പ്രകൃതിയോട് ചേർത്തുനിർത്തി സിക്കിം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മനുഷ്യർ പൊതുവെ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെയാകാം യാത്രകൾ വിനോദസഞ്ചാര വ്യവസായമായി കാലക്രമേണ മാറിപ്പോയത്. അങ്ങനെ പതിയെ, പതിയെ വാണിജ്യവൽക്കരിക്കപ്പെട്ട യാത്രകൾ ‘ടൂർ പാക്കേജ് ‘, ‘ഹോളിഡേയിങ്’, ‘ഡെ സ്റ്റിനേഷൻ ‘തുടങ്ങിയ പുതിയ സംജ്ഞകളാൽ ടൂർ ഓപ്പറേറ്റർമാർ വഴി യാത്രാ പ്രേമികളായ ജനങ്ങളുടെ മുന്നിൽ അവതരിക്കപ്പെട്ടു. സ്വന്തമായ ഉത്തരവാദിത്തങ്ങൾ ഒട്ടുമേ ഇല്ലാത്ത, മുൻകൂട്ടി ഡിസൈൻ ചെയ്ത, ടൂർ ഓപ്പറേറ്റർമാരാൽ സംവിധാനം ചെയ്യപ്പെടുന്ന ഇത്തരം യാത്രകൾ നമ്മുടെ യാത്രാഭിരുചികളെ യാന്ത്രികമാക്കുന്നു. ഇതരദേശങ്ങളെയും, സംസ്കാരങ്ങളെയും അടുത്തറിയാൻ കഴിയാത്ത ഇത്തരം വാണിജ്യവൽകൃത യാത്രകളോട് വിയോജിപ്പുള്ളതിനാൽ എന്റെ യാത്രകൾ പലപ്പോഴും അനാസൂത്രിതവും, പെട്ടെന്ന് തീരുമാനിക്കപ്പെടുന്നവയുമാണ്. ഏകദേശ ധാരണ വെച്ച്, അപരിചിതമായ പ്രദേശങ്ങളിലേക്കും, അപരിചിത സമൂഹങ്ങളിലേക്കും അവരിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇറങ്ങിച്ചെല്ലുമ്പോഴാണ് യാത്രകൾ കൂടുതൽ ആസ്വാദ്യകരമാകുന്നതെന്നാണ് അനുഭവം. സിക്കിമിലേക്കുള്ള യാത്ര അത്തരത്തിലുള്ള ഒന്നായിരുന്നു.

കടപ്പാട്:X

വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പലതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും സിക്കിമിൽ ആദ്യമായാണ്. തിബത്തിനും, നേപ്പാളിനും, പടിഞ്ഞാറൻ ബംഗാളിനും, ഭൂട്ടാനുമിടയിൽ ഞരുങ്ങിക്കിടക്കുന്ന ഹിമാലയൻ താഴ്‌വാരകളിൽ ജീവിതം കണ്ടെത്തുന്ന ഒരു കുഞ്ഞു സംസ്ഥാനം. സ്വതന്ത്ര രാജ്യമായിരുന്ന (രാജഭരണമായിരുന്നു) സിക്കിം, 1975ൽ ഒരു സംസ്ഥാനമായി ഇന്ത്യയിൽ ലയിക്കുകയായിരുന്നു. ഹിതപരിശോധനയിൽ 96 ശതമാനം ജനങ്ങളും ഇന്ത്യക്കാനുകൂലമായി വിധിയെഴുതുകയായിരുന്നു. കേരളത്തിൽ നിന്നും 3000 കിലോമീറ്ററിലധികം ദൂരമുണ്ട് സിക്കിമിലേക്ക്. റോഡ്-റെയിൽ മാർഗമാണെങ്കിൽ 60 മണിക്കൂറിലധികം യാത്രയുണ്ട്. കൊൽക്കത്ത വരെ വിമാന മാർഗമായിരുന്നു ഞങ്ങളുടെ യാത്ര. കൊൽക്കത്തയിൽ നിന്ന് 12 മണിക്കൂർ യാത്ര ചെയ്ത് ന്യൂ ജയ്പാൽ ഗുരിയിലെത്തണം. അവിടെനിന്നും സിലിഗുരിയെന്ന സിക്കിം അതിർത്തിയിലുള്ള നഗരത്തിലേക്ക്. സിലിഗുരിയിൽ നിന്ന് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോകിലേക്ക് സർക്കാർ ബസുകളുണ്ട് (സിക്കിം നാഷണൽ ട്രാൻസ്‌പോർട് -SNT).

