഈ ഗതിയാണ്, അപ്പോൾപ്പിന്നെ ഈ വെങ്കലക്കാരിയുടെ കാര്യമോ. ഇന്ത്യൻ കാർഷിക സമ്പ്രദായം നാശത്തിലേക്ക് കൂപ്പുകുത്തിയിട്ട് നാളുകൾ ഏറെയായി. കാലാവസ്ഥാ വ്യതിയാനവും സർക്കാരിന്റെ നിരുത്തരവാദിത്തപരമായ നിയമങ്ങളാണ് ഇതിനു ആധാരം. നാളിതുവരെ ലക്ഷക്കണക്കിന് കർഷകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തു. കോർപ്പറേറ്റ് ലോബികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന സർക്കാരും ഉദ്യോഗസ്ഥാധിപത്യവുമാണ് ഇതിന് കാരണം. കൊറോണ സമയത്ത് പഞ്ചാബിലെ കർഷകർ ഇവിടെ ഡൽഹിയിലെ മരംകോച്ചുന്ന മഞ്ഞതാണ് പതിമൂന്ന് മാസം സമരം നടത്തിയത്. അവരോട് എത്ര നിർദയമായിട്ടാണ് ഭരണകൂടം പെരുമാറിയത്? കാർഷികവൃത്തി കൊണ്ട് നമ്മളെ ഊട്ടുന്നവർ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥ ആര് കാണാൻ, കാർഷിക വായ്പകൾ എടുത്തിട്ട് തിരിച്ചടക്കാൻ കഴിയാതെ നിശ്ശബ്ദം ജീവൻ വെടിയുന്നവരുടെ ദൈന്യത ആര് കേൾക്കാൻ ?

ഇന്ത്യൻ ശാസ്ത്രം എന്ന വിഷയം എനിക്ക് മനസ്സിലായിട്ടില്ല. ഇന്ത്യക്ക് മാത്രമായി ഒരു ശാസ്ത്രം ഉണ്ടോ? ശാസ്ത്രം എന്നത് ലോക മാനവികതയുടെ കൂട്ടായ്മയാണ്. ശാസ്ത്രത്തിന്റെ പുരോഗതി മാനവരാശിയുടെ തന്നെ പുരോഗതിയാണ്. ഇനി ഇത് ഒരു പക്ഷേ, ജ്യോതിശാസ്ത്രം പോലുള്ള എന്തെങ്കിലുമാകാം, ഈയുള്ളവൾക്കറിയില്ല. യോഗയും ആയുർവ്വേദവും കാലങ്ങൾക്ക് മുൻപേ ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയതാണ്. അവയുടെ വളർച്ചക്കായുള്ള ശ്രമം ശ്ലാഘനീയമാണ് പക്ഷെ, ഇവ രണ്ടും ഋഷിമാരും വേദങ്ങളും ഉപനിഷത്തുകളുമായി ബന്ധിപ്പിച്ച് പ്രയോഗിക്കുമ്പോൾ അറിഞ്ഞുകൊണ്ട് തന്നെ ആ പന്തിയിലേക്ക് ‘ആർഷഭാരതസംസ്കാരം’ എന്ന ഓമനപ്പേരിൽ സവർണ്ണ ഹിന്ദുത്വ അജണ്ട വിളമ്പുന്നുണ്ട്. അത് ഇന്ത്യ എന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ രാജ്യത്തിന്റെ ഭാവിക്ക് ഒരിക്കലും അഭിലഷണീയമല്ല തന്നെ.

