

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഡിസംബർ 5, ലോക മണ്ണ് ദിനം
മണ്ണുവാരിതിന്ന കൃഷ്ണനോട് വായ തുറക്കാൻ പറഞ്ഞ യശോദ അവിടെ കണ്ടത് ഈരേഴുപതിനാലുലോകം, അതോടെ അവൾക്ക് മോഹാലസ്യം വന്നു. നാമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന പരമമായ സത്യമോർക്കാം, വന്നവഴിയും നിന്നതറയും മറക്കാതെ കാത്തുപോന്ന മുൻതലമുറയെയും. എല്ലാത്തിനേയും വസ്തുവിനപ്പുറം വാസ്തുവായി കാണുന്ന മനോഭാവം വന്നു, കാലചക്രമുരുളുമ്പോൾ മണ്ണ് ചരക്കുമാത്രമായി (Real Estate) ചുരുങ്ങി. മണ്ണ് ഒരു അത്യപൂർവ്വ സമൂഹമാണ്, വിഭിന്ന ജീവജാലങ്ങൾ വാണരുളുന്ന അതിലോലഘടന, ബാക്ടീരിയ, ഫംഗസ്, ചിതൽ, മണ്ണിര, ഷഡ്പദങ്ങൾ, ഉറുമ്പ്, അട്ട, ഒച്ച്, പഴുതാര, തേൾ, പാമ്പ്, എലി, പെരുച്ചാഴി തുടങ്ങിയവയുടെ അഭയാരണ്യം. പാറപൊടിഞ്ഞാണ് മണ്ണുണ്ടാകുന്നതെന്ന മിഥ്യാധാരണ ഇപ്പോഴില്ല, പാറപൊടിഞ്ഞാൽ പാറപ്പൊടിയും അരിപൊടിച്ചാൽ അരിപ്പൊടിയുമെന്നവണ്ണം. സൂഷ്മജീവികൾ പ്രതിപ്രവർത്തിച്ചും ജൈവാവശിഷ്ടങ്ങൾ ലയിച്ചുചേർന്നും മണ്ണ് ജീവനുള്ളതാകുന്നു. ഒരിഞ്ചുകനത്തിൽ മണ്ണ് രൂപപ്പെടാൻ ഏകദേശം ഇരുന്നൂറ് വർഷമെടുക്കും. ഇതിൽ രാസവളങ്ങളും കീടനാശിനികളും പതിക്കുമ്പോൾ ചത്തുമലർക്കുന്നത് കോടാനുകോടി ചെറുജീവികളാണ്. ഭൂമിയിൽ ഈ വിഘാടകർ (Micro Organism) ഇല്ലായിരുന്നുവെങ്കിൽ ജൈവമാലിന്യങ്ങളും മറ്റും അളിഞ്ഞുകിടന്ന് നാം നരകവാരിധി നടുവിലായേനെ. അതുകൊണ്ടുതന്നെ ഈ അദൃശ്യശക്തികളാണ് യഥാർത്ഥ സ്വച്ചഭാരത് ശിൽപ്പികൾ. അങ്ങനെ കൈവരുന്നതാണ് വനമണ്ണിന്റെ (ഹ്യൂമസ്) ധന്യതയും ഫലഭൂയിഷ്ടതയും. അതിനാൽ മണ്ണിനായി നമ്മുടെ കരുതലും ജാഗ്രതയും വേണ്ടതുണ്ട്. ഇത് പ്രചരിപ്പിക്കാൻ 2015 അന്തർദേശീയ മണ്ണുവർഷമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുകയുണ്ടായി.


ബാലകേളിയിലെ മൺസ്പന്ദനങ്ങൾ
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിച്ചിരുന്ന പഴയകുട്ടിക്കാലം. മണ്ണപ്പം ചുട്ടുകളിച്ചതും കട എന്ന (കച്ചവടം) കളിയിൽ വിവിധതരം അരിക്കായി വ്യത്യസ്തമായ മണ്ണുകൾ ശേഖരിച്ചതും കുഴിപന്തുകളിച്ചതും ഗൃഹാതുരത്വമുണർത്തുന്ന ചിന്തകൾ. ഈ വരികൾ നമുക്കോർക്കാം.