സമുദ്ര നിരപ്പിൽ നിന്ന് 1650 മീറ്റർ ഉയരെയാണ് ഗാങ്ടോക്. സിലിഗുരിയിൽ നിന്ന് ഗാങ്ടോകിലേക്കുള്ള യാത്ര അത്യാവശ്യം ദുർഘടം പിടിച്ചതാണ്.
120 കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും ഏകദേശം അഞ്ച് മണിക്കൂർ സമയമെടുത്തു ഗാങ്ടോകിലെത്താൻ. ധാരാളം വളവുതിരുവുകളും, കുത്തനെയുള്ള കയറ്റിറക്കങ്ങളുമൊക്കെ യാത്രയുടെ വേഗത കുറക്കുന്നു. റോഡിന് ഇരുവശങ്ങളിലും ധാരാളം വന്മരങ്ങളുള്ള പ്രകൃതിസുന്ദരമായ വനമേഖലയാണ്. ചിലപ്പോഴെല്ലാം വഴിക്കടവിൽ നിന്നും നാടുകാണി ചുരം കയറുന്ന പ്രതീതി. സീസൺ ആയതിനാൽ ധാരാളം ടൂറിസ്റ്റുകൾ ഉള്ള സമയമായിരുന്നു. തിരക്ക് കാരണം അല്പം കറങ്ങേണ്ടി വന്നെങ്കിലും നഗരത്തിന്റെ ഹൃദയ ഭാഗത്തുതന്നെ റൂം ലഭിച്ചു.

ഗാങ്ടോക്. കടപ്പാട്:wikipedia

സിക്കിമിൽ ബഹുഭൂരിഭാഗം ജനങ്ങളും നേപ്പാളി ഭാഷയാണ് സംസാരിക്കുന്നത്. ഗോത്ര (പ്രാദേശിക) ഭാഷകൾ ഉണ്ടെങ്കിലും വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് അതുപയോഗിക്കുന്നത്. ഹിന്ദിയും, ഇംഗ്ലീഷും അറിയുമെങ്കിൽ ആശയവിനിമയം സിക്കിമിൽ ഒരു പ്രശ്നമല്ല. ഭൂരിഭാഗം ഹിന്ദുക്കൾ (54 ശതമാനം) ആണെങ്കിലും ബുദ്ധമത വിശ്വാസികളും (28 ശതമാനം) ശ്രദ്ധേയ സാന്നിധ്യമാണ്. ലെപ്ച്ച, ഭൂട്ടിയ, നേപ്പാളീസ് എന്നിങ്ങനെ മൂന്ന് വംശീയ വിഭാഗങ്ങളാണ് സിക്കിമിൽ പ്രധാനമായുള്ളത്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം കൂടിയാണ് സിക്കിം. സിക്കിമിൽ ഇരുനൂറിൽ അധികം ബുദ്ധാശ്രമങ്ങൾ/വിഹാരങ്ങൾ ഉണ്ടെന്നാണ് ​ഗൂ​ഗിൾ പറയുന്നത്.

സിക്കിംകാർ ഉയർന്ന വിനയവും, സൗഹൃദവും പ്രകടിപ്പിക്കുന്നവരാണെന്ന് തോന്നി. അവർ ശാന്തരും സമാധാന പ്രേമികളുമാണ്. അവർ മൃദുല ശബ്ദത്തിൽ നമ്മോട് സംസാരിക്കുകയും, കൗതുകത്തോടെ നാം പറയുന്നത് കേൾക്കുകയും ചെയ്യുന്നു. ബുദ്ധമത സംസ്കൃതിയുടെ സ്വാധീനം അവരുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കുന്നതായി തോന്നി. എട്ടാം നൂറ്റാണ്ടിൽ തന്നെ ആക്കാലത്തെ പ്രശസ്ത ബുദ്ധ സന്യാസി ‘പത്മസംഭവ’ സിക്കിം സന്ദർശിക്കുകയും ബുദ്ധമത സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവത്രെ. തിബത്തൻ ബുദ്ധിസത്തിനാണ് സിക്കിമിൽ കൂടുതൽ പ്രചാരമെന്ന് ഒരു സംഭാഷണത്തിനിടെ ഒരു ബുദ്ധ സന്യാസി പറഞ്ഞു. ഗാങ്ടോകിലെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ പുരാതനമായ ഇവരുടെ മൊണാസ്റ്ററീസ് (ആശ്രമങ്ങൾ) ആണ്. ഇതിൽ ഏറ്റവും വലുതും പ്രധാനവുമായി തോന്നിയത് ‘എൻചേയ്’ മൊണാസ്റ്ററിയാണ്. വന്മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ബുദ്ധാശ്രമം സന്ദർശിക്കുന്ന ആർക്കും ശാന്തിയും, സമാധാനവും ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടം സന്ദർശിക്കുന്നവരെല്ലാം നിശ്ശബ്ദത പാലിക്കുന്നു. ചിലർ ധ്യാനത്തിൽ ഏർപ്പെടുന്നു. എൻചേയ് മോണസ്റ്ററിക്കു പുറമെ വലുതും ചെറുതുമായ മോണസ്റ്ററികൾ ഗാങ്ടോകിൽ വേറെയുമുണ്ട്. ഗോങ്ചങ്, പാൽകർമ എന്നിവ അവയിൽ ചിലതാണ്.

