

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പ്രമുഖ ഇന്ത്യൻ ദലിത് പ്രസാധകനും എഴുത്തുകാരനും കവിയുമായ യോഗേഷ് മൈത്രേയ സംസാരിക്കുന്നു. ജാതിവിരുദ്ധ പ്രസിദ്ധീകരണ സ്ഥാപനമായ പാന്തേഴ്സ് പോ പബ്ലിക്കേഷന്റെ സ്ഥാപകനായ യോഗേഷ് ദലിത് രചനകൾ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്നതിന് പ്രാമുഖ്യം നൽകുന്നു. മഹാരാഷ്ട്രയിലെ ജാതിവിരുദ്ധ സംഗീതത്തിന്റെ ചരിത്രത്തെക്കുറിച്ച് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷണം ചെയ്യുന്ന യോഗേഷിന്റെ ‘വാട്ടർ ഇൻ എ ബ്രോക്കൺ പോട്ട്’ എന്ന പുസ്തകം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നു.
ഏതൊരു നല്ല എഴുത്തുകാരനും ഭാഷയിൽ ശ്രദ്ധാലുവാണ്, യോഗേഷും അതെ. ഭാഷ തന്നെ പല കവിതകളുടെയും പ്രമേയമാകുന്നു. ഇപ്പോൾ അതേപ്പറ്റിയെല്ലാം ചിന്തിക്കുന്നതെങ്ങനെയാണ്?
ഭാഷയുടെയും മതത്തിന്റെയും ഉൾപ്പെടെ എല്ലാ ഘടനയ്ക്കും മീതെയാണ് ഇന്ത്യയിലെ ജാതി എന്ന യാഥാർത്ഥ്യം. ഒരു ദലിത് എന്ന നിലയക്ക് ഏത് ഭാഷയിലാണോ ഞാനും നീയും ആശ്വാസം കണ്ടെത്തുന്നത്, ഏതൊരു ഭാഷയാണോ എന്നെ വിമോചിപ്പിക്കുകയും ദൃശ്യത നൽകുകയും ചെയ്യുന്നത് അതായിരിക്കും ആ സമയത്തും സന്ദർഭത്തിലും എന്റെ അസ്തിത്വത്തിന്റെ ഭാഷ. എന്തെന്നാൽ എന്റെ മാതൃഭാഷയുടെ പൊതുഭാവനയിൽ നിന്നും എന്റെ സ്വത്വത്തിന്റെ ഓർമകൾ മായ്ക്കപ്പെട്ടതായി ഞാൻ കരുതുന്നു. അതിനാൽ ഭാഷയോട് എനിക്കുള്ളത് ഒരു കാൽപ്പനിക സമീപനമല്ല, പ്രായോഗിക സമീപനമാണ്. നിലവിലെ സാഹചര്യത്തിനും, സന്ദർഭത്തിനും അനുയോജ്യമെന്നു കണ്ടെത്തുന്നത് ഏതു ഭാഷയാണോ, ദൃശ്യത നൽകുന്നത് ഏതു ഭാഷയാണോ ആ ഭാഷ എന്റെ ഭാഷയായിരിക്കും. അതായത് നമ്മുടെ ചരിത്രത്തിന് ഇടം ലഭിക്കുന്ന ഭാഷ നമ്മുടെ ആവിഷ്ക്കാരത്തിന്റെ ഭാഷയായിരിക്കും. ഇംഗ്ലീഷ് എനിക്ക് പരിചിതമായിക്കഴിഞ്ഞു. ഞാൻ ഈ ഭാഷ പഠിക്കുകയും, അതിൽ ചിന്തിക്കുകയും, എഴുതുകയും ഇപ്പോൾ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഒരു വിവർത്തകൻ കൂടിയാണല്ലോ, വിവർത്തനത്തോടുള്ള സമീപനവും തികച്ചും വ്യത്യസ്തമാണ്. “കാണപ്പെടാത്തവരെ മറ്റൊരു ഭാഷയിൽ വെളിപ്പെടുത്തുക” എന്ന് വിവർത്തനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ, എന്നാൽ അതുതന്നെയല്ലേ നിങ്ങളുടെ സർഗാത്മക രചനയുടെയും ലക്ഷ്യം ? വിവർത്തനത്തിന്റെ പ്രക്രിയ വ്യത്യസ്തമല്ലേ ? വിശദമാക്കാമോ ?