വടക്ക്കിഴക്കൻ ഇന്ത്യയുടെ ‘തനതായ’ സാംസ്കാരിക സ്വഭാവസവിശേഷതകളുടെ പ്രാധാന്യം മനസ്സിലാകണമെങ്കിൽ പ്രജാപതിയും അനുചരന്മാരും ചരിത്രം ഗഹനമായി പഠിക്കേണ്ടി വരും. ഈ ഏഴ് സംസ്ഥാനങ്ങളും ഭൂരിപക്ഷമായും ഗിരിവർഗ്ഗ ഗോത്രവംശജരാണ്. പ്രകൃതിയുമായി ഇണങ്ങിക്കഴിയുന്ന ഇവർ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് ഉത്തരേന്ത്യയിലേക്ക് പോകാനോ പാർക്കാനോ തയ്യാറല്ല. കാരണം അവരുടെ ഭക്ഷണക്രമം തന്നെ അത്രമാത്രം വ്യത്യസ്തവും വൈവിദ്ധ്യം നിറഞ്ഞതുമാണ്. നാഗാലാൻഡ്, സിക്കിം, മണിപ്പൂർ, അസം മുതലായ സംസ്ഥാനങ്ങൾ അവർക്ക് സ്വന്തം രാജ്യം വേണം എന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം സജീവമായ ഒരു അഗ്നിപർവ്വതത്തിന്റെ മുകളിൽ നാം കയറിയിരിക്കുന്നത് പോലെയാണ്. അതെപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം!

പ്രജാപതിയുടെ ഭരണകൂടത്തിൽ വിശ്വാസം ഇല്ലാത്തവരെല്ലാം തന്നെ പാകിസ്താനിലേക്ക് പോകണം എന്ന ഭീഷണി ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കാം. ഭരണകൂട ഭീകരതക്കെതിരെ ശബ്ദം പുറപ്പെടുവിച്ചാൽ കൽതുറങ്കിൽ അടക്കപ്പെടാം, അതും രാജ്യദ്രോഹ കുറ്റത്തിന്. ചിലപ്പോൾ വെടിയേറ്റ് മരിക്കാം! ഇതിനിടയിൽ ദക്ഷിണേന്ത്യയിൽ നിന്നും വന്ന പ്രതിഭാശാലിയായ കലാകാരന്റെ പ്രതിഷ്ഠാപനം (Installation) കാണാൻ ഇടയായി. അവിടെ ഗാന്ധിജി ഉണ്ടായിരുന്നു, അംബേദ്കർ ഉണ്ടായിരുന്നു. ശ്രീനാരായണഗുരു ഉണ്ടായിരുന്നു, ഗുരുനാനാക് ഉണ്ടായിരുന്നു. എന്നെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ച് കൊണ്ട് ‘ഞാനും’ ഉണ്ടായിരുന്നു. വിഷയത്തിന്റെ പേര് ‘സ്വച്ഛ് ഭാരത് അഭിയാൻ’. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഒരു പ്രതിഷ്ഠാപനം. സ്വന്തം വിസർജ്യം മറ്റൊരാൾ എടുത്തുമാറ്റുന്നൊരു കാലമുണ്ടായിരുന്നു ഇന്ത്യയിൽ. മഹാത്മാഗാന്ധി അത്തരം പ്രവർത്തിയെ എതിർത്തവരുടെ കൂടെയായിരുന്നു. സ്വന്തം ശൗചാലയം അവനവൻ തന്നെ വൃത്തിയാക്കണം എന്നദ്ദേഹം തന്റെ പ്രവർത്തിയിലൂടെ കാട്ടിത്തന്നു. ശ്രീനാരായണഗുരുവും ഗുരുനാനാക്കും രണ്ട് ആധ്യാത്മിക വിപ്ലവകാരികളായിരുന്നു. അവർ ഗാലറിയിലെ പ്രതിഷ്ഠാപനത്തിന്റെ ഭാഗമായി എത്തപ്പെട്ടതിന്റെ കാരണം പ്രജാപതിയുടെ താല്പര്യങ്ങൾ മാത്രമാണെന്നുള്ളത് വ്യക്തമാണ്. ഒരുപാട് ഇഷ്ടികകളുടെ മുകളിൽ എന്റെ സാധാരണ രൂപം. ഇഷ്ടികകളിൽ വിവിധ ഇന്ത്യൻ ഭാഷകളിൽ ‘അമ്മ’ എന്ന അർത്ഥം വരുന്ന എഴുത്തുകൾ. ഞങ്ങളുടെ മെലൂഹയിൽ ശൗചാലയങ്ങൾ ഉണ്ടായിരുന്നു. എല്ലാ വീടുകളിലും കിണർ ഉണ്ടായിരുന്നു. നല്ല ഡ്രയിനേജ് സംവിധാനം ഉണ്ടായിരുന്നു. എല്ലാ പ്രദർശനങ്ങളും കണ്ടതിന് ശേഷം ഗാലറിയിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോൾ ക്ഷീണിച്ച് അവശനായ ഒരു വൃദ്ധൻ ദൈന്യതയോടെ എന്റെ അടുക്കലെത്തി ചോദിച്ചു.

