അശാന്തതയുടെ യുക്രൈൻ റൊട്ടികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇറ്റാലിയൻ കവിയും ചിന്തകനും ഫ്യൂച്ചറിസ്റ്റ് കലാസംഘത്തിന്റെ പ്രധാന വക്താവുമായ ഫിലിപ്പോ തോമാസോ മാരിനെറ്റി എഴുതിയ ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോ യുദ്ധത്തെ പ്രകീർത്തിക്കുന്ന സ്തുതിഗീതമാണ്. War is beautiful because thanks to gas masks, terror-including megaphones, flame-throwers, and small tanks man’s dominion over the subject machine is proven. War is beautiful because is ushers in the dreamt-of metalization of the human body. War is beautiful because it enriches a meadow in bloom by adding the fiery orchids of machine-guns. War is beautiful because it combines rifle-fire, barrage of bullets, lulls in the firing, and the scents and smells of putrescence into a symphony, മാരിനെറ്റി എഴുതിയ ഈ ഭാഗങ്ങൾ ജർമ്മൻ ചിന്തകൻ വാൾട്ടർ ബെഞ്ചാമിൻ തന്റെ യാന്ത്രിക നിർമ്മിതിയുടെ കാലത്തെ കല (The work of art in the age of Mechanical reproduction) എന്ന ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. യുദ്ധം മനുഷ്യന്റെ മഹാത്തായ നിർമ്മിതികളിലൊന്നാണ് എന്ന സങ്കല്പത്തെ അന്ധമായി പിന്തുടരുകയായിരുന്നു ഫ്യൂച്ചറിസ്റ്റ് കലാസംഘം ചെയ്തത്. പിന്നീടവർ കാര്യം മനസിലാക്കിയപ്പോഴേക്കും യുദ്ധം ഫ്യൂച്ചറിസ്റ്റ് കലാസംഘത്തിലെ പ്രധാനികളുടെ ജീവൻതന്നെ അപഹരിച്ചിരുന്നു. മാരിനെറ്റി എഴുതിയ ‘മനോഹരമായ യുദ്ധം’ ജീവൻ അപഹരിക്കുന്ന നിഷ്ഠൂരത അവർക്ക് പോലും കണ്ടുനിൽക്കാനായില്ല.

ഫിലിപ്പോ തോമാസോ മാരിനെറ്റി

ആധുനികത മുന്നോട്ടുവച്ച സങ്കല്പമല്ല യുദ്ധം. യുദ്ധത്തിന്റെ നിർമ്മിതിയായി മനുഷ്യസമൂഹത്തെ കണ്ടവരും യുദ്ധത്തെ കലയെന്ന തരത്തിൽ കണ്ട ചിന്തകരുടെയും പോരാളികളുടെയും കഥകൾ ഭൂമി മുഴുവനുമുണ്ട്. യുദ്ധാവസാനമുണ്ടായ മനഃസ്ഥാപമാണ് അശോക ചക്രവർത്തിയെ മാറ്റിമറിച്ചത്. അദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയെന്ന രാജ്യത്തിന്റെ ചരിത്രം തന്നെ മാറിമറിഞ്ഞു. പ്ലേറ്റോ അടക്കമുള്ള ചിന്തകർ യുദ്ധമെന്ന സങ്കല്പത്തെ മുൻനിർത്തി ചിന്തിക്കുകയും ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നത് പോലെ യുദ്ധം നല്ലതാണെന്ന ഒരു യുക്തിയിൽ എത്തുകയും ചെയ്യുന്നുണ്ട്. യുദ്ധം നാടിനെ ഒന്നിപ്പിക്കുകയും അതുവരെ ഇല്ലാതിരുന്ന, ചിതറി കിടന്നിരുന്ന നഗരരാജ്യങ്ങൾക്ക് പകരം ഗ്രീക്ക് എന്ന ആധുനിക സ്റ്റേറ്റിനെ സൃഷ്ടിക്കുകയും ചെയ്തു എന്നൊരു കഥയുമുണ്ടല്ലോ. പേർഷ്യയുടെ ആക്രമണത്തെ തടയാൻ ഒത്തുചേർന്ന നഗരരാജ്യങ്ങളുടെ ശക്തിയാണ് പിന്നീടും ഒന്നിച്ച് നിർത്തുന്നതിനും ആധുനിക ഗ്രീസ് രൂപീകരിക്കുന്നതും കാരണമായത്.