ഒരു ദലിതനായ എഴുത്തുകാരനും ദലിത് സാഹിത്യം വിവർത്തനം ചെയ്യുന്ന ഒരാൾക്കുമിടയിൽ അത്രമേൽ സങ്കീർണ്ണമാണ് കാര്യങ്ങൾ. സവർണ്ണനായ ഒരെഴുത്തുകാരന് ഞങ്ങളുടെ ജീവിതാവസ്ഥകളെ കുറച്ചുള്ള അറിവ് കുറവായിരുക്കും, ധാരണകളിൽ പിശകുണ്ടാകും. വിവർത്തകന്റെ സമീപനത്തിലും ഭാഷയിലും അതു പ്രതിഫലിക്കും. എന്നാൽ ഞാൻ എന്റെ മാതൃഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു തുടങ്ങിയപ്പോൾ ഞങ്ങളുടെ ജീവിതം ഉൾകൊള്ളത്തക്ക വാക്കുകൾ ഇംഗ്ലീഷിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞു. മറാത്തിയും, മലയാളവും, തമിഴും, തെലുങ്കും ഉൾപ്പെടെ ഇന്ത്യയിലെ മാതൃഭാഷകൾ ഉൾകൊള്ളും പോലെ ഇംഗ്ലീഷിന് സാധ്യമല്ല.


വിവർത്തനത്തിന്റെ ഭാഷ എപ്പോഴും അപൂർണ്ണമായിരിക്കും. അത് പുരോഗമിച്ചുകൊണ്ടിരിക്കുന്നേയുണ്ടാകൂ. വിവർത്തനം ചെയ്യപ്പെടുന്നതിലൂടെയാണ് ആ ഭാഷയിലേക്ക് അനുഭവങ്ങളും വാക്കുകളും ചേർക്കപ്പെടുന്നത്. ഒരു ഭാഷയിൽ പ്രയോഗങ്ങളും, അർത്ഥങ്ങളും, ഉള്ളടക്കങ്ങളും രൂപപ്പെടുന്നതിന് വർഷങ്ങളും പതിറ്റാണ്ടുകളുമെടുക്കും. ഒരു ഭാഷയിൽ ജീവിക്കുമ്പോൾ മാത്രമെ ആ ജീവിതം ഭാഷയിൽ രൂപപ്പെടുകയുള്ളു. മഹാരാഷ്ട്രയിലെ ദലിത് സമൂഹത്തിൽ നിന്നും വരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഇംഗ്ലീഷിലുള്ള എന്റെ എഴുത്തുകളിലൂടെ ഞാൻ അതിന് ശ്രമിക്കുന്നു. ഈ രാജ്യത്തെ ഏതാനും ചിലരുടെ കഥകൾ മാത്രമെ ലോകത്തിന്റെ നാവിലുള്ളു. മറ്റുള്ള മനുഷ്യരുടെയെല്ലാം ശബ്ദം അവരുടെ ഭാഷയ്ക്ക് അപ്പുറം കേൾവിപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ദൃശ്യപരതയുടെ ചക്രവാളങ്ങൾ വിസ്തൃതമാക്കുവാൻ വിവർത്തനം ഒരു നിർണ്ണായക വൃത്തിയാണ്.
ദലിത് സാഹിത്യത്തിന്റെ പ്രഭവകേന്ദ്രമാണല്ലോ മറാത്തി. നാമ്ദേവ് ദസാലിനെ പോലുള്ള കവികളും ശരൺ കുമാർ ലിമ്പാളെയെ പോലുള്ള എഴുത്തുകാരും ഇന്ന് വായിക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. എന്നാൽ മറാത്തിയിൽ ഉൾപ്പെടെ യുവ ദലിത് എഴുത്തുകാർക്ക് അച്ചടിയിൽ ഇടം കിട്ടാതെ പോകുന്നുണ്ടോ ? ഒരു പ്രസാധകൻ എന്ന നിലയ്ക്ക് യോഗേഷ് എങ്ങനെയാണ് സമകാല ഇന്ത്യൻ ദളിത് സാഹിത്യത്തെ വിലയിരുത്തുന്നത് ?
