

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പുതുതലമുറ എഴുത്തുകാർ എം.ടിയെ ഓർമ്മിക്കുമ്പോൾ
മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർ വിടവാങ്ങുമ്പോൾ വലിയ ശൂന്യതയാണ് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ രൂപപ്പെടുന്നത്. സാഹിത്യത്തിലും സിനിമയിലും മാധ്യമ പ്രവർത്തനത്തിലും ഒരുപോലെ നിറഞ്ഞുനിന്ന അപൂർവ്വം പ്രതിഭകളിൽ ഒരാളെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. എം.ടി എന്ന രചനാലോകം എങ്ങനെയാണ് തങ്ങളുടെ എഴുത്തിനെയും സാഹിത്യ ജീവിതത്തെയും പലതരത്തിൽ സ്വാധീനിച്ചതെന്ന് പറയുന്നു പുതുതലമുറ എഴുത്തുകാരായ പി ജിംഷാർ, ഡി.പി അഭിജിത്ത്, ഹരികൃഷ്ണൻ തച്ചാടൻ, പുണ്യ സി.ആർ എന്നിവർ.
എം.ടി എന്ന എഴുത്തുകാരനിൽ എന്റെ ദേശത്തേയും എന്നേയും കാണുന്നു!
പി ജിംഷാർ (എഴുത്തുകാരൻ, സിനിമാപ്രവർത്തകൻ)
എം.ടി എന്ന വിഖ്യാതനായ എഴുത്തുകാരനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും എന്റെ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള കുമരനെല്ലൂർ എന്ന ദേശമാണ് എന്റേതും എന്നതാണ് ആ സ്വാധീനം. എം.ടി പഠിച്ച കുമരനെല്ലൂർ സ്‌കൂളിൽ പഠിച്ചതുകൊണ്ട് എഴുത്തുകാരനായൊരു കുട്ടിയാണ് എന്നതാണ് എക്കാലത്തുമുള്ള എന്റെ എം.ടി ഓർമ്മ. വർഷങ്ങൾക്ക് മുമ്പ്, ഇവിടെ പഠിച്ച കുട്ടിയാണ് സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം.ടിയെന്ന് പെരുമയോടെ അധ്യാപകർ വാചലമാകുന്ന അത്രയും തലപ്പൊക്കത്തോടെ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഞാനും പെരുമപ്പെട്ടിരുന്നു. എം.ടി വാസുദേവൻ നായർ പഠിച്ച സ്‌കൂളിലാണ് ഞാനും പഠിക്കുന്നത്, അദ്ദേഹത്തെപ്പോലെ നാളെ ഞാനും ഒരു എഴുത്തുകാരനാകുമെന്ന് പറഞ്ഞു നടന്നിരുന്നു. എഴുത്തിലേക്ക് കൈപിടിച്ചു നടത്തിയ മാനസഗുരുവാണ് എം.ടിയെന്ന് പറയുന്നതിൽ തെറ്റില്ല, ഏകലവ്യന് ദ്രോണരെപ്പോലെ…!


എട്ടാം ക്ലാസിൽ ജി.എച്ച്.എസ്.എസ് കുമരനെല്ലൂരിൽ ചേർന്ന കാലത്താണ്, ആദ്യമായി എം.ടിയെ വായിക്കുന്നത്. ആദ്യമായി വായിക്കാനെടുത്ത പുസ്തകം അന്നും ഇന്നും ഏറെ പ്രിയപ്പെട്ട നോവലായ ‘മഞ്ഞ്’ ആയിരുന്നു. വിമലയുടെ ഏകാന്തത അന്ന് പിടികൂടിയ അതേ അളവിൽ ഇന്നും എന്നെ കീഴടക്കാറുണ്ട്. മഞ്ഞ്, നാലുകെട്ട്, അസുരവിത്ത് എന്നിങ്ങനെ എം.ടിയുടെ കൃതികളുടെ വായന എഴുതാനുള്ള പ്രേരണ ഉള്ളിൽ വിത്തായി മുളപ്പിക്കുകയായിരുന്നു. ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’ എന്ന അനുഭവക്കുറിപ്പിലും ‘അജ്ഞാതന്‍റെ ഉയരാത്ത സ്മാരകം’ എന്ന കഥയിലും എം.ടി കോറിയിട്ട കുമരനെല്ലൂര്‍ എന്ന നാടും അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിറയുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ എനിക്ക് എഴുതാനുള്ള പ്രേരണ നൽകുകയായിരുന്നു. അറിയാത്ത ആഴങ്ങളുടെ മഹാസമുദ്രത്തേക്കാൾ, അറിയുന്ന ആഴങ്ങളുടെ നിളാനദിയാണ് എനിക്ക് ഇഷ്ടം. നിളയുടെ തീരത്തെ ജീവിതങ്ങളെ കുറിച്ച് എഴുതാനാണ് തനിക്ക് ഇഷ്ടമെന്ന എം.ടിയുടെ നിലപാടാണ്, നോവലെഴുത്ത് എന്ന സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ‘ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ’ എന്ന എന്റെ ആദ്യത്തെ നോവലെഴുതുമ്പോൾ ബോധത്തിലും അബോധത്തിലും എം.ടിയുടെ എഴുത്ത് എന്നെ കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിനെ രൂപപ്പെടുത്തിയ നിളാനദിയുടെ തീരത്തെ ദേശങ്ങളെ അടയാളപ്പെടുത്താനാണ് ഞാനും ശ്രമിച്ചത്.