‘ബാബാസാഹിബ്’ എന്തിനാണ് സ്വച്ഛ് ഭാരത് അഭിയാനിൽ? അദ്ദേഹമാണല്ലോ ഭരണഘടനയുടെ ശില്പി. അപ്പോൾ സമൂഹത്തിലെ സകല മാലിന്യങ്ങളെയും നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കലാകാരൻ സ്ഥാപിച്ചതാകാം അത് എന്ന് ഞാൻ മറുപടി പറഞ്ഞു.

ഓ അത്രയേ ഒള്ളാ? എന്നയാൾ നിർവികാരതയോടെ തലയാട്ടി. ഉണങ്ങിയൊട്ടിയ ശരീരം, പൊടിപിടിച്ച് കുപ്പായം, പാദരക്ഷ ഇല്ലാത്തതു കാരണം ഉപ്പുറ്റിയിൽ നിന്നും ചോര വാർന്ന് മണ്ണിൽ ചേരുന്നത് കാണാം. അയാൾ അതൊന്നും അറിയാതെ അതോ അതൊന്നും വകവയ്ക്കാതെ ആ നനുത്ത മഞ്ഞിൽ അപ്രത്യക്ഷനായി. അയാൾ ചോദിച്ചതിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് ഗ്രഹിക്കാൻ സാധിച്ചത്. മലം കുട്ടയിൽ തലച്ചുമടായി കൊണ്ട് പോയിരുന്നവരുടെ (മഹർ) സമുദായത്തിലാണ് അംബേദ്കർ ജനിച്ചത്. ആ വൃദ്ധൻ ചോദിച്ചത് ന്യായമായിരുന്നു. ‘സ്വച്ഛ് ഭാരത് അഭിയാനിൽ എന്തിനായിരുന്നു അംബേദ്കറുടെ ശില്പം പ്രതിഷ്ഠിച്ചത്? പ്രജാപതി പരാജയപ്പെട്ട പന്ത്രണ്ട് കർമ്മപരിപാടികൾ. അതിനെ വെളുപ്പിച്ചെടുക്കാൻ പതിമൂന്ന് കലാകാരന്മാരുടെ സഹായത്തോടു കൂടി ‘ജൻശക്തി’ എന്ന പേരിൽ ‘മൻ കി ബാത്ത്’ എന്ന റേഡിയോ പ്രക്ഷേപണത്തിലെ വിഷയങ്ങൾ ലോകമെങ്ങും പി.ആർ.ഓമാരെ വച്ച് പരസ്യം ചെയ്തു വിജയശ്രീലാളിതരായി നിൽക്കുന്ന ഭീരുവായ ഭരണകൂടത്തിന് മുന്നിലൂടെ ഞാൻ തല ഉയർത്തി, നടുവ് നിവർത്തി നടന്നു. വെങ്കല ‘സ്ത്രീ’ ശില്പമായത് കൊണ്ട് മാത്രമാകാം ഇത് എന്റെ സ്വാതന്ത്ര്യത്തിന്റെ അമൃതകാലം!

നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ, ഫെമിനിസ്റ്റ്, കലാകാരൻ, കലാചരിത്രകാരൻ, കലാചരിത്രവിദ്യാർത്ഥി, കലാവിദ്യാഭ്യാസവിദഗ്ധൻ, പുരാവസ്തു ഗവേഷകൻ, മുസിയോളജിസ്റ്റ് അല്ലെങ്കിൽ ചരിത്രകാരനോ ഇന്ത്യൻ വംശജനോ തന്നെ ആയിക്കോട്ടെ. എനിക്ക് നിങ്ങളോടു ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്.

ഡാൻസിങ് ഗേൾ. കടപ്പാട്:harappa.com

നാലായിരം വർഷം പഴക്കമുള്ള വെങ്കല ശില്പമായ എന്നെ ബ്രിട്ടീഷുകാർ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’ (dancing girl) എന്ന് വിളിച്ചു. ശില്പം കണ്ടെത്തിയത് മുതൽ എന്റെ വംശീയത ഒരു വിവാദ വിഷയമാണ്. നിരവധി പണ്ഡിതന്മാർ ഞാൻ ആഫ്രിക്കൻ വംശജയാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വെങ്കലയുഗ വ്യാപാര ബന്ധത്തിന്റെ തെളിവുകൾ മറ്റൊരു ഹാരപ്പൻ പ്രദേശമായ ചാൻഹുദാരയിൽ നിന്നും സമീപകാലത്തായി കണ്ടെത്തിയിരുന്നു. അത് അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ വളർത്തിയ മുത്ത് മില്ലെറ്റിന്റെ രൂപത്തിലായിരുന്നു. അവിടെ നിന്നും ഒരു ആഫ്രിക്കൻ സ്ത്രീയുടെ തിരുശേഷിപ്പുകൾ വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ശിൽപ്പത്തിന്റെ മുടി കെട്ടിവെക്കുന്ന രീതി ഇന്നും മുൻകാലങ്ങളിലും ഇന്ത്യൻ സ്ത്രീകൾ പിന്തുടരുന്ന ഒരു ശൈലിയാണ്. എന്റെ കൈത്തണ്ട് വളകൾ സമകാലികരായ കച്ചിറബാരി ആദിവാസി സ്ത്രീകൾ ധരിക്കുന്ന ശൈലിക്ക് സമാനമാണ്. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ മോർട്ടിമർ വീലർ ഞാൻ ബലൂചി മേഖലയിൽ നിന്നുമുള്ള ഒരു പെൺകുട്ടിയാണെന്ന് വാദിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സർക്കാർ എന്നെ സിന്ധുനദീതട സംസ്കാരത്തിന്റെ മുഖബിംബമായി അവതരിപ്പിച്ചു. 2016ൽ പാക്കിസ്ഥാൻ ബാരിസ്റ്റർ ജാവേദ് ഇക്ബാൽ ജാഫരി ലാഹോർ ഹൈക്കോടതിയിൽ ഇന്ത്യ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’യുടെ ശിൽപം പാകിസ്ഥാന് തിരികെ നല്കാൻ അപേക്ഷിച്ചു. ഡൽഹിയിലെ നാഷണൽ ആർട്സ് കൗൺസിലിന്റെ അഭ്യർത്ഥന പ്രകാരം വർഷങ്ങൾക്ക് മുമ്പ് എന്നെ പാകിസ്ഥാനിൽ നിന്നും താത്കാലികമായി എടുത്തതാണെന്നും എന്നാൽ ഒരിക്കലും ഒരിക്കലും തിരികെ ലഭിച്ചില്ല എന്നും അവകാശപ്പെട്ടു. ഡാവിഞ്ചിയുടെ ‘മൊണാലിസ’ യൂറോപ്പിലേക്ക് പോയത് പോലെയാണ് ഡാൻസിങ് ഗേൾ പാകിസ്താനിലേക്ക് പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. ഇതേ വർഷം തന്നെയാണ് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫസർ താക്കൂർ പ്രസാദ് വർമ്മ ‘വേദിക് സഭ്യതാ കാ പുരാതത്വ’ (Archaeology of vedic civilization) എന്ന ഗവേഷണ പ്രബന്ധത്തിൽ ‘ഞാൻ’ ഹിന്ദു ദേവതയായ ‘പാർവതി’ ആണെന്ന് അവകാശപ്പെട്ടത്. അതുവഴി ഹാരപ്പൻ നാഗരികത പരമശിവനെ ആരാധിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. 2023 ഏപ്രിൽ മുപ്പതിന് ‘ജനശക്തി’ മോഡേൺ ആർട് എക്സിബിഷനിലെ ‘സ്വച്ഛ് ഭാരത് അഭിയാനിൽ’ ‘അമ്മ’ വേഷം. അടുത്ത മാസം 2023 മേയ് പതിനെട്ടിന് അന്തർദേശീയ മ്യൂസിയം എക്സ്പോയിലെ ‘മസ്ക്കറ്റ്’.