സമകാലിക ഇന്ത്യൻ ദലിത് സാഹിത്യം ഇന്നു പിൻകാലിലാണെന്ന് എനിക്കു പറയേണ്ടി വരും. ഒരു ദലിത് എഴുത്തുകാരൻ മറ്റൊരു ദലിത് എഴുത്തുകാരനെ വിവർത്തനം ചെയ്യുന്നത് അപൂർവ്വമാണ് എന്നതിൽ നിന്നും നമുക്കത് മനസ്സിലാക്കാം. ഇംഗ്ലീഷിൽ ഇറങ്ങിയിട്ടുള്ള കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തെ ദലിത് സാഹിത്യം എടുത്തനോക്കിയാൽ മതി, അതെല്ലാം വിവർത്തനം ചെയ്തിരിക്കുന്നത് സവർണ്ണ എഴുത്തുകാരണ് അല്ലെങ്കിൽ മേൽജാതി എഴുത്തുകാരാണ്. അത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മുഖ്യധാരാ പ്രസാധകരോ സവർണ്ണ പ്രസാധകരോ ആണ്. അതിനാൽ തന്നെ സമകാലിക ദലിത് സാഹിത്യം പിൻകാലിലാണ്.


അതുപോലെതന്നെ പുതിയ രൂപങ്ങളിലുള്ള എഴുത്തുകളും ഉണ്ടാവുന്നില്ല. അതു സ്വീകരിക്കപ്പെടുന്നുമില്ല. ഉദാഹരണത്തിന് ‘അംബേദ്ക്കർ-2021’ എന്ന പേരിൽ ഒരു പുസ്തകം രണ്ടു വർഷം മുമ്പ് ഞാൻ എഴുതി. അതൊരു ഗദ്യകവിതാ സമാഹാരമായിരുന്നു. എന്നാൽ അതിന്റെ വിൽപ്പന വളരെ മോശമായിരുന്നു. ഛായാചിത്രങ്ങളുടെ ഒരു സമാഹാരമാണ് അതെന്നാണ് പലരും വിചാരിച്ചത്.


കാരണം അതിൽ ഛായാചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ഛായാചിത്രങ്ങൾ കവിതകളുടെ കലാവിഷ്ക്കാരങ്ങളായിരുന്നു എന്ന് ആളുകൾ തിരിച്ചറിഞ്ഞില്ല. ഗദ്യകവിത, അതിന്ന് അത്ര പുതുതൊന്നും അല്ലെങ്കിൽ കൂടി അതെന്തെന്ന് പലർക്കും അറിയില്ല. കൂടാതെ, ഇന്ത്യയിലെ വിവിധ ഭാഷകളിലെ ദലിത് എഴുത്തുകാർ തമ്മിൽ യാതൊരു സംവാദവും സംവേദനവും നടക്കുന്നില്ല. ഇതൊരു മൂകാവസ്ഥയാണ്. ഇതാണ് സമകാല ഇന്ത്യൻ ദലിത് സാഹിത്യാവസ്ഥ.


ദലിത് സാഹിത്യത്തെക്കാൾ വായിക്കപ്പെടുന്നത് ആത്മകഥകളാണ് എന്നു തോന്നുന്നു. എന്തുകൊണ്ടാണ് ദലിത് ആത്മകഥകൾ സാഹിത്യത്തെക്കാൾ പ്രധാനമാവുന്നത് ? ‘വാട്ടർ ഇൻ ബ്രോക്കൺ പോട്ടി’ന്റെ പശ്ചാത്തലത്തിൽ സംസാരിക്കാമോ ?
അതുതന്നെയാണ് പ്രശ്നം. കവിതയ്ക്കും ആത്മകഥകൾക്കും അപ്പുറം ദലിത് സാഹിത്യം വളരെയൊന്നും മുന്നോട്ടുപോയിട്ടില്ല. വളരെ കുറച്ച് നോവലുകളും ചെറുകഥാസമാഹാരങ്ങളും മാത്രമെ ദലിത് സാഹിത്യത്തിലുള്ളൂ. എഴുതപ്പെടുന്നതേ വായിക്കപ്പെടുകയുള്ളൂ. അതങ്ങനെയാണല്ലോ.. എന്നാൽ ഞാൻ മുന്നേ പറഞ്ഞില്ലേ, ഗദ്യകവിത എഴുതാനായി ഞാൻ ശ്രമിച്ചപ്പോൾ ആളുകൾക്ക് അതെന്തെന്നു പോലും മനസ്സിലായില്ല. അത് കവിതയാണെന്ന് പോലും തിരിച്ചറിയാനായില്ല. അതിൽ നിന്നും ഇവിടുത്തെ ദലിത് സാഹിത്യത്തിന്റെയും വായനക്കാരുടെയും സ്ഥിതിയെന്തെന്ന് നിനക്ക് ഊഹിക്കാവുന്നതേയുള്ളു.