‘നിരഞ്ജനയ്‌ക്കൊപ്പം ഒരിക്കലും ഇല്ലാത്ത ഒരു പുഴയും വലിയ ഒരു മലയും കാണാൻ പുറപ്പെട്ടു. തണ്ണീർക്കോട് സ്‌ക്കൂളും ശിവന്റെ അമ്പലവും കടന്ന് ഞങ്ങൾ കുന്നിന്റെ ചുവട്ടിലെത്തി. കുന്നിന് നേരെ വിരൽ ചൂണ്ടി ഞാൻ അയ്‌ലക്കുന്നെന്ന് വിളിച്ചപ്പോൾ അവൾ മക്കോണ്ട എന്ന് തിരുത്തി.’
‘നിന്റെ സീമന്തിനിപ്പുഴയ്ക്ക് എം.ടിയുടെ നിളയേക്കാൾ ഭംഗിയുണ്ടോ?’ അവൾ ചോദിച്ചു.
‘ഉം’ പൂരിപ്പിക്കാത്ത ഒരു ഉത്തരം കൂടി മൂളലിന് പുറകിലുണ്ടായിരുന്നു. ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകളിൽ ഇങ്ങനെ കുറിക്കുമ്പോൾ, എം.ടി എഴുതിയ അദ്ദേഹത്തിന്റെ ദേശത്തിന്റെ കഥകൾ എന്നിലൂടെ ആവർത്തിക്കുകയായിരുന്നെന്ന് അന്നും ഇന്നും ഉറച്ച ബോധ്യമുണ്ട്.
ഡി.സി കിഴക്കേമുറി ജന്മശതാബ്ദി നോവൽ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട ആദ്യ നോവലിലൂടെ എഴുത്തിന്റെ മുഖ്യധാരയിലെത്താൻ എന്നെ സഹായിച്ചത്, എഴുത്തിനായി ഞാൻ തെരഞ്ഞെടുത്ത എം.ടിയുടെ എഴുത്തിലെ ദേശവും ശൈലിയും തന്നെയാണ്. എം.ടി എഴുതിയ നിളാനദിയുടെ തീരത്തെ ദേശത്തെ പുനരാവിഷ്‌ക്കരിക്കുമ്പോൾ, ഭാവുകത്വപരമായി ഏറെ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം അനവധി തവണ എഴുതിയ ദേശത്തെ, പുതിയ കാലത്തിന്റെ ഭാവുകത്വത്തിലേക്ക് മാറ്റിപ്പണിഞ്ഞാണ് ഞാൻ എന്റെ ദേശത്തിന്റെ കഥ പറഞ്ഞത്. ഞാനൊരിക്കലും കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ലെങ്കിലും, എം.ടി എന്ന എഴുത്തുകാരൻ എനിക്ക് ഗുരുവാകുന്നത് ഇങ്ങനെയാണ്. ‘ലൈലാക്കുൽസു’ എന്ന കഥ നടക്കുന്ന ദേശം മലമക്കാവും, Slowly എന്ന കഥയിലെ നായകൻ ഹേമന്ദിന്റെ നാട് ആനക്കരയും ആകുന്നത് എം.ടിയുടെ സ്വാധീനമാണ്.