ഞാൻ ശരിക്കും (സത്യത്തിൽ) ആരാണ്?

ഞാൻ ഇതിൽ നിന്നും മനസ്സിലാക്കുന്നത് ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾക്ക് ആശകളോ അഭിലാഷങ്ങളോ അവകാശങ്ങളോ അധികാരങ്ങളോ ഉണ്ടാകില്ല എന്നതാണ്. 2026 ആകുമ്പോൾ എന്നെ ഖനനം ചെയ്തെടുത്തിട്ട് നൂറ് വർഷം തികയും. അന്ന് അവർ എന്നെ ഏതു രൂപത്തിൽ, ഏതു പേരിൽ പുനരവതരിപ്പിക്കും എന്ന് എനിക്ക് നിശ്ചയമില്ല. ഒരു വെങ്കല ശില്പമായ ഞാൻ ഇന്ത്യാ മഹാരാജ്യത്തിലെ ഓരോ പെൺകുട്ടിയുടേയും യുവതിയുടേയും സ്ത്രീയുടേയും വൃദ്ധയുടേയും പ്രതിനിധിയാണ്. മനുസ്മൃതിയിൽ പറയുന്ന പോലെ ‘ പിതാ രക്ഷതി കൗമാരേ, പതി രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വർദ്ധക്യ, ന: സ്ത്രീ സ്വാതന്ത്ര്യം അർഹതി’.

രാഷ്ട്രീയ അധികാരത്തിലൂടെ ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഭൂരിപക്ഷ മതം ഇരച്ചുകയറുന്ന ഈ കാലത്ത്, ഫാഷിസം നമ്മെ ഓരോരുത്തരെയും പങ്ക് വച്ചെടുത്ത്, തമ്മിലടിപ്പിച്ച് ഒന്നൊന്നായി വിഴുങ്ങുന്ന അഭിനവ ആർഷഭാരത സംസ്കൃതിയുടെ നടുത്തളത്തിൽ ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ മുതലായ പൊയ്മുഖങ്ങൾ ധരിച്ച് വരുന്നവരെ തിരിച്ചറിയാനുള്ള വിവേകബുദ്ധി പൗരന്മാർക്ക് ഉണ്ടാകുമോ എന്നതാണ് എന്റെ സംശയം. ആരൊക്കെയോ കൂടി ഞാനെന്താകണം, ഞാൻ ആരാകണം, ഞാൻ എപ്പോൾ സമൂഹത്തിൽ പ്രത്യക്ഷപ്പെടണം, ഞാൻ എന്ത് ധരിക്കണം, ഞാൻ എന്ത് കഴിക്കണം, ഞാൻ ആരെ സ്നേഹിക്കണം, ഞാൻ ആരെ വരിക്കണം എന്നൊക്കെ തീരുമാനിക്കുന്നു. ഏകദേശം ‘ഞാൻ’ എന്ന പദം പോലും മറ്റാർക്കോ വേണ്ടിയുള്ളത് പോലെ തോന്നുന്നു. കണ്ണാടിക്കൂടുകളിൽ അണിഞ്ഞൊരുങ്ങി, ബന്ദിയാക്കപ്പെട്ട ഒരു രൂപം. ഏതൊരു യുവതിയും ഇന്ന് എന്റെ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളും ഇങ്ങനെയാണ്. ചിലയിടങ്ങളിൽ അതല്ലാത്ത സ്ത്രീകളും ഉണ്ടാവും. ധൈര്യശാലികളും, കർമ്മധീരരുമായ സ്ത്രീകൾ. പുരുഷന്റെ ഇങ്കിതങ്ങൾക്ക് അനുസരിച്ച് ലോകത്തിന്റെ ഒഴുക്കിന്റെ കൂടെ നീങ്ങുന്ന പൊള്ളയായ മനസ്സുള്ള സ്ത്രീകളും ഉണ്ട്. എല്ലാ സ്ത്രീകളും മികച്ചവരാണെന്നോ സമന്മാരാണെന്നോ ഉള്ള അഭിപ്രായം എനിക്കില്ല. മഹാഭൂരിപക്ഷവും അദൃശ്യമായൊരു കണ്ണാടിക്കൂടിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുകയാണ്.