ഗ്രീക്കോ-പേർഷ്യൻ യുദ്ധം ചിത്രകാര ഭാവനയിൽ

ഇതത്രയും യുദ്ധകഥകളാണ്, യുദ്ധാനന്തര സമൂഹം കൂടുതൽ മെച്ചപ്പെട്ട സമൂഹമാകുമെന്നും കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളുടെ ഒരു സമൂഹത്തിലാകും പിന്നീട് ജീവിതം പുലരുകയെന്നുമുള്ള യുക്തിയാണ് യുദ്ധത്തെ പുൽകുന്നത്. യുദ്ധം സൃഷ്ടിക്കുന്ന വേഗതയിലാണ് ആളുകളുടെ കണ്ണ്. മുതലാളിത്ത യുക്തിയിൽ യുദ്ധം പുത്തൻ നിർമ്മിതികളുടെയും ഒരു രാജ്യത്തിന്റെ മുഴുവൻ വിഭവങ്ങളുടെയും കേന്ദ്രീകരണമാണ്. ഒരു കാരണത്തിനുവേണ്ടി ഒരു രാജ്യത്തെ മുഴുവൻ വിഭവങ്ങളും കേന്ദ്രീകരിക്കുമ്പോൾ ഉണ്ടാകുന്ന മുന്നേറ്റം മറ്റെല്ലാ പിന്നോട്ട് പോക്കുകളെയും മറികടക്കുന്നു എന്നതാണ് ആ യുക്തി.  

ഇന്നിപ്പോൾ ഒരു യുദ്ധത്തിന്റെ ഒന്നാം വാർഷികമാണ്. ആധുനികലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ യുദ്ധവും പ്രതിരോധവും എന്ന് വിശേഷിപ്പിക്കാം ഒന്നാം വാർഷികത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തെ. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് വീഡിയോ ഫൂട്ടേജുകൾ കണ്ട് മാത്രം പരിചയമുള്ള മലയാളി സമൂഹത്തിന് എത്ര കണ്ട് അത് മനസിലാകും എന്നതൊരു ചോദ്യമാണ്. യുദ്ധം ഒരു കാഴ്ചാനുഭവമാണ് (visual experience) എന്നൊരു വാദം കലാസിദ്ധാന്തക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാം കാഴ്ചാനുഭവമായ കാലത്തെ യുദ്ധവും അങ്ങനെയാകുന്നു. നമ്മുടെ നാട്ടിൽ നടക്കാത്ത യുദ്ധം നമ്മുടെ വിരുന്നുമേശകളിൽ പ്രഭാത-ഉച്ച-രാത്രി ഭക്ഷണത്തോടൊപ്പം വിളമ്പുന്നു. ഗ്രാമ-നഗരങ്ങളിലെ മനുഷ്യനിർമ്മിതികൾക്ക് മേലെ ഭീമൻ ബോംബുകൾ പൊട്ടുന്നത് കണ്ട് നെടുവീർപ്പിട്ട് ഒരു തവി ചോറുംകൂടി തട്ടി നീളനൊരു ഏമ്പക്കം വിടുന്നതോടെ ഒരു ദിവസത്തെ യുദ്ധം കഴിയും. എത്രമേൽ ദൃശ്യജീവികളാണ് മനുഷ്യനെന്ന ഉത്തമബോധ്യമുള്ളത് ചാനൽ മേധാവികൾക്കാവും. ഫിഫാ വേൾഡ്കപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ നെടുവീർപ്പിച്ചിട്ട് കണ്ടിരിക്കുക, റഷ്യ-യുക്രൈൻ യുദ്ധമായിരിക്കും. ഒന്നാം വാർഷിക ‘ആഘോഷ’ വേളയിൽ ചാനലുകൾ വെച്ചാലറിയാം സമഗ്രമായുള്ള കവറേജുകളുടെ ആഘോഷങ്ങൾ.  