എം.ടി എന്ന സാഹിത്യകാരനേക്കാൾ എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത് അദ്ദേഹത്തിലെ ചലച്ചിത്രകാരനാണ്. ഒരു ചെറുപുഞ്ചിരി, കടവ്, നിർമ്മാല്യം എന്നീ സിനിമകൾ എന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളാണ്. ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, വൈശാലി, ഒരു വടക്കൻ വീരഗാഥ, സുകൃതം, പഞ്ചാഗ്നി, സദയം, അക്ഷരങ്ങൾ എന്നിങ്ങനെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന തിരക്കഥകളാൽ മലയാള സിനിമയുടെ ഭാവുകത്വത്തെ ക്രിയാത്മകവും ചലനാത്മകവുമാക്കിയതിൽ എം.ടിയ്ക്കുള്ള പങ്ക് ചെറുതല്ലെന്ന് വിശ്വസിക്കുന്നു. കാലത്തെ പുതുക്കുന്ന അതിജീവിക്കാൻ പ്രേരിപ്പിക്കുന്ന അക്ഷരങ്ങളാണ് എം.ടിയുടെ തൂലികയിൽ നിന്നും പിറന്ന് വീഴാറുള്ളത്. ഈ വർഷം പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സിനിമയിലെ ശിലാലിഖിതം, കാഴ്ച എന്നീ സിനിമകൾ ഭാവുകത്വപരമായ പുതുക്കലുകളെ അടയാളപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സ്വർഗം തുറക്കുന്ന സമയം പ്രിയപ്പെട്ട എഴുത്തുകാരന്റെ ഭൂമിയിലെ വാസം അവസാനിപ്പിച്ചിരിക്കുന്നു. ഞാനൊരിക്കലും കണ്ട് പരിചയപ്പെടാത്ത എന്റെ മാനസഗുരുവിന് ആദരാഞ്ജലികൾ.


ചില്ലലമാരയിലെ ഒഴിഞ്ഞ റാക്കുകൾ
ഡി.പി അഭിജിത്ത് (കഥാകൃത്ത്, ഗവേഷകൻ)
ഒരു കൊല്ലമോ കാലമോ കൃത്യമായി ഓർത്തെടുക്കാനൊക്കാത്ത വിധം ആഴത്തിലെപ്പോഴോ പതിഞ്ഞ പേരായിരിക്കണം അത്. ചിത്രകഥകളിലും ബാലസാഹിത്യത്തിലും പരതി നടന്നിരുന്ന കാലത്തെന്നെങ്കിലും ഒരിക്കലെങ്കിലും അറിയാതെയെങ്കിലും ആ പുസ്തകങ്ങളിൽ ഏതെങ്കിലുമൊന്ന് അത്ഭുതത്തോടെ മറിച്ചുനോക്കി നിന്ന ഒരു കൊച്ചുപയ്യനെ മനസുകൊണ്ടിപ്പോൾ ഭാവന ചെയ്തുപോകുന്നു. കാട്ടാമ്പള്ളി സന്മാർഗ്ഗദായിനിയിലെ പുസ്തക റാക്കുകളിൽ എല്ലാക്കാലത്തും ഏറ്റവും കൂടുതൽ സ്ഥലം കൈവശം വച്ചിരുന്നത് അയാളായിരുന്നു. നിശ്ചയമായും ആ ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്തെ ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും നിറയ്ക്കാൻ വേണ്ട പുസ്തകങ്ങൾ രജിസ്റ്റർ പ്രകാരം അവിടെ ഉണ്ടായിരുന്നിട്ടും ഇന്നോളം ഒരിക്കൽ പോലും അവിടം നിറഞ്ഞുകണ്ടിട്ടേയില്ല.


മലയാളത്തിന്റെ നവോത്ഥാനകാല അഭിരുചിയെ രൂപപ്പെടുത്തിയ ആളെന്ന നിലയിൽ കേസരി ബാലകൃഷ്ണപിള്ളയെ ‘ഇറവെള്ളത്തിൽ കളിച്ചവരെ കടൽ കാണിച്ചുകൊടുത്തവൻ’ എന്ന് വിശേഷിപ്പിക്കുന്നതുപോലെയാണ് എൻ്റെ മനസ്സിലെ എം.ടി. ആ കൂടല്ലൂർകാരൻ്റെ നിളാനദിയാകട്ടെ എനിക്ക് അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളോളം എത്രയോ വലിപ്പമുള്ളയിരുന്നു.
പിന്നെയും, ആദ്യമായി ആ വെള്ളതണുപ്പ് വന്നു തൊട്ടത് എന്നായിരിക്കുമെന്ന് ഓർത്തുപോകുന്നു… ഡ്രാക്കുളയ്ക്കും റോബിൻസൻ ക്രൂസോയ്ക്കും ഹാരിപോട്ടർക്കും ഗളിവർക്കുമൊക്കെയൊപ്പം അറിയാത്ത ലോകങ്ങളിൽ കറങ്ങിക്കളിച്ച്, കോട്ടയം പുഷ്നാഥും മെഴുവേലി ബാബുജിയും ബാറ്റൻ ബോസുമൊക്കെ മനസ്സിൽ മുറി തുറന്നു കൊടുത്തതിനും എത്രയോ ശേഷമായിരിക്കണം അത്. വായന വാശിയായ കാലത്തെന്നോ ആദ്യം കൈയ്യെത്തിപ്പിടിച്ച നാലുകെട്ടോർമ്മ മാത്രം തെളിച്ചത്തോടെയുണ്ട്. അതായിരുന്നിരിക്കണം തുടക്കം.