“പൂഴിമണ്ണ് ചോറുംവെച്ച് പൂക്കില കറിയും വെച്ച്
ഇലയിൽ വിളമ്പിയതോർമ്മയുണ്ടോ, നിനക്കോർമ്മയുണ്ടോ?“
തീണ്ടലും തൊടീലുമുള്ള കാലത്ത് മണ്ണിൽ കുഴികുത്തി അതിൽ ഇലയിട്ടാണ് കഞ്ഞികൊടുത്തിരുന്നത്. കന്യാകുമാരിയിൽ നിന്നും വിവിധ നിറത്തിലുള്ള മണലുകൾ അടങ്ങിയ ചെറിയ പായ്ക്കറ്റുകൾ കൗതുകത്തോടെ വാങ്ങിയിരുന്നു.
മണ്ണിന്റെ നാനാർത്ഥങ്ങൾ
മണ്ണേ നമ്പിലേലയ്യാ മരമിരുക്ക്, മരത്തെ നമ്പിലേലയ്യാ മണ്ണിരിക്ക് എന്ന ആദിവാസി പാട്ട് നാം ഒന്നാണെന്നും പാരസ്പര്യമില്ലെങ്കിൽ എല്ലാം തകർന്നുപോകുമെന്ന ദുരന്തവും വിളിച്ചോതുന്നു. മണ്ണില്ലെങ്കിൽ മരമില്ല, മരമില്ലെങ്കിൽ മണ്ണില്ല, മരത്തിനെ ആശ്രയിച്ച് കൊമ്പും കൊമ്പിനെ നമ്പി ഇലയും അതിനെ ആധാരമാക്കിയുള്ള പൂവിനെ താങ്ങി കായയും ഫലത്തെ അധികരിച്ച് നാമും നമ്മെ അടിസ്ഥാനമാക്കി നാടും നിലകൊള്ളുന്നു. മണ്ണൂക്കാരൻ – അട്ടപ്പാടിയിലെ ആദിവാസി വിഭാഗമായ ഇരുളരുടെ കൃഷിമന്ത്രി – അദ്ദേഹത്തിന്റെ നിർദ്ദേശാനുസരമാണ് കാർഷികവൃത്തി.


പഞ്ചഭൂതങ്ങൾ കൊണ്ടാണ് ശരീരം സൃഷ്ടിച്ചിരിക്കുന്നതെന്നാണല്ലോ സിദ്ധാന്തം, അതിലൊന്നാണ് ഭൂമി. നമ്മുടെ ശരീരത്തിന്റെ ഭാഗമായ ഭൂമിക്ക് ഏൽക്കുന്ന എല്ലാ പരിക്കുകളും അതുകൊണ്ടുതന്ന നമ്മെ തന്നെയാണ് ബാധിക്കുക. അക്കാരണത്താൽ മണ്ണുസംരക്ഷണം സ്വയം പരിരക്ഷ തന്നെയാകുന്നു. ചിതൽ മണ്ണോ, മേൽമണ്ണുനീക്കി താഴെയുള്ള മണ്ണോ ഉപയോഗിച്ചാണ് പ്രകൃതി ജീവനത്തിലെ മണ്ണുചികിത്സ. വേട്ടാളൻ കൂടിന്റെ മണ്ണ് അരച്ചിട്ടാൽ നീരുവറ്റും. രാസ്നാദിപൊടിയിലും പല ആയുർവേദ പൽപ്പൊടികളിലും മണ്ണ് ഫില്ലർ മെറ്റീരിയൽ. ആദ്യമഴയ്ക്ക് പുതുമണ്ണിന്റെ ഗന്ധത്തിനുകാരണം ആക്ടിനൊമൈസിറ്റസ് എന്ന ബാക്ടീരിയയാണ്. കേരളത്തിൽ പ്രധാനമായി എട്ടുതരം