റഷ്യ- യുക്രൈൻ യുദ്ധം കടപ്പാട് : telegraph.co.uk

ഇതിനിടയിൽ കലയ്ക്ക് എന്താണ് കാര്യം? ആരാണ് യുദ്ധത്തിനിടയിൽ കലയെക്കുറിച്ച് ആലോചിക്കുക? ആർക്കാണ് കല ചെയ്യാനാകുക? ഇനിയിപ്പോ അങ്ങനെയൊരു കലാ പ്രവർത്തനം ചെയ്യാനായാൽ തന്നെ അതിപ്പോ ആരാണ് കാണുക? ആർക്കാണ് കലയെക്കൊണ്ട് ആവശ്യം? ചോദ്യങ്ങളുടെ മാലപ്പടക്കത്തിന് തീകൊളുത്തുകയല്ല ഇവിടെ ഉദ്ദേശ്യം. പറ്റുന്നിടത്തോളം ഉത്തരം കണ്ടെത്തുകയാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ തുടക്കസമയത്ത് കീവിൽനിന്ന് രക്ഷപ്പെട്ടോടിയ, കീവ് കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരി സന്ന്യാ കഡ്രോവോയുടെ (Zhanna Kadyrova) കൊച്ചി മുസരീസ് ബിനാലെയിലെ കലാസൃഷ്ടി യുദ്ധത്തെക്കുറിച്ചുള്ള കലാസൃഷ്ടിയാണ്. യുദ്ധമാണ് സന്ന്യയുടെ വിഷയം. എന്നാൽ ആ കലാസൃഷ്ടിയിൽനിന്ന് യുദ്ധത്തെ നമ്മൾ വായിച്ചെടുക്കേണ്ടതുണ്ട്. അതിന്റെ കെടുതികളെ മനസിലാക്കേണ്ടതുണ്ട്. വക്കിൽ ചോര പൊടിഞ്ഞിട്ടില്ലാത്തൊരു റൊട്ടിയാണ് കലാവസ്തു. റൊട്ടിയിൽ എന്ത് യുദ്ധമെന്ന് ചോദിച്ചാൽ, യുദ്ധമാണ് ഈ റൊട്ടിയെ സൃഷ്ടിച്ചതെന്ന് പ്രാഥമികമായി പറയേണ്ടിവരും.

Palianytsia പ്രദർശനത്തിൽ നിന്നും

ഒരു കഷണം റൊട്ടിക്ക് യുദ്ധത്തെക്കുറിച്ച് എങ്ങനെ പറയാനാകും എന്ന് ചോദിച്ചാൽ ഉത്തരമില്ല. വെടിയൊച്ചകളും അലർച്ചയും ചോരച്ചുവപ്പും തകർന്ന് തരിപ്പണമായ നഗരാവശിഷ്ടകളും കണ്ട് അതാണ് യുദ്ധമെന്ന ധരിച്ചാൽ സന്ന്യയുടെ കാലസൃഷ്ടി ഒരു നാട്ടിൽനിന്നുള്ള ‘റൊട്ടികൾ’ മാത്രമാണ്. എന്നാൽ റൊട്ടിക്ക് പിന്നിലെ ചില കഥകൾ/വസ്തുതകൾ ആ ധാരണ മാറ്റാൻ ഉപകരിച്ചേക്കും. സന്ന്യായുടെ കലാസൃഷ്ടിയുടെ പേര് Palianytsia എന്നാണ്. കലാകൃഷ്ടിയുടെ തലക്കെട്ട് തന്നെ രണ്ട് ജനതകൾക്കിടയിലുള്ള സെമിയോട്ടിക്കൽ വ്യത്യാസങ്ങളെ പ്രശ്‌നവത്കരിക്കുകയാണ്. റഷ്യക്കാർക്ക് നേരെച്ചൊവ്വെ ഉച്ചരിക്കാനാവാത്തൊരു വാക്കാണ് സന്ന്യാ തെരഞ്ഞെടുത്തത്. യുക്രൈനിലെത്തുന്ന റഷ്യൻ ചാരന്മാരെ തിരിച്ചറിയാനുള്ള ഒരു കുറുക്കുവഴിയാണ് ഈ റൊട്ടി. ആതിഥേയ മര്യാദയുടെ പേരിൽ വിളമ്പുന്നൊരു ഭക്ഷണമാണ് Palianytsia. അതുതന്നെയാണ് യുക്രൈൻക്കാർക്ക് യുക്രൈൻകാരെയും റഷ്യക്കാരെയും തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്നത്. ഒരു വാക്ക് തൊട്ടടുത്ത് കിടക്കുന്ന രാജ്യത്തുള്ളവർക്ക് ഉച്ചരിക്കാനാവാത്തവിധം ഒരു വാക്കായി രൂപപ്പെടുന്നു, ആ വാക്ക് ഒരു റൊട്ടിയുടെ പേരാകുന്നു, ആ റൊട്ടി ശത്രുവിനെയും മിത്രത്തെയും വേർതിരിക്കുന്നു. യുക്രേനിയൻ ജനത ഭാഷയിൽ ചുട്ടെടുത്തതാണ് ഈ റൊട്ടി. ഭാഷയുടെ ഒരു ജനതയുടെ കവചമായി മാറുന്നതിന്റെ മാന്ത്രികത ഈ റൊട്ടിയുടെ പേരിലും ആ പേരുവഴി ആ ജനത നേടിയെടുത്ത പ്രതിരോധത്തിലും കാണാനാകും.