ഈ സാഹചര്യത്തിലാണ് ‘വാട്ടർ ഇൻ എ ബ്രോക്കൺ പോട്ട്’ പോലെ ഒരു സ്മൃതിസമാഹാരം വരുന്നത്. അതിൽ മുഖ്യമായും മൂന്നു കാര്യങ്ങളാണ്. ഭാഷയുമായുള്ള എന്റെ അനുഭവം, സിനിമയുമായുള്ള (പ്രതേകിച്ചും ബോളിവുഡ്) എന്റെ അനുഭവം, പിന്നെ കാവ്യാനുഭവങ്ങളും. അതിനാൽ എനിക്കെന്റെ ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലേണ്ടി വന്നു. ഓർമ്മക്കുറിപ്പുകൾ ആത്മകഥകളിൽ നിന്നും വ്യത്യസ്തമാണ്. ആത്മകഥകൾ കാലനുക്രമത്തിലാണ്. ഓർമ്മക്കുറിപ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും പല കാലങ്ങളിലേക്കും പോകും. അവ പ്രമേയ കേന്ദ്രീകൃതമാണ്. ഒരു പ്രമേയം അനുഭവങ്ങളിലൂടെ വിശദീകരിക്കാനാവും. എന്റെ ഓർമക്കുറിപ്പുകൾ കുഞ്ഞുകാര്യങ്ങളെ കുറിച്ചുള്ളവയാണ്. സിനിമയും, സാഹിത്യവും, കവിതയും, പ്രണയവും… പതിനായിരക്കണക്കിന് ആളുകൾ പങ്കുവയ്ക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് ‘വാട്ടർ ഇൻ എ ബ്രോക്കൺ പോട്ട്’. അതിനാൽ അത് കുറേയേറെ ആളുകളിൽ അനുരണനങ്ങളുണ്ടാക്കുമെന്ന് പ്രത്യാശിക്കുന്നു.
ഓർമക്കുറിപ്പുകൾ എഴുതുമെന്നൊന്നും ഞാൻ ഒരിക്കലും വിചാരിച്ചിട്ടേയില്ല. ഞാൻ എന്റെ ജീവിതം ജീവിച്ചു. എന്തെങ്കിലും എഴുതാനുള്ള അവസരം വന്നപ്പോൾ ഞാൻ ആലോചിച്ചു, എന്നെ ബാധിച്ച കാര്യങ്ങൾ എന്തുകൊണ്ട് എഴുതിക്കൂടാ, എന്നെ പരുവപ്പെടുത്തുകയും ഉരുവപ്പെടുത്തുകയും ചെയ്ത കാര്യങ്ങൾ- ഭാഷ, കവിത, സിനിമ, അങ്ങനെയുള്ളവയെല്ലാം ഈ കുറിപ്പുകളിലൂടെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു.
മൂന്ന് പത്രങ്ങളുടെ പത്രാധിപരായിരുന്ന അംബേദ്ക്കറുടെ പ്രധാന ആശയമായിരുന്നല്ലോ പ്രസാധനം. പാന്തേർസ് പോ പബ്ലിക്കേഷന് പിന്നിൽ അംബേദ്ക്കറുടെ പ്രചോദനമുണ്ടോ? ഏതു മാർഗത്തിലേക്കാണ് അംബേദ്ക്കർ ഇന്നു യോഗേഷിനെ നയിക്കുന്നത് ?
അതെ, തീർച്ചയായും അംബേദ്ക്കറുടെ സാന്നിധ്യം നിലനിൽക്കുന്നുണ്ട്. നമ്മെ പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹം ഒരിക്കലും പരാജയപ്പെടുകയില്ല. ഓരോ ദിവസവും പുതുതൊന്ന് പഠിപ്പിക്കാതിരിക്കുകയുമില്ല. ഇന്നു ഞങ്ങൾ ചെയ്യുന്നതെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രചോദനത്താൽ തന്നെയാണ്. എന്തെന്നാൽ പിന്തുടരാവുന്ന ഒരുവഴി അദ്ദേഹം അന്നേ വെട്ടിത്തുടങ്ങി. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ ആശകളും സ്വപ്നങ്ങളും പിന്തുടരനാവും. അദ്ദേഹം ഒരു എക്കണോമിസ്റ്റോ, രാഷ്ട്രീയക്കാരനോ, ആക്ടിവിസ്റ്റോ മാത്രമായിരുന്നില്ല. ജ്ഞാനിയായ ഒരു എഴുത്തുകാരനും പ്രസാധകനും കൂടെയായിരുന്നു.