മണ്ണുകളുണ്ട്. എക്കൽമണ്ണ്, കരിമണ്ണ്, വെട്ടുകൽമണ്ണ്, ചെമ്മണ്ണ്, മലയോരമണ്ണ്, തീരദേശമണ്ണ്, വനമണ്ണ്, കറുത്ത പരുത്തിമണ്ണ് എന്നിവ മണ്ണിനങ്ങൾ കാണാനും അറിയാനും തിരുവനന്തപുരം പാറോട്ടുകോണത്ത് സോയിൽ മ്യൂസിയവും വിജ്ഞാനകേന്ദ്രവും ഉണ്ട്. മണ്ണിന്റെ രാസഭൗതിക സ്വഭാവങ്ങൾ ശാസ്ത്രീയ രീതിയിൽ മനസ്സിലാക്കി ഓരോ ഭൂമിക്കും പറ്റിയ പരിപാലനമുറകൾ നടപ്പിലാക്കാൻ കർഷകനെ സഹായിക്കുന്ന സോയിൽ ഹെൽത്ത് കാർഡ് സമ്പ്രദായം ഇപ്പോൾ നിലവിലുണ്ട്
പ്രകൃതി സൗഹൃദപരതയെ വരവേൽക്കാം
ഘർവാപസിയെ കുറിച്ചാലോചിക്കുന്നവരും അല്ലാത്തവരും മിട്ടിവാപസി (മണ്ണിലേക്കുള്ള തിരിച്ചുവരവ്) യാണ് ആദ്യം നടപ്പിലാക്കേണ്ടത്. ഭൂമി ഫോൺ (Land Phone) വിച്ഛേദിച്ച് മൊബൈലിലേക്ക് നാടോടുമ്പോൾ പിറന്ന മണ്ണിൽ നിന്നും നാം പിഴുതെറിയപ്പെടുന്നുണ്ട്. പെട്രോളിയം സംബന്ധിച്ച അന്താരാഷ്ട്ര ചർച്ച വ്യാപകമാണ്. അതിനേക്കാൾ പ്രധാനമാണ് മണ്ണ്. പെട്രോളിയവും കൽക്കരിയും മണ്ണെണ്ണയുമൊക്കെ ഉണ്ടാകണമെങ്കിൽ ഈ ഭൂമി നിലനിൽക്കണം. മണ്ണിലെ ജൈവാവശിഷ്ടങ്ങളാണല്ലോ ഇവയ്ക്കാധാരം.
ആചാരങ്ങളിലും ആഘോഷങ്ങളിലും മണ്ണിന് പ്രാധാന്യമുണ്ട്. കുനിയാൻ ഉറുമ്പിന്റെ മണ്ണെടുത്താണ് പൂത്തറയും ഓണത്തപ്പനും (തൃക്കാക്കരയപ്പൻ) ഉണ്ടാക്കുന്നത്. മൺവീടുകൾ ഇന്ന് പ്രകൃതി സൗഹൃദ പരതയുടെ പര്യായമാണ്. പണ്ടത്തെ വീടുകൾ മണ്ണുകുഴച്ചുണ്ടാക്കിയ ചുമരിനാലും മൺ ഇഷ്ടികകളാലും നിർമ്മിച്ചവയാണ്. മുല്ലപ്പെരിയാർ ഡാം സിമന്റിനോടൊപ്പം മണ്ണും ചുണ്ണാമ്പും കൂട്ടി നിർമ്മിച്ചതാണ്. വയനാട്ടിലെ പടിഞ്ഞാറെത്തറ, പാലക്കാട്ട് ജില്ലയിലെ പോത്തുണ്ടി ഡാമുകളും മണ്ണണകൾ. ആരോഗ്യകരമായ ഭക്ഷണവും ഔഷധവും തയ്യാറാക്കാൻ മൺപാത്രങ്ങൾ നല്ലത്. വള, കമ്മൽ, മാല തുടങ്ങിയ മൺ ആഭരണങ്ങൾ ഇപ്പോൾ സുലഭം, സുരക്ഷിതം.