Palianytsia പ്രദർശനത്തിൽ നിന്നും

‘ഞാനിപ്പോൾ യുദ്ധാഭയാർത്ഥികളായി മാറിയ ഒരു കോടി യുക്രേനിയൻ ജനതയിൽ ഒരാളാണ്’, ചോദ്യങ്ങൾ അയച്ച മെയിലിനുള്ള മറുപടിയിൽ സന്ന്യാ പെഡ്രോവാ എനിക്കെഴുതി. ജനിച്ച നാടും വീട് വിട്ട് അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുക. അതിനിടയിലുള്ള പലതരം പ്രതിസന്ധികൾ, സ്ത്രീകളും കുട്ടികളുടെ അനുഭവിക്കുന്ന അക്രമങ്ങളും പീഡനങ്ങളും. വിവരിക്കാനാവാത്ത വിധം ക്രൂരതകളാണ് യുദ്ധം കൊണ്ടുവരുന്നതും കൂട് തുറന്ന് പുറത്തുവിടുന്നതും. സന്ന്യായുടെ മെയിലിൽ നിഴലിച്ചതും അതിന്റെ ആകുലതകളാണ്.

വെനീസ് ബിനാലെയിലെ പ്രദർശനശാലയ്ക്കു മുന്നിൽ സന്ന്യാ കഡ്രോവ

റഷ്യ ഏത് സമയത്തും യുക്രൈനെ ആക്രമിക്കും എന്ന അവസ്ഥയിലാണ് സന്ന്യയുടെ കുടുംബവും കുറച്ച് സുഹൃത്തുക്കളും കീവിലെ വീട് വിട്ട് 700 കിലോമീറ്റർ അകലെയുള്ള, ഹംഗറിയോട് ചേർന്നുള്ള ഒരു ഗ്രാമത്തിലേക്ക് എത്തുന്നത്. പടിഞ്ഞാറൻ യുക്രൈനിലെ കാർപ്പാത്തിയൻ മലനിരകൾ കാവൽ നിൽക്കുന്ന ‘ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരിടമെന്ന്’ കലാകാരി തന്നെ വിശേഷിപ്പിച്ച ഒരു ഗ്രാമമാണ് സന്ന്യയേയും കുടുംബത്തെയും യുദ്ധത്തിന്റെ കെടുതികളിൽനിന്ന് സംരക്ഷിച്ചത്. വളരെ കുറച്ച് ആളുകൾ മാത്രമുള്ള ആ ഗ്രാമം നദികളാൽ സമ്പന്നമാണ്. യുദ്ധത്തിന്റെ മുറിവുകളും ജന്മനാട്ടിൽനിന്ന് മാറിനിൽക്കേണ്ടി വന്ന സാഹചര്യവും മറികടക്കാൻ സന്ന്യയും കുടുംബവും ആ ഗ്രാമം മുഴുവനും പിന്നീട് കാർപ്പാത്തിയൻ മലനിരകളിലും നിരന്തരം യാത്ര ചെയ്തു. പലയിടങ്ങളിലായുള്ള അലച്ചിലുകൾക്കിടയിലാണ് നദിയിലെ ഉരുളൻകല്ലുകൾ ശ്രദ്ധയിൽപ്പെടുന്നത്. വീടും സ്റ്റുഡിയോയും വിട്ട് ഓടിപ്പോന്നതിനാൽ കലാപ്രവർത്തനം തുടരുക അസാധ്യമെന്ന് കരുതിയിടത്താണ്, നദിയിലെ ഉരുളൻക്കല്ലുകൾ പുതിയൊരു സൃഷ്ടിയെയും സങ്കല്പത്തെയും സന്ന്യയ്ക്ക് മുന്നോട്ടുവച്ചത്.