അതെ, പാന്തേർസ് പോവിന്റെ പിന്നിലെ മൗലിക പ്രചോദനം അദ്ദേഹത്തിൽ നിന്നുതന്നെയാണ്. ഒരാൾക്ക് ആക്ടിവിസത്തിൽ മാത്രം ആശ്രയിക്കാനാവില്ല, പ്രവർത്തികളെ മാത്രം ആശ്രയിക്കാനാവില്ല. ആ പ്രവർത്തികളെ രേഖപ്പെടുത്താനുമാവണം. അതു കഥയായാലും, കവിതയായാലും.
1978 ൽ പുറത്തിറങ്ങിയ ബലൂത്തയാണല്ലോ ദളിത് സാഹിത്യത്തിൽ ആത്മകഥകളിൽ ആദ്യത്തേത്. 2015 ൽ ജെറി പിന്റോ ആണ് അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. എന്താണ് അതിത്രയും വൈകിയത് ? ഈ കാലതാമസം ദലിത് സാഹിത്യത്തെ ബാധിച്ചിട്ടുണ്ടോ ?
നേരത്തെ ഞാൻ പറഞ്ഞല്ലോ, ദലിത് എഴുത്തുകാർ ദലിത് എഴുത്തുകാരെ വിവർത്തനം ചെയ്യുന്നത് അപൂർവ്വമാണ്. അതൊരു വിഷാദാവസ്ഥയാണ്. ആ സാഹചര്യം കുറേകാലത്തേക്ക് നിലനിന്നു. ദലിത് ആക്ടിവിസവും, എഴുത്തും ചർച്ചയാവാൻ തുടങ്ങിയപ്പോൾ മാത്രമാണ് അതിന്റെ വിപണി സാധ്യത മനസ്സിലാക്കി സവർണ്ണ പരിഭാഷകരും, പ്രസാധകരും അതു പ്രസിദ്ധീകരിക്കുവാൻ മുന്നോട്ടുവന്നത്.


ദലിതരെ സംബന്ധിച്ചിടത്തോളം ദലിത് സാഹിത്യമെന്നാൽ ഒരു മുന്നേറ്റം തന്നെയായിരുന്നു. എന്നാൽ സവർണ്ണ പരിഭാഷകർക്കും, എഴുത്തുകാർക്കും, പ്രസാധകർക്കും ഒരിക്കലും അതൊരു പോരാട്ടമായിരുന്നില്ല, അവർക്കത് വിപണി മാത്രമായിരുന്നു. വിപണി സാധ്യത കണ്ടെത്തിയപ്പോൾ അവരത് വിവർത്തനം ചെയ്യാനും അച്ചടിക്കാനും തുടങ്ങി. എന്നാൽ ദലിത് എഴുത്തുകാർ വിപണിയില്ലാതെ തന്നെ തലമുറകളായി എഴുതിക്കൊണ്ടിരുന്നു. ദലിത് സാഹിത്യത്തിന്റെ എഴുത്തും പ്രസാധനവും ഇങ്ങനെ വിരുദ്ധമായ ആദർശനിലകളിലാണ് നിലകൊള്ളുന്നത്. ദലിത് സാഹിത്യകാർക്ക് പരസ്പരം വിവർത്തനം ചെയ്യാനാവാത്തതു തന്നെയാണ് ഈ പരാജയത്തിന്റെ കേന്ദ്രം.


ഫസ്റ്റ്പോസ്റ്റ്.കോമിൽ ഒരു സിനിമാ റിവ്യൂ കോളം യോഗേഷ് ചെയ്തിരുന്നല്ലോ. സിനിമ എന്ന മാധ്യമത്തെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് തമിഴ്- മറാത്തി സിനിമകളിലെ ജാതി-വിരുദ്ധ ഉള്ളടക്കങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
2014 ൽ നാഗരാജ് മഞ്ജുളെ വരും വരെ മറാത്തി സിനിമകൾ മിക്കതും വെറും പൊട്ടയായിരുന്നു. അതിലെ തമാശകൾ പോലും തമാശകളായിരുന്നില്ല, ഒരുതരം വക്രയുക്തിമാത്രമായിരുന്നവ. മറാത്തി സിനിമ മുഴുവൻ ഇതുവരെ ബ്രാഹ്മിൺ സമുദായത്തിന്റെ കൈപ്പിടിയിലായിരുന്നു.