സഞ്ചാരപഥത്തിലെ ചേറുമാറ്റാനാണ് മണ്ണുമാന്തി കപ്പൽ ഉപയോഗിച്ചിരുന്നത്. ഇക്കാലത്ത് ലോകം മുഴുവൻ ഒരുപോലെ നിരപ്പാക്കുകയാണ് (Flat). ജെ.സി.ബി എന്ന് സ്വന്തം പേരിൽ ഒരു യന്ത്രം മാർക്കറ്റ് ചെയ്തയാളാണ് ബ്രിട്ടീഷുകാരനായ Joseph Cyril Bamford. എർത്ത് മൂവേഴ്സ് എന്ന പേരിൽ വലുതും ചെറുതുമായി എന്തിരാന്റെ കരാളഹസ്തങ്ങൾ. മണ്ണുവാരി മാറ്റുമ്പോൾ മണ്ണിൽ ശേഖരിക്കപ്പെട്ട അമോണിയം, കാർബൺ ഡയോക്സൈഡ് തുടങ്ങിയവ ബഹിർഗമിച്ച് ആഗോള താപനത്തിനിടയാക്കുന്നു. ഫലഭൂയിഷ്ടത കൂടിയിരിക്കുന്ന മേൽ മണ്ണ് ബലാൽക്കാരം ചെയ്യപ്പെടുന്നതുവഴി വന്ധ്യമായ അടിമണ്ണ് കൃഷിയോഗ്യമല്ലാതാകുന്നു. ജലസംഭരണ ശേഷി നഷ്ടപ്പെട്ട് പ്രളയത്തിനും വരൾച്ചയ്ക്കും ഭൂജലശോഷണത്തിനും കാരണമാകുന്നു. മണ്ണ് ഖനനം ഏൽപ്പിക്കുന്നത് ഇരട്ട ആഘാതമാണ്. കുന്നിടിച്ച് വയലും കായലും താഴ്വാരങ്ങളും നികത്തപ്പെടുന്നു. വയലുകൾ ഇഷ്ടികകളങ്ങളായി മാറുകയാണ്. ഇപ്പോഴാകട്ടെ ഒരു നിബന്ധനയുമില്ലാതെ ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന പുതിയ നിയമ ഭേദഗതി.


മൺചൊല്ലുകൾ
‘മണ്ണിലില്ലേൽ മരത്തിലില്ല’ എന്ന പഴഞ്ചൊല്ല് നല്ല മണ്ണില്ലെങ്കിൽ വിളയുണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. ‘മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോയി’ സൂചിപ്പിക്കുന്നത് ഒന്നുമറിയാതെ നിന്നയാൾ നേട്ടങ്ങൾ കൊയ്തെടുത്തു എന്നാണ്. സ്ത്രീവിരുദ്ധ പഴമൊഴിയാണെങ്കിലും, ‘മണ്ണും പെണ്ണും നന്നാക്കുന്നിടത്തോളം നന്നാകും’ എന്ന ചൊല്ല് ഏറെ ശ്രദ്ധിച്ചാൽ മണ്ണ് വളക്കൂറുള്ളതാക്കാമെന്ന് അർത്ഥമാക്കുന്നു. ഭൂവിഭാഗം മനസ്സിലാക്കി കൃഷിചെയ്താൽ ഫലസമൃദ്ധിയുണ്ടാകുമെന്ന് ‘മണ്ണറിഞ്ഞ് വിത്തെറിഞ്ഞാൽ കിണ്ണം നിറയെ ചോറ്’ എന്ന മൊഴി നമ്മെ ബോധ്യപ്പെടുത്തുന്നു. കാൽക്കീഴിലെ മണ്ണൊലിച്ചുപോകുമ്പോഴും (എല്ലാം നഷ്ടമാകുന്നതറിയാതെ) ഇന്നത്തെ സമൂഹം അടിച്ചുപൊളിക്കുകയാണ്.