20 മേയ് 2023ൽ തമിഴ്നാട്ടിൽ നിന്നും ചെങ്കോലും വഹിച്ചുകൊണ്ട് ഇരുപത്തൊന്ന് പൂജാരിമാർ വിമാനത്തിലേറി ഡൽഹിയിൽ വന്നിറങ്ങി. ഇരുപതിനായിരം കോടി രൂപ ചിലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഹോമവും പൂജയും ഒക്കെ ചെയ്ത് ആ ചടങ്ങ് പുണ്യവും പാവനവും പരിശുദ്ധവും ആക്കി മാറ്റുമ്പോഴും രാജ്യത്തിന്റെ പ്രഥമവനിതയായ ദ്രൗപതി മുർമു എന്ന ഗോത്രവർഗ്ഗക്കാരിയായ വിധവയെ പ്രസ്തുത ചടങ്ങിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള ‘ആർഷഭാരത സാംസ്കാരിക മര്യാദാ മനോഹാരിത’ സംഘാടകർ പ്രകടിപ്പിച്ചു എന്നതിൽ എനിക്ക് ചാരിതാർഥ്യം ഉണ്ട്.

ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ കണ്ണാടിക്കൂടിനുള്ളിൽ നിന്ന് ഞാൻ കണ്ണുകൾ പതിയെ അടച്ചു. പാസ്പോർട്ടോ വിസയോ ഒന്നും വേണ്ടി വന്നില്ല. പൗരത്വത്തെ കുറിച്ച് ചിന്തിച്ചത് പോലും ഇല്ല. മെലൂഹയിലെ മണൽതിട്ടയിൽ ഞാൻ നിൽക്കുന്നു. എവിടെ നോക്കിയാലും എന്റെ ഭൂതകാലത്തിൽ നിന്നുള്ള ഓർമ്മകളുടെ മിന്നലുകളിൽ പരുത്തിമിട്ടായി ആകാശങ്ങളും മഴവില്ല് വിടരുന്ന വയലുകളും കാണാം. പ്രിയപ്പെട്ടവരുടേയും പ്രിയമായിരുന്നതിന്റെ ഒക്കെയും അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഞാൻ. അവരുടേയും അവയുടേയും ചാരം മണൽക്കാറ്റിനോട് ചേർന്ന് ഭൂപ്രകൃതിയെ മൂടുന്നു. ശാന്തരായ മേഘങ്ങൾ നിശ്ശബ്ദം കരയുന്നുണ്ട്. ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിലൂടെ മുന്നിൽ മലകളോ താഴ്വാരങ്ങളോ എന്നറിയാതെ ഞാൻ ഒഴുകി.