അവർ നിർമ്മിച്ചിരുന്ന സിനിമകളാവട്ടെ സാമാന്യജനങ്ങളുമായി സംബന്ധമുണ്ടായിരുന്നവയല്ല. ആളുകൾക്കിടയിൽ ഒരോളമുണ്ടാക്കാനും അതിനാൽ അവയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഒരൊന്നൊന്നര പതിറ്റാണ്ടായി ദക്ഷിണേന്ത്യയിൽ നിന്നും വരുന്ന സിനിമകൾ, പ്രതേകിച്ചും തമിഴിൽ നിന്നും വരുന്ന സിനിമകൾ ഇന്ത്യയിലൊട്ടാകെയുള്ള ദലിത്- ബഹുജൻ സമുദായങ്ങൾക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. സിനിമയുടെ നിർമ്മാണം ഒരു ദേശഭാഷയുടെ രാഷ്ട്രീയത്തിൽ അധിഷ്ടിതമാണെന്ന് ഞാൻ വിചാരിക്കുന്നു.
മഹാരാഷ്ട്ര ഒരു പുരോഗമന സംസ്ഥാനമായാണ് അറിയപ്പെടുന്നതെങ്കിലും അതിന്റെ സിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ ഇതുവരെ അതൊരിക്കലും പുരോഗമനപരമായിരുന്നില്ല. ഒരിടത്തെ അതിന്റെ സാഹിത്യത്തിലൂടെയും, സംഗീതത്തിലൂടെയും മനസ്സിലാക്കുന്നതു പോലെ സിനിമയെ ഒരു സംസ്കാരിക മാതൃകയായി കാണുകയാണെങ്കിൽ, സിനിമ എന്ന മാധ്യമത്തിലൂടെ അതു നിർമ്മിക്കുന്ന ദേശഭാഷയുടെ രാഷ്ട്രീയം വായിക്കാനാവും.


നാഗരാജ് മഞ്ജുളയും ദലിത് സമുദായത്തിൽ നിന്നുള്ള തിരക്കഥാകൃത്തുക്കളും വരും വരെ മറാത്തി സിനിമ ഒരു ഭാവുകത്വമോ വലിയൊരോളമോ ഉണ്ടാക്കിയിട്ടില്ല. ദലിത്- ബഹുജൻ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ പകർത്തുന്നതിൽ അതുവരെ മറാത്തി സിനിമ വൻപരാജയമായിരുന്നു. എന്നാൽ ഇന്ന് ഒമെ ആനന്ദ് സാട്ടെയെ പോലെയുള്ള ആളുകൾ വരുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമ ഗണഗുൻദൂസി വരാൻ പോകുന്നു. മറാത്തിയിൽ നിന്നുള്ള യഥാർത്ഥ സിനിമകൾ വരാൻ പോകുന്നതേയുള്ളൂ.
മുബൈ ഐ.ഐ.ടി അടക്കമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത്-ബഹുജൻ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ആവർത്തിക്കുകയാണ്. എന്തുകൊണ്ടാവാം ഇന്ത്യയിലെ ക്യാമ്പസുകൾ ദലിത് സൗഹൃദമല്ലാത്തത് ?
ഇന്ത്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അവ നിലനിൽക്കുന്ന സമൂഹത്തിന്റെ ഭാഗമാണ്. ജാതി ചിന്ത പുലർത്തുന്ന സമൂഹത്തിന്റെ പ്രതിഫലനങ്ങൾ ഈ സ്ഥാപനങ്ങളിലും പ്രകടമാകും. വിദ്യഭ്യാസ സ്ഥാപനങ്ങൾ മാത്രം ജാതിരഹിതമാവും എന്നു പ്രതീക്ഷിക്കാനാവില്ല. ഈ സ്ഥാപനങ്ങൾ ജാതിമുക്തമായി വിദ്യാർത്ഥികളെ ഉൾക്കൊള്ളും എന്നത് ഒരു ഉടോപ്യൻ സ്വപ്നമാകും. യാഥാർത്ഥ്യത്തെ അവഗണിക്കുന്നത് പോലെയാകുമത്.