‘വളരണം, വളർന്നു വലിയ ആളാകണം’ എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചുള്ള യാത്രയുടെ തുടക്കം.
പിന്നെയെപ്പോഴെല്ലാം നിങ്ങളെനിക്ക് അഭയം തന്നിട്ടുണ്ട്. വെറുതെയിരിക്കുമ്പോൾ, ഒറ്റയ്ക്കായപ്പോൾ, തോറ്റുപോകുമ്പോൾ, നിരാശ വന്ന് അടപടലം മൂടിക്കളയുമ്പോൾ അങ്ങനെ എത്രയെത്ര തവണ. ഏതെല്ലാം വഴികളിലൂടെ നടത്തിച്ചിട്ടുണ്ട്, ഏതെല്ലാം ജീവിതങ്ങൾ ജീവിപ്പിച്ചിട്ടുണ്ട്, എന്തെല്ലാം തീരുമാനങ്ങളെടുപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാം എന്നെങ്കിലും ഒരു തവണ നേരിൽ ഒന്ന് കാണാൻ, ചുളുവുകൾ വീണ കൈവിരലിൽ ഒന്നു തൊടാൻ ഏറിയ സ്നേഹത്തോടെ ആഗ്രഹിച്ചുപോയിട്ടുണ്ട്. പിന്നീട് പല തവണ ദൂരത്തുനിന്നും അടുത്തുനിന്നും കൊതിയോടെ നോക്കിനിന്നിട്ടും അപകർഷതയോ സ്വന്തം പരിമിതികളെറിച്ചുള്ള ആകുലതകൾകൊണ്ടോ കൈയ്യകലത്തിനപ്പുറം അടുത്തുവരാൻ പറ്റിയില്ല. പിന്നീടാകാം എന്നു മാത്രമോർത്തു. നേരിൽ കാണുമ്പോൾ തരാൻ ഡിഗ്രിക്കാലത്ത് വരഞ്ഞുവച്ച ഒരു ചിത്രമുണ്ട് ഇപ്പോഴും കൈയ്യിൽ. ഇടയ്ക്കതെടുത്ത് പൊടി തുടച്ചുവയ്ക്കും, മനസ്സിലെ ആഗ്രഹവും. സമയമുണ്ടല്ലോ, ഇവിടെത്തന്നെയുണ്ടല്ലോ, ഇത്രയും നാളുമിരുന്നപോലെ ഇനിയും കാത്തിരിക്കാമെന്നു മാത്രം ഓർക്കും. അറിയാത്ത ഒരു വിമ്മിട്ടം ഇപ്പോൾ മനസ്സിൽ നിറയുന്നു. കാരണം, എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു.


എന്നിലെ കുട്ടിയെ എക്കാലത്തും വാക്കുകളുടെ വിസ്മയം കൊണ്ട് പരിചരിച്ച എം.ടി
പുണ്യ സി.ആർ (എഴുത്തുകാരി, ഗവേഷക)
ഞാനന്ന് ആറാം ക്ലാസ്സിലാണ്. പുലാപ്പറ്റ യു.പി സ്കൂളിലെ വായനശാലയിൽ അരിയടുക്കി വച്ചിരിക്കുന്ന ചാക്കുകൾക്ക് ഏറ്റവും മുകളിലിരുന്ന് കുട്ട്യേടത്തി വായിച്ച് ഞാൻ കരഞ്ഞു. നെഞ്ച് പൊട്ടുന്ന വേദനയോടെ കുട്ട്യേടത്തിയെ കൂടെ കൂട്ടി. പിന്നെ അപ്പുണ്ണിയെ, സുമിത്രയെ, ഭീമനെ, വിമലയെ, ഓപ്പോളെ…. ജീവിതത്തിലൊരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത, ഏറ്റവും കാണാനാഗ്രഹിച്ച, എന്നാളും ഒപ്പമുണ്ടായ, എന്നിലെ കുട്ടിയെ എക്കാലത്തും വാക്കുകളുടെ വിസ്മയം കൊണ്ട് പരിചരിച്ച എം.ടി. നാലുകെട്ടും മഞ്ഞും പലതവണ വായിച്ചു. ഓരോ വായനകളും ഓരോരോ ലോകങ്ങൾ തുറന്നു. യോജിച്ചു, തീവ്രമായി വിയോജിച്ചു. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പോലെ എം.ടി മാത്രം പരന്നുകിടന്നു.