Palianytsia പ്രദർശനത്തിൽ നിന്നും

റഷ്യക്കാരെ തിരിച്ചറിയാനുള്ള കവചം കൂടിയായ Palianytsia എന്ന റൊട്ടി രൂപംകൊള്ളുകയാണ്, ഒരു കൂട്ടം ആളുകളുടെ യുദ്ധപ്പേടികളിൽനിന്ന്, ഒരു കലാകാരിയുടെ യുദ്ധത്തോടുള്ള പ്രതികരണമെന്ന നിലയിൽ. ഗോതമ്പിൽ നല്ല മൊരുമൊരാന്ന് പൊരിച്ചെടുക്കുന്ന റൊട്ടിയാണ് Palianytsia, ഇവിടെ റിക (Rika) നദിയിലെ ഉരുളകൻകല്ലുകളിലാണ് പുനർസൃഷ്ടിക്കപ്പെട്ടത്. കാർപ്പാത്തിയൻ മലനിരകളിൽ രൂപംകൊണ്ട് 1145 കിലോമീറ്ററോളം ദൂരത്തിൽ പടിഞ്ഞാറൻ യുക്രൈന്റെ ജനജീവിതത്തെ പരിപോഷിക്കുന്ന നദിയാണ് റിക. റികയുടെ ഒഴുക്കിൽ രൂപംകൊണ്ട കല്ലുകളിൽ സന്ന്യയുടെ കലാജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ ദിനരാത്രങ്ങളുടെ പ്രതിഫലനം രൂപംകൊണ്ടു. അതാണ് കൊച്ചി മുസരീസ് ബിനാലെയിലെ ആസ്പിൻ വാളിൽ വളരെ ശാന്തമായിരിക്കുന്ന അശാന്തതയുടെ റൊട്ടികൾ.

റികയുടെ തീരം, അക്കരയിൽ സന്ന്യയുടെ ഇപ്പോഴത്തെ വീട്

യുദ്ധം യുക്രൈനെ ഇല്ലാതാക്കിയിരിക്കുന്നു. പ്രതിരോധത്തിന്റെ അപാരമായ ശേഷി യുക്രേനിയൻ ജനത കാണിക്കുന്നുണ്ടെങ്കിലും വളരെ കാലങ്ങൾക്കൊണ്ട് സൃഷ്ടിച്ച മുഴുവൻ നിർമ്മിതികളും നശിപ്പിക്കപ്പെട്ടു. യുക്രൈൻ ജനത ഇപ്പോൾ പലായനത്തിലാണ്. അതിന്റെ പ്രതീകവും പ്രതിരോധവുമാണ് സന്ന്യയുടെ Palianytsia എന്ന പേരിലുള്ള കലാസൃഷ്ടി. ഒരു ജനതയെയും പരാജയപ്പെടുത്താനോ നശിപ്പിക്കാനോ യുദ്ധത്തിനാവില്ല. യുദ്ധം നശിപ്പിക്കുക, ജനതയെ അല്ല അതിന്റെ നിർമ്മിതികളെ മാത്രമാണ്. ജനത അതിന്റെ ഭാഷയിലും സംസ്‌കാരത്തിലും കൂടുതൽ കരുത്തോടെ ഉയിർക്കും. ഉയിർപ്പികളുടെ ചരിത്രമാവും യുക്രേനിയൻ ജനതയ്ക്ക് യുദ്ധാനന്തരം പറയാനുണ്ടുക. ഇതിപ്പോൾ യുദ്ധത്തിന്റെ ഒന്നാം വാർഷികമാണ്. യുക്രേനിയൻ ജനത പലായനത്തിന്റെ പലതരം അവസ്ഥകളിലുമാണ്.