സിക്കിമിലെ വെള്ളച്ചാട്ടം. ഫോട്ടോ:ഹരിദാസ് കൊളത്തൂർ

നിരവധി വെള്ളച്ചാട്ടങ്ങളും, ചെറുതും വലുതുമായ മലനിരകളും, റോഡിന്നിരുവശവുമുള്ള വനങ്ങളും ഗാങ്ടോകിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സിക്കിം നിവാസികൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. റോഡുകളും മാർക്കറ്റുകളുമെല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഗാങ്ടോക് ഒരു വിദ്യാഭ്യാസ ഹബ് കൂടിയാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഗാങ്ടോകിൽ നിരവധി ഇതരസംസ്ഥാന വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അക്കാഡമിക്കും, ടെക്നിക്കലും ആയ നിരവധി കോഴ്സുകൾക്കുള്ള അഡ്മിഷൻ ഇവിടെ ലഭ്യമാണ്. അക്കൂട്ടത്തിൽ ചില മലയാളി വിദ്യാർത്ഥികളെയും കണ്ടുമുട്ടാനായി.

കാഞ്ചൻജംഗ. കടപ്പാട്:wikicommons

ഹിമാലയൻ പർവത നിരകളിലുള്ള, ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻജംഗ. ഇതിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ നാഷണൽ പാർക്ക്‌. കോടമഞ്ഞിനാൽ മറയ്ക്കപ്പെട്ടതിനാൽ, വളരെ അവ്യക്തമായേ ഞങ്ങൾക്ക് കാഞ്ചൻജംഗ കാണാൻ കഴിഞ്ഞുള്ളൂ.

യക്സമിലെ ഹോം സ്റ്റേ. ഫോട്ടോ:ഹരിദാസ് കൊളത്തൂർ.

സിക്കിമിന്റെ ആദ്യ തലസ്ഥാനമാണ് യക്സം. സിക്കിം സന്ദർശിക്കുന്നവർ അപൂർവമായേ യക്സം സന്ദർശിക്കാറുള്ളു. ഗാങ്ടോക് സന്ദർശനം രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കി ഞങ്ങൾ യക്സമിലേക്ക് പോകാൻ തീരുമാനിച്ചു. യാക്സമിൽ എത്തിപ്പെടുക അത്ര എളുപ്പമല്ല. ബസ് സർവീസ് സിക്കിമിൽ പൊതുവെ കുറവാണ്. ഗാങ്ടോകിൽ നിന്ന് 120 കിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും, ദുർഘടം പിടിച്ച വഴിയായതിനാൽ അഞ്ച് മണിക്കൂറെങ്കിലുമെടുക്കും അവിടെയെത്താൻ. ടാക്സിയെ ആശ്രയിക്കുക മാത്രമാണ് വഴി. വഴി മോശമായിരുന്നെങ്കിലും വഴിയോരക്കാഴ്ചകൾ മനം കവരുന്നതാണ്. പൂക്കാലമായതിനാൽ റോഡിനിരൂവശവും വിവിധങ്ങളായ കാട്ടുപൂക്കളുടെ സമൃദ്ധി. ഇരുവശങ്ങളിലും ഇടതൂർന്ന വനങ്ങൾ. അതിനിടയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന പിടിച്ച റോഡുകൾ. അകലെ കോടമഞ്ഞിൽ കുളിച്ച മലനിരകൾ അവ്യക്തമായിക്കാണാം. കാഞ്ചൻജംഗയിൽ നിന്ന് ഏകദേശം 38 കിലോമീറ്റർ മാത്രം അകലെയാണ് യക്സം. കാറിലിരുന്ന് ഓൺലൈൻ ആയി താമസിക്കാൻ ഒരു ഹോം സ്റ്റേ സംവിധാനം ഏർപ്പാടാക്കി. യക്സം സിക്കിമിന്റെ മുൻ (ആദ്യ) തലസ്ഥാനമെങ്കിലും ഒരു വലിയ നഗരമൊന്നുമല്ല. വലിയ ഹോട്ടലുകൾ ഒന്നുമില്ല. ഹോംസ്റ്റേ, ഗസ്റ്റ് ഹൗസ് സംവിധാനങ്ങളാണ് മിക്കവാറും. അവിടെയുള്ള മിക്ക വീടുകളിലും ഹോം സ്റ്റേ സംവിധാനമുണ്ട്. ഞങ്ങൾ തങ്ങിയ ബഹുനിലക്കെട്ടിടത്തിന്റെ മുകൾ നിലയിൽ വീട്ടുടമസ്ഥനും കുടുംബവും താമസിക്കുന്നു. മറ്റു നിലകളെല്ലാം ടൂറിസ്റ്റുകൾക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. പലരുടെയും വരുമാനമാർഗ്ഗം ടൂറിസമാണ്. നല്ല ആതിഥേയരും സ്നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്നവരുമാണിവർ.