എനിക്ക് കുന്നുകളുമായി ആശയവിനിമയം നടത്താൻ സാധിക്കും. സായാഹ്നത്തിൽ ചരിഞ്ഞ സ്വർണ്ണവെളിച്ചം അവരുടെ പൊള്ളകളിൽ നിറയുകയും ശക്തമായ കാറ്റ് അവരെ തനിച്ചാക്കുകയും ചെയ്യുമ്പോൾ അവർ കൗതുകത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. ഹിന്ദുകുഷിനെ നൂറ്റാണ്ടുകളായി മെരുക്കാൻ ശ്രമിച്ച മനുഷ്യർ അവരുടെ കണ്ണുകളിൽ നട്ടുവളർത്തിയ ‘ക്ഷമ’ ഞാൻ ദർശിച്ചു. ഇന്ന് അഫ്ഗാനിസ്ഥാനും, പാകിസ്ഥാനും, ഇന്ത്യയും, നേപ്പാളും, ഭൂട്ടാനും, ചൈനയും, മ്യാന്മാറും, ബംഗ്ലാദേശും തങ്ങളുടെ സംസ്കാരത്തിന്റെ ഉത്ഭവസ്ഥാനമായി കാണുന്നത് ഇതേ ഹിന്ദുക്കുഷ് പർവ്വതനിരകളെയാണ്. ഈ സർവ്വമാന ദേശങ്ങളിലേക്കുള്ള ജീവന്റെ അവിഭാജ്യ സ്രോതസ്സായ ശുദ്ധജലം പ്രദാനം ചെയ്യുന്നത് അവരാണ്.

ഇന്ന്, ഇവിടെ നീരൊഴുക്ക് കുറഞ്ഞ ഈ നദിയുടെ വർദ്ധക്യത്തിലേക്ക് പാദങ്ങൾ മുങ്ങുമാറ് ഞാൻ ഇറങ്ങി നിൽക്കുമ്പോൾ കറാച്ചിയിലെ നാഷണൽ മ്യൂസിയത്തിൽ നിന്ന് അവളും താഴ്വരയിലേക്ക് നടന്നുവരുന്നത് കാണാം. ഈ അന്തരീക്ഷം എനിക്ക് അമൂല്യമായ പല ഓർമ്മകളും തിരികെ നൽകുന്നു. ഓരോ മരവും വെട്ടിമാറ്റിയാൽ എന്നപോലെ ഓരോ ഓർമ്മയെ പിഴുതെറിഞ്ഞാലും മനസ്സെന്ന അദൃശ്യസുന്ദരിക്ക് ഏതാനും വാക്കുകൾ മാത്രം നീളമുള്ള ഒരു കവിതാശകലമുണ്ട്. ഒരു പൂവിനോ ഇളകിയ ഇലയ്ക്കോ അത് ചൊല്ലാൻ സാധിച്ചേക്കും. പക്ഷേ, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അത് മനസ്സിൽ പകർത്താൻ സാധിക്കൂ. അങ്ങനെ ഒരാളെ അന്വേഷിച്ചുള്ള ഒരു യാത്രയിലാണ് ഞാൻ. ആ യാത്ര വളരെ ദൈർഘ്യമേറിയതും പ്രതീക്ഷാനിർഭരവും ആണ്. നാലായിരത്തിലധികം വർഷങ്ങളുടെ കാത്തിരിപ്പ്. മെലൂഹയിലെ ഒൻപതാം പാതയിലെ വീടിനുള്ളിൽ ‘ഞാൻ’ എന്ന എന്നെ കടഞ്ഞെടുത്ത അജ്ഞാതനും അദൃശ്യനുമായ കലാകാരന്റെ ദൃഢവും ആയാസരഹിതവും കരവിരുതും ഉഷ്ണതാപവുമുള്ള കൈവിരലുകൾ തേടിയുള്ള യാത്ര !

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 10, 2024 12:08 pm