മരണവാർത്തയറിഞ്ഞപ്പോൾ ലോകമൊരിട ശൂന്യമായതു പോലെ തോന്നി. ഇതുവരേക്കും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ്റെ അസാന്നിധ്യം ഇത്രയധികം ശൂന്യത നിറച്ചുവെന്നോ! അതിശയമൊന്നുമില്ല. കുറേക്കൂടി ഭംഗിയായി സ്നേഹിക്കാനും ഇടക്ക് കാത്തിരിക്കാനും ജീവിതത്തെപ്രതി പ്രതീക്ഷ വയ്ക്കാനും ഒരല്പം കൂടി മെച്ചപ്പെട്ട മനുഷ്യനാകാനും പഠിപ്പിച്ചതിന്, എൻ്റെ ജീവിതത്തിലിടപെട്ടതിന്, നിങ്ങൾക്ക് നന്ദി!


വായനയിൽ ഒരിക്കലും അവസാനിക്കാത്ത ലഹരി പോലെയാണ് എം.ടി
ഹരികൃഷ്ണൻ തച്ചാടൻ (കഥാകൃത്ത്, നോവലിസ്റ്റ്)
ആർത്തിപിടിച്ച വായനയുടെ കാലത്ത് ഒപ്പമുണ്ടായിരുന്ന ഒരാളാണ് എം.ടി. എന്നാൽ അയാൾക്ക് ജീവിച്ചിരിക്കുന്ന എം.ടിയുമായി വലിയ സാദൃശ്യമൊന്നും ഉണ്ടായിരുന്നില്ല. ഇളവെയിലുള്ള പകലുകളിലെപ്പോഴോ ആണ്, ഉച്ചസ്ഥായിലേക്ക് കയറി പോകുന്ന ചീവീടുകളുടെ ശബ്ദപശ്ചാത്തലത്തിൽ രണ്ടാമൂഴം വായിക്കുമ്പോൾ അയാളെ ഞാൻ വൃകോദരനായി സങ്കൽപിച്ചു. കിഴക്കൻ കാടുകളിൽ ഋഷിവാടങ്ങൾ തകർത്തു നടന്ന ഹിഡിംബനെ എതിരിടാൻ നിന്ന ഭീമസേനനെ ഇയാൾ എം.ടി തന്നെയെന്നു സങ്കൽപിക്കാതെ തരമില്ലായിരുന്നു. എം.ടിക്കും അയാളുടെ കഥാപാത്രങ്ങൾക്കുമിടയിൽ ഇഴപിരിച്ചെടുക്കാൻ കഴിയാത്ത വിധം അനുഭവപ്പെടുന്ന ആത്മബന്ധം!


കാമരൂപ വനങ്ങളിലെ കാട്ടാനയുടെ മദപിണ്ഡകങ്ങൾ പോലെ തെറിച്ചു നിൽക്കുന്ന ഹിഡിംബിയുടെ മുലകൾ എന്ന് വായിച്ചപ്പോൾ എൻ്റെ കൗമാരശരീരം ആകെ പൂത്തു. മന്ദരപർവ്വതം കൊത്തിപ്പറക്കുന്ന ഗരുഢൻ്റെ നഖങ്ങളിലെന്ന പോലെ എത്രയോ രാത്രികൾ അയാളുടെ എഴുത്തിനൊപ്പം പറന്നു പോയി. വായനയിൽ എം.ടി ഒരിക്കലും അവസാനിക്കാത്ത ലഹരി പോലെയാണ്. വായനയുടെ കാലം കഴിഞ്ഞാലും ശിരസ്സിലത് ഓളം വെട്ടി നിൽക്കും. ഷെർലക്കിലെ തണുത്ത നഖങ്ങളുള്ള പൂച്ചയെ പോലെ എം.ടി എല്ലായ്പ്പോഴും ഹൃദയത്തിനു മുകളിൽ ഇരിക്കുന്നതായി തോന്നും. പുസ്തകങ്ങൾക്കുള്ളിൽ മാത്രം ജീവിക്കുന്ന എൻ്റെ ആ എഴുത്തുകാരനെ ജരാനരകൾ സ്പർശിക്കാറില്ല. ഒരു യാത്രാമൊഴി ഈ ദിവസം അർത്ഥശൂന്യമായ ഒരു പാഴ് വാക്കായി പോകുന്നു.