ഡുഡ്ബി മൊണാസ്റ്ററി

നാനൂറ് വർഷങ്ങൾക്കു മുൻപ് മൂന്ന് ലാമകൾ (ബുദ്ധ സന്യാസികൾ) തിബത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കാൽനടയായി സഞ്ചരിച്ച് ബുദ്ധമത പ്രചാരണാർത്ഥം യക്സമിൽ സമ്മേളിക്കുന്നു. യക്സം എന്ന വാക്കിന് സമ്മേളന സ്ഥലം എന്നത്രെ അർത്ഥം. പിന്നീട് നിരവധി മൊണാസ്ട്രികൾ (ബുദ്ധാശ്രമങ്ങൾ/വിഹാരങ്ങൾ) യക്സമിൽ പല ഭാഗങ്ങളിലായി സ്ഥാപിക്കപ്പെടുന്നു. യക്സമിൽ വരുന്നവരെല്ലാം ഇവിടെയുള്ള മൊണാസ്ട്രികൾ സന്ദർശിക്കുന്നു. ഏതാനും മൊണാസ്ട്രികൾ ഞങ്ങളും സന്ദർശിക്കുകയുണ്ടായി. അവയിൽ ഏറ്റവും, പുരാതനവും വാസ്തു-ശില്പ ഭംഗിയിൽ മികച്ചതുമായി തോന്നിയത് ഡുഡ്ബി മൊണാസ്റ്ററിയാണ്. ഒരു മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ബുദ്ധാശ്രമത്തിൽ എത്തിച്ചേരാൻ നിരവധി പടവുകൾ കയറണം. എങ്കിലും സന്ദർശകർ ധാരാളമായി ഇവിടേക്ക് എത്തുന്നു.

സിക്കിമിലെ പൂമരങ്ങൾ. ഫോട്ടോ:ഹരിദാസ് കൊളത്തൂർ

ട്രെക്കേഴ്സിന്റെയും, പ്രകൃതി സ്നേഹികളുടെയും പറുദീസയാണ് യക്സം. ധാരാളം യുവതീ യുവാക്കൾ സോൺഗ്രി (Dzongri)യിലേക്കും കാഞ്ചൻജംഗ യുടെ അടിവാരത്തിലേക്കും ഇവിടെ നിന്ന് കാൽനടയായി പോകുന്നു. യാക്സമിൽ നിന്നും കാഞ്ചൻജംഗയുടെ അടിവാരത്തിലൂടെ നേപ്പാളിലേക്ക് പ്രവേശിക്കാൻ കഴിയും. സിക്കിമിലെ അതിമനോഹരമായ ഭൂപ്രകൃതിയും, വനങ്ങളും, ഹിമാലയൻ മലനിരകളും, തടാകങ്ങളും, വെള്ളച്ചാട്ടങ്ങളുമെല്ലാം നമ്മെ പ്രകൃതിയോട് ചേർത്ത് നിർത്തുന്നു. കേരളത്തിൽ നിന്നും എത്തിച്ചേരാൻ പ്രയാസമെങ്കിലും സിക്കിം നമ്മെ ഒരിക്കലും നിരാശപ്പെടുത്തില്ല.

Also Read

5 minutes read June 25, 2024 3:30 pm