കല്ലുകൾ മുറിക്കുന്നു

ഇൻസ്റ്റലേഷനൊപ്പം പ്രദർശിപ്പിക്കുന്ന വീഡിയോയിൽ നദിതീരങ്ങളിൽനിന്ന് കല്ലുകൾ ശേഖരിക്കുന്നതും അത് മുറിക്കുന്നതും ഗ്രാമത്തിലെ വീട്ടിൽ അതിന്റെ ആദ്യപ്രദർശനം സംഘടിപ്പിക്കുന്നതും ചിത്രീകരിക്കുന്നുണ്ട്. സമകാലിക യുക്രൈൻ സിനിമയിലെ ഒരു പ്രമുഖ സംവിധായകനായ Ivan Sautkin ആണ് ആ വീഡിയോ ചിത്രീകരിച്ചത്. യുദ്ധത്തിന് മുന്നെ കീവിൽ നിന്ന് സന്ന്യയുടെ സംഘത്തോടൊപ്പം രക്ഷപ്പെട്ട് ഓടിയതാണ് സംവിധായകനും കുടുംബവും. യുദ്ധത്തിന്റെ ഭീകരതകളെ മറിടക്കാനുള്ളൊരു ഉപാധിയായി ഈ കലാസൃഷ്ടി മാറുകയാണ്. യുദ്ധമെന്ന പേടിസ്വപ്‌നം എങ്ങനെയാണ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്ന് ഗ്രാമവാസികൾ ഈ വീഡിയോയിൽ പറയുന്നുണ്ട്. യുദ്ധമെന്ന പേടിസ്വപ്നത്തെ കലാപ്രവർത്തനംകൊണ്ട് മറികടക്കുന്നു. ഒരു കൂട്ടം ആളുകൾക്ക് യുദ്ധത്തെ പ്രതിരോധിക്കാൻ സാധിച്ചത് ബിനാലെയിൽ പ്രദർശിപ്പിക്കുന്ന ഈ കലാസൃഷ്ടി വഴിയാണ്.

ഈ കലാസൃഷ്ടി ലോകത്തിലെ പല രാജ്യങ്ങളിൽ ഇതിനകം പ്രദർശിപ്പിക്കുകയും ആസ്വാദക പ്രശംസ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. വെനീസ് ബിനാലെയിലടക്കം പ്രദർശിപ്പിച്ച ഈ കലാവസ്തു, യുദ്ധത്തെ പ്രശ്‌നവത്കരിക്കുകയും പണ സമാഹരണം ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ഈ കലാസൃഷ്ടി വഴിക്ക് ലഭിക്കുന്ന പണം പൂർണ്ണമായും യുദ്ധത്തെ പ്രതിരോധിക്കുന്നതിനായി വിനിയോഗിക്കുകയാണ് കലാകാരിയും സംഘവും ചെയ്യുന്നത്. എന്താണ് ഈ കലാസൃഷ്ടിയുടെ പ്രാഥമികദൗത്യമെന്ന ചോദ്യത്തിന്, യുദ്ധമെന്ന പ്രശ്‌നത്തെ ലോകംമുഴുവൻ എത്തിക്കുകയാണ് ആദ്യലക്ഷ്യമെന്നും ധനസമാഹരണം ഇതിന്റെ രണ്ടാമത്തെ ലക്ഷ്യമാണെന്നും കലാകാരി പറയുന്നു.