മൺപ്പെരുമയുള്ള സ്ഥലനാമങ്ങളിൽ ചിലത് സൂചിപ്പിക്കാം വേലുത്തമ്പിദളവയുടെ അന്ത്യം മണ്ണടിയിൽ. കാർഷിക സർവ്വകലാശാല മണ്ണുത്തിയിലാണ്. മണ്ണംപേട്ട തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരിനടുത്ത്. മണ്ണാർക്കാട് പാലക്കാട് ജില്ലയിലെ വനപ്രദേശം. തിരുവനന്തപുരം ജില്ലയിലാണ് മണ്ണാംകോണവും മണ്ണന്തലയും. നാഗപ്രതിഷ്ഠയുള്ള മണ്ണാറശാല ആലപ്പുഴ ജില്ലയിൽ. ‘കലമുടഞ്ഞാൽ മണ്ണ്’ എന്ന മൊഴിയിലൂടെ അവസാനം എല്ലാം ഈ മണ്ണിൽ (പ്രകൃതിയിൽ) വിലയം പ്രാപിക്കുന്നു എന്ന തത്വചിന്തയാണ് ദ്യോതിപ്പിക്കുന്നത്. ഒപ്പം മൺപാത്രങ്ങളുടെ പ്രകൃതി, ആരോഗ്യ സൗഹൃദപരതയും. അതുതന്നെയാണ് ‘മനുഷ്യാ നീ മണ്ണാകുന്നു, നീ മണ്ണിലേക്കുതന്നെ’ എന്ന ബൈബിൾ വചനത്തിന്റെയും പൊരുൾ. ‘പിറവിയിൽ നാം ഒന്നും കൊണ്ടുവരുന്നില്ല, മരിക്കുമ്പോഴും ഒന്നും കൊണ്ടുപോകുന്നില്ല’ എന്ന ദർശനം ഇതൾ വിരിയുന്നത് ആറടി മണ്ണിലൂടെ.


ഒരാൾക്ക് എത്ര അടി മണ്ണുവെണം എന്ന കഥയിലൂടെ ലിയോ ടോൾസ്റ്റോയ് ഇതിന് മിഴിവേകുന്നു. പന്തയത്തിലെ നിബന്ധനയ്ക്കനുസരിച്ച് ഒരാൾ ഉദയം മുതൽ അസ്തമയം വരെ ഓടി തിരിച്ചെത്തുന്ന സ്ഥലം അയാൾക്ക് സ്വന്തം. ഒരുവൻ ഓടിയോടി തളർന്നെങ്കിലും സന്ധ്യയാകാറായപ്പോൾ വെട്ടിപ്പിടിക്കാനുള്ള വെമ്പലിൽ സർവ്വ ശക്തിയുമുപയോഗിച്ച് മുന്നോട്ടുകുതിച്ച് മരിച്ച് വീഴുന്നു. എങ്കിൽ എന്തിനീ ദുര? മണ്ണിനുവേണ്ടി അതിർത്തികൾ കൈയ്യേറാൻ വ്യക്തികളും രാഷ്ട്രങ്ങളും അടരാടുന്നതെന്തിന്? ധരയിൽ സമാധാനവും സൗഹൃദവും സൗഖ്യവും നിലനിൽക്കാൻ വേണ്ടത് ഈ ധാരണ മാത്രം. മണ്ണട്ടകൾ സംഗീതം പൊഴിക്കുമ്പോൾ, മൺചിരാതുകൾ മിഴിതുറക്കുമ്പോൾ, ചിതലുകളുടെ സ്വപ്നങ്ങൾ വൽമീകമായി വളരുമ്പോൾ, ഉറവയെടുക്കുന്നത് ഉത്സാഹം, ഉല്ലാസം, ഉണർവ്വ്, ഉത്സവങ്ങൾ, ഉൽപതിഷ്ണത്വം.
വനമിത്ര, ഭൂമിമിത്ര അവാർഡ് ജേതാവും സന്നദ്ധ സംഘടനയായ ഇൻസ്പെയർ ഇന്ത്യയുടെ സെക്രട്ടറിയുമാണ് ലേഖകൻ.