എന്നാൽ ഈ സ്ഥാപനങ്ങളിലേക്ക് ദലിത് വിദ്യാർത്ഥികൾ വരുന്നത് മറ്റൊരു യാഥാർഥ്യത്തിൽ നിന്നാണ്. അവർക്ക് അവിടെയും ജാതിക്കെതിരെ പോരാടേണ്ടതുണ്ട്. ഇന്ത്യയിൽ നിങ്ങൾ ഏതു പൊതുവിടത്തിൽ പോയാലും ഏതു സ്ഥാപനത്തിൽ പോയാലും അവിടെയെല്ലാം ജാതിയുണ്ട്.
വഞ്ചിത് ബഹുജൻ അഖാഡി, റിപബ്ലിക്കൻ പാർട്ടി തുടങ്ങിയ ജാതിവിരുദ്ധ അംബേദ്ക്കറേറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹാരാഷ്ട്രയിൽ മുന്നേറാനാവാത്ത് എന്തുകൊണ്ടാണ് ? ജിഗനേഷ് മേവാനിയെ പോലെയുള്ള ദലിത് രാഷ്ട്രീയ നേതാക്കൾ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികളിൽ അഭയം പ്രാപിക്കുന്നു. സംഘ്പരിവാർ വിരുദ്ധ മുന്നണിയിൽ ദലിത് രാഷ്ട്രീയത്തിന്റെയും അംബേദ്ക്കറേറ്റ് രാഷ്ട്രീയത്തിന്റെയും നിലയെന്താണ് ?
അംബേദ്ക്കറുടെ വിയോഗത്തിനു ശേഷം ദലിത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയാവസ്ഥ വിഷമകരമാണ്. ആ മുന്നേറ്റങ്ങളിലെ നേതാക്കളുടെ വ്യക്തിതാത്പര്യങ്ങളിൽ നിന്നുള്ള കലഹങ്ങളാലാണത്. അല്ലാതെ ആദർശപരമായ വ്യതിരിക്തതയാലോ അഭിപ്രോയ ഭിന്നതയാലോ അല്ല. പിന്തള്ളപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന ഒരേതരം അനുഭവങ്ങളിൽ നിന്നും വരുന്നവർക്ക് ആ വേദന എന്തെന്ന് നന്നായറിയാം. നീതിക്കായ് പോരാടേണ്ടതുണ്ടെന്നറിയാം. എന്നാൽ നേതാക്കളുടെ മലിനവസ്ത്രം അണിയുന്നതോടെ പലർക്കും വ്യതിചലനം സംഭവിക്കുന്നു. മനുഷ്യരാണല്ലോ, അവരും വ്യക്തിതാത്പര്യങ്ങൾ ഉള്ളവരാണ്. ലക്ഷ്യങ്ങളുള്ളവരാണ്. നേതാക്കളുടെ വ്യക്തിതാപര്യങ്ങളാൽ ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ നട്ടെല്ലിന് പരിക്കേറ്റിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു.


കാൻഷി റാം സാഹെബ് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് ആ ബോധ്യമുണ്ടാ യിരുന്നു. സ്വന്തം താത്പര്യങ്ങളും കുടുംബവും അദ്ദേഹം മാറ്റിവെച്ചു. തന്റെ താത്പര്യങ്ങൾ മാറ്റിവെച്ചില്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു ദലിത് മുന്നേറ്റം സാധ്യമാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുപോലെ ഒരു ദലിത് നേതാവിനെ ഇന്നു രാഷ്ട്രീയത്തിൽ കാണാനാവുന്നില്ല. സത്യസന്ധമായി പോരാടാൻ ശ്രമിച്ച പലർക്കും ഇന്ന് ദലിത് രാഷ്ട്രീയപാർട്ടികളിൽ ഇടമില്ലാതെയായി. അതുകൊണ്ട് പലരും കോൺഗ്രസിലേക്കും മറ്റ് പാർട്ടികളിലേക്കും പോകുന്നു. അത് തെറ്റായി കാണാനാവില്ല. ഓരോ സംസ്ഥാനത്തെയും ഭാഷയും, ചരിത്രവും, സാമൂഹ്യസാഹചര്യങ്ങളും വ്യത്യസ്തമാണല്ലോ.