ബെർലിനിലെ പ്രദർശനത്തിൽ നിന്നും

ഈ യുദ്ധം നിങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? നിങ്ങൾ സുരക്ഷിതരാണെന്ന് കരുന്നുണ്ടോ? എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് ഇരച്ചുകയറാവുന്ന ഒരു പട്ടാളനീക്കം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? തെരുവിനും വീട്ടിനുമിടയിൽ ഭയം നിങ്ങളുടെ ഞരമ്പുകളിലൂടെ പായുന്നുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് കലാകാരി ചോദിക്കുന്നത്. യുദ്ധം നേരിട്ട് ബാധിക്കാത്ത ഒരാളെയും യുദ്ധം ബാധിക്കുന്നില്ല എന്നതാണ് സത്യം. മറ്റൊരാളുടെ പ്രശ്‌നത്തെ കാണാനും പ്രചരിപ്പിക്കാനുമുള്ള താത്പര്യങ്ങൾക്കപ്പുറം മനുഷ്യന് വേറൊരാളുടെ വിഷമത്തിൽ ദുഃഖിച്ചിരിക്കാനാകുമോ? സംശയകരമാണ്!

റഷ്യയ്ക്കും യൂറോപ്പിനുമിടയിൽ തന്ത്രപ്രധാനമായ ഭൂമികയിലാണ് യുക്രൈന്റെ കിടപ്പ്. യുദ്ധത്തിലേക്ക് നയിച്ചതിന് പിന്നിലുള്ള കാരണങ്ങൾ നിരവധിയാണെങ്കിലും ആധിപത്യം നേടിയെടുക്കുകയാണ് ആത്യന്തികലക്ഷ്യം. ഇതിനിടയിൽ ക്രൂരതകളുടെ നേർസാക്ഷ്യമായി മാറുന്ന നിരവധി സംഭവങ്ങൾ ചാനൽ ദൃശ്യങ്ങൾ വഴി നമ്മുടെ കൺമുമ്പിലുണ്ട്. അത്രകണ്ട് കൺമുന്നിൽ വരാത്ത, എന്നാൽ കാലങ്ങളോളം നിലനിൽക്കാൻ ശേഷിയുള്ള ഒരു കലാസൃഷ്ടിയാണ് സന്ന്യാ കഡ്രോവയുടെ Palianytsia. കല്ലുകൾക്ക് മേൽ കല്ലുകൾ വെച്ചാണ് മനുഷ്യൻ ഇവിടംവരെ എത്തിയത്. മാനുഷ്യരാശിക്ക് കല്ലുകളോടുള്ളത്ര അടുപ്പമോ ബന്ധുത്വമോ മറ്റേതെങ്കിലും വസ്തുവിനോടുണ്ടോ? കല്ലുകൾ നമ്മളെ മാറ്റിമറിക്കുകയും നമ്മൾ കല്ലുകളെ മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചരിത്രാതീതകാലം മാത്രമല്ല സമാകാലീകവുമാണ് ജീവിതം എന്നതിനാൽ കല്ലുകളുടെ ചരിത്രം മാത്രമല്ല സമകാലിക സാന്നിധ്യവും അവയുടെ വസ്തു സ്വഭാവവും (Material nature) പരിഗണിക്കേണ്ടതുണ്ട്.

ബെർലിനിലെ പ്രദർശനത്തിൽ നിന്നും

സന്ന്യയുടെ വർക്ക് കല്ലുകൾ എന്ന വസ്തുവിനെയും (material) അതിന്റെ ഉണ്മയെയും (being) യുദ്ധാനന്തര പരിതസ്ഥിതിയിൽ പരിശോധിക്കുകയോ മനസിലാക്കുകയോ ചെയ്യുകയാണ്. കല്ലുകൾക്ക് പറയാനുള്ളത് ചരിത്രം മാത്രമല്ലെന്നും മാറിമറിയുന്ന മനുഷ്യജീവിതങ്ങളെയും അതാത് കാലത്തെ പ്രശ്‌നങ്ങളെയും അടയാളപ്പെടുത്താൻ അവയ്ക്കു ശേഷിയുണ്ടെന്നും Paliany-tsi-a പറയുന്നു. നദിയുടെ ഒഴുക്കിൽ രൂപപ്പെട്ട കല്ല്, മനുഷ്യാവസ്ഥകളെ അടയാളപ്പെടുത്തുന്ന തിരുശേഷിപ്പായും കലാവസ്തുവായും മാറുന്നു.

Also Read

7 minutes read February 24, 2023 2:57 pm